ചതുപ്പ് നിറഞ്ഞ വെള്ളക്കെട്ടിൽ തൻ്റെ കാലുകൾ പതിയുന്നതിനുസരിച്ച് കുളക്കോഴികൾ ഓടി മറയുന്നത് ഗബ്രിയേൽ ശ്രദ്ധിച്ചു. ആദ്യമൊക്കെ ഈ കാഴ്ചകൾ ഗബ്രിയേലിനെ ത്രസിപ്പിച്ചിരുന്നു. കുളക്കോഴികളെ പിടിച്ച് ചാക്കിലാക്കി മാമായിയെ ഏൽപ്പിക്കുമായിരുന്നു. അത്താഴത്തിന് അപ്പത്തിനൊപ്പം മാമായിയുടെ സ്പെഷ്യൽ കുളക്കോഴിക്കറിയും, സ്ഥിരമായപ്പോൾ അതും മടുത്തു.
ഈ കാഴ്ചകൾ പതിവായപ്പോൾ എല്ലാത്തിനും ഒരു മടുപ്പുപോലെ. ജീവിതമിപ്പോൾ വരണ്ടുണങ്ങിയ ഉപ്പ് തടാകം പോലെയാണ്. കണ്ണെത്താദൂരം വിളറിയ ധവള വർണ്ണം മാത്രം. ജീവിതത്തിലെ വർണ്ണ കാഴ്ചകൾ നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. പുതിയൊരു താവളം തേടാൻ സമയമായി.
വലിയ ചേമ്പിലകൾ നോക്കി പറിച്ചടുക്കി കുട്ടയിൽ വച്ചു. നൂറ് നൂറ്റമ്പതു കിലോ ഇറച്ചി മാത്രമേ വിൽക്കാൻ ബാക്കിയുള്ളൂ, ഇലകൾ ഇത് മതിയാകും. ഇനി ഇലകൾ വേണമെങ്കിൽ വീണ്ടും ഈ ചതുപ്പിൽ ഇറങ്ങേണ്ടി വരും. അവൻ വെള്ളത്തിലൂടെ മുന്നോട്ട് നടന്നു. മടന്തകൾ ധാരാളം ഉള്ള ഒരു സ്ഥലത്ത് അവൻ കാൽ ഉറപ്പിച്ച് നിന്നു. അമ്പതോളം ഇലകൾ കൂടി വെട്ടി അറുത്ത് അവൻ കുട്ടയിൽ വച്ചു. ഇന്നത്തെ ജോലിയുടെ ആദ്യ ഭാഗം പൂർത്തിയാക്കിയതിൽ അവന് ആശ്വാസം തോന്നി.
പ്രഭാതത്തിലെ തണുത്ത വായു ആഞ്ഞ് അകത്തേക്ക് വലിച്ച്, പിന്നെയത് കുറച്ച് നേരം പിടിച്ചു നിർത്തി, ദീർഘമായി പുറത്തേക്ക് വിട്ടു. പെട്ടെന്നൊരു ഉണർവ് കിട്ടാനായി മാമായി പറഞ്ഞ് തന്ന മാർഗ്ഗമാണ്.
ഗബ്രിയേൽ കുട്ട തലയിൽ വച്ച് വെള്ളക്കെട്ടിലൂടെ വേച്ച് വേച്ച് തിരികെ നടന്നു. മടക്ക യാത്രയിലാണ്, താൻ ചതുപ്പിലൂടെ കുറെയേറെ ദൂരം ഉള്ളിലേക്ക് നടന്നുവെന്ന കാര്യം അവന് ബോധ്യപ്പെട്ടത്.
കുറെ നേരം വെള്ളത്തിൽ നിന്നതിനാലാകാം അവൻ്റെ കാൽ പാദങ്ങൾ കുതിർന്ന് വീർത്തിരുന്നു. അവൻ കുട്ടയുമായി വലിഞ്ഞ് നടന്നു. നേരം വെളുത്ത് വരുന്നു ഇനിയാണ് ഇറച്ചി കച്ചവടം പൊടിക്കുന്നത്.
തൻ്റെ തല വെട്ടം കണ്ടാൽ സൈമൺ ചേട്ടൻ മുങ്ങികളയും. അങ്ങേർക്ക് പല തരം ബിസിനസ്സുകളാണ്. എല്ലാവരും വിചാരിക്കുന്നത് താൻ അങ്ങേരുടെ അളിയൻ ആണെന്നാണെന്നാണ്.
