“നമുക്കിനി കുറച്ച് ഉറങ്ങിയാലോ, ഗബ്രിയേലെ. “
“പെരേര ഉറങ്ങി കൊള്ളൂ. ഞാൻ കാവലിരിക്കാം. എനിക്ക് പേടിയുണ്ട്. അവരുടെ ദേഹത്ത് ഒരു തുള്ളി മണ്ണ് പോലും വീഴരുത്. “
പെരേര കൂർക്കം വലിച്ച് ഉറങ്ങുന്നതും നോക്കി ഗബ്രിയേലിരുന്നു. അവൻ്റെ നോട്ടം ചൂരൽമലയിലേക്കായിരുന്നു. പെരേരയെ ഉണർത്താതെ അവൻ മാമായിയുടെ മുറിയിലേയ്ക്ക് നടന്നു. അവരുടെ കട്ടിലിന് അടിയിൽ സൂക്ഷിച്ചു വച്ചിരുന്ന പഴയ പെട്ടിയെടുത്തു. തുറക്കാൻ തുടങ്ങിയതും പിറകിൽ ഒരു ഒച്ച കേട്ടു.
“വേണ്ട ഗബ്രിയേൽ. “
ഗബ്രിയേൽ തിരിഞ്ഞു നോക്കി.
“അതിലൊന്നും തൊടരുത്. അവരുടെ എല്ലാ വസ്തുക്കളും അവരുടെ നിയന്ത്രണത്തിലാണ്. അതിൽ നമ്മൾ തൊട്ടാൽ… നമ്മളും അവരുടെ നിയന്ത്രണത്തിലാകും. “
“അതെങ്ങനെ. “
“ഇപ്പോഴത്തെ പിള്ളേരുടെ ഇൻ്റർനെറ്റ് ലോകത്തേത് പോലെ. ഇൻ്റർനെറ്റിൽ അവർക്ക് കയറണമെങ്കിൽ കയ്യിൽ അതിനുള്ള ഡിവൈസ് വേണം. ആ ഡിവൈസ് അഞ്ജാതനായ ഒരാൾക്ക് വേണമെങ്കിൽ, ദൂരെയിരുന്ന് നിയന്ത്രിക്കാൻ കഴിയും. എന്താ അതിന് പറയുന്നത്, ഹാക്കിംഗ് എന്നോ മറ്റോ അല്ലേ. “
“എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. “
“ഇൻ്റർനെറ്റ് ഉപയോഗത്തിനാവശ്യമായ അദൃശ്യ തരംഗങ്ങളായ വൈ-ഫൈയിൽ നമ്മൾ വിശ്വസിക്കുന്നില്ലേ, എന്നിട്ടും ഊർജ്ജം, ഫ്രീക്വൻസി, വൈബ്രേഷൻ എന്നീ കാര്യങ്ങൾ നമുക്ക് അസംബന്ധങ്ങളാണ്. വൈ-ഫൈ ഉപയോഗിച്ച് ഒരു ഉപകരണം മറ്റൊരു ഉപകരണത്തെ നിയന്ത്രിക്കുന്ന പോലെ, എനർജി ഉപയോഗിച്ച് അതേ ഫ്രീക്വൻസി ഉള്ള ഒരാളുടെ മനസ്സിനെ നിയന്ത്രിക്കാൻ കഴിയും. നിൻ്റെ മാമായി, അതിൽ മിടുക്കിയാണ്. പാവം എൻ്റെ കണാരനെ അവൾ ചെയ്ത പോലെ, അവൻ്റെ മനസ്സിൽ അവളോട് പ്രണയം ഉണ്ടായിരുന്നു. അത് കൊണ്ട് അവൻ്റെ മനസ്സിനെ ഫ്രാൻസിസ്കയ്ക്ക് എളുപ്പത്തിൽ ട്യൂൺ ചെയ്യാൻ കഴിഞ്ഞു. “
“എന്ന് വച്ചാൽ… “
“ഞാൻ നേരത്തെ പറഞ്ഞില്ലേ, ഫ്രാൻസിസ്കയുടെ രൂപത്തെക്കുറിച്ച്. അവളെ ജോലിക്കാർ പോലും രഹസ്യമായി കളിയാക്കിയിരുന്നു. തടിച്ച ശരീരത്തിലെ തേമ്പിയ കാലുകൾ, ചുവന്ന് തുടുത്ത കവിളുകൾ, കൊഴുപ്പ് തൂങ്ങി കിടക്കുന്ന ഇരട്ട താടി. ഇതെല്ലാം അവളിൽ അപകർഷതാബോധം ഉണ്ടാക്കി എന്നത് സത്യമാണ്. സമപ്രായക്കാരിയായ മാഗിയാകട്ടെ ഇരുനിറമാണെങ്കിലും സുന്ദരിയായിരുന്നു. അവളുടെ ശരീര വടിവുകൾ, നീണ്ട കൈയിലൊതുങ്ങാത്ത മുടിക്കെട്ട്. എല്ലാവരും രഹസ്യമായി അവളെ നോക്കി നിന്നിരുന്നു. ഫ്രാൻസിസ്കയുടെ മൂത്ത ചേട്ടൻ ഡെന്നിസ് സദാസമയവും അവളുടെ പിറകിലായിരുന്നു. മാഗിക്ക് എപ്പോഴും സംരക്ഷണം നൽകിയത് ഞാനും കണാരനുമായിരുന്നു. “
പെരേര കുറച്ച് വെള്ളം കുടിച്ചു.
