ഗബ്രിയേൽ കിളിവാതിലിലൂടെ നേരെ നോക്കി.
“അതേ, ചേട്ടായി, നിങ്ങളവളുടെ വായിൽ ചെന്ന് പെടണ്ട. അവളുടെ വാക്കുകളുടെ ചൂര് പോകാൻ ആറ്റിൽ പോയി ഏഴ് പ്രാവശ്യം മുങ്ങി കുളിക്കേണ്ടി വരും. ഓർത്തോ”
“നിനക്കെന്താ അവളോട് ഒരിത്. “
“എനിക്കൊരിതും ഇല്ല. അവൾ മൂന്നാമത്തെ കാമുകനെ കാത്താണ് ആ സർവ്വേക്കല്ലിൽ ഇരിക്കുന്നത്. “
സൈമൺ വീണ്ടും റീത്തയെ നോക്കി. റീത്ത ലാസ്യഭാവത്തിൽ റോഡിലേക്ക് കണ്ണുംനട്ട് ഇരിക്കുകയാണ്. കണങ്കാൽ വരെയെത്തുന്ന വെളുത്ത ഞൊറിയുള്ള പാവാടയും ചുവപ്പിൽ കറുത്ത പൂമ്പാറ്റകൾ ഉള്ള ക്രോപ്പ് ടോപ്പുമാണ് അവളുടെ വേഷം. കറുത്തിരുണ്ട ചുരുണ്ട മുടിയിഴകൾ കാറ്റത്ത് പാറി കളിക്കുന്നു.
ദൂരെ നിന്നും പാഞ്ഞ് വരുന്ന ഒരു ബൈക്കിൽ ചെമ്പൻ മുടിയും, നീല കൂളിംഗ് ഗ്ലാസും വച്ച് ഒരുത്തൻ ഇരിക്കുന്നു. ഒരു ചെവിയിൽ നീളൻ വെള്ളി കമ്മൽ തൂക്കിയിട്ടിരുന്നു. അവൻ ബൈക്ക് റീത്തയുടെ അരികിൽ നിർത്തി, നാലുപാടും നോക്കി. ഇട്ടിരുന്ന ഓവർക്കോട്ട് ഊരി ബൈക്കിന് മുകളിലേക്ക് എറിഞ്ഞു. ജീൻസും സ്ലീവ് ലെസ് ബനിയനും ധരിച്ച്, താക്കോൽ വലത് കയ്യുടെ ചൂണ്ട് വിരലിലിട്ട് കറക്കി അവൻ റീത്ത യുടെ അടുത്തേക്ക് കുനിഞ്ഞു.
റീത്ത അവനെ കണ്ടപ്പോൾ, ശരീര വടിവുകൾ കൂടുതൽ വ്യക്തമാകുന്ന വണ്ണം പിന്നിലേക്ക് ചാഞ്ഞിരുന്നു. അവനാകട്ടെ നിരത്തും ബഹളവുമൊക്കെ അവഗണിച്ച് ചുണ്ടുകൾ കൊണ്ട് അവളുടെ മുഖമാകെ ഉഴിഞ്ഞു.
“ഇതാരടെ ഈ മരക്കുരിശ് അവനിപ്പോൾ ആ പെണ്ണിനെ മുഴുവനോടെ വിഴുങ്ങുമല്ലോ. “
“ഈ കുരിശ് ഇന്ന് ലേശം വൈകി പോയി. “
“ഈ പരിപാടി സ്ഥിരം ഇവിടെ ഉള്ളതാണോ. “
ഗബ്രിയേൽ തല കുലുക്കി.
ആ കുരിശിൻ്റെ കൈകൾ റീത്തയുടെ മാറിലേക്ക് നീങ്ങി.
“മതി ആസ്വദിച്ചത്. “
ഗബ്രിയേൽ അസ്വസ്ഥതയോടെ കിളി വാതിൽ അടച്ചു.
