ഗബ്രിയേൽ മല്ലികയെ അമ്മയെന്ന് വിളിച്ചു കൊണ്ട് തറവാട്ടിൽ വളർന്നു. തിറ കെട്ടി മടങ്ങിയ കണാരനൊപ്പം ഗബ്രിയേൽ മാമായിയെ കാണാൻ മടങ്ങിയില്ല.
“പ്രസവം കഴിയുന്നത് വരെ അവൻ തറവാട്ടിൽ മല്ലികയ്ക്കൊപ്പം കഴിയട്ടെ. “
എന്ന് കണാരൻ പറഞ്ഞപ്പോൾ ഫ്രാൻസിസ്ക അങ്ങനെ സമാധാനിച്ചു.
ഡാനിയേലയെ പ്രസവിച്ചിട്ട് വർഷം ഒന്നരയായി, എന്നിട്ടും കണാരൻ ഗബ്രിയേലിനെ കൂട്ടി കൊണ്ട് പോയില്ല. തൻ്റെ കുടുംബത്തോടൊപ്പം ആ നാടിൻ്റെ ഹൃദയമിടിപ്പ് അറിഞ്ഞ് ഗബ്രിയേൽ വളരണമെന്ന് കണാരൻ്റെ മാതാവ് ആഗ്രഹിച്ചു. തനിക്ക് ശേഷം തിറ കെട്ടാൻ ഗബ്രിയേലിനെ പര്യാപ്തനാക്കണമെന്നായിരുന്നു കണാരൻ്റെ ആഗ്രഹം.
കണാരൻ്റെ മറ്റൊരു സഹോദരിയായ മാലതിയുടെ ഭർത്താവ് കളരി ഗുരുക്കളായിരുന്നു. മാലതിയുടെ ഏക മകനായ കണ്ണപ്പൻ മൂന്നാം വയസ്സ് മുതൽ കളരി അഭ്യസിച്ചു തുടങ്ങിയിരുന്നു. കണ്ണപ്പൻ്റെ സമപ്രായമായിരുന്നു ഗബ്രിയേലിന്, രണ്ട് പേരും നല്ല സുഹൃത്തുക്കളായി മാറിയിരുന്നു.
തൻ്റെ മകനെ എല്ലാവരും തന്നിൽ നിന്നും അകറ്റുകയാണെന്ന് ഫ്രാൻസിസ്ക മനസ്സിലാക്കി. അവനെ തേടി ഫ്രാൻസിസ്ക തറവാട്ടിൽ വരുന്നത് വരെ എല്ലാം നന്നായി നടന്നു. രണ്ട് വയസ്സുള്ള ഡാനിയേലയേയും കൊണ്ട് അവർ വരുമ്പോൾ ഗബ്രിയേലും കണ്ണപ്പനും കളരിയിൽ അഭ്യസിക്കുകയായിരുന്നു. അവർ ചുറ്റുമുള്ള ആരേയും ഗൗനിക്കാതെ കളരിയുടെ മുറ്റത്ത് വന്ന് നിന്നു. മദാമ്മയെ നാട്ടിൽ കണ്ട് നാട്ടുകാർ ചുറ്റും കൂടി.
ഫ്രാൻസിസ്ക മുറ്റത്ത് നിന്ന് ഗബ്രിയേലിനെ വിളിച്ചു, അവൻ പേടിച്ചു ഇറങ്ങി ചെന്നില്ല, പകരം വളർത്തമ്മയായ മല്ലികയുടെ മുണ്ടിൻ കോന്തല കൊണ്ട് മുഖം മറച്ചു. ഫ്രാൻസിസ്ക അവനെ ബലമായി എടുത്തു, അവൻ വലിയ വായിൽ കരഞ്ഞു. വീട്ടുകാർ ഓടി കൂടി.
കണ്ണപ്പൻ്റെ അപ്പനായ, കളരി ഗുരുക്കളായ മുരുകൻ ഫ്രാൻസിസ്കയെ തടഞ്ഞു.
