ഗബ്രിയേൽ മടങ്ങുന്ന വഴിയിൽ, ഒരു സ്വർണ്ണ നിറമുള്ള ഓഡി കാർ ഇറച്ചിക്കടയുടെ മുന്നിൽ കിടക്കുന്നത് കണ്ടു. സൈമണും മൂന്ന് സുഹൃത്തുക്കളും ഡോറുകൾ തുറന്നിട്ട്, അതിലിരുന്ന് മദ്യപിക്കുകയായിരുന്നു.
“ജാൻസിയെ കാണാതായത് ഒന്നും അവനൊരു പ്രശ്നമേയല്ല അല്ലേ. “
ഗബ്രിയേൽ സ്വയം പറഞ്ഞു.
കാറിന്റെ മുൻസീറ്റിൽ ചാരിയിരുന്നു പുകവലിക്കുകയായിരുന്നു സൈമൺ. കൂടെയുള്ളവരിൽ ഒരുവൻ മൂത്രമൊഴിക്കാനായി പുറത്തിറങ്ങി. ഗബ്രിയേൽ ഇരുട്ടിൽ, പതുങ്ങി മറഞ്ഞ് നിന്ന ഇലക്ട്രിക്ക് പോസ്റ്റിന്റെ അരികിലേക്കവൻ മുള്ളാനായി നീങ്ങി നിന്നു. പരിപാടി തുടങ്ങി പകുതി ആയപ്പോളാണവൻ ഗബ്രിയേലിന്റെ നിഴൽ കണ്ടത്. അവൻ കൂകി നിലവിളിച്ചു.
“അയ്യോ, പ്രേതം… “
അവന്റെ നിലവിളി കേട്ട് സൈമണും മറ്റു രണ്ടു സുഹൃത്തുക്കളും ഓടിയെത്തി.
“എന്താടാ… “
ഭയന്ന് വിറച്ചു നിന്ന അവന്റെ അടുത്തെത്തി സൈമൺ ചോദിച്ചു.
“അവൻ, ആ വെള്ളക്കാരൻ, മരിച്ചു പോയവൻ…. “
അവൻ ചൂണ്ടിക്കാട്ടിയ ഭാഗത്തേയ്ക്ക് അവർ നോക്കി. ഇരുട്ടിൽ പതുങ്ങി നിൽക്കുന്ന ഗബ്രിയേൽ, കൈകളിൽ എന്തോ ചുരുട്ടി പിടിച്ചിരുന്നു. ആദ്യം സൈമൺ ഒന്ന് വിരണ്ടു പിന്മാറിയെങ്കിലും, ഗബ്രിയേലിന്റെ അടുത്തേയ്ക്കവൻ നടന്നടുത്തു.
“ആഹാ വെളുത്ത പ്രേതം. എവിടെടാ നിന്റെ മറ്റവൾ?”
“നീ ഇനി അവളെ കാണില്ല ചേട്ടായീ. “
പെട്ടെന്ന് അവരെ തള്ളി മാറ്റി കൊണ്ട് ഗബ്രിയേൽ മുന്നോട്ടു ഓടി.
“ആവശ്യം കഴിഞ്ഞ് കൊന്നോടാ അവളെ. “
തിരിഞ്ഞ് നിന്ന് സൈമണിന്റെ നേരെ കാർക്കിച്ചു തുപ്പിയിട്ടു ഗബ്രിയേൽ ഓടി പോയി.
“അവൻ മരിച്ചിട്ടില്ല. അവൻ ജീവനോടെയുണ്ട്. വിടരുത് അവനെ, നിങ്ങളവനെ പിറകെ പോയി പിടിക്ക്, ഞാൻ ഈ വിവരം പോലീസിൽ അറിയിക്കട്ടെ. എനിക്ക് വേണ്ടത് ഇവനെയല്ല, അവളെ, ആ ജാൻസിയെ. ദാരിദ്ര്യത്തിൽ നിന്നും സമ്പന്നതയിലേക്ക് കൈ പിടിച്ചു കൊണ്ട് വന്നത് അവളുടെ സൗന്ദര്യം കണ്ടിട്ട് തന്നെയാണ്. അവളെയെനിക്ക് തിരികെ വേണം. ഇവന്റെ മുന്നിൽ വച്ച് വേണം എനിക്കവളോട് പകരം ചോദിയ്ക്കാൻ. “
കൂട്ടുകാർ മൂന്ന് പേരും കൂടി ഗബ്രിയേലിന്റെ പിറകെ ഓടിയപ്പോൾ സൈമൺ കാറിൽ നിന്നും തന്റെ മൊബൈൽ ഫോണെടുത്തു.
“ത്ഫൂ ഒരു ഗബ്രിയേൽ മാലാഖ, ജാൻസിക്ക് ഒരു രക്ഷകൻ വന്നിരിക്കുന്നു. ഗബ്രിയേലേ, ഞാൻ ഇത് വരെ നിൻ്റെ കൂടെ നിന്നത് ആ ദുർമന്ത്രവാദിയായ ഫ്രാൻസിസ്കയെ പേടിച്ചാണ്. ഫ്രാൻസിസ്കയെ ഇല്ലാതാക്കാനായിട്ടാണ്. അവൾ മരിച്ചു പോയി, ഇനി ഈ മലകൾ സൈമൺ ഒറ്റയ്ക്ക് ഭരിക്കും. “
സൈമൺ പൊലീസിന് ഫോൺ ചെയ്തു.