“മാഗിയുടെ അമ്മ പൊന്നമ്മയ്ക്ക് നല്ല കൈപുണ്യമായിരുന്നു. ജോലി കഴിഞ്ഞ് ഞാനും കണാരനോടൊപ്പം മാഗിയുടെ കുടിലിൽ പോകുമായിരുന്നു, അവിടുന്ന് ഭക്ഷണം കഴിക്കും. എനിക്ക് മാഗിയെ ഒരു നോക്ക് കാണാനുള്ള ഒരു സാഹചര്യവും ഞാൻ പാഴാക്കിയില്ല. “
“പെരേരയുടെ ഇഷ്ടം മാഗിക്ക് അറിയാമായിരുന്നോ. “
“ആദ്യമൊന്നും അവൾ ആ ഇഷ്ടം അറിഞ്ഞില്ല, അവൾക്ക് എന്നോട് ആരാധനയായിരുന്നു. ഞാൻ അവളെ അവഗണിച്ച് നടന്നു. എന്നെ അതിശയിപ്പിച്ചത് കണാരന് ഫ്രാൻസിസ്കയോട് തോന്നിയ അനുകമ്പയാണ്. പിന്നീട് അതൊരു ഇഷ്ടമായി വളർന്നു. “
“മാമായിക്ക് തിരിച്ച് അപ്പനോട് ഇഷ്ടമുണ്ടായിരുന്നോ. “
“ഉണ്ടെന്നാണ് ഞാൻ കരുതിയത്. പക്ഷേ അതൊരു അഭിനയമായിരുന്നു. കല്യാണപ്രായമായ പോർട്ടുഗീസ് പയ്യൻമാരൊക്കെ ഫ്രാൻസിസ്കയെ ഉപേക്ഷിച്ചതാണ്. അവസാനം ഇമാനുവൽ സായിപ്പ് അവൾക്കായി ഒരാളെ കണ്ട് പിടിച്ചു. ഗോവക്കാരൻ റൊമാനിയോ, കപ്പലിലായിരുന്നു അയാൾക്ക് ജോലി. ഒരപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ടു. ആ വിവാഹത്തിൽ നിന്നും രക്ഷപ്പെടാൻ ഫ്രാൻസിസ്ക കണ്ട് പിടിച്ച ഉപായമാണ് കണാരൻ, അവൾക്ക് ഈ നാട് വിട്ട് ഗോവയിൽ പോകാൻ വയ്യ. അവൾ കണാരനോട് ഇഷ്ടം അഭിനയിച്ചു, അവൾക്ക് ഒരു കളിപ്പാവ ആയിരുന്നു ആവശ്യം. “
“അങ്ങനെ വിവാഹം നടന്നു അല്ലേ. “
“ഞാൻ പറഞ്ഞില്ലേ, ഫ്രാൻസിസ്ക അവളുടെ ആൻ്റിയിൽ നിന്നും പഠിച്ച ചില വിദ്യകൾ. ഫ്രാൻസിസ്ക കണാരനെ സ്നേഹിക്കുന്നതായി അഭിനയിച്ചു. കണാരൻ സൃഷ്ടിച്ച പൂന്തോട്ടത്തിലെ ചെടികളുടെ വളർച്ച പോലെ അവർ പ്രണയിച്ചു. പൂന്തോട്ടത്തിൽ അവർ സംഗമിച്ചു. അങ്ങനെ ഫ്രാൻസിസ്ക ഗർഭിണിയായി. ഒടുവിൽ സായിപ്പ് അവരെ ഒന്നിപ്പിച്ചു. അതിനായി ഈ മലയിൽ തടി കൊണ്ട് വളരെ മനോഹരമായ ഒരു വീട് നിർമ്മിച്ച് നൽകി. അതാണ് ഈ വീട്. “