“നിങ്ങൾ പൊയ്ക്കോളിൻ, ചെറുക്കൻ്റെ അപ്പൻ വരട്ടെ. കണാരൻ തീക്കോളി കാവിൽ തിറ കെട്ടാൻ പോയിരിക്കുന്നു. അവൻ മടങ്ങി വരട്ടെ. ഉണ്ണിയെ ഇങ്ങനെ ഇവിടെ നിന്നും കരയിച്ചു കൊണ്ട് പോകുന്നത് കഷ്ടമാണ്. “
“അവൻ എൻ്റെ മകനാണ്, അവനെ ആർക്കും ഞാൻ വിട്ട് തരില്ല. എന്നോടൊപ്പമാണ് അവൻ വളരേണ്ടത്. “
കരയുന്ന ഗബ്രിയേലിനേയും ഡാനിയേലയേയും രണ്ട് കൈകളിലായി കോരിയെടുത്ത് ഫ്രാൻസിസ്ക വേച്ച് വേച്ച് നടന്ന് പോകുന്നത് എല്ലാവരും നോക്കി നിന്നു. തടിച്ചുരുണ്ട ഫ്രാൻസിസ്ക മലമുകളിലേക്ക് ഉരുണ്ടു ഉരുണ്ടു നടന്ന് കയറി. പൊയ്ക്കാലിൽ നടക്കുന്ന ഒരു ബൊമ്മക്കോലം പോലെ.
കണാരൻ്റെ പെങ്ങൻമാരായ മാലതിയും മല്ലികയും കെട്ടിപ്പിടിച്ചു കരഞ്ഞു. ചേട്ടൻ സ്ഥലത്തില്ല, ചേട്ടത്തിയും കുട്ടികളും സന്ധ്യാസമയത്ത് മല കയറി പോകുന്നത് അപകടമാണ്. എന്തെങ്കിലും സംഭവിച്ചാൽ ചേട്ടനോട് എന്ത് സമാധാനം പറയും.
മല്ലിക തലയിൽ അടിച്ച് കരഞ്ഞു. മുറ്റത്തെ മാവിലിരുന്ന ഒറ്റക്കണ്ണൻ കാക്ക പെട്ടെന്ന് ചത്ത് മലച്ച് താഴെ വീണു.
“തേവരെ, എന്തൊക്കെ ആപത്താണ് വരാൻ പോകുന്നത്. “
“ഞാൻ അവർക്ക് കൂട്ട് പോയിട്ട് വരാം. “
മുരുകൻ ഷർട്ടെടുത്തിട്ടു. കൂടെ രണ്ട് ശിഷ്യന്മാരും തയാറായി.
“അവളൊരു ദുർമന്ത്രവാദിയാണ് സൂക്ഷിക്കണം.. “
മാലതി മുരുകനെ വട്ടം പിടിച്ചു.
“നിങ്ങൾ ഈ സമയത്ത് പോകണ്ട. ചേട്ടൻ വെളുപ്പിന് മടങ്ങി വരട്ടെ. എന്നിട്ട് ഒന്നിച്ച് പോകാം. “
“നീ ധൈര്യമായിരിക്കൂ. കളരി ദൈവങ്ങൾ എൻ്റെ കൂടെയുണ്ട്. ഒന്നും സംഭവിക്കില്ല. “
“അപ്പാ ഗബ്രിയേൽ പോയി. അവനെ കൂട്ടി കൊണ്ട് വായോ. “
ആറ് വയസ്സുള്ള കണ്ണപ്പൻ കൂട്ടുകാരന് വേണ്ടി കരഞ്ഞു.