സാറെ, നിങ്ങൾ തേടി നടന്നവൻ ഞങ്ങളുടെ കസ്റ്റഡിയിൽ ഉണ്ട്. പെട്ടെന്ന് വന്നു അവനെ അറസ്റ്റ് ചെയ്തോളൂ. “
അവരേയും പ്രതീക്ഷിച്ച് കൊണ്ട് അവൻ വഴിയിലേക്ക് നോക്കി നിന്നു. ഫോൺ വയ്ക്കുമ്പോൾ ഗബ്രിയേലിനെ അറസ്റ്റ് ചെയ്യുന്ന കാഴ്ച മനക്കണ്ണിൽ കണ്ടു സൈമൺ ചിരിച്ചു.
സൈമണിൻ്റെ കൂട്ടുകാരിൽ ഒരാളുടെ കൈപ്പിടിയിൽ ഗബ്രിയേൽ അകപ്പെട്ടു കഴിഞ്ഞിരുന്നു. ഗബ്രിയേൽ അവനുമായി മൽപ്പിടുത്തം തുടങ്ങി. പക്ഷേ അവർ മദ്യപിച്ചതിനാലാകും, തന്നെ വളഞ്ഞ് മൂന്നു പേരേയും ഗബ്രിയേലിന് എളുപ്പത്തിൽ അടിച്ചു താഴെയിടാൻ കഴിഞ്ഞു.
അവർ ചാടിയെഴുന്നേറ്റു വീണ്ടും ഗബ്രിയേലിനെ ആക്രമിച്ചു. പെട്ടെന്നാണ് അത് സംഭവിച്ചത്, അവരിൽ ഒരാളുടെ കൈകൾ ഗബ്രിയേൽ പിടിച്ചു തിരിച്ചത്. അവൻ പിടി വിട്ടപ്പോൾ, കുനിഞ്ഞു ഒരു പിടി മണ്ണെടുത്തു ഒരുത്തന്റെ കണ്ണിലെറിഞ്ഞു. അവൻ ബഹളം വച്ചപ്പോൾ മൂന്നാമനെ തള്ളി മാറ്റി കൊണ്ട് അവൻ ചതുപ്പിന്റെ ഭാഗത്തേയ്ക്ക് ഓടി പോയി.
ഗബ്രിയേൽ കയ്യിൽ ചുരുട്ടി പിടിച്ച കീറി പറിഞ്ഞ വസ്ത്ര ഭാഗങ്ങൾ നിലത്തു വീണിരുന്നു. അത് റോഡിൽ നിന്നുമെടുത്ത് സൈമൺ കാറിന്റെ ബോണറ്റിൽ നിരത്തിയിട്ടു. അതിൽ പലഭാഗത്തും ചോരക്കട്ട പിടിച്ചിരുന്നിരുന്നു.
“അവൻ ജാൻസിയെ കൊന്നു കാണും. “
സൈമൺ സങ്കടത്തോടും ദേഷ്യത്തോടും നിലത്തു ചവിട്ടി.
“ചതുപ്പുകൾ എന്നും അവന് പ്രിയപ്പെട്ട ഇടമാണ്. കൂടി പോയാൽ ആ കാടു വരെ, അതിനപ്പുറം അവൻ പോകില്ല. പോലീസ് പട്ടിയുമായി മണത്ത് വന്നു നിന്നെ കസ്റ്റഡിയിൽ എടുത്തോളും. “
ഏത് നിമിഷമാണ് റീത്തയെ കണ്ടു സഹായം അഭ്യർത്ഥിക്കാൻ തോന്നിയത് എന്നോർത്തു ഗബ്രിയേൽ സ്വയം ശപിച്ചു.
ഇരുട്ടിൽ ചതുപ്പിലൂടെ അവൻ ഓടി. അവൻ ഒരു വിധം ഗുഹയുടെ വാതിൽക്കൽ ചെന്നതും പിറകിൽ വിസിൽ ശബ്ദം കേട്ടു. അവൻ തോടിന്റെ മറവിൽ ഒളിച്ചു നിന്നു. തോട്ടിൽ നിറയെ വെള്ളം ഉള്ളത് കൊണ്ട് ഗുഹയുടെ തുടക്കം പെട്ടെന്ന് ആർക്കും കണ്ടെത്താൻ കഴിയില്ല.
ചതുപ്പിൽ നായയുടെ കുരയും വിസിലടി ശബ്ദവും പോലീസിന്റെ ടോർച്ചിന്റെ വെട്ടവും നിറഞ്ഞു. ഗബ്രിയേലിന് പേടി തോന്നി തുടങ്ങി. വരുന്നത് വരട്ടെ എന്ന് വിചാരിച്ചു അവൻ ഗുഹയിലേക്ക് ഇഴഞ്ഞു നീങ്ങി. എങ്ങനേയും ജാൻസിയെ രക്ഷിക്കണം. ഒരു കാരണവശാലും അവളെ സൈമണിന്റെ കയ്യിലിട്ടു കൊടുക്കരുത്. അവൻ ദുഷ്ടനാണ്, അവളെ ഇഞ്ചിഞ്ചായി കൊന്നു കളയും.