“നീ ഇങ്ങെത്തിയോ, ഞാൻ അങ്ങ് ഇറങ്ങുവാണേ. “
മേശപ്പുറത്ത് ഇരുന്ന മൊബൈൽ എടുത്ത് സൈമൺ പോക്കറ്റിൽ വച്ചു, അയാൾ ബൈക്കിൽ കയറി ഇരുന്നു.
“ചേട്ടനെ ആ വെട്ടു കുട്ടൻ അന്വേഷിച്ചു വന്നിരുന്നു. “
ഗബ്രിയേൽ കളിയാക്കി ചിരിച്ചു. വെട്ടു കുട്ടൻ സ്ഥലത്തെ അറിയപ്പെടുന്നൊരു റൗഡിയാണ്.
“എന്നെ അന്വേഷിച്ചല്ല കുട്ടൻ ഇവിടെ വന്നത്, നിന്നെ തേടിയാണ്. ആൾ കേരള ഗേ അസോസിയേഷൻ പ്രസിഡൻ്റ് ആണവൻ. “
സൈമൺ ബൈക്കിൽ നിന്നും തിരികെ ഇറങ്ങിയിട്ട് പറഞ്ഞു.
“ടാ എനിക്ക് ചോര പേടിയാണ്, തല കറങ്ങും എന്നൊന്നും നീ ആരോടും പറഞ്ഞ് നടക്കരുത്. മറ്റ് ബിസിനസുകൾ കൂടി നോക്കാനുള്ളത് കൊണ്ട് ഞാൻ എല്ലായിടത്തും ഓടി ഓടി നടക്കുകയാണെന്ന് പറയണം. “
“ചേട്ടൻ്റെ അപ്പച്ചൻ പൗലോച്ചൻ വിളിച്ചിരുന്നു. എൻ്റെ മോനിവിടെ വരാറില്ലേയെന്ന്. “
“എല്ലാം ദിവസവും അതി രാവിലെ സ്ലാട്ടർ ഹൗസിൽ നിന്നും ഇറച്ചി കൊണ്ട് വന്ന്, ആദ്യ കച്ചവടം നടത്തിയിട്ട് ആണ് ഞാൻ പോകുന്നത് മനസ്സിലായോടാ. “
സൈമൺ ഗബ്രിയേലിൻ്റെ ചന്തിയിൽ ആഞ്ഞൊരടി കൊടുത്തു. രണ്ട് പേരും ഉറക്കെ ചിരിച്ചു.
“മനസ്സിലായോ ഗബ്രിയേലേ. “
സൈമൺ ഗബ്രിയേലിൻ്റെ തൊട്ട് പിറകിൽ ചേർന്ന് നിന്നു. അവൻ്റെ കവിളിൽ ചുംബിച്ചു. ഗബ്രിയേലിൻ്റെ കയ്യിലെ ചോര കണ്ട് സൈമൺ പിന്നോട്ട് മാറി.
“സൈമൺ ചേട്ടായി, ഇതൊന്നും എന്നോട് വേണ്ട. ഞാൻ ജിൻസി ചേച്ചിയെ വിളിച്ച് നിങ്ങളുടെ കഥകളെല്ലാം പറഞ്ഞ് കൊടുക്കുമേ. “
“അച്ചോടാ വേണ്ട ചതിക്കല്ലേ, തന്തയെ കൊണ്ട് തന്നെ പൊറുതി മുട്ടി ഇരിക്കുവാണ്. “
സൈമൺ ബൈക്കിൽ കയറി പോകുന്നത് നോക്കി ഗബ്രിയേൽ നിന്നു. സൈമൺ ഇനി മടങ്ങി വരാൻ പത്തര പതിനൊന്ന് മണി ആകും. ഇന്നത്തെ കളക്ഷനുമായി ബാങ്കിൽ പോകും. പൗലോച്ചായൻ്റെ അക്കൗണ്ടിലേക്ക് പണമിട്ട് കൊടുക്കും.
“ഒരു രണ്ട് കിലോ ഇറച്ചി തൂക്കിക്കോ ഗബ്രിയേലേ. കൊഴുപ്പും എല്ലും വേണ്ട. “
മുന്നിൽ കൃഷ്ണൻ മാഷാണ്.