“അവനെയും കൊണ്ടേ ഞാൻ മടങ്ങി വരൂ. അവൻ മിടുക്കനാണ്, എൻ്റെ കളരി ശിഷ്യനാകേണ്ടവനാണ്. ഈ കുടുംബത്തിലെ ചോരയാണ്. തിറയും കളരിയും അവൻ്റെ ചോരയിലുണ്ട്. “
നേരം ഇരുട്ടി തുടങ്ങി. മുരുകനും അനുചരന്മാരും ടോർച്ചും തെളിച്ച് കൊണ്ട് മല കയറി പോകുന്നത് കണ്ണപ്പൻ നോക്കി നിന്നു. അന്നത്തെ രാത്രിയിൽ ആരും ഉറങ്ങിയില്ല, മഞ്ഞുകാലമായത് കൊണ്ട് മുറ്റത്ത് തീ കൂട്ടി എല്ലാവരും ചുറ്റിലും നിരന്നിരുന്നു. കൊച്ച് കണ്ണപ്പൻ മാത്രം ഇടയ്ക്കിടെ വേലിക്കടുത്ത് പോയി ദൂരേക്ക് നോക്കി.
വെളുപ്പിന് മൂന്ന് മണി കഴിഞ്ഞ് കാണും, പോയവർ മടങ്ങി വന്നു.
“ആ മലയിൽ കയറാൻ പറ്റിയില്ല. ഞങ്ങൾ ഏഴ് വലത്ത് മലയ്ക്ക് ചുറ്റും നടന്നു. തുടങ്ങിയ സ്ഥലത്ത് തന്നെ വീണ്ടും എത്തപ്പെട്ടു. “
മുരുകൻ ഒരു മൊന്ത വെള്ളം കുടിച്ചു, പിന്നെ നിവർന്നു നിലത്ത് കിടന്നു.
ബാക്കി കേൾക്കാൻ എല്ലാവരും ശിഷ്യൻമാരുടെ ചുറ്റും കൂടി.
“ഞങ്ങളുടെ കുറച്ച് മുന്നിലായി അവർ പോകുന്നുണ്ടായിരുന്നു. അവരെ നയിക്കാനായി വന്നപോലെ ഒരു കൂട്ടം മിന്നാമിന്നികൾ. ഞങ്ങതിനെ പിന്തുടർന്നു. പെട്ടെന്ന് മുന്നിൽ ഇരുട്ടായി, ടോർച്ച് കത്തിയില്ല. ഞങ്ങൾക്ക് മൂന്ന് പേർക്കും കണ്ണ് കാണാതെയായി. “
അത്രയും പറഞ്ഞിട്ട് അവൻ കളരിയിൽ നോക്കി കൈകൂപ്പി. അപ്പോൾ അടുത്തവൻ പറയാൻ തുടങ്ങി.
“ഞങ്ങൾ എങ്ങനെയോ ടോർച്ച് തെളിച്ച് മല കയറി തുടങ്ങി. വീണ്ടും തുടങ്ങിയ സ്ഥലത്ത് തന്നെ തിരികെ എത്തിയപ്പോഴാണ് വഴി തെറ്റി എന്ന് മനസ്സിലായത്. അങ്ങനെ ഏഴ് തവണ ഞങ്ങളെ അവർ ചുറ്റിച്ചു. മുരുകൻ ഗുരുക്കൾക്ക് ശരീരത്തിന് നല്ല കടച്ചിൽ ഉണ്ട് എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ തിരികെ പോന്നു. നേരം വെളുക്കട്ടെ, ഈ കളരി മുഴുവൻ പോകും ഗബ്രിയേലിനെ കൂട്ടി കൊണ്ട് വരാൻ. “
“അത് ഗബ്രിയേൽ അല്ല ഞങ്ങളുടെ ആരോമലുണ്ണി. “
മല്ലിക പുഞ്ചിരിച്ചു കൊണ്ട് നിശ്വസിച്ചു.
“എൻ്റെ എളേ പെണ്ണ് മോഹിനിയെ ഞാനവന് മംഗലം ചെയ്തു കൊടുക്കും. അവൻ്റത്രേം നെറമില്ലന്നേയുള്ളൂ, സുന്ദരിയല്ലേ അവൾ. “
മാലതിയും കണ്ണപ്പനും മണ്ണിൽ മലർന്ന് കിടക്കുന്ന മുരുകൻ ഗുരുക്കളുടെ അടുത്ത് ചെന്നിരുന്നു.
