നിങ്ങളിത് എവിടെ കൊണ്ട് വെച്ചിരി ക്കുകയാണ്, മനുഷ്യന് മനസമാധാനം തരരുത് എന്നുള്ളത് പിന്നെ നിങ്ങളുടെ മനസ്സിലങ്ങനെ ഉറപ്പിച്ചു വെച്ചിരിക്കുകയല്ലേ. എന്തോ ശബ്ദം അവ്യക്തമായി കേൾക്കുന്നുണ്ട്. അയാൾക്ക് ഇത് സ്വപ്നമാണോ അതോ സ്ഥിരം കേൾക്കാറുള്ളത് കൊണ്ട് ഒരു അശരീരി ആണോ എന്ന് മനസ്സിലാകുന്നില്ല. അയാൾ പതുക്കെ തിരിഞ്ഞു കിടന്നു.
കണ്ടില്ലേ, എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ പിന്തിരിഞ്ഞു കിടക്കും, പിന്നെ ഒന്നും കേൾക്കണ്ടല്ലോ. അവൾ എന്തെക്കെയോ പിറു പിറത്തു കൊണ്ടേയിരിക്കുന്നു.
എന്തോ തിരഞ്ഞു കൊണ്ടിരിക്കുകയാണല്ലോ ദൈവമേ രാവിലെ തന്നെ. ഇവൾ തന്നെ ഉറക്കാനും വിടില്ലലോ. അയാൾ കണ്ണടച്ച് തന്നെ കിടന്നു. കുറച്ച് കഴിഞ്ഞ് അവൾ മുറി വിട്ടു പോകും എന്നയാൾക്കറിയാമായിരുന്നു. വീട്ടിൽ മനസമാധാനം വേണമെങ്കിൽ തന്റെ വായ അടഞ്ഞു തന്നെ ഇരിക്കണം, അല്ലെങ്കിൽ പ്രശ്നമാണ്.
കാലങ്ങൾ കഴിയുംതോറും അയാൾ എങ്ങിനെ ജീവിതം മുന്നോട്ട് കൊണ്ട് പോകും എന്നറിയാതെ കുഴയുകയാണ്. അയാളുടെ ഭാര്യക്ക് പല നേരത്തു പല സ്വഭാവമാണ്. നാട്ടുകാർക്കിടയിൽ രവി ഭാഗ്യവാൻ, നീതു എന്ത് നല്ല സ്ത്രീയാണ്. നല്ല ഉദ്യോഗം, കാണാൻ നല്ല സുന്ദരി, നല്ല തറവാടി. ഭാര്യമാർ ആയാൽ ഇത് പോലെ വേണം. ഇത് കേൾക്കുമ്പോൾ അയാൾ വെറുതെ ചിരിക്കും. തന്റെ കഷ്ടപ്പാട് പറഞ്ഞിട്ട് ഇവരോട് എന്ത് കിട്ടാനാണ്. അനുഭവിക്കുന്നത് താനല്ലേ. സ്വന്തം പല്ല് കുത്തി അതിന്റെ നാറ്റം ബാക്കിയുള്ളവരെ കൂടി എന്തിനറിയിക്കണം. അയാൾ ഓരോന്നു ഓർത്തു അങ്ങിനെ കിടന്നു.