“അതിന് മാഷ് മാട്ടിറച്ചി ഒക്കെ കഴിക്കുമോ. “
“എനിക്കല്ലെടാ ചെറുക്കാ, സാവിത്രീടെ ആങ്ങളയുടെ മക്കൾ ക്യാനഡായിൽ നിന്നും വന്നിട്ടുണ്ട്. അവർക്ക് ചിക്കനൊന്നും പറ്റില്ല, ബീഫ് തന്നെ വേണമെന്ന് പറഞ്ഞാൽ പിന്നെ എന്തോ ചെയ്യാനാണ്. പൗലോ മാപ്ലയുടെ ബീഫാണല്ലോ നാട്ടിൽ പ്രസിദ്ധം. സാവിത്രി എന്നെ ഇങ്ങോട്ട് പറഞ്ഞയച്ചു. “
“മാഷേ കുറച്ച് കൊഴുപ്പും എല്ലും കൂടി ഇട്ടാലെ കറിക്ക് രുചി വരൂ. കുറച്ച് ഇട്ടേക്കട്ടെ. “
“വേണ്ടടാ, ഇത് കിടന്ന് വേവുന്ന മണമടിച്ചാൽ തന്നെ സാവിത്രി ഓക്കാനിക്കും.
പിന്നെ എനിക്ക് പണിയാകും. “
ചേമ്പിലയിൽ പൊതിഞ്ഞ ഇറച്ചി കവറിലിട്ട് മാഷിനെ ഏൽപ്പിക്കുമ്പോൾ ഗബ്രിയേൽ ചിരിച്ചു.
ഗബ്രിയേൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ അടിവാരത്തെ സ്കൂളിലെ ഹെഡ് മാഷായിരുന്നു കൃഷ്ണൻ മാഷ്. പണ്ട് ഷർട്ടില്ലാതെ മൂക്കളയൊലിപ്പിച്ച് നടക്കുന്ന പിള്ളേരെ മാഷിന് ഇഷ്ടമല്ലായിരുന്നു എന്ന് കേട്ടിട്ടുണ്ട്. പാവങ്ങളെ മാഷ് സോപ്പ് കൊടുത്തു, പ്യൂൺ വേലനേയും കൂട്ടി തോട്ടിൻ കരയിലേക്ക്, കുളിക്കാൻ പറഞ്ഞ് വിടും. മാഷിൻ്റെ ഭാര്യ പ്രസവിക്കാതെ മച്ചിയായി പോയത് ആ പിള്ളേരുടെ ശാപം കൊണ്ടാണെന്ന് നാട്ടുകാർ പറഞ്ഞു നടന്നു.
ഷർട്ടില്ലെങ്കിലും നല്ല വെളുത്ത്, നെഞ്ചിലെ എല്ല് തെളിഞ്ഞ, പൂച്ച കണ്ണുള്ള ഗബ്രിയേലിനെ മാഷിന് വലിയ ഇഷ്ടമായിരുന്നു.
“വീട്ടിൽ എല്ലാവർക്കുംസുഖമല്ലേ ഗബ്രിയേലേ. ഫ്രാൻസിസ്ക എന്ത് പറയുന്നു. “
“മാമായിയ്ക്ക് സുഖമാണ്. ഭാരം കൂടിയത് കൊണ്ട് നല്ല മുട്ട് വേദനയുണ്ട്. നടക്കാൻ പ്രയാസമാണ്. അതിനാൽ ഇപ്പോൾ മലയിറങ്ങി അടിവാരത്ത് വരാറില്ല. “
തൻ്റെ മുന്നിൽ ചോരയിൽ അഭിഷിക്തനായി നിൽക്കുന്ന, സുന്ദരനായ ആ പതിനെട്ട്കാരനെ നോക്കി മാഷ് നെടുവീർപ്പിട്ടു.
മാഷിൻ്റെ കയ്യിൽ നിന്നും പൈസ എണ്ണി വാങ്ങി മേശയിലിട്ട് ഗബ്രിയേൽ അടുത്ത ആളിനെ നോക്കി. ജംഗ്ഷനിൽ തട്ടുകട നടത്തുന്ന ഷാനവാസ് കള്ളച്ചിരിയോടെ ഗബ്രിയേലിനെ നോക്കി.