“അപ്പോൾ അച്ഛൻ്റെ വീട്. “
“കണാരൻ്റെ അച്ഛൻ്റെ മരണശേഷം തെയ്യം കെട്ടാൻ ആരുമില്ലാതായി. തെയ്യം കെട്ടാൻ ഫ്രാൻസിസ്ക കണാരനെ സമ്മതിച്ചില്ല. വീട്ടുകാർ കേണപേക്ഷിച്ചപ്പോൾ, അവൻ അവളെ എതിർത്ത് ഒടുവിൽ അവൻ തറവാട്ടിലേക്ക് മടങ്ങി പോയി. “
“എന്നിട്ട്. “
“ഫ്രാൻസിസ്ക ആരാ മോള്, തെയ്യത്തിൻ്റെ വ്രതം കഴിഞ്ഞ ഉടനെ പിണക്കമൊക്കെ മറന്ന് അവൻ തിരിച്ചെത്തി. അതാണ് അവളുടെ മനസ്സിൻ്റെ ശക്തി. മറ്റുള്ളവരെ അവളുടെ അടിമയാക്കും. “
“എങ്ങനെ. “
“അവളുടെ ചിന്തകൾ മറ്റുള്ളവരുടെ മനസ്സിൽ കടത്തി കൊണ്ട് പ്രവർത്തിപ്പിക്കും. ഞാനും മാഗിയും തമ്മിലുള്ള ബന്ധം അവൾ നശിപ്പിച്ച പോലെ. “
“മനസ്സിലായില്ല. “
“ഡെന്നിസ്, അവളുടെ ചേട്ടൻ, അവനാണ് മാഗിയെ നശിപ്പിച്ചത്. വെറും തോട്ടം തൊഴിലാളിയായ സെബാസ്റ്റ്യൻ എന്ത് ചെയ്യാനാണ്. ഡെന്നിസ് കുറ്റമേറ്റു പറഞ്ഞു. പക്ഷേ സായ്പ്പ് കുറച്ച് പണം നൽകി ആ കുടുംബത്തെ താഴ്വാരത്തേക്ക് പറഞ്ഞയച്ചു. മകളുടെ കാര്യം അറിഞ്ഞ് സെബാസ്റ്റ്യൻ ഹൃദയം തകർന്നാണ് മരിച്ചത്. മാഗി പ്രസവിച്ച പെൺകുഞ്ഞാണ് റീത്ത. നിൻ്റെ അമ്മാവൻ്റെ മകളാണ് റീത്ത. മാഗിയ്ക്ക് അതാണ് നിന്നോടിത്ര വാൽസല്യം. “
“പെരേരയ്ക്ക് മാഗിയെ കൂടെ പാർപ്പിച്ചു കൂടായിരുന്നോ. “
“അവൾ സമ്മതിച്ചില്ല. ഞാൻ പിന്നെ ബോംബെയ്ക്ക് വണ്ടി കയറി, നാടുമായുള്ള ബന്ധമെല്ലാം ഉപേക്ഷിച്ചു. പക്ഷേ ഞാനെന്നും മനസ്സ് കൊണ്ട് മാഗിക്ക് ഒപ്പം ഉണ്ടായിരുന്നു, അവളെ മറക്കാൻ എനിക്കാവില്ലായിരുന്നു. പൊന്നമ്മയുടെ ചികിത്സയ്ക്കും റീത്തയെ വളർത്താനും വേണ്ടി അവൾക്ക് ശരീരം വിൽക്കേണ്ടി വന്നു. ഞാൻ തിരികെ വന്നപ്പോഴേക്കും നീ ഈ വീട്ടിൽ ജനിച്ചിരുന്നു. ഒരു