രാവിലെ 7 മണി മുതൽ തുടങ്ങിയ ബഹളം രാത്രി 11 ആയപ്പോഴേക്കും നിക്കും എന്ന് തോന്നി.
ഫോട്ടോഗ്രാഫറുടെ “ഒന്ന് കൂടി ചിരിക്ക്”, അമ്മായിയുടെ “മോളെ നല്ലോണം നോക്ക് കേട്ടോ”, അങ്കിളിന്റെ “ലൈഫ് മുഴുവൻ ഇങ്ങനെ തന്നെ” ഉപദേശം. തല കറങ്ങി.
ഒടുവിൽ മുറി. വാതിൽ അടച്ചപ്പോൾ പുറത്തെ ശബ്ദം മുഴുവൻ കട്ടായി.
അവൾ കട്ടിലിന്റെ ഓരത്ത് ഇരുന്നു. സാരിയുടെ പിൻ അഴിക്കാൻ പോലും തോന്നിയില്ല.
അവൻ ജനാലയുടെ അടുത്ത് നിന്നു. ഷർട്ടിന്റെ മുകളത്തെ ബട്ടൺ വരെ ഇട്ടിട്ടുണ്ട്.
30 സെക്കൻഡ്… 1 മിനിറ്റ്… ഫാൻറെ “ഘർ ഘർ” ശബ്ദം മാത്രം.
അവനാണ് ആദ്യം സംസാരിച്ചത്.
“ടെൻഷൻ ആണോ?” ശബ്ദം ഒന്ന് ഇടറി.
“ഉണ്ട്” അവൾ ചെറുതായി ചിരിച്ചു.
“നിനക്ക്?”
“എനിക്കും. രാവിലെ മുതൽ 200 പേർ ‘all the best bro’ പറഞ്ഞു. അതിന്റെ പ്രഷർ കൊണ്ട് തല പൊട്ടും പോലെ”
അവൾ പൊട്ടിച്ചിരിച്ചു. ആ ചിരിയിൽ പകുതി പേടി പോയി.
അവൻ അടുത്ത് വന്ന് ഒരു കസേര അവളുടെ അടുത്തേക്ക് വലിച്ചിട്ടു. “ഇരിക്ക്”
“ഞാൻ ഒരു കാര്യം ചെയ്യട്ടെ?” അവൾ ചോദിച്ചു.
“എന്താ?”
“രണ്ട് കപ്പ് ചായ. ഇഞ്ചിയും ഏലക്കയും ഇട്ടിട്ടു ”
അടുക്കള ചെറുതായിരുന്നു. അവൾ ഗ്യാസ് കത്തിച്ചു. അവൻ പിന്നിൽ നിന്ന് പാൽ എടുത്ത് കൊടുത്തു. സംസാരം കുറവ്, പക്ഷേ പേടി ഇല്ല.
10 മിനിറ്റ് കൊണ്ട് ചൂട് ചായയും രണ്ട് ബിസ്കറ്റും.
മുറിയോട് ചേർന്ന ചെറിയ ബാൽക്കണി. അവിടെ രണ്ട് കസേര. താഴെ കല്യാണ വീട്ടിലെ ബാക്കി ബഹളം. ഇവിടെ അവർ രണ്ടുപേർ മാത്രം.
“നിനക്ക് എന്തൊക്കെയാ ഇഷ്ടം?” അവൻ ചായ ഊതിക്കുടിച്ചുകൊണ്ട് ചോദിച്ചു.
“മഴയിൽ പുസ്തകം വായിക്കാൻ. പഴയ മലയാളം നോവലുകൾ”
“സൂപ്പർ. എനിക്ക് ബൈക്കെടുത്ത് എങ്ങോട്ടേലും പോവാൻ. ഡെസ്റ്റിനേഷൻ ഇല്ലാതെ”
അങ്ങനെ സംസാരം തുടങ്ങി.
അവൾക്ക് ഉറക്കത്തിൽ സംസാരിക്കുന്നത ശീലം ഉണ്ട് എന്ന് പറഞ്ഞു.
അവന് രാവിലെ അലാറം 3 തവണ സ്നൂസ് ചെയ്യുന്ന ശീലം ഉണ്ട് എന്ന് സമ്മതിച്ചു.