“ഇവൾ ആള് കൊള്ളാമല്ലോടാ. “
“ഇവളുടെ അമ്മയെ അറിയുമോ, ഇതിലും മിടുക്കിയാണ് ചേട്ടത്തി. ആ ലോറിത്താവളത്തിലെ മാഗി പെമ്പിള. “
“മാഗിയുടെ മോളാണോ. ഇവള് സുന്ദരിയാണല്ലോ. ഇവൾ ക്രോസ്സ് ബ്രീഡാണ്. ഒറിജിനൽ അല്ല. ഇവൾക്ക് നല്ല നിറമുണ്ട്. “
അത് കേട്ട് ഗബ്രിയേലിൻ്റെ മുഖം മങ്ങി. തീയന് പോർട്ടുഗീസ് സ്ത്രീയിലുണ്ടായതാണ് ഗബ്രിയേൽ. ഇമ്മാനുവൽ സായിപ്പ്, തോട്ടപ്പണിക്ക് വടക്ക് നിന്ന് കൂട്ടി കൊണ്ട് വന്നതാണ് കണാരൻ തീയനെ. കറുപ്പാണെങ്കിലും ആനയുടെ തലയെടുപ്പുള്ളവനായിരുന്നു കണാരൻ.
സായിപ്പിൻ്റെ മൂന്ന് മക്കളിൽ ഇളയവളായ ഫ്രാൻസിസ്കയ്ക്ക് മനോഹരമായ ഒരു പൂന്തോട്ടം ഒരുക്കണം. മുപ്പത് വയസ്സ് കഴിഞ്ഞിട്ടും അവൾക്ക് വിവാഹം ഒന്നും ശരിയായില്ല. അതിനൊരു കാരണം അവളുടെ രൂപമായിരുന്നു. തടിച്ച് വീർത്ത ശരീരവും, ശോഷിച്ച് ഉണങ്ങിയ കൈകാലുകളും അതായിരുന്നു ഫ്രാൻസിസ്കയുടെ പ്രത്യേകത.
അവളുടെ വിവാഹം നടക്കാത്തതിൽ മാതാപിതാക്കൾ സങ്കടപ്പെട്ടു. ഫ്രാൻസിസ്ക കൂടുതൽ സമയം വായനയിലും പൂന്തോട്ട പരിപാലനത്തിലും ഏർപ്പെട്ടു.
മുത്തശ്ശിയിൽ നിന്നും പകർന്നു കിട്ടിയ സിദ്ധി ഉപയോഗിച്ച് അവൾ പക്ഷികളോടും മൃഗങ്ങളോടും സംസാരിക്കാറുണ്ടായിരുന്നു.
തോട്ടപ്പണിയ്ക്ക് ഫ്രാൻസിസ്കയുടെ സഹായി ആയി, കണാരൻ ഒരു പൂച്ചയുമായി മല കയറി വന്നു, ആദ്യമവൻ അവളുടെ മനസ്സിലൊരു പൂന്തോട്ടം തീർത്തു.
“എന്താടാ നീ ആലോചിക്കുന്നത്?”
ഗബ്രിയേൽ വിഷയം മാറ്റി.
“ഞാനൊരു ബൂട്ട് വാങ്ങുന്ന കാര്യം പറഞ്ഞിട്ട് കുറെയായി. ഇതാകെ കീറി പറിഞ്ഞു തുടങ്ങി. “
“അത് ഞാൻ മറന്നെടാ. പുതിയത് ഉടനെ വരും. “
“വേനൽക്കാലത്ത് കുളക്കോഴികളെ വെടി വയ്ക്കാനെന്ന പേരിൽ ടൗണിൽ നിന്നും കുറെ പരനാറികൾ വരും. കുടിച്ച് കഴിഞ്ഞ മദ്യക്കുപ്പികൾ പൊട്ടിച്ചെറിയൽ അവരുടെ പതിവാണ്. ഒരിക്കലെൻ്റെ കാല് പിളർന്നു പോയി. മുറിവിൽ ഉപ്പ് വെള്ളം കയറി ചോര വാർന്ന് പോകുമ്പോൾ പ്രാണൻ പോകുന്ന വേദനയാണ്. “
നിരപലകകൾ നിരത്തി കട പൂട്ടാൻ സൈമൺ ഗബ്രിയേലിനെ സഹായിച്ചു. അവർ നിരത്തിലേക്ക് ഇറങ്ങി. സൈമൺ ഒരു നൂറു രൂപ ഗബ്രിയേലിൻ്റെ പോക്കറ്റിൽ വച്ച് കൊടുത്തു. അപ്പോഴും റീത്തയും കുരിശും പ്രേമ ശൃംഗാരത്തിലായിരുന്നു.