മദ്യസൽക്കാരത്തിനിടയിൽ, എൻ്റെ പുലമ്പലുകൾ കേട്ട് മാഗിയ്ക്ക് യഥാർത്ഥത്തിൽ സംഭവിച്ചത് അറിഞ്ഞ കണാരൻ വീണ്ടും ഫ്രാൻസിസ്കയുമായി വഴക്കുണ്ടാക്കി. അന്ന് ഫ്രാൻസിസ്ക രണ്ടാമത് ഗർഭിണി ആയിരുന്നു. വഴക്കുണ്ടാക്കിയ കണാരൻ നിന്നേയും എടുത്ത് തറവാട്ടിൽ പോയി. ഒടുവിൽ നിൻ്റെ മാമായി കാരണം എൻ്റെ കണാരൻ രക്തം തുപ്പി മരിച്ചു. “
“മാമായിയുടെ കുടുംബം “
“ഫ്രാൻസിസ്ക അവളുടെ ആൻ്റിയുടെ ഉപദേശ പ്രകാരം നടത്തിയ പൂജകൾ കുടുംബത്തിൽ ചില ദോഷങ്ങൾ ഉണ്ടാക്കി. ഡെന്നിസിൻ്റെ ആദ്യ ഭാര്യയെ പുലി പിടിച്ചു കൊണ്ട് പോയി. ഇതൊക്കെ സായിപ്പിനെ അതൃപ്തനാക്കി. ആ കുടുംബം ഫ്രാൻസിസ്കയേയും കുട്ടികളേയും ഉപേക്ഷിച്ച് ഗോവയിലേക്ക് മടങ്ങി. നിങ്ങൾ മൂന്ന് പേരും ഈ മലയിൽ തനിച്ചായി. പോയവരെക്കുറിച്ച് എനിക്ക് ഒരു വിവരവുമില്ല. “
“മാമായിയുടെ ആൻ്റി വർഷത്തിലൊരിക്കൽ ഇവിടെ എത്തുമല്ലോ. “
“പതിനഞ്ചാം നൂറ്റാണ്ടിൽ ഇവിടെ വന്ന ഒരു പോർട്ടുഗീസ് രാജകുമാരനായിരുന്നു എഡ്വേർഡ്. ഈ മലകളെല്ലാം അയാളുടെ കുടുംബക്കാർ പിടിച്ചടക്കി. എഡ്വേർഡ് രാജകുമാരന് കന്യകമാരിൽ വല്യ താൽപ്പര്യമായിരുന്നു. എഡ്വേർഡിന് ബോധിച്ചാൽ അയാളവർക്ക് എന്തും ദാനം ചെയ്യും. എഡ്വേർഡ് മരിച്ചപ്പോൾ ആചാരപ്രകാരം ചൂരൽമല പള്ളിയിൽ അടക്കം ചെയ്തു. അന്നവിടുത്തെ കത്തനാർ കുടുംബത്തിൻ്റെ അപേക്ഷ പ്രകാരം, എഡ്വേർഡിന് ചില പൂജകൾ നടത്തി. അയാളുടെ ശവകുടീരത്തിന് ചുറ്റും പല വർണ്ണങ്ങളിലുള്ള ഡാലിയ നട്ട് വളർത്തി. ഏത് നിറമുള്ള ചെടി നട്ടാലും വിടരുന്ന പൂക്കൾക്ക് കറുത്ത നിറമായിരുന്നു. “
തണുത്ത കാറ്റ് അവരുടെ ചുറ്റും വീശി. തണുപ്പേറ്റ് ഗബ്രിയേലിൻ്റെ രോമങ്ങൾ സൂചിമുന പോലെ ദൃഢമായി എഴുന്നേറ്റു നിന്നു.