“ഇപ്പോ ദേഹം കടച്ചിൽ എങ്ങനുണ്ട്. കുറവുണ്ടോ?”
മാലതി കൈ പിടിച്ചു നോക്കി.
“അയ്യോ ഇതെന്താ കൈ തണുത്തിരിക്കുന്നേ. “
മല്ലിക മണ്ണെണ്ണ റാന്തലിൻ്റെ വെട്ടം കൂട്ടി. മുരുകന് അനക്കമില്ല, മൂക്കിൽ നിന്നും വായിൽ നിന്നും രക്തം ഒലിച്ചിറങ്ങിയിരിക്കുന്നു. ശിഷ്യൻമാർ നാഡി പിടിച്ചു നോക്കി.
“ആശാൻ പോയി. “
“എൻ്റെ പൊന്നേ. “
മാലതി തല കറങ്ങി നിലത്ത് വീണു.
മുരുകൻ്റെ മരണ വാർത്ത കണാരൻ അറിഞ്ഞത് രാവിലെ ആയിരുന്നു. ഉടപെറന്നോൾടെ കരച്ചിൽ കേട്ട് അയാൾക്ക് സഹികെട്ടു. അവളുടെ പതം പറച്ചിലിനിടയ്ക്ക് അവൾ ഫ്രാൻസിസ്കയുടെ പേര് പറഞ്ഞത് അയാൾ കേട്ടിരുന്നു. ബാലനാണെങ്കിലും അച്ഛൻ്റെ മരണവാർത്ത അറിഞ്ഞു തളർന്നിരിക്കുന്ന കണ്ണപ്പനെ കണാരൻ ശ്രദ്ധിച്ചു.
“ഗബ്രിയേൽ എവിടെ?”
കണാരൻ ചുറ്റും നോക്കി. അഞ്ച് വയസ്സായ ചെക്കൻ എപ്പോഴും മല്ലികയുടെ ഒക്കത്താണ്. ഇടയ്ക്ക് അവൾ മുല കൊടുക്കാൻ പുരേൽ കൊണ്ട് പോകും. അവളാണിപ്പോൾ അവൻ്റെ അമ്മ.
കണാരൻ തോർത്തെടുത്ത് മുഖം തുടച്ചു. മാലതി മല്ലികയുടെ മടിയിൽ കിടക്കാണ്. മല്ലികയുടെ മൂന്ന് കൊച്ചുങ്ങൾ പടിക്കെട്ടിൽ ഇരിക്കുന്നു. കണാരൻ പിള്ളേരുടെ അടുത്ത് ചെന്നു.
“ഗബ്രിയേൽ എന്തിയേ മക്കളേ. “
“അവൻ്റെ മാമായി കൊണ്ട് പോയി. “
“മാമായി ഇവിടെ വന്നോ. “
ദേഷ്യവും സങ്കടവും വന്നിട്ട് കണാരൻ ആകെ ചുവന്നു, അയാൾ പൊട്ടിത്തെറിച്ചു. ആരോ പിന്നിൽ നിന്നും പറഞ്ഞു.
“കണ്ണപ്പനെ വിളിക്കൂ, കൊള്ളി വയ്ക്കാൻ സമയമായി. “
കണാരൻ കണ്ണപ്പൻ്റെ വേഷം മാറ്റി ഒരു തോർത്ത് മുണ്ടുടുപ്പിച്ചു. അവനേയും എടുത്ത് കിണറ്റിൻ കരയിലേക്ക് നടന്നു. ഒരു പാളയിൽ വെള്ളം കോരി അവൻ്റെ തലയിലൊഴിച്ചു.
കയ്യിൽ പിടിച്ച പന്തവുമായി കൊച്ച് കണ്ണപ്പൻ ചിതയ്ക്ക് വലം വച്ചപ്പോൾ കണാരൻ്റെ നെഞ്ച് പിടഞ്ഞു. തൻ്റെ ചിതയ്ക്ക് ചുറ്റും നടക്കുന്ന ഗബ്രിയേലിനെയാണ് അയാൾ ഭാവനയിൽ കണ്ടത്. കണ്ണപ്പന് പകരം ഗബ്രിയേൽ, മുരുകന് പകരം കണാരൻ.