“ഇത്രയും സുന്ദരിയായ ഒരു പെൺകുട്ടിയെ ദിവസവും ഇങ്ങനെ ഒരുത്തൻ ചെയ്യുന്നത് കിളിവാതിലിലൂടെ കണ്ട് കൊണ്ട് നിൽക്കുന്ന നിനക്ക് ഒന്നും തോന്നാറില്ലേ ഗബ്രീ. നീ ഒരു ഗേ ആണോടാ ചെക്കാ. “
“ഇല്ല ഞാൻ ബ്രഹ്മചാരിയാണ്. മാമായിയിൽ നിന്നും അല്ലറ ചില്ലറ മന്ത്രം പഠിക്കുന്നുണ്ട്. “
ഗബ്രിയേൽ ഒരു കള്ളം പറഞ്ഞിട്ട്, ഏറുകണ്ണിട്ട് സൈമണെ നോക്കി.
“എന്നെ ഉപദ്രവിക്കുന്നവരെ ഞാൻ വെറുതെ വിടില്ല, ഒരു പാഠം പഠിപ്പിക്കും. ആ സൂത്രപ്പണികൾ മാമായിയിൽ നിന്നും പഠിക്കണം. “
“ടാ ഞാൻ ചുമ്മാ ചോദിച്ചതാ. എന്നെ ഉപദ്രവിക്കല്ലേ. ഇത് കല്യാണം കഴിഞ്ഞ് നാലാം കൊല്ലമാണ്. ഒരു കുഞ്ഞിക്കാല് കാണാൻ മോഹം ഉണ്ട്. എൻ്റെ ജാൻസി ആകെ സങ്കടത്തിലാണ്, നിരാശയിലാണ്. “
അത് പറഞ്ഞപ്പോൾ സൈമണിൻ്റെ കണ്ണുകൾ നിറഞ്ഞു, തൊണ്ട ഇടറി.
“നിങ്ങൾ വിഷമിക്കാതെ ചേട്ടായി, ഇന്നേക്ക് പതിനെട്ടാം മാസം, ജാൻസി ചേച്ചി ഒരു ആൺകൊച്ചിന് ജന്മം നൽകും. “
“സത്യമാണോടാ. നിൻ്റെ നാക്ക് പൊന്നാണ്. “
ഗബ്രിയേലിനെ കെട്ടിപ്പിടിച്ചു ഒരുമ്മ നൽകി സൈമൺ ബൈക്കിൽ കയറി.
“ഞാൻ മടങ്ങി വരുമ്പോൾ നിനക്കൊരു ജോഡി ഫോറിൻ ബൂട്ട്സ് വാങ്ങി കൊണ്ട് വരും. “
ഗബ്രിയേൽ സഞ്ചിയും തൂക്കി മല കയറാൻ തുടങ്ങി. നട്ടുച്ചയായത് കൊണ്ട് വഴിയിൽ ആരുമില്ല. പൊട്ടിയ ബൂട്ടുമിട്ട് അവൻ പാട്ടും പാടി നടന്നു.