“കത്തനാർ ഒരു സ്വപ്നം പതിവായി കാണാൻ തുടങ്ങി. എഡ്വേർഡ് രാജകുമാരൻ സ്വപ്നത്തിൽ വന്ന് ഒരാവശ്യം അറിയിക്കുകയാണ്. തനിക്കൊരു കന്യകയെ അടിമയായി വയ്ക്കണമെന്ന്. കർത്താവിൽ മാത്രം വിശ്വസിച്ചിരുന്ന കത്തനാർ അത് വിസമ്മതിച്ചു. പിറ്റേ ദിവസം തൊട്ട് പള്ളിയിൽ മൃഗങ്ങളുടെ അവശിഷ്ടങ്ങൾ കണ്ട് തുടങ്ങി. അൾത്താരയിൽ രക്ത നിറത്തിലുള്ള കാൽപ്പാടുകൾ കണ്ടു. “
“എന്നിട്ട്. “
“കത്തനാർ പറഞ്ഞ കഥ കേട്ട് കപ്യാര് ഒരു ആദിവാസി പെൺകുട്ടിയെ രാത്രിയിൽ തട്ടി കൊണ്ട് വന്നു. അന്നൊരു പൗർണ്ണമി രാത്രി ആയിരുന്നു. കല്ലറയിൽ അവളെ വിവസ്ത്രയാക്കി കിടത്തി ബന്ധിച്ചു. പിറ്റേന്ന് രാവിലെ അവളെ അവിടെയൊന്നും കണ്ടില്ല. പത്തൊമ്പത് ദിവസങ്ങൾ അവളെ ആരും കണ്ടിട്ടേയില്ല. അവൾ മടങ്ങി വന്നത് ചില ശക്തി നേടിയിട്ടാണ്. അവളുടെ കയ്യിൽ കറുത്ത നിറത്തിലുള്ള ഡാലിയ പൂക്കൾ ഉണ്ടായിരുന്നു. അവൾ ആളുകളുടെ മുഖത്ത് നോക്കി ഭാവി പ്രവചിക്കാൻ തുടങ്ങി. അവളാരെയും സുഖിപ്പിക്കാതെ സത്യം മാത്രം വിളിച്ചു പറഞ്ഞു. അവളുടെ ചുറ്റും ഭക്ത ജനങ്ങൾ കൂടിയപ്പോൾ കപ്യാര് തന്നെ അവളെ ശ്വാസം മുട്ടിച്ചു കൊന്നു. പിറ്റേ ദിവസം പള്ളി മുറ്റത്ത് കപ്യാരുടെ മൃതദേഹം കണ്ടു. “
“പിന്നെന്ത് സംഭവിച്ചു. “
“കത്തനാരുടെ സ്വപ്നം ആവർത്തിച്ചു. കത്തനാർ പോർട്ടുഗീസ് കമ്മ്യൂണിറ്റിയിലെ പ്രബല കുടുംബങ്ങളെ കാര്യം അറിയിച്ചു. ഒടുവിൽ ഫ്രാൻസിസ്കയുടെ ആൻ്റിയായ തിമോത്തി എഡ്വേർഡിൻ്റെ ബലിയാകാൻ സ്വയം തീരുമാനിച്ചു. ഒരു പൗർണ്ണമി രാത്രിയിൽ കത്തനാരുടെ കാർമ്മികത്വത്തിൽ തിമോത്തിയെ ബലിക്കല്ലിൽ ആചാരപ്രകാരം കിടത്തി. പത്തൊമ്പത് ദിവസങ്ങൾ തിമോത്തി അപ്രത്യക്ഷമായി. അവരും തിരികെ വന്നത് അതീന്ദ്രിയ ശക്തി നേടിയിട്ടാണ്. അവർ ഇവിടത്തെ ഒരു പ്രധാനപ്പെട്ട വിച്ച് ആയി മാറി. കൂടുതൽ പ്രശസ്തിക്ക് വേണ്ടി അവർ ഗോവയിൽ പോയി. വർഷത്തിലൊരിക്കൽ അവർ ചൂരൽ മലയിലേക്ക് മടങ്ങി വരും. ആരുമറിയാതെ അവർ ഒരു പൗർണ്ണമി രാത്രി അവിടെ വന്ന് പോകും. “
“തിമോത്തിയാണോ മാമായിയുടെ വഴികാട്ടി. “
