കുളത്തിന്റെ പടവിലിരുന്നു അയാൾ മഴ നോക്കിയിരുന്നു. തുള്ളികളായി വീഴുന്ന മഴ പോലെയായോ തന്റെ ജീവിതവും. എല്ലാം പതുക്കെയാണ്. ഒന്നും ഓർമ്മി ച്ചെടുക്കാൻ കഴിയുന്നില്ല. ഇതിലെ മീനുകൾ എന്ത് ചെയ്യുകയാകും വെള്ളത്തിനടിയിൽ ഊളിയിട്ടു അവ നീന്തി നടക്കുന്നുണ്ടാകും. എത്ര നാളായി ഇതിൽ ഒന്ന് മുങ്ങി കുളിച്ചിട്ടു. നല്ല താഴ്ചയാണ് ഉണ്ണി ഇതിലൊന്നും ഇനി കുളിക്കേണ്ട എന്ന് പറഞ്ഞു അച്ഛൻ വിലക്കും. ചെറുപ്പത്തിൽ എത്ര മുങ്ങാകുഴിയിട്ടുണ്ട്. അച്ഛൻ നീന്തൽ പഠിപ്പിച്ചത് ഇപ്പോളും ഓർക്കുന്നു. ഓരോ മക്കളെയും അച്ഛൻ തന്നെയാണ് പഠിപ്പിച്ചിട്ടുള്ളത്. തന്റെ കുഞ്ഞുങ്ങളെയും അച്ഛൻ തന്നെ പഠിപ്പിച്ചു. എത്ര രസായിരുന്നു ആ കാലം. എത്ര നാളായി എല്ലാവരും കൂടി ഒത്തൊരുമിച്ചു നിന്നിട്ട്.
“ഉണ്ണിയേട്ടാ എന്താ ഇവിടെ ഇരിക്കുകയാണോ, എത്ര നേരായി ഞാൻ അന്വേഷിച്ച് തൊടിയിൽ നടക്കണ്. അച്ഛൻ വിഷമിച്ചിരിക്കണുണ്ട്. ”
“ഒന്നൂല്യ ഞാൻ പണ്ടത്തെ കാര്യങ്ങൾ ഇങ്ങിനെ ആലോചിക്കായിരുന്നു. നീയും ഈ കുളത്തിൽ നിന്നല്ലേ നീന്താൻ പഠിച്ചത്?”
അവൾ തലയാട്ടി.
“അച്ഛൻ ഭക്ഷണം കഴിച്ചോ?”
“ഉവ്വേട്ടാ മരുന്നും കൊടുത്തു. ഉണ്ണി എവിടെ എന്ന് ഒരുപാട് തവണ ചോദിച്ചു, നോക്കാൻ പറഞ്ഞു വിട്ടതാ.”
അയാൾ ഒന്നും മിണ്ടിയില്ല
ഉണ്ണിയേട്ടൻ ഇപ്പോഴിങ്ങനെയാ. അധികം സംസാരമില്ല. എവിടേക്കും പോകണം എന്നില്ല. എന്തിനും ഒരു അലസത. എങ്ങിനെ ഓടി നടന്നിരുന്ന ആളാണ്. നീ മാത്രം ആണ് ജാനു എന്നെ തള്ളി പറയാത്തത് എന്ന് എപ്പോഴും പറയും. പാവം തളർന്നിരിക്കണു
ബാലൻ മാമയുടെ മൂത്ത മകനാണ് ഉണ്ണിയേട്ടൻ. ഒരിക്കലും താൻ ഈ വീട്ടിൽ വന്നു കയറും എന്ന് വിചാരിച്ചിട്ടില്ല. ഈശ്വരന്മാര് ഓരോന്ന് നിശ്ചയിച്ചിരിക്കണ്. അതല്ലേ നടക്കൂ.
വേഗം അകത്തു ചെന്നു ദോശയും ചമ്മന്തിയും എടുത്തു കൊടുത്തു. അവളും കൂടെയിരുന്നു.
“എന്തിയെ ഗോപുവും മീനുവും?”
“അവരൊക്കെ എപ്പോഴേ പോയി ഏട്ടാ.”
“അതെയോ കുറെ സമയമായോ, നിനക്ക് കഴിക്കാർന്നില്ലേ ജാനു?”
അവൾ ചിരിച്ചു, ഉണ്ണിയേട്ടന് കൊടുക്കാതെ കഴിക്കാനോ.