രവി വീട്ടിൽ മൂത്ത മകനാണ്. അയാൾക്ക് താഴെയാണ് അനിയനും ഒരനിയത്തിയും . അത്യാവശ്യം സാമ്പത്തികമുള്ള തറവാട്ടിൽ തന്നെയാണ് ജനനം. അമ്മ സരസ്വതി വളരെ പക്വതയുള്ള ഒരു പാവം സ്ത്രീയാണ് . നന്നായി പഠിച്ചിരുന്ന അയാൾക്ക് ഡിഗ്രി കഴിഞ്ഞ ഉടനെ തന്നെ സ്റ്റേറ്റ് ബാങ്കിൽ ജോലി കിട്ടി. വീട്ടിലെ പ്രാരാബ്ധങ്ങൾ ഒന്നും അയാൾക്ക് ഏറ്റെടുക്കേണ്ട കാര്യമില്ല.. അത്യാവശ്യം സാമ്പത്തികം ഉള്ള ചുറ്റുപാടാണ് വീട്ടിൽ. ജോലി കിട്ടിയപ്പോൾ അമ്മയ്ക്ക് ധൃതിയായി അയാൾക്ക് കല്യാണ കാര്യങ്ങൾ ആലോചിക്കാൻ. കുറച്ച് കാലം കൂടി കഴിയട്ടെ അമ്മേ എന്ന് പറഞ്ഞപ്പോൾ ഓരോന്നിനും ഓരോ സമയം ഉണ്ട്, അത് കൊണ്ട് നമുക്ക് നോക്കി തൊടങ്ങാം എന്ന് പറഞ്ഞു അമ്മ പിന്നാലെ കൂടി. അവസാനം അയാൾ സമ്മതം മൂളി.
ചെറിയമ്മേടെ നാത്തൂന്റെ മകൾ ഇന്ദുവിനെ അമ്മക്ക് നല്ല ഇഷ്ടമായിരുന്നു. അവളെ ആലോചിക്കണം എന്ന് പറഞ്ഞപ്പോൾ താൻ എതിരൊന്നും പറഞ്ഞില്ല. സത്യത്തിൽ ആ കുട്ടിയെ തനിക്കും ഇഷ്ടമായിരുന്നു. അത് മനസ്സിലാക്കി തന്നെയാണ് അമ്മ അതാലോചിച്ചത്. പക്ഷെ എന്തോ ആ കാര്യം നടന്നില്ല. ഇന്ദുവിന് കൂടുതൽ പഠിക്കണം ഇപ്പോൾ കല്യാണം ആലോചിക്കുന്നില്ല എന്ന് പറഞ്ഞ് അവരൊഴിഞ്ഞു.
അമ്മ വിട്ടില്ല, പിന്നെയും കാര്യങ്ങൾ അന്വേഷിക്കാൻ തുടങ്ങി. അച്ഛൻ പല തവണ പറഞ്ഞു, അവന് ഒരു സമയം കൊടുക്കു, ചെറുപ്പമല്ലേ കുടുംബ ജീവിതം ഇത്ര വേഗം അവന്റെ തലയിൽ കെട്ടി വെക്കേണ്ട, കുറച്ച് കഴിഞ്ഞ് നമുക്ക് ആലോചിക്കാം എന്ന്.
ആ സമയത്താണ് നീതുവിന്റെ കാര്യം വന്നത്. അച്ഛനും അമ്മയ്ക്കും ഏക മകൾ. നല്ല പഠിപ്പുണ്ട്, സർക്കാർ ജോലി. കാണാൻ നല്ല കുട്ടി. ആർക്കും ഒരെതിരഭിപ്രായം ഇല്ല. പിന്നെ ഒന്നും നോക്കിയില്ല, വീട്ടുകാർ കല്യാണം ഉറപ്പിച്ചു. ഒരു ആറു മാസം കഴിഞ്ഞപ്പോൾ കല്യാണവും നടത്തി.
കല്യാണം കഴിഞ്ഞ ഉടനെ അവളുടെ പരാതി മുഴുവൻ എൻഗേജ്മെന്റ് കഴിഞ്ഞുള്ള ആറു മാസക്കാലത്തെ കുറിച്ചായിരുന്നു. താൻ ഫോൺ വിളിക്കാറില്ല, പുറത്ത് കൊണ്ട് പോയില്ല. അങ്ങിനെ പലതും. ഓഫീസിൽ നല്ല പണിയാണ്, സമയക്കുറവ് കൊണ്ടാണ് എന്നെല്ലാം പറഞ്ഞു തടി തപ്പി.