അവൾക്ക് പൈനാപ്പിൾ പിടിക്കില്ല.
അവന് കറി അധികം എരിവ് വേണം.
സമയം 12.30 ആയി.
“എനിക്ക് ഉറക്കം വരുന്നുണ്ട്” അവൾ കണ്ണ് തിരുമ്മി.
“ഉറങ്ങ്” അവൻ എണീറ്റു. “നാളെ രാവിലെ 7 ന് പള്ളിയിൽ പോവണം.”
കട്ടിലിൽ കിടക്കുമ്പോൾ നടുക്ക് ഒരു വലിയ തലയണ വെച്ചു. ആരും അതിനെ പറ്റി ചോദിച്ചില്ല. ആരും ഒന്നും പ്രതീക്ഷിച്ചില്ല.
ലൈറ്റ് ഓഫ് ചെയ്യുന്നതിന് മുന്നേ അവൻ പറഞ്ഞു:
“നമുക്ക് തിരക്കില്ല. നമ്മൾ നേരത്തെ ഫ്രണ്ട്സ് അല്ല. ഇപ്പോൾ ഭാര്യയും ഭർത്താവും ആയി. പതുക്കെ മനസ്സിലാക്കാം. ഓക്കേ?”
“ഓക്കേ” അവൾ തലയാട്ടി.
ലൈറ്റ് ഓഫ് ആയി. പക്ഷേ വാതിലിന്റെ അടിയിലൂടെ കോറിഡോറിലെ വെളിച്ചം വന്നു. മുറി പൂർണ്ണ ഇരുട്ടായില്ല.
പിറ്റേന്ന് രാവിലെ 6.30. അലാറം അടിക്കുന്നതിന് 30 മിനിറ്റ് മുന്നേ അവൾ എണീറ്റു.
അവൻ കൂർക്കം വലിച്ച് ഉറങ്ങുന്നു. അവൾ അവന്റെ ഫോൺ എടുത്ത് അലാറം ഓഫ് ചെയ്തു.
പിന്നെ അടുക്കളയിൽ പോയി വീണ്ടും രണ്ട് കപ്പ് ഇഞ്ചി ചായ.
അവൻ എണീറ്റപ്പോൾ ടേബിളിൽ ചായയും ഒരു ചിരിയും കാത്തിരുന്നു.
സിനിമയിലെ പോലെ അല്ല ജീവിതം. നോർമൽ ആയിട്ട് തുടങ്ങുന്നതാണ് പലപ്പോഴും ഏറ്റവും നല്ലത്.
#എന്റെരചന
#ആദ്യരാത്രി


14 Comments
പലപ്പോഴും മനസ് തമ്മിൽ ചേർന്നിട്ട് ശരീരം ഒന്നാകുന്നത് ആകും പല ബന്ധങ്ങളുടെയും ദീർഘായുസിന് നല്ലത്.. ഇങ്ങനൊക്കെ സംഭവിച്ചിരുന്നെങ്കിൽ ഇന്ന് പല ഡിവോർസ് കളും ഉണ്ടാകുമായിരുന്നില്ല.. നല്ലെഴുത്ത് ഗ്ലോറിയ
സുഖകരമായൊരു തുടക്കം…… ഇങ്ങനെ തന്നെയാകട്ടെ ജീവിതം …….നന്നായെഴുതി👍❤️
😊❤️
നല്ല എഴുത്ത് 🌹 റോസ കൊച്ചേ ……
😊❤️
Nice👌🥰
😊❤️
Super!
സിനിമാക്കഥകൾ വെറും ഭാവനയാണെന്ന് മനസ്സിലാക്കി കളഞ്ഞല്ലോ…👏👍
😊❤️
കൊള്ളാം. ഇങ്ങനെയാവുന്നതാണ് നല്ലത്♥️
കൊള്ളാല്ലോ
റോസ്‌മോൾ ആളു കൊള്ളാല്ലോ❤️😀
ഇങ്ങനെ തന്നെ വേണം ആദ്യരാത്രി❤️❤️
ഇഷ്ടായി ട്ടോ👌🌹
😊❤️
😊❤️