ആകെ ഇരുണ്ടിരിക്കണല്ലോ, മഴക്കുള്ള ഒരുക്കമാണ്. അവളുടെ നെഞ്ചിടിക്കാൻ തുടങ്ങി. മഴ തുടങ്ങിയാൽ പിന്നെ ചോർച്ചയാണ്. ഓട് പുതിയത് ഇടണം എന്ന് വിചാരിച്ചിട്ട് ഇതു വരെ നടന്നില്ല. എല്ലാവരും വീടെല്ലാം നന്നായി പണിതിട്ടുണ്ട്. അതൊന്നും വേണ്ട ഒന്ന് അറ്റ കുറ്റ പണികൾ തീർത്തു കിട്ടിയാൽ മതിയായിരുന്നു. ഗോപുവിന് അല്ലറ ചില്ലറ പണികൾ അറിയുന്നത് കൊണ്ട് അവൻ തന്നെ എല്ലാം ചെയ്യും. പാവം മോൻ, അവനൊരു നല്ല ജോലി കിട്ടിയിരുന്നെങ്കിൽ കുടുംബം രക്ഷപെട്ടേനെ. മീനു മോൾ മിടുക്കിയാണ്. NEET റാങ്ക് വളരെ നല്ലതാണ്. മെഡിസിന് കിട്ടുമെന്ന് പ്രതീക്ഷയുണ്ട്. സ്കൂളിൽ സർട്ടിഫിക്കറ്റ്സ് വാങ്ങാൻ പോയിരിക്കുകയാണ്. സ്കൂളിലെ ടോപ്പർ ആണ്..
“മോനെ ഉണ്ണി” അച്ഛൻ വിളിക്കുന്നുണ്ടല്ലോ.
“എന്താച്ചാ”
“നീ ഇതെവിടാർന്നു, കുളത്തിന്റെ അരികിലൊന്നും ഇങ്ങിനെ പോയിരിക്കല്ലേ.”
പത്തു വയസ്സുള്ള കുഞ്ഞി ചെറുക്കനോട് സംസാരിക്കുന്ന പോലെയുള്ള സംസാരം കേട്ടപ്പോൾ അവന് ചിരി വന്നു.
“ഇല്ലച്ചാ , ഞാൻ ആ കടവിൽ ഇരുന്നുള്ളു. ഞാനിപ്പോൾ അവിടെയൊന്നും കുളിക്കാൻ പോകാറില്ല.”
“ഉണ്ണി, ഞാൻ നമ്മുടെ ബ്രോക്കർ ഗോപാലനോട് പറഞ്ഞിട്ടുണ്ട് ഇത്രടം വരാൻ. വടക്കേലെ പറമ്പ് കൊടുക്കണം. അത് കിട്ടിയിട്ട് വേണം മീനു മോൾടെ അഡ്മിഷൻ നോക്കാൻ. നമ്മുടെ കുഞ്ഞു ഒരു ഡോക്ടർ ആകേണ്ടെടാ, നീയോ ആയില്ല. അച്ഛന് പ്രാരാബ്‍ദം കൂടിയപ്പോൾ നിന്നെ ഗൾഫിലേക്ക് വിട്ടില്ലേ അച്ഛൻ. ആ വിഷമം ഇപ്പോഴും ചങ്കിൽ നിന്ന് മാറിയട്ടില്ല മോനെ.”