കല്യാണം കഴിഞ്ഞ നാളുകളിൽ വലിയ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല . അമ്മയോടും അനിയത്തിയോടും വലിയ ഇഷ്ടത്തിലായിരുന്നു പെരുമാറ്റം. പക്ഷെ അവൾ തങ്ങളുടെ സ്വന്തം മുറിയിൽ കയറിയാൽ തുടങ്ങും പരാതികളുടെ ഒരു ഭാണ്ടക്കെട്ട്.
അമ്മക്ക് അമ്മയുടെ രീതികളെ പറ്റൂ, ഞാൻ എന്തുണ്ടാക്കിയാലും അതിനൊരു കുറ്റം പറയലുണ്ട്. അനിയത്തി ജയക്ക് ഒരു മര്യാദയും ഇല്ല. ചോദിക്കാതെ മുറിയിൽ കയറും, എന്റെ സാധനങ്ങൾ എല്ലാം എടുത്ത് നോക്കും. പാവം ജയകുട്ടി സ്വന്തം ചേച്ചിയാണെന്നു കരുതിയാണ് അതെല്ലാം നോക്കുന്നത്. അവൾ മുറിയിൽ വരുമ്പോൾ നീതു തന്നെയാണ് എല്ലാം എടുത്തു കാണിച്ചു കൊടുക്കുന്നത്. എന്നിട്ടോ അതിന്റെ പരാതി മുഴുവൻ താനിരുന്നു കേൾക്കണം.
അമ്മയുടെ കൂടെ അടുക്കളയിൽ കയറി ഭക്ഷണം ഉണ്ടാക്കി പഠിക്കണം, അമ്മ എന്നെ എല്ലാം പഠിപ്പിച്ചു തരണം എന്ന് പറഞ്ഞ് അവളാണ് അമ്മയുടെ കൂടെ അടുക്കളയിൽ നിൽക്കുന്നത്. അവളുടെ സാധനങ്ങൾ എല്ലാം എടുത്ത് അനിയത്തിയെ കാണിക്കുന്നതും അവൾ തന്നെയാണ്. ഇതെല്ലാം താൻ കാണുന്നുണ്ട്. പക്ഷെ എന്തിലും ഒരു കുറ്റം കണ്ടുപിടിക്കുക അതവളുടെ ഒരു വിനോദം തന്നെ ആയിരുന്നു.
അമ്മയുടെയും അനിയത്തിയുടെയും മുമ്പിൽ ഒരു സ്വഭാവം, തന്റടുത്തു എത്തുമ്പോൾ വേറൊന്ന്. അയാൾക്ക് ഒന്നും മനസ്സിലായില്ല.
ലീവ് കഴിഞ്ഞു രണ്ട് പേരും ജോലിയിൽ കയറി. രണ്ടു പേരുടെയും ഓഫീസുകൾ അടുത്തടുത്തു തന്നെയാണ്. അയാൾക്ക് ഒരു ബൈക്കാണുള്ളത്. അവൾക്കു അച്ഛൻ കൊടുത്ത പുതിയ കാർ ഉണ്ട്. ആദ്യത്തെ കുറച്ച് ദിവസം ബൈക്കിൽ പോയി. പിന്നെ നടുവേദന ആകുന്നുവെന്ന് പറഞ്ഞ് അവൾ സ്വന്തം കാറിൽ ആയി യാത്ര. കാർ ഓടിക്കാനറിയുന്നത് കൊണ്ട് അവൾ സ്വയം ഓടിച്ചു പോയി. താൻ ബൈക്കിൽ തന്നെ യാത്ര തുടർന്നു.
