“നീയിപ്പൊ കടം വാങ്ങിയൊന്നും വീടു വയ്ക്കാൻ നിൽക്കണ്ടാ ട്ടോ… അവസാനം റിട്ടയർ ചെയ്താലും ലോൺ അടച്ചുതീരില്ല”- ഒരു വീടുണ്ടാക്കാനുള്ള ചർച്ച തുടങ്ങുമ്പോൾത്തന്നെ അച്ഛന്റെ മുന്നറിയിപ്പു വന്നു.
ഒരു സർക്കാർ ഉദ്യോഗസ്ഥയ്ക്ക് ലോണില്ലാതെ വീടു വയ്ക്കുക എന്നത് സങ്കല്പിക്കാനേ ആകുമായിരുന്നില്ല. കാരണം കുടുംബ സ്വത്തുക്കളോ വസ്തുവകകളോ ഒന്നുമില്ലാത്തൊരാളിന് സ്വന്തമായി സമ്പാദിച്ച് വീടുണ്ടാക്കുക എന്നത് വിഷമം പിടിച്ചൊരു ടാസ്ക്ക് തന്നെയായിരുന്നു.
വീട് എന്ന സ്വപ്നം മനസ്സിൽ കടന്നുവന്നപ്പോൾത്തന്നെ വീട്ടുമുറ്റത്ത് ഒരു ചെമ്പകം നടണം എന്നു ഞാൻ മോഹിച്ചിരുന്നു. കാരണം ചെറുപ്പം ചിലവഴിച്ച അച്ഛൻ തറവാടിന്റെ മുറ്റത്ത് പൂത്തു മണം പരത്തി നിൽക്കാറുള്ള ആ ചെമ്പകത്തിന്റെ ഓർമ്മ ആത്മാവിൽ എന്നോ ആവാഹിച്ചു പോയതാണ്. മനസ്സില്‍ ഗൃഹാതുരത്വം നിറയ്ക്കുന്ന ചെമ്പകപ്പൂമണമാണ് എനിക്കാ വീടിന്റെ ഓർമ്മകൾ.
നന്നേ ചെറുപ്പത്തിൽത്തന്നെ കൈവിട്ടു പോയ ജനിച്ച വീട്. നിറയെ മുറികളും വിശാലമായ പൂമുഖവും തടികളിൽ തീർത്ത അഴികളുള്ള അടുക്കള കോലായും ഒക്കെ അടങ്ങിയ സാമാന്യം വലിപ്പമുള്ളൊരു ഓടിട്ട വീട്. വീടിന്റെ പടി കടന്നുചെല്ലുമ്പോൾത്തന്നെ നേരെ കാണുന്ന അറയും അറയിൽ എന്നും തൂക്കിയിട്ടിരിക്കുന്ന പഴക്കുലകളും കുമ്പളങ്ങയും വെള്ളരിയ്ക്കയും മത്തങ്ങയുമൊക്കെ ചെറുപ്പത്തിൽ കൺ വിടർത്തിക്കണ്ട കൗതുകങ്ങളായിരുന്നു. അറയുടെ മുൻപിലെ അരമതിലുള്ള ചെറിയ വരാന്തയുടെ ഒരറ്റത്ത് വലിയൊരു ചന്ദനക്കല്ലും ചന്ദന മുട്ടിയുമുണ്ടായിരുന്നു. രാവിലെ കുളി കഴിഞ്ഞു വന്നാൽ വീട്ടിലെ എല്ലാപേരും ആ ചന്ദനക്കല്ലിൽ ചന്ദനമുട്ടി അരച്ച് നെറ്റിയിൽ തൊടുക പതിവായിരുന്നു. ആ ചന്ദനക്കുറിയുടെ കുളിർമ്മ ഇപ്പോഴും തണവേകുന്ന ഓർമ്മയാണ്.
ഓണക്കാലമായാൽ വിശാലമായ പറമ്പിൽ തുമ്പപ്പൂക്കൾ വെള്ള വിരിക്കും. ഒപ്പം കണ്ണാന്തളിയും കാക്കപ്പൂക്കളും കോളാമ്പിപ്പൂക്കളും പൂക്കൂട നിറയ്ക്കും. ചാണകം മെഴുകിയ മുറ്റത്ത് വിശാലമായ പൂക്കളം തീർത്ത് ആർപ്പു വിളിക്കും. കോടിയുടുത്ത്, നിലത്ത് ഇലയിട്ടിരുന്ന് ഓണ സദ്യയുണ്ടതും ആ സുകൃതകാലത്തിന്റെ തിളങ്ങുന്ന സ്മരണകളാണ്..