“ശരീരത്തിൻ്റെ വൈരൂപ്യം കാരണവും മുഖസൗന്ദര്യം കുറവായതിൻ്റേയും പേരിൽ കുഞ്ഞുനാളിൽ മനസ്സിലുണ്ടായ അപകർഷതാബോധം ഫ്രാൻസിസ്കയിൽ തീവ്രമായിരുന്നു. അതിനെ മറികടക്കാൻ അതീന്ദ്രിയ ശക്തി കൊണ്ട് കഴിയുമെന്ന് അവർ വിശ്വസിച്ചിരുന്നു. “
“എന്നിട്ട് മാമായി അതിന് ശ്രമിച്ചില്ലേ. “
“തിമോത്തിയുടെ മടങ്ങി വരവിന് ശേഷം, അതേ പാതയിലൂടെ പോകാൻ ഫ്രാൻസിസ്ക ശ്രമിച്ചെങ്കിലും അവളുടെ അപ്പനും സഹോദരൻമാരും അനുവദിച്ചില്ല. അവളെ പോലൊരു ലക്ഷണമില്ലാത്ത പെണ്ണിനെ എഡ്വേർഡ് സ്വീകരിക്കില്ല എന്നെല്ലാവരും കരുതി, മാത്രമല്ല അത് എഡ്വേർഡിൻ്റെ ശാപത്തിന് കാരണമാകും എന്നവർ കരുതി. അതിന് ശേഷമാണ് അവൾ കണാരനെ കല്യാണം കഴിച്ചത്. സ്വയം നേടാൻ കഴിയാത്ത സിദ്ധികൾ സുന്ദരിയായ തൻ്റെ മകൾ വഴി സ്വന്തമാക്കാൻ അവർ ശ്രമിക്കുന്നു. “
കഥകൾ കേട്ട് ഉറക്കം തൂങ്ങിയ ഗബ്രിയേലിന് സ്വന്തം കുടുംബത്തെക്കുറിച്ച് ഓർത്ത് ലജ്ജ തോന്നി. അവൻ മൊബൈൽ എടുത്ത് സമയം നോക്കി, മൂന്ന് മണിയാകാൻ പത്ത് മിനിറ്റ് കൂടി മാത്രം.
“പെരേര നേരം വെളുക്കാറായി. “
കണ്ണപ്പനേയും ഡാനിയേലയേയും ഉണർത്താൻ പോയ ഗബ്രിയേൽ കണ്ട കാഴ്ച, കണ്ണപ്പൻ്റെ കരവലയത്തിൽ സുരക്ഷിതമായി കിടന്നുറങ്ങുന്ന അനിയത്തിയെ ആണ്.
ഇരുട്ടിൽ പെരേരയും കണ്ണപ്പനും ബൈക്കിൽ മടങ്ങുന്നത് അവർ നോക്കി നിന്നു.
“നീ വിഷമിക്കാതെ നിന്നെ അവൻ്റെ കയ്യിൽ സുരക്ഷിതമായി ഏൽപ്പിക്കുന്നത് വരെ എനിക്കൊരു സമാധാനവുമില്ല. നീ സന്തോഷമായി ഉറങ്ങിക്കോ. മാമായി മടങ്ങി വരാൻ സമയമായി, ഇവിടെ നടന്നത് ഒരു വെള്ളമടി പാർട്ടി, അങ്ങനെയേ പറയാവൂ. “
നേരം പുലർന്നപ്പോൾ ഗബ്രിയേൽ പതിവ് പോലെ കടയിൽ പോയി. ശനിയാഴ്ച, പതിവ് പോലെ കടയിൽ നല്ല തിരക്ക്. അതിനാൽ ജാൻസിയെ അടുത്ത് കാണാനോ തലേ ദിവസത്തെ കാര്യങ്ങൾ സംസാരിക്കാനോ ഗബ്രിയേലിന് കഴിഞ്ഞില്ല.
ഉച്ചയ്ക്ക് ഗബ്രിയേൽ മടങ്ങി വന്നപ്പോൾ വീർപ്പിച്ച മുഖവുമായി ഫ്രാൻസിസ്ക വരാന്തയിൽ ഇരിക്കുന്നു. അടുത്ത് തന്നെ കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ഡാനിയേല.
“ഗബ്രിയേലെ ഇവിടെ വാ. “
ഗബ്രിയേൽ കുറ്റവാളിയെ പോലെ ഫ്രാൻസിസ്കയുടെ മുന്നിൽ നിന്നു.