ഒരു ദിവസം ജംഗ്ഷനിൽ വെച്ചു ചെറിയ ഒരു ബൈക്ക് ആക്‌സിഡന്റ് ഉണ്ടായി. ആർക്കും പരിക്കുകളൊന്നും ഇല്ല. പക്ഷെ തന്റെ നടു ഒന്ന് ഉളുക്കി. അതിനെ അവൾ വലുതായി അങ്ങ് ചിത്രീകരിച്ചു. ഇങ്ങിനെ യാത്ര ചെയ്താൽ എങ്ങിനെയാണ്, കൂടുതൽ സമയം യാത്രക്ക് ചിലവഴിക്കണം, ചേട്ടന് സുഖമില്ലാതാകുന്നു, എപ്പോഴും തുമ്മലും മറ്റും ആണ് എന്ന് പറഞ്ഞ് അവൾ ഒരു കരച്ചിലും പിഴിച്ചിലും. അത് കണ്ടതോടെ അച്ഛനും അമ്മയ്ക്കും ആകെ വിഷമമായി.
കുറച്ച് ദിവസം കഴിഞ്ഞു അച്ഛൻ അയാളോട് ഓഫീസിനടുത്ത് ഒരു വീട് നോക്കാൻ പറഞ്ഞു. പെട്ടെന്നു ഒരു വീട് മാറ്റം പറ്റില്ല അച്ഛാ എന്ന് പറഞ്ഞപ്പോൾ, മോനേ നീ അവളുടെ സൗകര്യം കൂടി നോക്കണ്ടേ എന്ന് പറഞ്ഞ് അച്ഛൻ വീട് മാറാൻ പ്രേരിപ്പിച്ചു. മനസ്സാകെ കലങ്ങിയാണ് വീട് മാറിയത്. അവളുടെ ഉത്സാഹം ഒന്ന് കാണേണ്ടതായിരുന്നു. എല്ലാത്തിനും അവൾ തന്നെ മുൻകൈയെടുത്തു. അമ്മക്ക് വിഷമം ഉണ്ടെങ്കിലും മക്കൾക്ക് സ്വന്തമായ ഒരു വീട് വേണം എന്നുള്ള അഭിപ്രായക്കാരിയായിരുന്നു അമ്മയും, പക്ഷെ ഒരിക്കലും വലിയ ഒരു അകൽച്ചയിലേക്കാണ് ആ പോക്കെന്നു അമ്മക്കു മനസ്സിലായില്ല..
ആദ്യമൊക്കെ എല്ലാ ആഴ്ചയും വീട്ടിലേക്കു പോകാൻ അവൾ തന്നെയാണ് ഉത്സാഹം കാട്ടിയിരുന്നത്. അച്ഛനോടും അമ്മയോടും കാണിക്കുന്ന സ്നേഹം കാണുമ്പോൾ താൻ തന്നെ അതിശയിച്ചു പോകും. പക്ഷെ അതൊക്കെ അവരുടെ കണ്ണിൽ പൊടിയിടാനുള്ള ഒരടവ് മാത്രം ആയിരുന്നു. അയാൾക്ക് വീടുമായുള്ള ബന്ധം അവൾ പതുക്കെ അടർത്തിയെടുത്തു. അമ്മയ്ക്കും അച്ഛനും അയാൾക്കും ഇടയിൽ ഒരു വിടവ് അവൾ പതുക്കെ സൃഷ്ടിച്ചെടുത്തു. അയാൾക്ക് ഒന്നും പ്രതികരിക്കാൻ പറ്റാത്ത അവസ്ഥ. സകലതിനും കുറ്റം മാത്രം. അയാൾ വീട്ടുകാര്യങ്ങളിൽ ശ്രദ്ധിക്കുന്നില്ല, വീട് മോടി പിടിപ്പിക്കാൻ നോക്കുന്നില്ല. എല്ലാത്തിനും ഒരു തണുപ്പൻ മട്ടാണത്രേ തനിക്കു. എന്തെങ്കിലും താൻ തിരിച്ചു പറഞ്ഞാൽ പിന്നെ ഹിസ്റ്റിരിക് ആകും അവൾ.