“എന്താ ഇക്കാ, നിങ്ങടെ ചങ്ങാതി ഇന്ന് വന്നില്ലേ. “
ഷാനവാസ് ഒരു ചമ്മിയ ചിരി പാസാക്കി.
“ഇല്ലടാ ഗബ്രിയേലെ, ആ നായിൻ്റെ മോനേ, ഇന്ന് കണ്ടില്ല. “
“ഇന്നെങ്കിലും നാട്ടുകാർക്ക് പെറോട്ടയുടെ കൂടെ പട്ടിയിറച്ചിക്ക് പകരം പൗലോച്ചൻ്റെ സ്വയമ്പൻ മാട്ടിറച്ചി കഴിക്കാലോ. “
“ഒന്ന് പതുക്കെ പറ ഗബ്രിയേലേ. “
ചെറുക്കൻ്റെ നാവ് ഇത്തിരി പ്രശ്നമാ. ഗബ്രിയേൽ പറഞ്ഞാൽ അച്ചട്ടായി അതങ്ങ് നടക്കും എന്നാ നാട്ടുകാർ പറയുന്നത്.
“നിങ്ങൾ എൻ്റെ വാ അടപ്പിക്കണ്ട ഇക്കാ.
അതിന് എൻ്റെ വീട്ടിൽ തന്നെ ആളുണ്ട്. ഇന്ന് നോക്കിക്കോ രാത്രി പത്ത് മണിയാകുന്നതിന് മുമ്പ് കച്ചവടം തീരും. കറി തികയാതെ വരും. “
ഗബ്രിയേലിൻ്റെ കരിനാക്ക് അറിയാവുന്നത് കൊണ്ട് ഷാനവാസ് തൻ്റെ നാവടക്കി.
“അങ്ങനെ പറയല്ലേടാ മോനേ. നീ രണ്ട് കിലോ കൂടി തൂക്കിയെടുക്കൂ. ഗബ്രിയേലെ പണം ഞാൻ പിന്നീട്… “
“എൻ്റെ ഇക്കാ കടമൊന്നും പറ്റത്തില്ല, എല്ലാം രൊക്കം മാത്രം, പൗലോച്ചൻ്റെ വിളി ഇപ്പോൾ വരും. ഞാൻ വെറും ജോലിക്കാരൻ. തൊണ്ണൂറാം വയസ്സിലും അങ്ങേർക്ക് എല്ലാം കണിശമാ. “
ഇറച്ചി തടിയുടെ മുകളിലിരുന്ന ഗബ്രിയേലിൻ്റെ ബട്ടൺ ഫോൺ ശബ്ദിച്ചു.
“ഇറച്ചി തീരാറായി അച്ചായോ. “
“സൈമൺ ചേട്ടായി പുറത്തേക്ക് പോയി. ഇപ്പോൾ ഇറങ്ങിയതേയുള്ളൂ. ഉടൻ വരും എന്നാ പറഞ്ഞേ. “
ഗബ്രിയേൽ ഫോൺ കട്ട് ചെയ്തു തലയിൽ കൈ വച്ചു.
“ഞാൻ പറഞ്ഞില്ലേ പൗലോച്ചൻ വിളിക്കുമെന്ന്. “
ഷാനവാസ് ഇറച്ചി വാങ്ങി മടങ്ങിയപ്പോഴാണ് വാതിൽക്കൽ, ആളൊഴിയാൻ കാത്ത് നിൽക്കുന്ന ചട്ടുകാലൻ പെരേരയെ ഗബ്രിയേൽ കണ്ടത്.
പേരേരയ്ക്ക് ഗബ്രിയേലിനോട് സ്നേഹമാണ്, അനുകമ്പയാണ്. തിരിച്ച് ഗബ്രിയേലിനെ സംബന്ധിച്ച് അയാളവൻ്റെ കാവൽ മാലാഖയാണ്.
മാമായിയെ കാണാതായ ആ പത്തൊമ്പത് ദിവസങ്ങൾ…..
ഗബ്രിയേലും ഡാനിയേലയും പട്ടിണിയിൽ ആയി. പഴകിയ ബ്രഡ് കഴിച്ചതിനാലാകണം ഗബ്രിയേലിന് വയറിളക്കം പിടിപ്പെട്ടു.