അവസാനമായി ഗബ്രിയേൽ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി. പോലീസ് അവനെ തെരഞ്ഞു കാട്ടിനുള്ളിലേയ്ക്ക് കടക്കുകയാണ്. അവർ പോകുന്ന വഴിയിൽ, മുകളിലായി മിന്നാമിനുങ്ങുകളുടെ തിളക്കം കാണാം. അവർ ചതുപ്പു പിന്നിട്ടു അടിവാരത്തു കൂടെ മലയിലേക്കു പോവുകയാണ്. ആ വഴി നടന്നാൽ അവർ തീപ്പെട്ട് പോയ പഴയ പള്ളിയുടെ മുൻപിലെത്തും. അവർക്കു വഴി തെറ്റി പോകും. ചൂരൽ മലയിൽ നിന്നും അവർ കാട്ട് വഴികളിലൂടെ പുറത്തേക്ക് പോകും.
ആരാണവരെ വഴി തെറ്റിക്കുന്നത്? ആരാണ് എന്നെ സഹായിക്കുന്നത്. ഗബ്രിയേൽ ഗുഹയിലേക്ക് കയറുന്നതിനിടയിൽ ചിന്തിച്ചു. അവന്റെ പിന്നിൽ ഒരു കറുത്ത പൊക്കമുള്ള നിഴൽ കണ്ടു.
“എഡ്‌വേർഡ് രാജകുമാരൻ. “
ഞെരക്കം കേട്ട് ഗബ്രിയേൽ തീയുടെ അടുത്തേയ്ക്കു നടന്നു. ഒരു വടി നിലത്തു കുത്തി ഒരു കാലിൽ എഴുന്നേറ്റു നിൽക്കുന്ന ജാൻസിയെയാണ് അവൻ കണ്ടത്.
“എന്താ ജാൻസി നീ ഈ കാണിക്കുന്നത്. “
ഗബ്രിയേൽ ജാൻസിയെ താങ്ങിയെടുത്ത്, അവൻ മുൻപ് തടിയും പുല്ലും കൊണ്ട് തയാറാക്കിയ കട്ടിലിൽ കിടത്തി. ജാൻസി നല്ല സന്തോഷവതിയായി കാണപ്പെട്ടു.
“ഗബ്രിയേൽ നീ പോയപ്പോൾ മുതൽ ഞാൻ കണ്ണടച്ച് ഉറങ്ങാൻ ശ്രമിക്കുകയാണ്. ഞാൻ ഇവിടെ ഒറ്റയ്ക്കാണ് എന്നോർത്തപ്പോൾ എനിക്ക് വല്ലാത്ത പേടി തോന്നി. ഈ കോച്ചുന്ന തണുപ്പിലും ഞാൻ വിയർത്തു കുളിച്ചു. വല്ലാത്ത ദാഹവും, ശരീരത്തിന് തളർച്ചയും ഉണ്ടായി. വെള്ളം കുടിക്കണം, എഴുന്നേറ്റു നിൽക്കണം, അതായിരുന്നു എന്റെ അപ്പോഴത്തെ ആഗ്രഹം. എനിക്ക് അതിനു കഴിയില്ലായിരുന്നു, ഞാൻ പൊട്ടിക്കരഞ്ഞു. “
“നിൻ്റെ സ്വന്തമാകാൻ വേണ്ടിയാണ് ആ രാത്രി ഞാൻ റീത്തയോടൊപ്പം മല കയറി നിന്റെ വീട്ടിൽ വന്നത്. നീ പോയപ്പോൾ, ഞാൻ ദാഹം കൊണ്ട് വലഞ്ഞപ്പോൾ, കാൽ വേദന കൊണ്ട് പുളഞ്ഞപ്പോൾ മല കയറി വന്ന ദുർബല നിമിഷത്തെ ഞാൻ ശപിച്ചു. ഞാൻ നിന്റെ മാമായിയെ ശപിച്ചു. നിന്നോടൊപ്പം ജീവിക്കാൻ, നിന്റെ കുഞ്ഞിന് ജന്മം നല്കാൻ വേണ്ടിയാണ് ഞാൻ എല്ലാം ഉപേക്ഷിച്ചു നിന്റെ കൂടെ വന്നത്. “
ഗബ്രിയേൽ വാത്സല്യത്തോടെ ജാൻസിയുടെ മുടിയിൽ തഴുകി.