തന്റെ അനിയത്തിയുടെ കല്യാണസമയത്തു ആണ് അവളുടെ ശരിയായ സ്വഭാവം പുറത്ത് വന്നത്. ജയ മോൾക്ക് കല്യാണം വന്നത് മുതൽ എല്ലാ കാര്യങ്ങളും താൻ തന്നെയാണ് ചെയ്തത്. അതൊന്നും ഇഷ്ടപെട്ടിട്ടില്ല. വൈകിട്ട് വന്നാൽ അതിന്റെ പേരിൽ വഴക്കാണ്. പക്ഷെ തറവാട്ടിൽ എത്തിയാൽ നേരെ തിരിച്ചാണ്, അവളുടെ സാരിക്കാര്യം, ബ്യൂട്ടീഷ്യനെ ബുക്ക് ചെയ്യൽ, എല്ലാകാര്യങ്ങളും അങ്ങ് ഏറ്റെടുക്കും. ആർക്കും അവളെ മനസ്സിലായില്ല. എല്ലാവർക്കും അവളെ കുറിച്ചു പറയാൻ നല്ലത് മാത്രം. ജയക്കു അവളുടെ പത്തു പവന്റെ കാശു മാല കൊടുത്തപ്പോൾ ഞെട്ടിയത് താനാണ്. സ്വന്തം ശമ്പളത്തിൽ നിന്ന് ഒരു നൂറു രൂപ പോലും ചിലവാക്കാത്ത അവളാണ് പത്തു പവൻ നാത്തൂന് കൊടുത്തത്. അമ്മയ്ക്കും അച്ഛനും നല്ല സന്തോഷമായി. പക്ഷെ മോനെ നിന്റെ കയ്യിൽ ഇത്രക്ക് പൈസ എവിടെ നിന്നാണ് എന്തിനാ ഈ മാല കൊടുത്തത് എന്ന് അച്ഛൻ ചോദിച്ചപ്പോൾ. അയാൾ വെറുതെ ചിരിച്ചു.
കല്യാണം എല്ലാം കഴിഞ്ഞു തിരിച്ചു വന്നപ്പോൾ ആണ് അവളുടെ മനസ്സിലിരിപ്പ് മനസ്സിലായത്. അവളുടെ മാലക്ക് പകരം ഒരു മാല താൻ വാങ്ങിച്ചു കൊടുക്കണം. കിട്ടുന്ന ശമ്പളം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്ന തനിക്കതു പെട്ടെന്നു വാങ്ങാൻ കഴിയില്ല എന്ന് അവൾക്കറിയാം. അവൾക്കു സ്വർണം വാങ്ങിച്ചു കൊടുക്കാൻ പറ്റിയിട്ടില്ല. അവൾക്കു ഇഷ്ടമില്ലാത്ത കാശു മാല അവൾ ഒഴിവാക്കി, പുതിയത് വാങ്ങിക്കാനുള്ള തന്ത്രം ആയിരുന്നു. മുമ്പ് പല പ്രാവശ്യം ഇത് പറഞ്ഞ് വഴക്ക് കൂടിയിട്ടുണ്ട്. അപ്പോഴേക്ക് പിന്നെ വാങ്ങിച്ചു തരാം എന്ന് പറഞ്ഞ് ഒഴിവാക്കിയതിനു തന്ന പണിയാണ് ഇത്. നാത്തൂന്റെ മുമ്പിൽ ആളുമായി, തനിക്കിട്ട് ഒരു താങ്ങുമായി. ആ കടം വീട്ടുന്ന വരെ എന്നും വഴക്കായിരുന്നു വീട്ടിൽ. ലോൺ എടുത്ത് മാല വാങ്ങി കൊടുക്കേണ്ടി വന്നു. അവളുടെ സ്ഥിരം പല്ലവിയാണ്, എന്റെ സ്വർണവും ശമ്പളവും ഒന്നും ഞാൻ ചിലവാക്കില്ല, നാളെ നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് ഞാനെ ഉണ്ടാവുകയുള്ളൂ എന്ന സ്ഥിരം പല്ലവി കേട്ടു മടുത്തു.