വിഷുവായാൽ കൊന്നമരം നിറഞ്ഞാടുന്ന സ്വർണ്ണക്കുലകൾ കൊണ്ടു കൊതിപ്പിക്കും. ഒറ്റയൊരു ദിവസക്കേയ്ക്കു മാത്രമേ ഈ മഞ്ഞണിപ്പൂക്കളോട് ആൾക്കാർ സ്നേഹം കാട്ടൂ എങ്കിലും ആ ഒരു ദിവസത്തിനു മാത്രമായി മേടമാസത്തിനു മുന്നേ മൊട്ടിട്ട് ചന്തത്തിൽ കൊന്നമരം ഒരുങ്ങി നിൽക്കും. കാറ്റുവീശി ഇതൾ കൊഴിഞ്ഞ കൊന്നപ്പൂക്കളിലെ കമ്മൽ വളയങ്ങൾ താഴെ മുറ്റത്ത് പൂഴിയിൽ വീണു പതിഞ്ഞു കിടക്കും. അതു പെറുക്കി കുഞ്ഞു കൈ വെള്ളയിൽ വച്ചു ഞാൻ ചന്തം കാണാറുണ്ട്. വിഷുവിന്റെ അന്ന് വെളുപ്പിനുണർന്ന് കണി കണ്ടാലുടനെ മുത്തച്ഛന്റെ വക ഒരു വെള്ളിത്തുട്ട് കൈ നീട്ടമായി കിട്ടും..പിന്നെ ഓരോരുത്തരായി തരുന്ന കൈ നീട്ടങ്ങളെല്ലാം ഒരു മൺ കുടുക്കയിലിട്ടു വയ്ക്കും. പിന്നെ എന്നെങ്കിലും അത് നിറയുന്നത് ആകാംക്ഷയോടെ കാത്തിരിക്കും. ജീവിതത്തിൽ ആദ്യമായി സമ്പാദ്യശീലം പഠിച്ചത് അതിൽ നിന്നാണ്.
വേലിയിൽ ഭ്രാന്തുപിടിച്ചു പൂത്തു ചുവന്നു നിൽക്കാറുള്ള ചെമ്പരത്തി പൂക്കളോടും ഒത്തിരി കിന്നാരം പറഞ്ഞിട്ടുണ്ട്.
മുറ്റത്ത് കൊഴിഞ്ഞു വീണു കിടക്കാറുള്ള ഇലഞ്ഞിപ്പൂക്കളേയും എന്നിലെ കുഞ്ഞു മനസ്സ് വല്ലാതെ സ്നേഹിച്ചിരുന്നു..
മുത്തച്ഛന്റെ മരണശേഷം കുടുംബം മക്കൾക്കെല്ലാപേർക്കുമായി ഭാഗം വയ്ക്കുമ്പോൾ കുട്ടിയായ എനിക്ക് നഷ്ടപ്പെട്ടത് മണമുള്ള ആ വീടിന്റെ ഓർമ്മകളാണ്.
കാലം സംഭവ ബഹുലമായിത്തന്നെ കടന്നു പൊയ്ക്കൊണ്ടിരുന്നു.
എപ്പഴോ ഏതോ ഉൾവിളി പോലെ സ്വന്തമായി ഒരു വീട് എന്ന മോഹം മനസ്സിൽ ബലമായി വേരൂന്നിയിരുന്നു. സ്വന്തം പേരിൽ സ്വന്തം അദ്ധ്വാനം കൊണ്ടു മാത്രം ഒരു വീടുണ്ടാക്കണമെന്നത് ഒരു വാശിയായിരുന്നു. ചിലപ്പോൾ പിന്നിട്ടു പോന്ന ചില കഠിനാനുഭവങ്ങളും അതിനു പ്രേരക ശക്തിയായിരുന്നിരിക്കാം.
സ്ഥലം വാങ്ങി വീടു വയ്ക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ് എന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് ഒരു റെഡിബിൽറ്റ് ഹൗസ് എന്നതിൽ മനസ്സൊതുക്കിയത്.
സ്വന്തമായി പണിയുന്ന വീടിനുണ്ടാകുന്ന മനോഹാരിതയൊന്നും റെഡിബിൽറ്റ് വീടിനുണ്ടാവില്ല എന്നറിയാമായിരുന്നു.
മുറ്റത്തെ ചെമ്പകവും ചെത്തിയും ഏതോ ജന്മത്തിലെ ഓർമ്മ മാത്രമായി അവശേഷിച്ചു. അലമാരയിലെ വസ്ത്രങ്ങൾക്കിടയ്ക്ക് അച്ഛൻ തിരുകിവയ്ക്കാറുള്ള ചെമ്പകപ്പൂവിന്റെ മണം മനസ്സിന്റെ അറകളിലെവിടെയോ ഒളിപ്പിച്ചു വച്ചു.