“നിനക്ക് നിരാശ തോന്നേണ്ട കാര്യമില്ല. അതിനിപ്പോൾ ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. “
“എത്ര നേരം ഞാൻ ഈ കിടക്കയിൽ കിടന്നു കരഞ്ഞുവെന്നെനിക്കൊർമ്മയില്ല. എന്റെ പിറകിൽ ഒരു കറുത്ത, വലിയ നിഴൽ പതിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ആ രൂപം ഏറെ നേരം എന്നെ നോക്കി നിന്നു. എനിക്കപ്പോൾ പേടിയൊന്നും തോന്നിയില്ല. മരിക്കാൻ പോകുന്ന നിമിഷം എല്ലാ ഭയവും അസ്തമിക്കുന്നത് കൊണ്ടാകാം. ഞാൻ ആ രൂപത്തിന് നേരെ കൈകൾ നീട്ടി, സഹായത്തിന് അപേക്ഷിച്ചു. ആ കറുത്ത കരങ്ങൾ എന്റെ നേരെ നീണ്ടു വന്നു. ആ കൈകൾ എന്നെ എടുത്തു നീർച്ചോലയുടെ അരികിൽ കിടത്തി. ഞാൻ ധാരാളം വെള്ളം കൈ കുമ്പിളിൽ കോരി കുടിച്ചു, എന്റെ പരവേശം അസ്തമിച്ചു. എനിക്ക് നല്ല ആശ്വാസം തോന്നി. എന്നെ ആ കരങ്ങൾ എടുത്തുയർത്തി. വലതു കാൽ എനിക്ക് നിലത്ത് കുത്തി നടക്കാൻ കഴിഞ്ഞു. ഇടതു കാലിന്റെ വേദന ശമിച്ചില്ല. ഞാൻ ഒരു വടിയും കുത്തി ഇവിടെയെല്ലാം ചുറ്റി നടന്നു. ആ സമയത്തൊക്കെ ആ നിഴൽ എനിക്ക് കാവൽ നിന്നു. “
“എന്നിട്ടിപ്പോൾ ?ആ നിഴലെവിടെ?”
“ആ നിഴൽ എന്നോട് സംസാരിക്കാൻ തുടങ്ങി. അത് പറഞ്ഞു, എഡ്‌വേർഡ് ഫ്രാൻസിസ്കോ റോഡ്രിഗസിൻ്റെ ആത്മാവാണ് ഞാൻ, എന്റെ അപ്പുപ്പൻ ഒരു പോർട്ടുഗീസ് രാജാവായിരുന്നു. അദ്ദേഹത്തിന്റെ ഇന്ത്യ സന്ദർശനത്തിൽ കുടുംബത്തെയും അദ്ദേഹം കൂടെ കൂട്ടി. ആ സമയത്ത് എന്റെ അച്ഛന് ഇരുപത് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു, അച്ഛൻ നവവധുവായ എൻ്റെ അമ്മ മെറ്റിൽഡയേയും കൂട്ടി, ഇന്ത്യയിലേയ്ക്ക് മധുവിധുവിനു പുറപ്പെട്ടു. അവരുടെ കപ്പൽ കാറ്റിലും കോളിലും പെട്ട് മുങ്ങാൻ തുടങ്ങിയ സമയത്ത്, എന്റെ അപ്പൂപ്പൻ ആ കാട്ടിലെ ദൈവത്തിന് ഒരു നേർച്ച നേർന്നു. ആപത്തിൽ നിന്നും രക്ഷിക്കാൻ മെറ്റിൽഡയുടെ ആദ്യത്തെ കൺമണിയെ ബലി കഴിക്കാം എന്നായിരുന്നു ആ നേർച്ച. “
“ഫ്രാൻസിസ്കോ കുടുംബം ഇന്ത്യയിലെത്തി, കച്ചവടം തുടങ്ങി. ചില നാട്ടുരാജ്യങ്ങളുടെ ഭരണവും പോർട്ടുഗീസ്കാർക്ക് ലഭിച്ചു. കുടുംബത്തിൽ, മെറ്റിൽഡയുടെ ആദ്യത്തെ കണ്മണിയായി രണ്ട് വർഷത്തിന് ശേഷം എഡ്‌വേർഡ് എന്ന ഞാൻ ജനിച്ചു. വർഷങ്ങൾ കഴിഞ്ഞു പോയി, ഞാൻ മിടുക്കനും സൽസ്വഭാവിയുമായി വളർന്നു വന്നു. ഞാൻ നാട്ടുകാരുടെ കണ്ണിലുണ്ണിയായി മാറിയിരുന്നു. മെല്ലെ മെല്ലെ എല്ലാവരും ആ നേർച്ചയുടെ കാര്യം മറന്നു. “