വൈകിട്ട് കൂട്ടുകാരുമായി കുറച്ച് നേരം സംസാരിച്ചു വരാൻ വൈകിയാൽ പിന്നെ പറയണ്ട. ചറ പറ പരാതി പറഞ്ഞു കൊണ്ടിരിക്കും. മനസ്സമാധാനം എന്നൊരു സാധനം നഷ്ടപ്പെട്ടിട്ടു കാലങ്ങളായി. തന്റെ പ്രസരിപ്പില്ലാത്ത മുഖഭാവം കണ്ടിട്ടാകും അമ്മക്ക് മാത്രം എന്തോ മനസ്സിലായിട്ടുണ്ട്. അമ്മ എന്താ മോനെ, നിന്റെ മുഖം എപ്പോഴും ഒരു വിഷമം പിടിച്ച മട്ടാണല്ലോ, എന്റെ മോന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന് ഒന്ന് രണ്ട് തവണ ചോദിച്ചു. ഒരിക്കൽ അമ്മ ചോദിക്കുന്നത് കേട്ടു കൊണ്ടാണ് അവൾ മുറിയിലേക്ക് വന്നത്. എന്താ അമ്മേ കുടുംബകലഹം ഉണ്ടാക്കാനുള്ള പുറപ്പാടാണോ എന്ന് ചോദിച്ചപ്പോൾ അമ്മയുടെ മുഖം ഒന്ന് കാണണമായിരുന്നു. കരഞ്ഞില്ല എന്നുള്ളു, അയ്യോ എന്റെ മോളെ അമ്മ അത് ചെയ്യുമോ എന്ന് പറഞ്ഞു മുറിയിൽ നിന്നിറങ്ങി. അന്ന് അത് പറഞ്ഞു വീട്ടിൽ ബഹളമുണ്ടാക്കി അവൾ. അപ്പോൾ തന്നെ വീട്ടിൽ നിന്നിറങ്ങേണ്ടി വന്നു.
ആരോടും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ. സ്വന്തം വീട്ടിലെ കാര്യങ്ങൾ പറഞ്ഞു വഷളാക്കേണ്ട എന്ന് കരുതി ആവോളം ക്ഷമിച്ചു. പലപ്പോഴും നിയന്ത്രണം വിട്ടിട്ടുണ്ട്. അപ്പോഴേക്കും അവൾ അലമുറയിടും അയ്യോ എന്നെ തല്ലാൻ വരുന്നേ, കൊല്ലാൻ വരുന്നേ എന്ന് പറഞ്ഞു. പോലീസ് സ്റ്റേഷനിൽ കയറി തനിക്കെതിരെ പരാതി കൊടുക്കും എന്ന് വരെ ഭീക്ഷണി മുഴക്കി അവൾ. എന്നോടാധികം കളിക്കേണ്ട എന്നൊരു താക്കിതും. അനിയന്റെ കല്യാണവും കഴിഞ്ഞു. അനിയത്തിക്കും ജോലിയുണ്ട്. അവരും വേറെ താമസിച്ചു.
ഇതിനിടയിൽ അവൾ ഗർഭിണിയായി. എന്റെ കരിയറിനെ ബാധിക്കും എന്ന് പറഞ്ഞു അവൾ തന്നോട് ചോദിക്കുക പോലും ചെയ്യാതെ കുഞ്ഞിനെ അബോർഷൻ ചെയ്യാൻ തീരുമാനിച്ചു. അവളുടെ കൂട്ടുകാരിയായ ഗൈനക്കോളജിസ്റ്റ് അത് ചെയ്തും കൊടുത്തു. അന്ന് മനസ്സ് വല്ലാതെ നൊന്തു. ഇനി മുന്നോട്ട് പോകൽ ശരിയാവില്ല എന്ന് തോന്നി. അവളോടു അത് തുറന്ന് പറഞ്ഞു.
