കാരാക്കുറിശ്ശി മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിനപ്പുറം, മണിമലയാർ കരയിലെ തോന്നിക്കൽ എന്ന ആ പഴയ തറവാട് ഇപ്പോൾ ഇല്ല. അവിടെ ഇപ്പോൾ ഒരു ഷീറ്റിട്ട ഗോഡൗണാണ്.
അതിന്റെ അവസാനത്തെ അവകാശി സുരേന്ദ്രൻ, കഴിഞ്ഞ മുപ്പത് വർഷമായി വിദേശത്താണ്. സുരേന്ദ്രന്റെ അമ്മക്ക് മക്കളായി അയാൾ മാത്രമെ ഉള്ളൂ. നാലു സഹോദരന്മാർക്കുള്ള ഏക പെങ്ങൾ. സഹോദരന്മാർ തറവാട് മീനാക്ഷിയമ്മക്ക് കൊടുത്തു. ഭർത്താവ് മരിച്ച് ആരും ഇല്ലാത്തതല്ലേ എന്ന് കരുതി അവർ വേറെ സ്ഥലങ്ങളിലേക്ക് കുടുംബസമേതം താമസം മാറ്റി.
സുരേന്ദ്രൻ പഠിപ്പു കഴിഞ്ഞ് വിദേശത്ത് നല്ല ജോലിയായി കഴിയുന്നതു കാണാൻ അമ്മക്ക് സാധിച്ചില്ല. വിദേശത്തിരുന്ന് മഴ നനഞ്ഞ വൈകുന്നേരങ്ങളിൽ അയാൾ യൂട്യൂബിൽ കാരാക്കുറിശ്ശി അമ്പലത്തിലെ കഥകളി ലൈവ് കാണും. ചെണ്ടകൊട്ട് കേൾക്കുമ്പോൾ അയാളുടെ മൂക്കിൽ പഴയ നിലത്തിന്റെ മണം വരും – ചാണകം മെഴുകിയ മുറ്റം, പടപ്പഴത്തിന്റെ ഗന്ധം.
മകൻ അരുൺ വിദേശത്ത് ജനിച്ചു വളർന്നു. അവന് മലയാളം പറയാൻ നാണമാണ്. അച്ഛൻ പറയുന്ന “നമ്മുടെ വേരുകൾ” എന്ന വാക്ക് അവന് മനസ്സിലാവുന്നില്ല. വേരുകളെ പ്പറ്റി എപ്പോഴും അവന് പറഞ്ഞുകൊടുക്കും.
ഒരിക്കൽ അരുൺ ചോദിച്ചു: “അച്ഛാ, വേരറുക്കപ്പെട്ടു എന്ന് പറഞ്ഞാൽ എന്താ?”
സുരേന്ദ്രൻ വിവരിച്ച് പറഞ്ഞു കൊടുത്തു.,”നമ്മൾ ഒരു ചെടിയെ ചട്ടിയോടെ പറിച്ച് മറ്റൊരു നാട്ടിൽ കൊണ്ടുപോയി വെച്ചാൽ, ചെടി ചാകില്ല. പക്ഷേ അത് പൂക്കില്ല. ജീവിച്ചിരിക്കും, പച്ചയായിരിക്കും. പക്ഷേ ആദ്യത്തെ മണ്ണിന്റെ മണം മറക്കില്ല. അതാണ് നമ്മൾ.”
കഴിഞ്ഞ വർഷം സുരേന്ദ്രൻ കുടുംബസമേതം നാട്ടിൽ പോയി. പഴയ തറവാടിന്റെ സ്ഥാനത്ത് കാണുന്ന ഗോഡൗണിന്റെ മുന്നിൽ അല്പനേരം നിന്നു. ആരും അയാളെ തിരിച്ചറിഞ്ഞില്ല.
ക്ഷേത്രത്തിലെത്തി തൊഴുകയ്യോടെ നിന്നപ്പോൾ തന്റെ വേരിന്റെ മണം തന്നെ വലയം ചെയ്യുന്നതായി അനുഭവപ്പെട്ടു. ക്ഷേത്രത്തിലെ കൽവിളക്കിൽ തിരി കൊളുത്തുമ്പോൾ പൂജാരി പറഞ്ഞു – “ആരാ, പൂജക്ക് സമയമായി. അകത്തേക്ക് വരൂ”
അന്ന് രാത്രി കഥകളിയുണ്ടായിരുന്നു. സന്താനഗോപാലം. അരങ്ങിൽ കൃഷ്ണൻ കുഞ്ഞിനെ തിരികെ കൊണ്ടുവരുന്ന കഥ. സുരേന്ദ്രൻ അരുണിനെ മടിയിലിരുത്തി ഇരുട്ടിൽ ഇരുന്ന് കരഞ്ഞു. കാണികൾ ആരും കണ്ടില്ല. കാരണം അവിടെ കഥ കാണാൻ ഭഗവാൻ മാത്രമേ ഉള്ളൂ എന്നാണല്ലോ വിശ്വാസം.
തിരികെ വിദേശത്തെത്തിയ ശേഷം അയാൾ തന്റെ ചെറിയ അടുക്കളത്തോട്ടത്തിൽ ഒരു വാഴ നട്ടു. പടപ്പഴം കായ്ക്കാത്ത, തണുപ്പത്ത് വളരാത്ത ഒരു വാഴ.
അരുൺ ചിരിച്ചു: “അച്ഛാ ഇതിവിടെ കായ്ക്കില്ല. ”
സുരേന്ദ്രൻ പറഞ്ഞു: “കായ്ക്കാൻ അല്ല മോനേ, വേരുണ്ടെന്ന് ഓർമ്മിക്കാൻ ആണ്.”
വേരറുക്കപ്പെട്ടവർ മരിക്കില്ല. അവർ രണ്ട് സ്ഥലത്തും ഒരേ സമയം ജീവിക്കും. ഒരു സ്ഥലത്ത് ശരീരം കൊണ്ടും, മറ്റേ സ്ഥലത്ത് ഓർമ്മ കൊണ്ടും. അരുൺ അച്ഛന്റെ മുഖത്തുനോക്കി എല്ലാം മനസ്സിലായെന്ന മട്ടിൽ തല കുലുക്കി .
#വേരറുക്കപ്പെട്ടവർ