കൂട്ടുകാരുമായി മലമുകളിൽ വേട്ടയ്ക്ക് പോയതാണ് പെരേര. ഫ്രാൻസിസ്കയെ നാട്ടിൽ എല്ലാവർക്കും പേടിയാണ്. അവരുടെ വീട് നിൽക്കുന്ന ആ മലയിൽ പകൽ പോലും ആരും കയറാറില്ല. സമീപത്തുള്ള മലയിലെ, ഒരു മര മുകളിൽ ഇരുന്നു ഉന്നം പിടിയ്ക്കുന്ന കൂട്ടുകാരൻ. സമീപം ബൈനോക്കുലറുമായി ഇരുന്ന പെരേര ഫ്രാൻസിസ്കയുടെ വീടിൻ്റെ വാതിൽക്കൽ കിടക്കുന്ന ഡാനിയേലയെ കണ്ടു.
“എനിക്കെന്തോ അപായം മണത്തു, ഞാൻ മരത്തിൽ നിന്നും ചാടിയിറങ്ങി, ഫ്രാൻസിസ്കയുടെ വീട്ടിലേക്ക് ഓടി. “
ഉച്ച വെയിലിലും ഡാനിയേല അനങ്ങാതെ കിടക്കുന്നത് കണ്ട് പെരേരയ്ക്ക് സംശയം തോന്നി ആ മലയിലേക്ക് ഓടി കയറി. വാതിൽക്കൽ ഡാനിയേല അബോധാവസ്ഥയിൽ കിടക്കുകയാണ്. അവളുടെ അടുത്ത് തന്നെ വെള്ളം കോരുന്ന ഒരു മരത്തൊട്ടിയും മറിഞ്ഞ് കിടന്നിരുന്നു.
“ഫ്രാൻസിസ്കയുടെ കൂടോത്രത്തെ പേടിച്ചു ഞാൻ നിങ്ങളുടെ മലയിലേക്ക് നോക്കാറേയില്ല. പക്ഷെ ആ പതിനൊന്നുകാരിയായ പെൺകൊച്ച് പൊരി വെയിലിൽ കിടന്നത് കണ്ടപ്പോൾ എൻ്റെ നെഞ്ച് പൊടിഞ്ഞു ഗബ്രിയേലെ. അടുത്ത് ചെന്നപ്പോൾ മുഖവും ദേഹവും പൊള്ളി ചുവന്ന് കിടക്കുന്നു. എനിക്കെന്തോ അപായം മണത്തു. “
ഇതൊക്കെ പിന്നീട് പെരേര പറഞ്ഞാണ് ഗബ്രിയേൽ അറിഞ്ഞത്.
“എൻ്റെ ഗബ്രിയേലെ പറഞ്ഞാല് ആരും വിശ്വസിക്കില്ല, വിശന്നിട്ട്, പഴകിയതെന്തോ കഴിച്ച്, വയറിളകി, നാറി കിടക്കുകയായിരുന്നു നീ ആ തറയിൽ, ഞാൻ മരത്തൊട്ടിയിൽ വെള്ളം എടുത്ത് കൊണ്ട് വന്ന് നിന്നേം ഡാനിയേലയേയും വൃത്തിയാക്കി. തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ തന്നു. തൂറ്റൽ നിൽക്കാൻ മരത്തിൽ കയറി കാട്ട് തേൻ എടുത്ത് കൊണ്ട് തന്നു. “
പെരേര പൊട്ടിച്ചിരിച്ചു.