മുരുകന് കണ്ണപ്പനുണ്ട് കൊള്ളി വയ്ക്കാൻ, തനിക്കോ, ഗബ്രിയേലിനെ അവൾ അതിന് അനുവദിക്കുമോ. ഇന്നലെ ഇവിടെ എന്തോ ആപത്തുണ്ടായി. തന്നെ വിഷമിപ്പിക്കേണ്ട എന്ന് കരുതി അനിയത്തിമാർ മറച്ച് വച്ചതാണ്. മുരുകൻ്റെ ശിഷ്യൻ്റെ വായിൽ നിന്നും വീണ ആ വാക്ക്.
” ഗുരുക്കളെ മദാമ്മ കുരുക്കിയതാണ്. “
ചടങ്ങുകൾ കഴിഞ്ഞപ്പോൾ കണാരൻ പൊട്ടിത്തെറിച്ചു. സഹോദരിമാർ ആശ്വസിപ്പിച്ചു. ഒരാഴ്ച കഴിഞ്ഞ് കണാരൻ മല കയറി. സമയം നാല് മണി, വെയിൽ മങ്ങിയിരുന്നു, എന്നിട്ടും അയാൾക്ക് നല്ല ആയാസം തോന്നി. നല്ല ക്ഷീണം തല കറങ്ങുന്നു. സാധാരണ അയാൾ ഓടിയാണ് മല കയറുന്നത്.
രണ്ട് കുഞ്ഞ് കൈകൾ അയാളെ തലോടി. കണ്ണ് തുറക്കുമ്പോൾ, മുന്നിൽ ഗബ്രിയേൽ നിൽക്കുന്നു.
“അപ്പാ. “
അവൻ മുഖത്ത് വെള്ളം കുടഞ്ഞു. കണാരൻ കണ്ണ് തുറന്നു. ദൂരെ ഫ്രാൻസിസ്ക നിൽക്കുന്നു, കയ്യിൽ രണ്ട് വയസ്സുള്ള ഡാനിയേല.
ഗബ്രിയേലിൻ്റെ കൈ പിടിച്ചു കണാരൻ എഴുന്നേറ്റു. വീട്ടിലേക്ക് പഴയ പോലെ അയാളെ ഫ്രാൻസിസ്ക സ്വാഗതം ചെയ്തില്ല. അവർ പരസ്പരം ഒന്നും സംസാരിച്ചില്ല. അപ്പൻ്റേയും മാമായിയുടേയും ഇടയിൽ എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് കൊച്ച് ഗബ്രിയേലിന് മനസ്സിലായി.
ഇനിയൊന്നും പഴയത് പോലെയാകില്ല എന്ന് ഗബ്രിയേലിന് മനസ്സിലായി. രാത്രി ഉറക്കത്തിൽ ശബ്ദം കേട്ടു ഞെട്ടിയുണർന്നപ്പോൾ അപ്പനും മാമായിയും തമ്മിൽ നല്ല വഴക്ക്. ആരുടെ പക്ഷം പിടിക്കണമെന്ന് അവനറിയില്ലായിരുന്നു.
മാമായിയെ ഇഷ്ടമാണ്. പക്ഷെ മാമായിയും ഒന്നിച്ചുള്ള ജീവിതം വിരസമാണ്. അപ്പൻ പാവമാണ്. അപ്പൻ്റെ വീട്ടുകാർ വളരെ സ്നേഹമുള്ളവരാണ്. അവിടെ എന്നും ആഘോഷമാണ്. കണ്ണപ്പനും മോഹിനിയും ഗബ്രിയേലിനെ കാത്തിരിക്കും. ഗബ്രിയേൽ വളർന്നു വരുമ്പോൾ മോഹിനിയെ കല്യാണം കഴിക്കും. മോഹിനി മല്ലിയമ്മായിയെ പോലെ സുന്ദരിയാണ്.