അതോടെ ജീവിതത്തിൽ ഒരു ഒരകൽച്ച വന്നു. മനസ്സിലെപ്പോഴും ഇവൾ നന്നാകും എന്നൊരു ചിന്തയുണ്ടായിരുന്നു. അത് ഇതോടെ അസ്തമിച്ചു.അവൾക്കു തന്നോടുള്ള പക കൂടി കൂടി വന്നു. തനിക്കില്ലാത്ത കുറ്റങ്ങൾ ഇല്ല. പിശുക്കൻ, വാശിക്കാരൻ, വഴക്കാളി, അവസാനം കൂടെ ജോലി ചെയ്യന്ന സ്ത്രീകളുമായി ബന്ധം ഉണ്ടെന്ന് വരെ പറഞ്ഞു. ഈശ്വരൻ കൂട്ടി ചേർത്തത് പൊട്ടിക്കാതെ നോക്കണം മോനെ എന്നാണ് തന്റെ മാതാപിതാക്കളുടെ ഉപദേശം. അവളുടെ അച്ഛനും അമ്മയ്ക്കും അവളുടെ സ്വഭാവം നന്നായി അറിയാം. അത് കൊണ്ട് അവര് കുറ്റപ്പെടുത്താൻ അധികം വരാറില്ല. പക്ഷെ അവസാനം വിവാഹ മോചനം ചോദിക്കുകയാണെങ്കിൽ അവർ മകളുടെ ഭാഗത്തല്ലേ നിൽക്കുകയുള്ളൂ .
അങ്ങിനെ ദിവസങ്ങളും മാസങ്ങളും ഇഴഞ്ഞിഴഞ്ഞു പോയി. അച്ഛന്റെ മരണശേഷം ആണ് കാര്യങ്ങൾ കൂടുതൽ വഷളായത്. അമ്മക്ക് അച്ഛൻ പോയത് വല്ലാത്ത ഷോക്കായിരുന്നു. ജയകുട്ടി കുറച്ച് ദിവസം വന്നു വീട്ടിൽ നിന്നു. പിന്നെ അവൾ തിരിച്ചു പോയി. അനിയനും ഭാര്യയും തറവാട്ടിൽ തന്നെയുണ്ടായിരുന്നു. അയാളും ഭാര്യയും വീട്ടിൽ എന്നും ചെല്ലും, രാത്രിയിൽ തിരിച്ചു പോകും. അമ്മക്ക് എല്ലാവരും ഉള്ളത് കൊണ്ട് ഒരു സമാധാനമായിരുന്നു. പതുക്കെ പതുക്കെ അവൾ അനിയത്തിയുമായി ചങ്ങാത്തത്തിലായി. അനിയത്തിയെ സ്വത്തു ഭാഗം വെച്ചു സ്വന്തം ഒരു വീട് വെപ്പിക്കാൻ പ്രേരിപ്പിക്കാൻ തുടങ്ങി. അനിയത്തി ഉടനടി തലയണമന്ത്രം ഓതാൻ തുടങ്ങി. അനിയന് പെട്ടന്ന് സ്വന്തം ഭാര്യയുടെ മനമാറ്റം കണ്ടപ്പോൾ ആശ്ചര്യം ആയി. അത് വരെ അമ്മയെ പൊന്നു പോലെ നോക്കണം, വേണമെങ്കിൽ തറവാട്ടിൽ വന്ന് നിൽക്കാം എന്ന് പറഞ്ഞവൾ നേരെ തല തിരിഞ്ഞു.
വീട്ടിൽ മനസ്സമാധാനം നഷ്ടപ്പെട്ടു. ചേച്ചിയുടെ കുതന്ത്രം ആണെന്ന് അനിയത്തി തന്നെ അവസാനം പറഞ്ഞു.