“ഏയ് ഒന്ന് നിന്നേ ഗബ്രിയേലേ. “
ഗബ്രിയേൽ തിരിഞ്ഞ് നോക്കി, റീത്തയാണ് പിന്നിൽ, ഗബ്രിയേലിനൊപ്പം എത്താൻ അവളോടി വരുകയാണ്. അവളുടെ മേൽചുണ്ട് മുറിഞ്ഞിരിക്കുന്നു.
“ആ കുരിശ് പോയോടീ. “
ഗബ്രിയേൽ തിരിഞ്ഞ് നടക്കാൻ തുടങ്ങി.
“ആകാശ് പാവമാണ്. “
“തന്നെ കടിച്ച് മുറിച്ച ചെന്നായക്ക് മാൻ കുട്ടിയുടെ സാക്ഷ്യപ്പെടുത്തൽ. ചെന്നായ പാവമാണ്, വിശപ്പ് കൊണ്ടല്ലേ, അവനെന്നെ തിന്നാൻ നോക്കിയതെന്ന്. “
റീത്തയുടെ കണ്ണുകൾ നിറയുന്നത് ഗബ്രിയേൽ ശ്രദ്ധിച്ചു.
“പെണ്ണേ, നിനക്ക് എന്തിൻ്റെ കേടാണ്. ഇതൊക്കെ വെറും ടോക്സിക് ബന്ധങ്ങളാണ്. “
അവളുടെ മേൽചുണ്ട് അവൻ തുടച്ച് കൊടുത്തു.
“റീലുകളല്ല ജീവിതം. “
അവളുടെ കയ്യിലെ വില കൂടിയ ആൻഡ്രോയിഡ് ഫോൺ നോക്കിയിട്ട് ഗബ്രിയേൽ തൻ്റെ കയ്യിലെ നോക്കിയയുടെ കറുത്ത ബട്ടൺ ഫോൺ ഉയർത്തി കാട്ടി.
“എനിക്ക് സമാധാനമുണ്ട്. “
ഗബ്രിയേലിനെക്കാൾ രണ്ട് വർഷം മുതിർന്ന റീത്ത ഡിഗ്രി പരീക്ഷ കഴിഞ്ഞ് റിസൾട്ട് കാത്തിരിക്കുകയാണ്.
“റിസൾട്ട് വരുമ്പോൾ നിനക്ക് നല്ല മാർക്ക് കിട്ടില്ലേ. എന്താ നിൻ്റെ അടുത്ത പരിപാടി. “
“പട്ടണത്തിലെ കോളേജിൽ പോയി പിജി എടുക്കണം. എന്നെ എത്ര വേണമെങ്കിലും പഠിപ്പിക്കാമെന്ന് ആകാശ് വാക്ക് തന്നിട്ടുണ്ട്. “
“അപ്പോൾ രാവിലെ പാൽ വിതരണം ചെയ്യുന്ന ബാസിത്തോ? ഷാനവാസിക്കായുടെ മകൻ? അവൻ നിൻ്റെ ആരാണ്?”
“അവനെൻ്റെ പ്ലാൻ ബി ആണ് ഗബ്രിയേലെ. പ്ലാൻ എ ആകാശ്., ബാസിത്ത് സിനിമയ്ക്ക് ഒന്നും കൊണ്ട് പോകില്ല, എല്ലാത്തിനും വഴക്കാണ്. സ്ത്രീകൾ ഒറ്റയ്ക്ക് പുറത്ത് പോകരുതെന്ന് ചട്ടം കെട്ടും. അതൊനും എനിക്ക് പറ്റില്ല. “
“പ്ലാൻ എ കൊള്ളാം കഞ്ചാവ്, പ്ലാൻ ബി അതിലും ഗംഭീരം താലിബാൻ. പ്ലാൻ സി ആരാണ്?”
“അത് നീ തന്നെ ഗബ്രിയേലെ. നിർഭാഗ്യവശാൽ ഞാൻ നിന്നെക്കാൾ രണ്ട് വർഷം മുമ്പേ ജനിച്ചു പോയി. “
റീത്ത ഗബ്രിയേലിൻ്റെ കൈ പിടിച്ചു ചുംബിച്ചു.