അവൻ അത്ഭുതത്തോടെ അച്ഛനെ നോക്കി. താൻ അതെല്ലാം എപ്പോഴേ മറന്നു പോയ കാര്യങ്ങൾ. പഠിക്കാൻ മിടുക്കനായിരുന്ന തന്നിൽ അച്ഛന് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ ദാരിദ്ര്യം കാർന്നു തിന്നുന്ന വീട്ടിൽ നിന്ന് എങ്ങിനെ പഠിക്കാൻ പോകാനായായിരുന്നു. അന്ന് ബോംബെയിൽ അച്ഛന്റെ വലിയമ്മയുടെ മകൻ ബാലൻ ചേട്ടനുണ്ടായിരുന്നു അവിടേക്കു അവനെ കയറ്റി അയച്ചു. നാട്ടിലെ കൊച്ചു ഗ്രാമത്തിൽ നിന്നു ആദ്യമായി ബോംബയിൽ എത്തിയപ്പോൾ വേറെ ഏതോ ലോകത്തെത്തിയ പോലെ ആയിരുന്നു. അമ്മാവന് ഒരു കമ്പനിയിൽ ജോലിയായിരുന്നു. അവിടത്തെ ഒരു സഹായിയായി കുറച്ചു നാൾ കഴിഞ്ഞു. അവിടെ തന്നെ രാത്രിയിലും കിട്ടിയ പണികൾ എല്ലാം ചെയ്തു. ഒരു പൈസ പോലും പാഴാക്കാതെ നാട്ടിലേക്കയച്ചു. മൂന്ന് കൊല്ലത്തെ ബോംബെ ജീവിതം കുറെ പാഠങ്ങൾ പഠിപ്പിച്ചു. പിന്നെ നാലു കൊല്ലം കഴിഞ്ഞപ്പോളാണ് അവടെ വെച്ചു പരിചയപ്പെട്ട ജബ്ബാർ ഭായ് ഗൾഫിലേക്ക് പോകാം എന്നുള്ള ആശയം മനസ്സിലെത്തിച്ചത്. മാമന്റെ കാലു പിടിച്ചാണ് അന്ന് പോകാനുള്ള കുറച്ചു രൂപ തരപ്പെടുത്തിയത്. അന്ന് അത്ര പുരോഗതിയൊന്നും വന്നിട്ടില്ലാത്ത നാടായിരുന്നു ദുബായ്. ചുട്ടു പൊള്ളുന്ന ചൂടിൽ ഒരു പാട് അലഞ്ഞു തിരിഞ്ഞു ഒരു ജോലിക്കായി. ആരുടെയെക്കെയോ കാലു പിടിച്ചു അവിടത്തെ പോർട്ടിൽ ഒരു പോർട്ടർ ആയിട്ടായിരുന്നു ആദ്യത്തെ ജോലി. എന്തെല്ലാം പണികൾ ചെയ്തിട്ടുണ്ട്. അഞ്ചാറ് വയറുകൾ തന്നെ കാത്തു നാട്ടിൽ ഉണ്ടെന്നുള്ള വിചാരം തന്നെ കൊണ്ട് പല പണികളും ചെയ്യിച്ചു. ചായ എടുത്തു കൊടുക്കാൻ അവിടെയുള്ള കഫതീരിയയിൽ പണിയെടുത്തു. അങ്ങിനെയാണ് ദാമു ഏട്ടനെ പരിചയപെടുന്നുത്. പിന്നീട് മിനിസ്ട്രി ഓഫീസിന്റെ പുറത്തു ടൈപ്പിംഗ് സെന്റർ നടത്തിയിരുന്ന ദാമുവേട്ടന്റെ കൂടെ കൂടി. ടൈപ്പിംഗ് അറിയാം എന്നുള്ള ഒരൊറ്റ കാരണത്താൽ ആണ് തന്നെ കൂടെ കൂട്ടിയത്. ചേട്ടന് തന്നെ വലിയ കാര്യമായിരുന്നു.
മൂന്നു കൊല്ലം കഴിഞ്ഞാണ് നാട്ടിൽ എത്തിയത്. അന്ന് ഒരു ഉത്സവം പോലെ ആയിരുന്നു വീട്ടിലും നാട്ടിലും. ആദ്യമായി ഗൾഫിൽ പോയി വന്ന ആൾ. പെട്ടി നിറയെ സാധനങ്ങൾ. ഗൾഫിലെ കഷ്ടപ്പാട് ആരോടും പറഞ്ഞില്ല. അവിടത്തെ ചൂടിൽ വിയർത്തൊലിക്കുന്ന ശരീരം നാട്ടിലെത്തിയപ്പോൾ ആകെ തണുത്തു. അമ്മയുടെ വാത്സല്യം, അച്ഛന്റെ അഭിമാനത്തോടെയുള്ള നോട്ടം, സഹോദരങ്ങളുടെ സ്നേഹവും ബഹുമാനവും എല്ലാം അവൻ നന്നായി ആസ്വദിച്ചു. ആ വരവിൽ മൂത്ത പെങ്ങളുടെ കല്യാണം നടത്തി. കയ്യിലുള്ളതെല്ലാം പൊടി