“ആ സമയത്ത്, വളരെ അവിചാരിതമായി അപ്പൂപ്പന് കഠിനമായ ഒരു രോഗമുണ്ടായി. അപ്പുപ്പന് ഭക്ഷണം കഴിക്കാൻ തീരെ വയ്യാതെയായി, ശരീരം ശോഷിച്ചു വന്നു. അദ്ദേഹം രക്തം തുപ്പി തുപ്പി അവശനായി മാറി. അപ്പോഴാണ് കാര്യസ്ഥൻ അപ്പൂപ്പനെ മുടങ്ങിയ നേർച്ചയെ കുറിച്ച് ഓർമ്മപ്പെടുത്തിയത്. മുടങ്ങിയ നേർച്ചയാണ് അപ്പൂപ്പന്റെ രോഗത്തിന് കാരണമെന്ന് അവർ കണ്ടെത്തി. അങ്ങനെ ബാലനായ എന്നെ രഹസ്യമായി ബലി കൊടുക്കാൻ അവർ തീരുമാനിച്ചു. തലേ ദിവസം രാത്രി ഇതറിഞ്ഞ എന്റെ അമ്മയായ മെറ്റിൽഡ എന്നെയും കൊണ്ട് പോർട്ടുഗീസ് പള്ളിയിലെത്തി. അവിടുത്തെ വികാരിയച്ചൻ ഇടപെട്ടിട്ട് അന്ന് എന്നെ മരണത്തിൽ നിന്നും രക്ഷിച്ചു. “
“അപ്പൂപ്പന്റെ കാലശേഷം അച്ഛൻ ഭരണം ഏറ്റെടുത്തു. ഞാൻ വളർന്നു സുന്ദരനായ ഒരു യുവാവായി മാറിയിരുന്നു. എന്നെ വിവാഹം കഴിക്കാനായി പോർട്ടുഗീസ് യുവതികൾ കാത്ത് നിന്നു. പക്ഷെ എനിക്ക് ആരോടും ഒരു ആകർഷണമോ ഇഷ്ടമോ തോന്നിയില്ല. എന്റെ പ്രിയപ്പെട്ട വിനോദം കച്ചവടമൊന്നും ആയിരുന്നില്ല. വേട്ടയാടുകയിരുന്നു എൻ്റെ ഹരം. ആ സമയത്ത് കൊടുങ്കാട്ടിൽ സുഹൃത്തുക്കളോടൊത്തു ഞാൻ ദിവസങ്ങളോളം വേട്ടയ്ക്ക് പോയിരുന്നു. “
“കാട്ടിൽ വച്ചാണ് ഞാൻ നീലിയെ കാണുന്നത്. കാട്ടിലെ മൂപ്പന്റെ മകൾ, ആദ്യ കാഴ്ചയിൽ തന്നെ എനിക്കവളെ ഇഷ്ടമായി, അവൾക്കെന്നേയും. ഞങ്ങൾ പരസ്പരം കാണാൻ വഴികളുണ്ടാക്കി. അതിനായി ഞങ്ങൾ കാട്ടിലിങ്ങനെ ഒരു ഗുഹ കണ്ടെത്തി. ഗുഹയിൽ അപ്പോൾ വെള്ളച്ചാട്ടം ഉണ്ടായിരുന്നില്ല, ഒരു നേരിയ നീർച്ചാൽ മാത്രം. അതിനു ചുറ്റും ഞാൻ ഊട്ടിയിൽ നിന്നും കൊണ്ട് വന്ന വിശിഷ്ടമായ വെള്ള ഡാലിയ പൂക്കൾ നട്ടു പിടിപ്പിച്ചു. അവിടെ വച്ച് ഞങ്ങൾ രഹസ്യമായി പോർട്ടുഗീസ് ആചാരപ്രകാരം വിവാഹം ചെയ്തു. “
“മൂപ്പന്റെ ഗോത്രത്തിലെ ആചാരമനുസരിച്ച്, അവരുടെ ഊരിലെ അവിവാഹിതരായ സ്ത്രീകൾക്ക് അന്യപുരുഷന്മാരെ കാണാൻ പാടില്ലായിരുന്നു. അതിനിടെ നീലി ഗർഭിണിയായി. അത് ഊരിലാകെ പാട്ടായി. നീലിയെ കൊല്ലാൻ മൂപ്പൻ ആജ്ഞ പുറപ്പെടുപ്പിച്ചു. അങ്ങനെ നീലി വധിക്കപ്പെടാൻ വിധിക്കപ്പെട്ടു. “
“അപ്പൂപ്പന് ഉണ്ടായ അസുഖം പ്രായമായതോടെ അച്ഛനേയും ബാധിച്ചു. അദ്ദേഹവും ചോര തുപ്പി തുപ്പി അവശനായി. അച്ഛന്റെ ആജ്ഞ അനുസരിച്ചു അനുചരന്മാർ, അമ്മയറിയാതെ മൂപ്പനെ ചെന്ന് കണ്ടു എന്നെ രഹസ്യമായി കൊല്ലാൻ അനുവാദം കൊടുത്തു. അങ്ങനെ ഒരു അമാവാസി ദിവസം എന്നേയും നീലിയേയും രഹസ്യമായി, ചൂരൽ മലയിലേക്കു കണ്ണുകൾ കെട്ടി കൈകാലുകൾ ബന്ധിച്ച്, കൂട്ടി കൊണ്ട് പോയി. അവിടെ അന്ന് പള്ളിയില്ല, വെറുമൊരു പോർട്ടുഗീസ് കുരിശ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. “
“ആ കുരിശിനു മുന്നിൽ ഞങ്ങളെ കെട്ടിയിട്ടു. പന്തങ്ങളുടെ വെട്ടത്തിൽ ആദിവാസികളുടെ കുരുതി പൂജകൾ ആരംഭിച്ചു. ആദ്യം എന്നെയാണവർ ഉന്നമിട്ടത്. കമഴ്ത്തി കിടത്തിയ എൻ്റെ കഴുത്തിൽ നീണ്ട വാൾ വീശി. ഞാൻ എങ്ങനെയോ ഒഴിഞ്ഞു മാറി. തീപന്തങ്ങളുടെ നടുവിൽ ഞാൻ പേടിച്ചു ബോധരഹിതനായി വീണു, ഞാൻ മരിച്ചെന്നു അവർ കരുതി. രക്തം ചിന്താതെയുള്ള മരണം, അതൊരു അപശകുനമായി അവർ കരുതി. “