അപ്പൻ ഇരുട്ടത്ത് ഇറങ്ങി നടക്കുകയാണ്, കൂടെ പോകാൻ ഗബ്രിയേലിൻ്റെ മനസ്സ് വെമ്പി. മാമായി അവനെ തടഞ്ഞ് നിർത്തി, അവന് കൂട്ടുകാരൻ കണ്ണപ്പനെ കാണണം, മോഹിനിയെ കാണണം. മല്ലിയമ്മയുടെ വയറ്റിൽ തല വച്ച് പാലു കുടിക്കണം.
ഓർമ്മകൾ ഗബ്രിയേലിനെ കരയിച്ചു. മാമായിയ്ക്ക് വാശി കൂടുതലാണ്. അവൻ ബ്ലാക്ക് ഡാലിയ പുസ്തകത്തിൻ്റെ കോപ്പി കവറിൽ പൊതിഞ്ഞ് വിറകിനടിയിൽ ഒളിപ്പിച്ചു വച്ചു. മറ്റാരും വിറക് പുരയിൽ കയറാറില്ല. ഡാനിയേലയ്ക്ക് പാമ്പിനെ പേടിയാണ്. ഒരിക്കൽ വിറകിനിടയിൽ പാമ്പിനെ കണ്ടത് കൊണ്ട് അവൾ ആ പരിസരത്ത് എത്തി നോക്കില്ല.
പതിവ് പോലെ മലയിലെ ഉറവയിൽ നിന്നും വെള്ളമെടുത്ത് കുളിച്ചു കയറിയ ഗബ്രിയേൽ മാമായിയുടെ ചോദ്യങ്ങൾ നേരിടാൻ തയാറായി. അവൻ ഒന്നിനും ഉത്തരം നൽകാൻ ഒരുക്കമല്ലായിരുന്നു. പകരം കുറെ മറുചോദ്യങ്ങൾ തയാറാക്കി വച്ചു. എന്തിനാണ് അവരെ തനിച്ചാക്കി മാമായി പോയത്. ഈ പത്തൊൻപത് ദിവസങ്ങൾ എവിടെയാണ് മാമായിപോയത്.
ഗബ്രിയേലിനെ കണ്ട് ഫ്രാൻസിസ്ക കട്ടിലിൽ നിന്നും എഴുന്നേറ്റു. പന്നി മാംസം കൊണ്ട് ഡാനിയേല ഉണ്ടാക്കി കൊണ്ട് വന്ന ഒരു തരം റൊട്ടി അവർ കഴിച്ചു. ഭക്ഷണം കഴിഞ്ഞ് ഭിത്തിയിൽ ചാരിയിരുന്ന് ഫ്രാൻസിസ്ക മകനെ അടിമുടി നോക്കി.
“നീ എന്തിനാണ് മാപ്ലയുടെ കടയിലെ ജോലിക്കാരനായത്. കപ്പലിലെ ക്യാപ്റ്റനായിരുന്നു നിൻ്റെ ഗ്രാൻഡ്പാ. ഇതൊക്കെ നമുക്ക് നാണക്കേടാണ്. “
ഗബ്രിയേൽ ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു.
“പിന്നെ എന്ത് വേണമായിരുന്നു. ?”
ഗബ്രിയേൽ ഡാനിയേലയെ ചേർത്ത് പിടിച്ചു.
“ഞങ്ങൾ പട്ടിണി കിടന്ന് ചാകണമായിരുന്നോ. മാമായി ഒരു സുപ്രഭാതത്തിൽ ഇവിടെ നിന്നും ഇറങ്ങി പോകുമ്പോൾ ഞങ്ങൾ മക്കളെക്കുറിച്ച് ആലോചിച്ചിരുന്നോ?. “
ഗബ്രിയേൽ ഒരു നിമിഷം ആലോചിച്ചിരുന്നു.