“തൂറ്റലടങ്ങിയപ്പോൾ നീ സംസാരിച്ചു. നീ ആദ്യം പറഞ്ഞത് എന്താണെന്ന് ഓർമ്മയുണ്ടോ. “
“എനിക്ക് വിശക്കുന്നെന്ന്, അതല്ലേ ഞാൻ പറഞ്ഞത്. “
“ആ സമയത്ത് എൻ്റെ കൈവശം ഉണ്ടായിരുന്നത് കുറച്ച് മ്ലാവ് ഇറച്ചിയായിരുന്നു. കൂട്ടുകാർ എനിക്കായി മാറ്റി വച്ച എൻ്റെ പങ്ക്. തൂറി തളർന്ന് കിടക്കുന്ന നീ കാട്ടിറച്ചി കഴിച്ചാലുണ്ടാകുന്ന പെടാപ്പാട് ഓർത്ത് ഞാൻ സങ്കടപ്പെട്ടു. “
“ഞാൻ നിങ്ങളെ ആശ്വസിപ്പിച്ചും കൊണ്ട് അടിവാരത്തേക്ക് ഓടി പോയി. പലചരക്ക് കടയിലെ മാപ്ലയ്ക്ക് മ്ലാവിറച്ചി കൊടുത്തു പകരം പൊടിയരിയും ചെറുപയറും പപ്പടവും വാങ്ങി. നിങ്ങൾക്ക് കഞ്ഞിയും കറിയുമൊക്കെ തന്ന് നിങ്ങളെ പരിചരിച്ചു. നിങ്ങൾ ആരോഗ്യം വീണ്ടെടുത്തു. രണ്ട് ദിവസം കഴിഞ്ഞിട്ടും ഫ്രാൻസിസ്ക മടങ്ങി വന്നില്ല. അവരെവിടെ പോയെന്ന് നിങ്ങൾക്കും അറിയില്ലായിരുന്നു, ആർക്കും അറിയില്ലായിരുന്നു. “
“നമ്മുടെ മാമായി മരിച്ച് പോയോ ഗബ്രിയേൽ. “
പെരേര ഡാനിയേലയുടെ വാ പൊത്തി.
“അങ്ങനെയൊന്നും പറഞ്ഞ് കൂടാ. മാമായി മടങ്ങി വരും. “
പെരേര അടിവാരത്തേക്ക് മടങ്ങി. കൂടെ പതിനാലുകാരനായ ഗബ്രിയേലും. അവനെ പൗലോച്ചൻ്റെ ഇറച്ചിക്കടയിൽ കൊണ്ട് വിട്ടു.
“മാമായി മടങ്ങി വരുന്നത് വരെ നിങ്ങൾക്ക് കഴിയാനുള്ള വക ഇവിടെ നിന്നും കിട്ടും. വെളുപ്പിന് വരണം, ഇറച്ചി വിറ്റ് തീരുമ്പോൾ നിനക്ക് മടങ്ങി പോകാം.
അങ്ങനെ ഗബ്രിയേൽ ഇറച്ചിവെട്ട് പഠിച്ചു. ആദ്യം പൗലോച്ചൻ അവനോട് വഴക്കായിരുന്നു. ഇതെന്ത് വലിയ കഷണങ്ങളാടാ, ഇതെന്താ ഇറച്ചി കൊത്തി പൊടിച്ച് നശിപ്പിച്ചത് അങ്ങനെ അവനോട് പൗലോ തട്ടിക്കയറി.
ഒരിക്കൽ പൗലോ ഗബ്രിയേലിനെ തല്ലി ചതയ്ക്കുന്നത് കണ്ടാണ് കൃഷ്ണൻ മാഷ് വന്ന് കയറിയത്.
“പൗലോച്ചാ എന്ത് ധൈര്യത്തിലാണ് നിങ്ങൾ ഫ്രാൻസിസ്കയുടെ കൊച്ചിൻ്റെ ദേഹത്ത് തൊട്ടത്. “
പൗലോച്ചൻ പേടിച്ചു വിറയ്ക്കുന്നത് ഗബ്രിയേൽ ശ്രദ്ധിച്ചു.
പിന്നീട് പൗലോച്ചൻ അവനെ തൊട്ടിട്ടില്ല. ഗബ്രിയേൽ വന്നതിന് ശേഷം പൗലോച്ചൻ്റെ ഇറച്ചി കച്ചവടം പൊടി പൊടിച്ചു.
ഗബ്രിയേൽ വന്നതിന് ശേഷം ഇറച്ചിക്ക് മണവും ഗുണവും കൂടിയെന്ന് നാട്ടിലൊരു വർത്തമാനം ഉണ്ടായി.
(തുടരും…. )
✍️✍️ നിഷ പിള്ള


3 Comments
Pingback: ബ്ലാക്ക് ഡാലിയ -4 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ബ്ലാക്ക് ഡാലിയ -3 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ബ്ലാക്ക് ഡാലിയ 2 - By Nisha Pillai - കൂട്ടക്ഷരങ്ങൾ