“ഓഹ് ചോരയുടെ മണം. “
മലയിൽ നിന്നും കോളനിയിലേക്ക് തിരിയുന്ന ഭാഗത്ത് വച്ച് അവർ പിരിഞ്ഞു. റീത്ത പോകാതെ ഗബ്രിയേലിനെ നോക്കി നിന്നു.
“നീ പറഞ്ഞത് സത്യമാണോ ഗബ്രിയേലെ. ഞാൻ ഒളിഞ്ഞ് നിന്ന് കേട്ടതാ. “
റീത്ത പിറകിൽ നിന്നും വിളിച്ചു ചോദിച്ചു.
“എന്ത് കാര്യത്തെപ്പറ്റിയാണ് ചോദ്യം. “
“സൈമണിൻ്റെ ഭാര്യയുടെ പ്രസവകാര്യം നീ പറഞ്ഞില്ലേ. “
“ഓഹ് അതാണോ. നൂറ് ശതമാനം ശരിയാകും. നല്ല വെളുത്ത പൂച്ച കണ്ണുള്ള മകൻ ജാൻസിയുടെ വയറ്റിൽ ജനിക്കും. “
“നിന്നെ പോലെയോ. അതെങ്ങനെ ശരിയാകും. “
“അതങ്ങനെയേ ശരിയാകൂ. “
മല മുകളിലേക്ക് നടന്ന് കയറുന്ന ഗബ്രിയേലിനെ നോക്കി റീത്ത ഒരു മരത്തിൽ ചാരി നിന്നു.
റീത്തയ്ക്ക് ഗബ്രിയേലിനെ ഇഷ്ടമാണ്. റീത്തയോട് ഗബ്രിയേലിന് അനുകമ്പയുണ്ട്. അതിന് ധാരാളം കാരണമുണ്ട്. അവൾ അവനെ പലപ്രാവശ്യം സഹായിച്ചിട്ടുണ്ട്.
ഫ്രാൻസിസ്ക അപ്രത്യക്ഷമായ ആ പത്തൊമ്പത് ദിവസങ്ങൾ. പട്ടിണിയിൽ നിന്നും ഗബ്രിയേലിനേയും ഡാനിയേല നേയും പെരേര രക്ഷപ്പെടുത്തിയ കാലഘട്ടം. ഗബ്രിയേൽ പതിനാലാം വയസ്സിൽ പൗലോ മാപ്ലയുടെ കടയിലെ ഇറച്ചിവെട്ടുകാരനായ ദിനങ്ങൾ.
ആദ്യത്തെ ദിവസം തന്നെ ഗബ്രിയേലിനെ സൈമണിനും ജാൻസിയ്ക്കും ഇഷ്ടമായി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയപ്പോൾ ജാൻസി ഒരു ഇലപ്പൊതി ഗബ്രിയേലിന് നൽകി. അതിൽ കുറച്ച് ആടിൻ്റെ കരൾ ആയിരുന്നു.
“നെയ്യിൽ വറുത്ത് കുരുമുളകിട്ട് കഴിക്കൂ. ദീനം വന്ന ക്ഷീണം മാറി, നിൻ്റെ ആരോഗ്യം നന്നാകും. “
ജാൻസി ചിരിച്ചു കൊണ്ട് പറഞ്ഞു.
വഴിയരുകിൽ വച്ച് പത്താം ക്ലാസ് കഴിഞ്ഞ് കംപ്യൂട്ടർ പഠിക്കാൻ പോകുന്ന റീത്തയെ കണ്ടു. ഫ്രാൻസിസ്ക സ്ഥലത്ത് ഇല്ല എന്നറിഞ്ഞ് അവൾ ഗബ്രിയേലിനൊപ്പം മല കയറി.