“അടുത്തത് നീലിയുടെ ഊഴമായിരുന്നു. അവളെ അവർ ബലി പീഠത്തിൽ കിടത്തി, ജീവനോടെ അവളുടെ വയർ പിളർന്നു കുഞ്ഞിനെ പുറത്തെടുത്തു. ദുർബലനായ ആ കുഞ്ഞിനെ ബലി കൊടുക്കാനായി അവർ കല്ലിൽ കിടത്തി. ദുർബലൻ എങ്കിലും വെളുത്ത സുന്ദരനായ ഒരു കുഞ്ഞ്. ആ സമയത്ത് ശക്തമായ കാറ്റ് വീശി. കാറ്റിൽ പന്തങ്ങൾ ആടി ഉലയാൻ തുടങ്ങി. ആ തക്കം നോക്കി ഞാൻ എന്റെ കുഞ്ഞിനേയുമെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അത് എഡ്വേർഡിന്റെ പ്രേതമാണെന്നവർ കരുതി, അവിടെ കൂടിയവർ ഓടി രക്ഷപെട്ടു. “
“ഞാൻ ആ രാത്രി പള്ളി മുറ്റത്തൂടെ ഒഴുകുന്ന നീർച്ചോലയെ രഹസ്യ വഴികളിലൂടെ ഗുഹയിലെത്തിച്ചു. അവിടെ ഞാൻ എൻ്റെ നീലിയെ അടക്കം ചെയ്തു. ഞങ്ങളുടെ കുഞ്ഞിന് അപ്പോഴും ജീവനുണ്ടായിരുന്നു. അവന്റെ പൊക്കിളിലൂടെ ഒഴുകി വീണ ചോരത്തുള്ളികൾ വീണ് വെളുത്ത ഡാലിയ പൂക്കൾ കറുത്ത നിറമായി മാറി. എന്റെ കുഞ്ഞിനേയും നീലിയുടെ അടുത്ത് ഞാൻ കിടത്തി. ആ സ്ഥലത്തു ആരും എത്തി ചേരാതെ ഞാൻ ആ മാർഗ്ഗം അടച്ചു കളഞ്ഞു. രാപ്പകൽ ഞാൻ അവർക്ക് കാവൽ നിന്നു. നാലഞ്ചു ദിവസം കഴിഞ്ഞു എന്നെ അന്വേഷിച്ചു എന്റെ അമ്മയും വികാരിയും മലമുകളിലെത്തി. അവിടെ അവർ കണ്ടത് നിർജ്ജീവമായ എൻ്റെ ശരീരമായിരുന്നു. “
“എൻ്റെ ശരീരത്തെ അവർ വെള്ളത്തുണിയിൽ പൊതിയുന്നത് ഞാൻ മുകളിൽ നിന്ന് കണ്ടു. ആചാരപ്രകാരം എന്നെ അവർ കുരിശിൻ്റെ അരികെ ഒരു കല്ലറയിൽ അടക്കം ചെയ്തു. അടുത്ത് തന്നെ വളരെ വലിയ ചൂരൽമല പള്ളി പണിഞ്ഞു. അവിടെ നല്ലവരായ നാട്ടുകാർ എല്ലാം ദിവസവും പ്രാർത്ഥനയ്ക്ക് വന്നു. എന്റെ കല്ലറയിൽ പ്രാർത്ഥിച്ചവരെയൊക്കെ ഞാൻ സംരക്ഷിച്ചു. എന്റെ പ്രശസ്തി വർദ്ധിച്ചു. വിശ്വാസികൾ എന്നെ കാണാനായി എൻ്റെ കല്ലറ സന്ദർശിച്ചു. ഞാൻ മോക്ഷം കിട്ടാതെ അലഞ്ഞു. ചൂരൽ മലയും ഗുഹയും നീലിയേയും കുഞ്ഞിനേയും ഞാൻ സംരക്ഷിച്ചു വന്നു. അക്കാലത്തു പള്ളിയിൽ വന്ന മാർട്ടിൻ അച്ചൻ ക്രിസ്തീയ മാർഗ്ഗം വിട്ടു ദുർമന്ത്രവാദ പ്രയോഗങ്ങൾ തുടങ്ങി. പലപ്രായത്തിലുള്ള സ്ത്രീകളെ വലയിലാക്കി അയാൾ പുജകൾക്ക് ഉപയോഗിച്ചു. എന്റെ ആത്മാവിനെ അയാൾ തൻ്റെ നിയന്ത്രണത്തിലാക്കി. അയാൾ ഗുഹയിൽ പ്രവേശിച്ചു, അയാളുടെ രഹസ്യസങ്കേതമാക്കി. “
