പള്ളിയുടെ ഭൂഗർഭ അറയിൽ മയങ്ങി കിടന്ന ഗബ്രിയേൽ ഒരു സ്വപ്നം കണ്ടു, വിയർത്തു ഞെട്ടിയുണർന്നു.
“വെള്ളം വെള്ളം…. “
അടുത്തെങ്ങും ആരുമുണ്ടായിരുന്നില്ല. അവിടമാകെ പൂർണ്ണ നിശബ്ദത. ഗബ്രിയേലിന്റെ തേങ്ങൽ അവിടമാകെ മാറ്റൊലി കൊണ്ടു. അവൻ ചുറ്റും നോക്കി, അടുത്തുള്ളതൊന്നും കാണാൻ പറ്റുന്നില്ല. ഒരു കറുത്ത നിഴൽ അവന് ചുറ്റും വലം വച്ചു.
ദൂരെ വലിയ തടികഷണങ്ങൾ കത്തിയമർന്ന ചാര കൂമ്പാരം, ഇരുട്ടിൽ ചെന്നായയുടെ കണ്ണുകൾ പോലെ തിളങ്ങിയിരുന്നു. ആ ചുവന്ന തിളക്കം അവനെ പരിഭ്രാന്തനാക്കി.
ഗബ്രിയേൽ കണ്ണുകളടച്ചു കിടന്നു. വല്ലാത്ത ദാഹം തോന്നി. ദേഹവും ദേഹിയും ഒരേ പോലെ തളർന്ന അവസ്ഥ. നീർച്ചോലയിലെ വെള്ളത്തിന്റെ ഒഴുക്ക് കൂടി കൂടി വന്നു. വെള്ളം ഭ്രാന്തമായ വേഗതയിൽ കര കവിഞ്ഞൊഴുകി. അത് ഗബ്രിയേലിന്റെ പാദങ്ങളെ നനച്ചു. വെള്ളത്തിന്റെ കളകളാരവത്തിനായി ഗബ്രിയേൽ ചെവിയോർത്തു.
“ഇല്ല അധിക ദൂരത്തല്ല നീർച്ചാൽ. “
ഗബ്രിയേൽ നിലത്തു കൂടെ നിരങ്ങി നിരങ്ങി മുന്നോട്ടു നീങ്ങി. വെള്ളത്തുള്ളികൾ ചിതറി തെറിച്ചു ഗബ്രിയേലിന്റെ പുറത്തു വീണു. അവൻ രണ്ടു കൈ കുമ്പിളിലും നിറയെ വെള്ളമെടുത്തു കോരി കുടിച്ചു, മുഖം കഴുകി. നല്ല ആശ്വാസം തോന്നി. ശരീരത്തിന് നല്ല ശക്തി വന്നത് പോലെ. ഗബ്രിയേൽ മെല്ലെ എഴുന്നേറ്റു, ഡാനിയേലയും ജാൻസിയും എവിടെ?. അവരൊക്കെ എങ്ങോട്ടു പോയി. അവൻ വേച്ച് വേച്ച് മുന്നോട്ടു നടന്നു.
“ആരെയും കാണുന്നില്ല. അവരൊക്കെ എങ്ങനെ ഇവിടുന്നു പുറത്തു കടന്നു?”
ഗബ്രിയേൽ ചുറ്റും നോക്കി പുറത്തു കടക്കാൻ യാതൊരു മാർഗ്ഗവുമില്ല. ഭൂമിക്കടിയിലെ മൺഭിത്തികളുടെ നിർമ്മിതി, അസാമാന്യമായ കലാവിരുത്, ഇങ്ങനെയൊരു നിർമ്മാണം പുറത്തു നിന്നുമൊരാൾക്കു എളുപ്പത്തിൽ കണ്ടെത്താൻ കഴിയില്ല. അൾത്താരയുടെ താഴെയുള്ള പടിക്കെട്ടുകൾ ഇറങ്ങിയും വിശുദ്ധ എഡ്വേർഡിന്റെ ശവകുടീരത്തിലൂടെയുള്ള രഹസ്യ വഴിയിലൂടെയും ഈ ഭൂഗർഭ അറയിലെത്താം. പള്ളിയിലെ അൾത്താരയും പടിക്കെട്ടുകളും പൂർണമായും കത്തി നശിച്ചിരുന്നു.