“ടാ ഗബ്രി ഞാൻ നിൻ്റെ കൂടെ മലയിൽ വന്നാൽ എനിക്ക് കുറച്ച് ഫോട്ടോസ് എടുത്തു തരാമോ. ഞാനിത് വരെ നിങ്ങളുടെ മല കണ്ടിട്ടില്ല. “
റീത്ത തൻ്റെ ആൻഡ്രോയിഡ് ഫോൺ ഗബ്രിയേലിനെ ഏൽപ്പിച്ചു.
“ഇതൊന്നും ഉപയോഗിക്കാൻ എനിക്കറിയില്ല റീത്താ. “
“അത് ഞാൻ പഠിപ്പിച്ചു തരാം, നിന്നെ മാത്രമേ എനിക്ക് വിശ്വാസമുള്ളൂ. “
“എങ്കിൽ എനിക്ക് നീയൊരു ഉപകാരം ചെയ്തു തരണം. “
“എന്താണ് ഗബ്രിയേലെ. “
അവൻ കയ്യിലിരുന്ന ഇലപ്പൊതി അവളെ കാണിച്ചു.
“ഇത് ഡാനിയേലക്ക് വേണ്ടി പാചകം ചെയ്ത് തരാമോ. മാമായി പോയതിന് ശേഷം അവളൊന്നും കഴിക്കുന്നില്ല. എനിക്ക് പാചകമറിയില്ല. പേരേര പറഞ്ഞ് തന്നത് പോലെ കഞ്ഞി വച്ച് കൊടുത്തു. അത് അവൾ മടുത്തു തുടങ്ങി കാണും. “
“അത്രേയുള്ളോ. “
“റീത്ത ഗബ്രിയേലിനൊപ്പം മലമുകളിലേക്ക് പോയി. പോകുന്ന വഴി അവൾ തോമാച്ചൻ്റെ പുരയിടത്തിലെ കപ്പത്തോട്ടത്തിലെ കമ്പി വേലിക്കടിയിലൂടെ നുഴഞ്ഞു കയറി. വലിയൊരു മൂട് കപ്പയുടെ മൂട് തുരന്ന് വലിയൊരു കിഴങ്ങ് പിരിച്ചെടുത്തു. പഴയപോലെ മണ്ണ് നീക്കിയിട്ട് മൂട് ഉറപ്പിച്ച് നിർത്തി.
“എടീ കള്ളീ, തോമാച്ചനറിഞ്ഞാൽ. “
“കാടല്ലേ ഗബ്രിയേലെ, പന്നിയും എലിയുമൊക്കെ വരും. അവരും ഭൂമിയുടെ അവകാശികൾ അല്ലേ. പിന്നെ ഒരേ ഒരു കിഴങ്ങല്ലേ ഞാനെടുത്തുള്ളൂ. “
തോമാച്ചൻ വിളവെടുക്കുമ്പോൾ കള്ളക്കൂട്ടങ്ങൾ എന്ന് തെക്കോട്ട് നോക്കി നിന്നു ശപിക്കാറുണ്ട്. അതോർത്തപ്പോൾ ഗബ്രിയേലിന് ചിരി വന്നു.
“ദാ ഗബ്രിയേലെ കളിയാക്കരുത്. ഞാൻ വളരെ കഷ്ടപ്പെട്ടാണ് മല മുകളിൽ കയറി വരുന്നത്. ഇരുട്ട് വരുന്നതിന് മുമ്പ് എനിക്ക് പടമെടുത്ത് തരണം. “
“പടം നാളെയായാലും എടുക്കാലോ റീത്ത. നാളെ നിന്നെ ചതുപ്പിൽ കൊണ്ട് പോകാം. “
“ഉറപ്പാണോ. “
“വാക്ക്. “
ഗബ്രിയേൽ റീത്തയുടെ കയ്യിലമർത്തി.
(തുടരും…. )
✍️✍️നിഷ പിള്ള
https://koottaksharangal.com/banthangal/20260224-black-dahlia-4