“ഗർഭസ്ഥ ശിശുവിന്റെ ചോരയാൽ, ശക്തിയാൽ അത്ഭുതം സംഭവിച്ച ഡാലിയ പൂക്കളെ അയാൾ മന്ത്രവാദത്തിനു ഉപയോഗിച്ചു. പള്ളിയും ചൂരൽ മലയും അയാളുടെ വരുതിയിലാക്കി. സമ്പന്ന കുടുംബങ്ങളിലെ പോർട്ടുഗീസ് വനിതകളെ അയാൾ എഡ്വേർഡിന്റെ അടിമകളാക്കാൻ നിർബന്ധിച്ചു. അങ്ങനെ വന്നവരെ അയാളുടെ നിയന്ത്രണത്തിലാക്കി. അവരുടെ കന്യകാത്വം അപഹരിച്ചു. എൻ്റെ നല്ല പേര് അയാൾ ദുരുപയോഗം ചെയ്തു. “
“ഫ്രാൻസിസ്കയെ പോലുള്ള അനേകം സ്ത്രീകൾ സ്വമേധയാ അയാളിൽ ആകൃഷ്ടരായി, എന്തിനും തയാറായി വന്നു. അക്കാലത്തു വന്ന വികാരിയച്ചൻ ഒരു പുണ്യാത്മാവ് ആയിരുന്നു. അദ്ദേഹം ഇതിനൊക്കെ എതിരായിരുന്നു. അദ്ദേഹം എഡ്വേർഡിന്റെ ആത്മാവിൻ്റെ മോചനത്തിനായി സഹായിക്കാമെന്ന് എൻ്റെ കുടുംബത്തിന് വാക്ക് നൽകി. ഭർതൃമതിയായ ഒരു സ്ത്രീ നീലിയുടെ അവതാരമായി വരുമെന്ന് അദ്ദേഹം പ്രവചിച്ചു. അവൾ ജനിച്ചു ഏതാനും വർഷത്തിന് ശേഷം ഒരു പോർട്ടുഗീസ് കുടുംബത്തിൽ എഡ്വേർഡ് പുനർജനിക്കുമെന്നും, അവർ ഒന്നിച്ചു ഈ ഗുഹയിൽ പ്രവേശിക്കുന്ന സമയത്ത് ബ്ലാക്ക് ഡാലിയയുടെ മാന്ത്രികത വർദ്ധിക്കുമെന്നും പ്രവചിച്ചു. ഇതറിഞ്ഞ നിമിഷം വികാരിയച്ചനെ മാർട്ടിൻ അച്ചനും അനുചരന്മാരും രഹസ്യമായി കൊലപ്പെടുത്തി. ഇപ്പോൾ നിങ്ങളെ കണ്ട നിമിഷം എന്റെ ആത്മാവിൻ്റെ ബന്ധനം അവസാനിച്ചു. ഞങ്ങളുടെ കുഞ്ഞു നിന്റെ വയറ്റിൽ പുനർജനിച്ചിരിക്കുകയാണ്. നീ നീലിയാണ്. നിങ്ങൾ രണ്ട് പേരും പൂർണമായും ഒന്നാകുന്നത് വരെ ഒരു കറുത്ത നിഴലായി ഞാൻ നിങ്ങളുടെ കൂടെ ഉണ്ടാകും. ഞാനും ഗബ്രിയേലും ഒന്നാണ്. “
ജാൻസി പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ ഗബ്രിയേൽ വീണ്ടും ചോദിച്ചു.
“എന്നിട്ട് ആ കറുത്ത നിഴൽ എവിടെ. “
ഗബ്രിയേൽ ചുറ്റും നോക്കി.
“ഇവിടെ നമ്മുടെ ഒപ്പമുണ്ട്. നീ മനസ്സ് ശാന്തമാക്കൂ, നിഴലായി എഡ്വേർഡ് കൂടെ തന്നെയുണ്ട്. നമുക്ക് കാവലായി എന്നും ഉണ്ടാകും. പകരം അതെന്നോട് ഒന്നേ ആവശ്യപ്പെട്ടോളൂ. “
“എന്താണ് ആവശ്യപ്പെട്ടത്. “
“അത് പറയുന്നത് നീ കേൾക്കുന്നില്ലേ. “
“ഇല്ല ഞാൻ ഒന്നും കേൾക്കുന്നില്ല. “
“ശ്രദ്ധിക്കൂ. നിനക്കും കേൾക്കാൻ കഴിയും. അന്ന് ഞാൻ പിഴുതെറിഞ്ഞ കറുത്ത ഡാലിയ ചെടികൾ ചതുപ്പിലെവിടെയോ നിൽപ്പുണ്ട്. അത് തിരികെ കൊണ്ട് വന്നു ഈ നീർച്ചോലയുടെ അരികിൽ നടണം, എന്നാലെ എല്ലാം പൂർണ്ണമാകൂ, അതിൽ നമ്മുടെ കുഞ്ഞിൻ്റെ ചോര വീണിട്ടുണ്ട്. “
“അത്രേയുള്ളോ അത് ഞാൻ ചെയ്യാം. “
“എത്രയും വേഗം വേണം ഗബ്രിയേൽ. “
“പുറത്തു പോലീസുണ്ട് ചുറ്റുന്നുണ്ട്. അവരെന്നെ തേടി വന്നതാണ്. “
“നേരം വെളുത്താൽ പോലീസ് മടങ്ങി വരും. അതിനു മുൻപ് തന്നെ അത് നമുക്ക് സാധിക്കണം. “
ഡാലിയ ചെടി തപ്പി ചതുപ്പിലേക്കു പോയ ഗബ്രിയേൽ കണ്ടത് അവനായി റീത്ത കൊണ്ട് വച്ച വലിയൊരു കുട്ടയായിരുന്നു. അതിൽ അവർക്കുള്ള വസ്ത്രങ്ങളും ഭക്ഷണ സാമഗ്രികളും നിറച്ചിരുന്നു.
