പ്രിയപ്പെട്ട അമ്മേ,
ജീവനെക്കാളേറെ സ്നേഹിക്കുന്ന ഒരേ ഒരു മകളെ മറന്ന് പരലോകം പ്രാപിക്കാൻ എങ്ങിനെ അമ്മക്ക് തോന്നി? ഓരോ അണുവിലും ഒട്ടിചേർന്ന് സ്നേഹ പരിലാളനങ്ങളാൽ വരിഞ്ഞുമുറുക്കി ജീവിച്ചവർ വേർപിരിയുക സംഭാവ്യമല്ല. എനിക്കാരുമില്ലാതായി എന്ന് അമ്മക്കറിയില്ലേ? ഈശ്വരന് ഒരു പിഴ പറ്റിയതാണോ? പിഴ മാപ്പാക്കാൻ മറ്റൊരു ദൈവമുണ്ടോ? അതോ ഓമനിച്ചു വളർത്തിയ ഒരേ ഒരു പൊന്നുമോളെ തന്നെയാക്കി സ്വർഗ്ഗത്തിലേക്ക് പിതൃക്കൾ വിളിച്ചതാണോ? സ്നേഹിച്ച് കൊതി തീരാത്ത ഒരേ ഒരു പൊന്നോമനയ്ക്ക് ശൂന്യത മാത്രം നല്കി പിതൃക്കളുടെ കൈ പിടിച്ച് പോയതാണോ?
ഒന്നും മനസ്സിലാവുന്നില്ല.
ശൂന്യതയിലേക്ക് കണ്ണും നട്ട് ആരുമാരുമില്ലാത്ത ഈ മകളെ കൂടി പിതൃക്കൾ കൂടെ കൂട്ടാത്തതെന്തേ? ഇത് അനീതിയാണ്. പിതൃക്കളും ഈശ്വരനും ഒന്നിച്ച് ഭൂമിയിൽ അവശേഷിച്ചവരെ ശിക്ഷിക്കുകയാണോ? ഏകമകളുടെ സന്തോഷം മാത്രം ലക്ഷ്യമാക്കി ജീവിച്ചിരുന്ന എന്റെ അമ്മ എന്തിനാണ് എന്നെ വിട്ടു പോയത്? സന്തോഷത്തിന്റെ പാരമ്യത്തിലിരുന്നിരുന്ന എന്റെ അമ്മയോട് പിതൃക്കൾക്ക് അസൂയയായിരുന്നോ? ഇവിടെ കിട്ടാത്ത എന്താണ് അവിടെയുള്ളത്? ആത്മാവിന്റെ ഒരു അംശത്തെ വഴിയിൽ കളയാൻ മാത്രം എന്തു തെറ്റാണ് ഞാൻ സംഭവിച്ചിട്ടുള്ളത്? ജീവനിൽ ജീവനായി ജീവിതം കരുപ്പിടിപ്പിച്ച് നെഞ്ചോട് ചേർത്ത എന്നെ മറന്ന് അമ്മ എന്തിനാണ് പോയത്?അതും ഇനിയും ഈ ലോകത്തിൽ അനവധി കർമ്മങ്ങൾ ബാക്കി വച്ചു കൊണ്ട്?
ഇനി ഞാനെന്തു വേണം എന്നു കൂടി അമ്മ പറയൂ. ആരുടെയൊക്കേയോ തണലിൽ സ്വയം പഴിച്ച് ഭാവി എന്തെന്ന് അറിയാതെ കണ്ണുകളിൽ ഇരുട്ട് കയറി ഞാനിവിടെ ഒറ്റക്കിരിക്കുന്നത് അമ്മ കാണുന്നില്ലേ? എനിക്കാരാണുള്ളത്? നമ്മെ വിട്ടിട്ടു പോയ അച്ഛനെ മനസ്സിലാവാഹിച്ച് മാതാ പിതാക്കളുടെ ചുമതലകൾ സ്വയം തോളിലേറ്റി എനിക്ക് വേണ്ട എല്ലാം സ്വരൂപിച്ച് അവസാനം ” കലമുടച്ചത്” എന്തിനാണ്?
ഇന്നലെ വായിൽ വച്ചു തന്ന ചോറുരുള അവസാനത്തേതാണ് എന്ന് ഞാൻ മനസ്സിലാക്കിയില്ല. നിന്റെ സ്വപ്നങ്ങളെ ഞാൻ അർത്ഥവത്താക്കും എന്ന് എപ്പോഴും പറയാറില്ലേ? എല്ലാം മറന്ന് പരലോകത്തേക്ക് പോയത് അനീതിയല്ലേ?
ഇതെല്ലാം എന്റെ ജല്പനങ്ങൾ മാത്രം.
എനിക്ക് കാണണമെന്ന് തോന്നുമ്പോൾ എന്റെ മനസ്സിൽ വന്ന് എന്നെ നേർവഴിക്ക് നയിക്കേണമെ എന്നു മാത്രമെ പറയാനുള്ളൂ എന്നും എന്റെ കൂടെ ഉണ്ടാവണമെന്നും മാത്രം.
ഈ കത്ത് എന്റെ ഒരാശ്വാസത്തിനായി ഞാൻ എഴുതുന്നു.
എരിയുന്ന ചിതയിൽ ആരും കാണാതെ ഞാനിതു സമർപ്പിക്കട്ടെ!
അമ്മക്ക് നൂറു നൂറു പ്രണാമം…
എന്ന് സ്നേഹത്തിന്റെ പൂക്കൂടയുമായി, അമ്മയുടെ മാത്രം പൊന്നുമോൾ .


2 Comments
സത്യം, കുഞ്ഞു മക്കളുള്ള അമ്മമാരുടെ ആത്മഹത്യ കാണുമ്പോ ഞാനും ഇതെങ്ങനെ ന്ന് ചിന്തിക്കാറുണ്ട്.
കണ്ണു നിറഞ്ഞു , കഥ ഹൃദയസ്പർശിയായി തോന്നി 💕