“ഇന്നലെ രാത്രി ഇവിടെ എന്തായിരുന്നു. “
ഫ്രാൻസിസ്കയുടെ തടിച്ച അഞ്ച് വിരലുകൾ അവൻ്റെ കവിളിൽ പതിഞ്ഞു.
“എൻ്റെ രണ്ട് സുഹൃത്തുക്കൾ ഇവിടെ വന്നു. ഞങ്ങൾ ഒന്നിച്ച് മദ്യപിച്ചു. ആദ്യമായിട്ടാണ് ഞാൻ… “
“നീ അന്യരെ ഈ മലയിൽ കയറ്റി. നിന്നെ ഞാൻ ഏൽപ്പിച്ചു പോയ ഡാനിയേലയെ നീ സംരക്ഷിച്ചോ. പിന്നെ ആ പെരേര നമ്മുടെ കുടുംബത്തിൻ്റെ ശത്രുവാണ്. ഇന്നലെ രാത്രിയിൽ ഡാനിയേലയ്ക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ… ഒരു മാസം കഴിഞ്ഞാൽ അവൾ നമ്മളെ സംരക്ഷിച്ചോളും. “
ഭാഗ്യം മാമായി ഇത് വരെ ഒന്നും അറിഞ്ഞിട്ടില്ല.
ഫ്രാൻസിസ്ക എഴുന്നേറ്റു അകത്തേയ്ക്ക് നടക്കുമ്പോൾ ഗബ്രിയേലിനെ ഭീഷണിപ്പെടുത്തി.
“ഗബ്രിയേൽ, ഇത് നിനക്കുള്ള അവസാന മുന്നറിയിപ്പ് ആണ്. “
“മാമായി നിന്നെ തല്ലിയോ ഡാനിയേലാ. “
ഡാനിയേലയുടെ വലത് കവിളിലെ ചുവന്ന പാടുകൾ ഗബ്രിയേലിനെ കരയിച്ചു.
“നീ ഞാൻ പറഞ്ഞത് പോലെയാണോ പറഞ്ഞത്. വേറൊന്നും വിട്ട് പറഞ്ഞില്ലല്ലോ. “
“ഇല്ല, ഞാൻ പറഞ്ഞതൊന്നും മാമായി വിശ്വസിച്ച ലക്ഷണമില്ല. കണ്ണേട്ടനോട് ഉടൻ ഇങ്ങോട്ട് വരണ്ടായെന്ന് പറയണം. എല്ലാം ഒന്ന് തണുക്കട്ടെ. “
ഡാനിയേല പറയുന്നതിൽ കാര്യമുണ്ടെന്ന് ഗബ്രിയേലിനറിയാം. അവൻ മുറ്റത്തൊരു കോണിൽ നിന്ന് ഫോണിൽ ആരോടോ സംസാരിക്കുന്നത് അകത്തെ മുറിയിൽ നിന്ന് ഫ്രാൻസിസ്ക വീക്ഷിച്ചു.
ക്ഷിപ്ര കോപിയും ക്ഷിപ്രപ്രസാദിയുമായ ഫ്രാൻസിസ്കയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഗബ്രിയേലിന് അറിയാമായിരുന്നു. കാട്ടിലെ വൻ മരത്തിൽ നിന്നും പെരേര എടുത്ത് നൽകിയ കാട്ടുതേൻ ഗബ്രിയേൽ വിറക് പുരയിൽ ഒളിപ്പിച്ചു വച്ചിരുന്നു. അത്താഴ സമയത്ത് അവനത് മേശപ്പുറത്ത് വച്ചു. നല്ല ശുദ്ധമായ കാട്ട് തേൻ കണ്ടു ഫ്രാൻസിസ്കയുടെ മുഖം തെളിഞ്ഞു. അത് കണ്ട് ഗബ്രിയേൽ മനസ്സിൽ ചിരിച്ചു. തൽക്കാലം പ്രശ്നം പരിഹരിച്ചു.
(തുടരും…. )
✍️നിഷ പിള്ള


1 Comment
Pingback: ബ്ലാക്ക് ഡാലിയ -16 - By Nisha Pillai - കൂട്ടക്ഷരങ്ങൾ