പൊടിച്ചു. തിരിച്ചു ചെന്നു കുറെ കഷ്ടപ്പെടേണ്ടി വന്നു. കടങ്ങളളെല്ലാം വീട്ടി വന്നപ്പോളേക്കും അടുത്ത ആവശ്യങ്ങളുമായി എഴുത്ത് വരും. ഒരിക്കലും ഒരു വിഷമം തോന്നിയിട്ടില്ല.. പിന്നെ നാലു വർഷം കഴിഞ്ഞു നാട്ടിലെത്തിയപ്പോൾ ഇളയവളെയും കെട്ടിച്ചു വിട്ടു. വീട് അത്യാവശ്യം മോടി പിടിപ്പിച്ചു. അനിയൻ അജയൻ പഠിക്കാൻ മിടുക്കനായിരുന്നു. അനിയനെ എഞ്ചിനീറിങ്ങിനു ചേർത്തു. അച്ഛന് തന്റെ കല്യാണം ആലോചിക്കണം എന്നുണ്ടായിരുന്നു. പക്ഷെ അമ്മ സമ്മതിച്ചില്ല. ഇവനെ ഇപ്പോളെ പ്രാരാബ്ക്കാരനാക്കിയാൽ ബാക്കിയുള്ളവർ എന്ത് ചെയ്യും എന്നുള്ള വേവലാതി അമ്മയുടെ മനസ്സിൽ ഉണ്ടായിരുന്നു. രണ്ട് പെങ്ങന്മാരെയും പഠിപ്പിക്കാൻ കഴിഞ്ഞു. അവരെല്ലാം സർക്കാർ ജോലിയിൽ പ്രവേശിച്ചു. അയാളുടെ ഓർമ്മകൾ മുറിഞ്ഞു പോകുന്നു. ഈയിടെയായി ഓർമ്മയിൽ ഒന്നും നിൽക്കുന്നില്ല.
“എന്താ മോനെ മുഖത്തൊരു വാട്ടം. നീ ആ എണ്ണ തലയിൽ തേച്ചു കളിക്കുന്നില്ലേ. മോളെ ജാനകി, അവന്റെ ഗുളികകൾ ശരിക്കും കൊടുക്കുന്നില്ലേ?”
രണ്ട് പേരും തലയാട്ടി.
“അമ്മയെന്താ വരാത്തത്. വേഗം വരാൻ പറയണം. എല്ലാവരെയും കാണാൻ കൊതിയാകുന്നു.
അച്ഛാ ഞാനൊന്നു കിടക്കട്ടെ” എന്ന് പറഞ്ഞവൻ അകത്തേക്ക് പോയി.
പാവം ഈ വീടിനു വേണ്ടി എന്റെ കുഞ്ഞു ഒരു പാട് കഷ്ട്ടപെട്ടു. ദാരിദ്രത്തിൽ കഴിയുന്ന തന്റെ പെങ്ങളുടെ മോള് ജാനകിയെ ഉണ്ണി കല്യാണം കഴിച്ചാൽ വീട്ടിലെ കാര്യങ്ങൾ എല്ലാം അവനെക്കൊണ്ട് ചെയ്യിപ്പിക്കാമെന്നു തന്റെ ഭാര്യ രാധക്കു നന്നായറിയാമായിരുന്നു. അതാണ് അവൾ തന്നെ മുൻകൈ എടുത്തു അവൻ നാട്ടിൽ വന്നപ്പോൾ കല്യാണം കഴിപ്പിച്ചത്. പാവമാണ് ജാനു എന്ന ജാനകി . അവൾ ഉള്ളത് കൊണ്ട് ഈ വീട്ടിലെ കാര്യങ്ങൾ നന്നായി നടക്കുന്നു. അവളും നന്നായി പഠിച്ചിട്ടുള്ളതാണ്. വീട്ടിൽ ആരുമില്ല എന്ന് പറഞ്ഞു ആ പാവത്തിനെ ജോലിക്കും വിട്ടില്ല. ചെറുപ്പത്തിലേ ഭാരം അടിച്ചേൽപ്പിച്ചു എന്റെ കുഞ്ഞിന്റെ ഓർമയും പോയി തുടങ്ങി. പാവം അവൻ ഒന്നും സ്വന്തമായി സമ്പാദിച്ചില്ല. എല്ലാം വീട്ടുകാർക്ക് വേണ്ടി ചെയ്തു. അനിയത്തിമാരുടെ പഠിപ്പു കല്യാണം എല്ലാം അവൻ ഒറ്റക്കാണ് ചെയ്തത്. പെൺകുട്ടികൾക്ക് എത്ര കൊടുത്താലും മതിയാവില്ല അവന്റെ അമ്മക്ക്. അവർ, പാവങ്ങൾ സർക്കാർ പണി കൊണ്ട് എന്ത് കിട്ടാനാണ്. അവരുടെ കഷ്ടപ്പാട് പറഞ്ഞു പെങ്ങന്മാർക്ക് വാരിക്കോരി കൊടുപ്പിക്കും. സ്വന്ത്വം മോന് ഒരു വീടോ അവനൊരു നല്ല ജീവിതമോ കിട്ടണം എന്നുള്ള ചിന്ത തന്റെ ഭാര്യക്കില്ലാണ്ടായി പോയി.