അമ്മക്ക് ആകെ സങ്കടമായി. സ്വത്ത് എന്തായാലും ഭാഗം വെക്കണം, അത് ഇത്ര നേരത്തേ ഈ രീതിയിൽ ആയല്ലോ എന്ന് പറഞ്ഞായിരുന്നു അമ്മക്ക് സങ്കടം. എന്തായാലും നല്ല രീതിയിൽ തന്നെ ഭാഗം വെപ്പ് കഴിഞ്ഞു. പക്ഷെ തറവാട് വിറ്റു അതിന്റെ ഷെയർ കൂടി കിട്ടണം എന്ന് പറഞ്ഞപ്പോൾ അയാൾ എതിർത്തു. എന്ത് തന്നെയായാലും തറവാട് അമ്മയുള്ളോടത്തോളം കാലം വിൽക്കാൻ പറ്റില്ല എന്ന് അയാളും അനിയനും തീർത്തു പറഞ്ഞു. അതോടെ അവൾക്കു ശത്രുത ഏറെയായി. എന്നും വഴക്കും വക്കാണവും ആണ്. അവളുടെ ഇഷ്ടത്തിന് വീട് വെക്കാൻ അയാളുടെ കയ്യിൽ പണമില്ല. അതാണ് പ്രധാന കാര്യം.
ചില ദിവസങ്ങളിൽ അയാൾ അമ്മയെ കാണാൻ വീട്ടിൽ പോകും. തറവാട്ടിൽ എത്തുമ്പോൾ എന്തോ ഒരു മനസമാധാനമാണ്. അയാളുടെ സങ്കടങ്ങൾ അമ്മ മനസ്സിലാക്കുന്നുണ്ട്. എന്നാലും അമ്മ അയാളെ പറഞ്ഞു സമാധാനിപ്പിക്കാൻ നോക്കും. ഒറ്റ മകളായി വളർന്നതിന്റെ പക്വത കുറവായിരിക്കും, അവൾ നന്നാകും മോനെ, ജീവിതമല്ലേ, ജീവിതത്തിൽ ചില വിട്ടു വീഴ്ചകൾ ചെയ്യേണ്ടി വരില്ലേ എന്നെല്ലാം പറഞ്ഞു അമ്മ സമാധാനിപ്പിക്കാൻ നോക്കും. ജീവിതത്തിൽ ചിലയിടങ്ങളിൽ ഭാര്യയായിരിക്കും വിട്ടുവീഴ്ചകൾ ചെയ്യുക, ചിലപ്പോൾ ഭർത്താവും.. ഈ വിട്ടു വീഴ്ച മനോഭാവമാണ് പലരെയും ജീവിതത്തിൽ മുന്നോട്ട് നയിക്കുന്നത്. ചിലപ്പോൾ അത് നല്ലതിനായിരിക്കും, ചിലപ്പോൾ അത് രണ്ട് പേരുടെയും ജീവിതം താറു മാറാക്കുന്നതായിരിക്കും.
തന്റെ വിവാഹ ജീവിതം എത്ര കാലം ഇങ്ങിനെ മുന്നോട്ട് പോകും എന്നയാൾക്കറിയില്ല. ഒരൊഴുക്കിൽ അതങ്ങിനെ മുന്നോട്ട് പോകുന്നു. പൊന്നും പണവും സുഖസൗകര്യങ്ങളെക്കാളും ഒരു കുടുംബത്തിന് വേണ്ടത് സ്നേഹവും പരസ്പര ബഹുമാനവും പരസ്പര ധാരണയും വിട്ടുവീഴ്ച മനോഭാവവുമുള്ള രണ്ട് വ്യക്തികളെയാണ്.. ഇതൊന്നും ഇല്ലെങ്കിൽ കേൾക്കാൻ ഇമ്പമുള്ള നല്ല ഒരു കുടുബമുണ്ടാകില്ല.