“എനിക്ക് വേണമെങ്കിൽ ഡാനിയേലയേയും കൂട്ടി വേലുവാശാൻ്റെ തറവാട്ടിൽ കയറി ചെല്ലാമായിരുന്നു. അമ്മായിമാർ ഞങ്ങളെ രണ്ടു കൈകളും നീട്ടി സ്വീകരിച്ചേനെ. ഞാൻ അതൊന്നും ചെയ്യാതെ ജോലി ചെയ്ത് എൻ്റെ സഹോദരിയെ സംരക്ഷിച്ചു. “
അത്രയും പറഞ്ഞിട്ട് ഗബ്രിയേൽ വീട്ടിൽ നിന്നും ഇറങ്ങി പോയി. അവന് അച്ഛൻ്റെ തറവാട് ഓർമ്മ വന്നു. ഡാനിയേലയെ കൂട്ടി അങ്ങോട്ട് പോകാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ മുരുകൻ അമ്മാവന് സംഭവിച്ച പോലെ, അപ്പൻ രക്തം തുപ്പി മരിച്ച പോലെ, ഇനിയും ആർക്കും സംഭവിക്കാതിരിക്കട്ടെ എന്ന് ആഗ്രഹിച്ചു.
ഗബ്രിയേലിന് മോഹിനിയെ വേണം, അടിവാരത്ത് വച്ച് എന്നെങ്കിലും അവളെ കാണാൻ കഴിയുമെന്ന വിശ്വാസമുണ്ട്. അങ്ങോട്ട് പോയി കണ്ടെന്ന് മാമായി അറിഞ്ഞാൽ അതൊക്കെ അവരുടെ ജീവന് ആപത്താകും.
മാമായിയുടെ മാജിക് പുസ്തകം പഠിക്കണം. അതിലെന്താണെന്ന് കണ്ടെത്തിയാൽ ഇനി ഒരു ജീവനും ബലി കൊടുക്കാതെ തനിക്ക് തിറ കെട്ടാം. ഓർത്തപ്പോൾ അവൻ്റെ കണ്ണ് നിറഞ്ഞു.
“ഗബ്രിയേലേ. നേരം ഇരുട്ടി. “
ആരോ തോളത്ത് പിടിച്ചു വലിച്ചു.
“ഡാനിയേല. നീയെന്താ ഇവിടെ. “
“നിന്നെ മാമായി വിളിക്കുന്നു. വാ പോകാം. “
“ഞാൻ ഓരോന്ന് ആലോചിച്ചു ഇരുന്നു പോയി. “
“എന്ത്. “
“അപ്പനെക്കുറിച്ച്. തിറ, കളരി, മല്ലിയമ്മായി, മോഹിനി, കണ്ണപ്പൻ എല്ലാവരെയും ഓർത്തു. അവിടെ അടുത്തമാസം മോഹിനിയുടെ മൂത്ത ചേച്ചി മനോരമയുടെ കല്യാണമാണ്. എനിക്കൊന്ന് പോകണമെന്ന് ആഗ്രഹമുണ്ട്. “
“അയ്യോ മാമായി അറിയണ്ട. “
“ഞാൻ പോകും. നീയായിട്ട് പറയാതിരുന്നാൽ മതി. “
“ഞാൻ പറയില്ല. എനിക്ക് അവരെയൊക്കെ കാണണമെന്ന് ആഗ്രഹമുണ്ട്. “
“കണ്ണപ്പൻ ഇടയ്ക്ക് എന്നെ കാണാൻ ഇവിടെ വരാറുണ്ട്. “
“എവിടെ. ?”
“ആ മലയിടുക്കിൽ. “
ഗബ്രിയേൽ ചൂണ്ടി കാണിച്ച മലയിടുക്കിലേക്ക് ഡാനിയേല ആകാംക്ഷയോടെ നോക്കി. കണ്ണപ്പനെക്കുറിച്ച് ഓർത്തപ്പോൾ അവൾക്ക് നാണം വന്നു.
(തുടരും… )
✍️✍️നിഷ പിള്ള


1 Comment
Pingback: ബ്ലാക്ക് ഡാലിയ -5 - By Nisha Pillai - കൂട്ടക്ഷരങ്ങൾ