അജയന്റെ പഠിപ്പു കഴിഞ്ഞപ്പോൾ ഉണ്ണി ഗൾഫിലേക്ക് കൊണ്ട് പോയി, എഞ്ചിനീയർ അല്ലെ? നല്ല ജോലി തന്നെ അവന് കിട്ടി. അവന് വീട് പുതുക്കി പണിയണം എന്നായി. പക്ഷെ തറവാട് വീടല്ലേ, അത് പൊളിക്കേണ്ട എന്ന് താൻ നിർബന്ധം പിടിച്ചു. അത് കൊണ്ട് അജയൻ തറവാടിനടുത്തു തന്നെ ഒരു വീട് പണിതു. അപ്പോൾ എല്ലാവരും കൂടി അങ്ങോട്ട് താമസം മാറി. അവിടെ വെച്ചാണ് അവന്റെ കല്യാണം കഴിഞ്ഞത്. വലിയ വീട്ടിലെ പെൺകുട്ടിയെ തന്നെ അമ്മ കണ്ട് പിടിച്ചു മകന് വേണ്ടി.. കല്യാണം കഴിഞ്ഞു ആറു മാസത്തിനുള്ളിൽ അജയൻ ഭാര്യയെ ഗൾഫിലേക്ക് കൊണ്ട് പോയി. പാവം ജാനകിയും മക്കളും.. അവരും തങ്ങളുടെ കൂടെ തന്നെ താമസിച്ചു. ഉണ്ണിക്കു വീട്ടിലെ ഭാരം കാരണം അവളെ കൊണ്ട് പോകാനും കഴിഞ്ഞിരുന്നുമില്ല.. രണ്ട് കൊല്ലം കഴിഞ്ഞു അജയനും ഉണ്ണിയും ഒന്നിച്ചു വന്നു. മക്കൾ തമ്മിൽ നല്ല സ്നേഹമായിരുന്നു. പക്ഷെ ഭാര്യമാർ തമ്മിൽ യോജിച്ചില്ല. തങ്ങളുടെ വീട്ടിൽ എല്ലാവരും താമസിക്കുന്നു എന്നൊരു മട്ടു അജയന്റെ ഭാര്യ ഗിരിജ കാണിച്ചു തുടങ്ങി. അതിനൊപ്പം തുള്ളാൻ തന്റെ ഭാര്യയും. ഒന്നിച്ചു നിൽക്കുന്നത് ശരിയാവില്ല എന്ന് കണ്ടതോടെ ഉണ്ണി തറവാട് വീട്ടിലേക്കു മാറി. അവനോടൊപ്പം താനും ഇറങ്ങി ആ വീട്ടിൽ നിന്ന്. രാധ അജയനോടൊപ്പം അവിടെ നിന്നു. എല്ലാവരും കൂടി അവിടെ നിന്നിറങ്ങരുത് എന്ന് ഉണ്ണി തന്നെയാണ് അമ്മയോട് പറഞ്ഞത്. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അജയനും ഭാര്യയും തിരിച്ചു പോയി. അവർ വീട് പൂട്ടിയിട്ടു പോയപ്പോൾ രാധ തറവാട്ടിലേക്കു തിരിച്ചു പോന്നു. പുത്തൻ വീട്ടിൽ താമസിച്ചു മതിയാകാത്തതിന്റെ മുറുമുറുപ്പ് ഉണ്ടായിരുന്നു.