ഗബ്രിയേൽ ഇരുട്ടിൽ വീണ്ടും ഡാലിയ ചെടികൾ തേടിയിറങ്ങി. ഗബ്രിയേലിനെ കാത്തു കിടന്നു ജാൻസി മയങ്ങി പോയി. എന്തോ ശബ്ദം കേട്ടവൾ ഉണർന്നു. നീർച്ചോലയുടെ അരികിൽ നാലു ഡാലിയ ചെടികളുമായി ഗബ്രിയേൽ നില്ക്കുന്നു.
“നേരം വെളുക്കുന്നത് വരെ ഞാൻ ചെടികൾ അന്വേഷിച്ചു. നാലെണ്ണം മാത്രമേ കിട്ടിയുള്ളൂ. കിട്ടിയതൊന്നും ബ്ലാക്ക് ഡാലിയ ചെടികൾ അല്ല, എല്ലാത്തിലും വെളുത്ത വലിയ പൂക്കളാണ്. “
ജാൻസി ചിരിച്ചു.
“അവൾ ഒടിഞ്ഞ കാൽ നീട്ടി വച്ച് നിലത്തു കുത്തിയിരുന്നു. നാലു ചെടികളും നീർച്ചോലയുടെ രണ്ടു ഭാഗത്തായി നാട്ടു പിടിപ്പിച്ചു.
“ഇനി ഒരു കർമ്മം കൂടി ബാക്കിയുണ്ട്. “
അവൾ ഗബ്രിയേലിന്റെ ഇടതു കയ്യിലെ ചെറുവിരൽ കടിച്ചു മുറിച്ചു. അവന്റെ വിരലുകളിൽ നിന്നും ഒഴുകിയ ചോര തുള്ളികൾ അവൾ നാലു ചെടികളിലും ഇറ്റിച്ചു. അവളുടെ ആ പ്രവർത്തി കണ്ടു ഭയന്ന ഗബ്രിയേലിന് അവന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
വെള്ള ഡാലിയ പൂക്കൾ എല്ലാം കറുത്ത നിറത്തിലായി കഴിഞ്ഞിരുന്നു.
“ഗബ്രിയേൽ ഞാൻ നശിപ്പിച്ച ബ്ലാക്ക് ഡാലിയകളുടെ ലോകം ഞാൻ മടക്കി കൊണ്ട് വന്നിരിക്കുന്നു, അത് എൻ്റെ വിധി. നിന്റെ വിധി മറ്റൊന്നാകേണ്ടതായിരുന്നു. നിന്റെ മാമായി നിനക്കായി മറ്റൊരു ലോകമാണ് വിധിച്ചത്. എന്നാണോ നീ മാമായിയുടെ മന്ത്രികപ്പെട്ടി തുറന്നത്, അന്ന് മുതൽ ഈ അത്ഭുത ലോകം സംരക്ഷിക്കേണ്ട ചുമതല നിനക്കായി മാറി. നിന്റെ കുഞ്ഞിനെ ഗർഭം ധരിച്ചതോടെ ഞാനും ഇതിന്റെ ഭാഗമായി മാറി. “
ഗബ്രിയേൽ അത്ഭുതത്തോടെ ജാൻസിയെ നോക്കി. അവളുടെ അടി വയറ്റിൽ അവൻ മെല്ലെ തടവി.
“എന്റെ കുഞ്ഞോ?”
“അതെ ഇരുപതാമത്തെ വയസ്സിൽ നീ ഒരു കുഞ്ഞിന്റെ പിതാവായി മാറി. നിന്റെ കാലശേഷം ഈ പൂക്കളുടെ ലോകം അവൻ ഭരിക്കും. മാർട്ടിൻ അച്ചൻ ചെയ്ത പോലെ ലോക നാശത്തിനായല്ല ഈ ലോകം. ലോക നന്മയ്ക്കാണ്. നമ്മളെ എഡ്വേർഡ് കൈ വിടില്ല, ബ്ലാക്ക് ഡാലിയ പൂക്കൾ അത്ഭുതങ്ങൾ കാട്ടി തരും. “
ജാൻസി ഗബ്രിയേലിനെ ചേർത്ത് പിടിച്ചു. അവരുടെ പിറകിൽ ഒരു കറുത്ത നിഴൽ നില്ക്കുന്നത് ഗബ്രിയേൽ കണ്ടു. അവൻ ഭയന്നില്ല.
പെട്ടെന്ന് ഗുഹാ മുഖത്ത് ഒരു വാചകം തെളിഞ്ഞു.
“Clausa porta nullus intrat. ” എന്ന ആ ലാറ്റിൻ വാചകങ്ങളുടെ അർത്ഥം
“വാതിൽ അടഞ്ഞിരിക്കുമ്പോൾ ആരും അകത്ത് പ്രവേശിക്കുന്നില്ല. ” എന്നായിരുന്നു.
“ഇതാണിനി നമ്മുടെ ലോകം. ഞാനും നീയും നമ്മുടെ കുഞ്ഞും. “
ഗബ്രിയേൽ ജാൻസിയുടെ അടിവയറ്റിൽ തടവി. സ്നേഹത്തിന്റെ ഊഷ്മളത അവരുടെ ചുറ്റും നിറഞ്ഞു.
അവസാനിച്ചു….
✍️നിഷ പിള്ള


1 Comment
Pingback: ബ്ലാക്ക് ഡാലിയ -23 - By Nisha Pillai - കൂട്ടക്ഷരങ്ങൾ