ബാങ്ക് ലോണിന്റെയും മറ്റു നൂലാമാലകളുടേയും ഇടയിൽക്കിടന്ന് വശം കെടുമ്പോഴും സ്വന്തം വീടെന്ന സ്വപ്നം എന്നിലെ സ്ത്രീയെ മുന്നോട്ടു നടത്തിച്ചു. എന്റെയും മകളുടെയും കൈയ്യിലെയും കഴുത്തിലേയും അവസാന തരി പൊന്നും വേണ്ടി വന്നു വീടെന്ന യാഥാർത്ഥ്യത്തിലേയ്ക്ക് എത്തിച്ചേരാൻ. പരിഭവിച്ചില്ല.. കാരണം പൊന്നിനേക്കാൾ വിലപിടിപ്പുള്ള ഒന്ന് സ്വന്തമാവുകയാണ്.
സ്വന്തം പേരിൽ ഒരു വീട്… മനോഹരമായ ആ സ്വപ്നം യാഥാർത്ഥ്യമായി. ഏതൊരു സ്ത്രീയേയും പോലെ ഞാനും അഭിമാനിച്ചു.
എന്റെയും കുടുംബാംഗങ്ങൾക്കും അത്യാവശ്യം വേണ്ട സൗകര്യങ്ങളൊക്കെ ഒരുക്കിത്തന്ന ഒരു വീട് – അതായിരുന്നു എന്റെ സ്വപ്ന സാക്ഷാത്ക്കാരം.
കേറിത്താമസത്തിന് ആർഭാടങ്ങളൊന്നുമേ വേണ്ടെന്ന് തീരുമാനിച്ചിരുന്നു. പാലുകാച്ചും ബന്ധുമിത്രാദികളെ വിളിച്ച് സദ്യയൊരുക്കലും ഒന്നുമുണ്ടായില്ല. അതൊക്കെ വ്യർഥവും അനാവശ്യ ചിലവുമാണെന്ന് മനസ്സു പറഞ്ഞത് അനുസരിയ്ക്കുകയായിരുന്നു.
അല്ലെങ്കിൽത്തന്നെ നാം കഷ്ടപ്പെട്ടും കടം കൊണ്ടും സ്വായത്തമാക്കിയ വീട് നാട്ടാർക്ക് അഭിപ്രായം പറയാൻ വിട്ടു കൊടുക്കുന്നതെന്തിന്? അതിനുള്ളിൽ സമാധാനവും സ്വസ്ഥതയും വേണം, അത്രമാത്രം. പലരും വന്ന് അഭിപ്രായം പറഞ്ഞു പോകുമ്പോൾ ചിലപ്പോൾ മനസ്സിൽ പോറൽ വീഴും. വീടിന്റെ കുറവുകൾ വെറുതേ വേദനിപ്പിക്കും.
അതുകൊണ്ട് ആവശ്യമില്ലാത്ത ചടങ്ങുകൾ എല്ലാം ഒഴിവാക്കി.. ഒരു നിലവിളക്ക് അമ്മയെക്കൊണ്ട് കൊളുത്തി വയ്പ്പിച്ചു , ആശ്വാസത്തോടെ വീടിനുള്ളിൽ കയറി. പ്രാർത്ഥനകളെല്ലാം മനസ്സിൽ മാത്രമായിരുന്നു.
എല്ലാരും ചെയ്യുന്നതു പോലെ വീടുകയറി താമസത്തിന് മുൻപ് വാസ്തു നോക്കാത്തതു കൊണ്ടോ ഗണപതി ഹോമമോ ഭഗവതി പൂജയോ നടത്താത്തതു കൊണ്ടോ കാച്ചിയ പാൽ അടുപ്പിൽ തുളുമ്പി വീഴാത്തതു കൊണ്ടോ എന്റെ വീട് എന്നോട് ഒരിയ്ക്കലും പിണങ്ങിയിട്ടില്ല..
മോൾക്കൊരു ജോലി എന്ന ആഗ്രഹവും അവളുടെ വിവാഹമെന്ന സ്വപ്നവും അവളുടെ രണ്ടു കുഞ്ഞുങ്ങളുടെയും ജനനവും ഒക്കെ ഈ വീടു തന്ന അനുഗ്രഹങ്ങളാണ്.
നന്ദിയുണ്ട് …
വൃക്ഷങ്ങളൊന്നും നടാൻ സ്ഥലമില്ലാത്ത ഈ അഞ്ചു സെന്റിൽ നിൽക്കുന്ന, എന്നെ സുരക്ഷിതമായി കാക്കുന്ന, ചെമ്പകമില്ലാതെ ചെമ്പകപ്പൂമണം പേറുന്ന എന്റെ വീടിനോട്.
x x x
✍️ രമ ദാമോദരൻ
#വീട്


2 Comments
ഇഷ്ടപ്പെട്ട എഴുത്ത്. ചെമ്പകപ്പൂ മണം വായനക്കു ശേഷം മനസ്സിൽ അവശേഷിപ്പിച്ച വായന👌👏❤️
മനോഹരം. 👌
ചെമ്പകപ്പൂ മണക്കുന്ന എഴുത്ത്. 🥰