വേദനയോടെയാണ് ആ പ്രാവശ്യം ഉണ്ണി തിരിച്ചു പോയത്. രണ്ട് കൊല്ലം കഴിഞ്ഞപ്പോളേക്കും അവൻ തിരിച്ചു വന്നത് ഒരു രോഗിയായിട്ടു. ഗൾഫിൽ വെച്ചു ചെറിയ ഒരു സ്ട്രോക്ക് വന്നു. ഓർമ കുറവ് അപ്പോൾ തുടങ്ങിയതാണ്. പഴയതെല്ലാം ഓർമയുണ്ട്. പുതുതായി നടന്നതൊന്നും വലിയ ഓർമയില്ല. നന്നായി, സഹോദരങ്ങളുടെയും അമ്മയുടെയും മാറ്റം അവന് മനസ്സിലായില്ല. നല്ല ഓർമ്മകൾ മാത്രം അവനിൽ ഉണ്ട്. ബാക്കിയെല്ലാം മറവിയുടെ വിസ്‌മൃതിയിൽ ആണ്ടു പോയി. പിന്നെ അവൻ ഗൾഫിലേക്ക് പോയില്ല. ഇപ്പോൾ പെൺമക്കൾക്ക് തറവാടിരിക്കുന്ന സ്ഥലം ഭാഗം വെക്കണം. അജയൻ എന്തിനാണ് ആ വീട് വെച്ചത് എന്നറിയില്ല. എല്ലാത്തിനും പിരി കേറ്റി കൊടുക്കുന്നത് തന്റെ ഭാര്യ തന്നെ. മക്കളെ വേർതിരിച്ചു കാണുന്നത് കാണുമ്പോളെ തനിക്കു ശുണ്ഠി വരും. എന്തായാലും ഉണ്ണിയുടെ പേരിൽ താൻ തറവാട് വീട് രജിസ്റ്റർ ചെയ്തത് പെൺകുട്ടികൾ അറിഞ്ഞിട്ടില്ല. അറിഞ്ഞാൽ ഒരു കലഹം ഉറപ്പാണ്..
അവന്റെ അധ്വാനത്തിന്റെ ഫലമാണ് ഈ വീട്ടിലുള്ളവർ എല്ലാവരും അനുഭവിക്കുന്നത്. അപ്പുറത്തുള്ള പറമ്പ് വിൽക്കാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്. ഉണ്ണി അയച്ചു തന്ന പണം കൊണ്ടാണ് താൻ ആ സ്ഥലം വാങ്ങിച്ചിട്ടുള്ളത് . അതിന്റെ ആദായം മുഴുവൻ ഈ കുടുംബത്തിന് വേണ്ടി ഉപയോഗിച്ചു.. അതിൽ ഒരു ഭാഗം വിറ്റാണ് പെണ്മക്കളുടെ വീടുകൾ പണിയാൻ പണം കൊടുത്തത്. ഇതെല്ലാം അവർക്കറിയാം. ബാക്കിയുള്ള ഭാഗം മീനു മോൾടെ പഠിത്തത്തിനും ഈ വീട്ടിലെ ആവശ്യങ്ങൾക്കും ഉപയോഗിക്കണം. തനിക്ക് മറവി വന്നിട്ടില്ല. മറവി തന്നെ പിടി കൂടുന്നതിനു മുമ്പേ കാര്യങ്ങൾ ചെയ്തു തീർക്കണം. ഗോപു പല ടെസ്റ്റുകളും എഴുതിയിട്ടുണ്ട്. അവനൊരു ജോലിയായാൽ പിന്നെ ഉണ്ണിക്കും ജാനകിക്കും അവൻ ഒരു കൈത്താങ്ങാകും എന്ന് ഉറപ്പുണ്ട്.. രാധ എപ്പോൾ വരുമോ ആവോ. ഇപ്പോൾ അവൾ പെണ്മക്കളുടെ വീട്ടിൽ ആണ്.. അവർക്കു ആവശ്യം വരുമ്പോൾ അമ്മയെ വിളിച്ചു കൊണ്ട് പോകും. രണ്ട് പേർക്കും ചെറിയ മക്കളുണ്ട്. എന്ത് പറയാൻ, പൈസ കൊടുക്കാതെ അവർക്കു ഒരായയെ കിട്ടി, അത്ര തന്നെ. അവളെ വിളിച്ചു കൊണ്ട് വരാൻ ഗോപുവിനോട് പറയണം. അമ്മയെ കാത്തിരിക്കുന്ന ഉണ്ണികുട്ടനെ കാണാൻ അമ്മ വരുമോ ഈ പഴഞ്ചൻ തറവാട്ടിലേക്ക്.. ആവോ.