ഭൂമിക്കടിയിലുള്ള നീർച്ചോലയും വെള്ളക്കെട്ടും ഗബ്രിയേലിനു അത്ഭുതമായി തോന്നി. ഈ വെള്ളമെങ്ങനെ ഭൂമിക്കടിയിൽ ഒഴുകിയെത്തി. ആരാണ് ഇതിനു ചുറ്റും ഈ ബ്ലാക്ക് ഡാലിയ ചെടികൾ നാട്ടു പിടിപ്പിച്ചത്?ഈ ചെടികൾ എങ്ങനെയാണ് ഇരുട്ടിൽ വളർന്നു പുഷ്പിക്കുന്നത്?സൂര്യപ്രകാശം കിട്ടാതെയാണോ ഈ പൂക്കൾ കറുത്ത് പോയത്. ജാൻസി പിഴുതെറിഞ്ഞ, വാടിയ ഡാലിയ ചെടികൾ ഗബ്രിയേൽ കയ്യിലെടുത്തു. ആ ചെടികളിൽ നിന്നും ഒരു ഊർജ്ജ്വം തന്നിലേക്ക് പ്രവഹിക്കുന്നത് പോലെ അവനു തോന്നി. അവനത് ഭയത്തോടെ വെള്ളത്തിൽ ഉപേക്ഷിച്ചു.
തന്റെ പിന്നിലൊരു ഞെരക്കം കേട്ടാണ് ഗബ്രിയേൽ തിരിഞ്ഞു നോക്കിയത്. ജാൻസി നിലത്തു കിടക്കുന്നു, അവൾ നേരിയ മയക്കത്തിലാണ്. ഗബ്രിയേൽ രണ്ടു കൈ കൊണ്ടും അവളെ കോരിയെടുത്തു. അവളെ തന്റെ നെഞ്ചോടു ചേർത്തു.
“എന്റെ പൊന്നെ എനിക്ക് നിന്നെ തിരികെ കിട്ടിയല്ലോ. “
താനിവിടെ ഒറ്റയ്ക്കല്ല എന്ന ബോധം അവന് ആശ്വാസം നൽകി. ജാൻസി ഭർത്തൃമതിയായ പെണ്ണാണ്, തന്നോടുള്ള വിശ്വാസം കൊണ്ട്, സ്നേഹം കൊണ്ട് വീട് വിട്ടു, എല്ലാം ഉപേക്ഷിച്ചു കൂടെ വന്നവളാണ്. ആർക്കുമവളെ വിട്ടു കൊടുക്കില്ല. ഈ ലോകത്ത് ഗബ്രിയേൽ ഉള്ള കാലത്തോളം ജാൻസിയും ഉണ്ടാകണം. അതും പൂർണ ആരോഗ്യത്തോടെ…
“ജാൻസീ, അവരെ കാണാനില്ല. അവരൊക്കെ എവിടെയാണോ എന്തോ?”
ജാൻസി നീർച്ചോലയിലേയ്ക്ക് കൈ ചൂണ്ടി കാട്ടി.
“അവർ അത് വഴിയാണ് പോയത്. അലോഷിയെ പിന്തുടർന്ന് അവർ പോയി. “
ജാൻസിയുടെ കാലുകൾ രണ്ടും ഒടിഞ്ഞ് തൂങ്ങിയിരുന്നു. ഗബ്രിയേൽ ജാൻസിയെ ചോലയുടെ അടുത്ത കൊണ്ട് പോയി നിലത്തു കിടത്തി. തണുത്ത വെള്ളം കൊണ്ട് അവളുടെ ചുണ്ടുകൾ നനഞ്ഞു. അവളുടെ മുഖം തണുത്ത വെള്ളം കൊണ്ട് തുടച്ചു. അവളുടെ മുറിവുകളിലെ രക്തസ്രാവം നിലച്ചിരുന്നു. ജാൻസിയെയും എടുത്തു കൊണ്ട് ഗബ്രിയേൽ നടന്നു. അവൻ പുറത്തേക്കുള്ള വഴിക്കായി നാലുപാടും നോക്കി.
“ജാൻസിയെ എത്രയും പെട്ടെന്ന് പുറത്തെ ലോകത്തെത്തിക്കണം. അടിയന്തിരമായി ഏതെങ്കിലും ആശുപത്രിയിൽ കൊണ്ട് അവളെ പോയി ചികിൽസിക്കണം. “
അവൻ വിളിച്ചു കൂവി. ആരെങ്കിലും രക്ഷപ്പെടുത്താൻ വരുമെന്ന് കരുതി.
എങ്ങോട്ടു പോകണമെന്ന ആശങ്കയിൽ അവൻ നട്ടം തിരിഞ്ഞു. അവനു വഴി കാട്ടാനെന്ന രീതിയിൽ അവനു മുന്നിൽ വട്ടം ചുറ്റിയ രണ്ടു വലിയ കറുത്ത പൂമ്പാറ്റകളെ അവൻ ശ്രദ്ധിച്ചു. പൂമ്പാറ്റകൾ അവനെ മാടി വിളിക്കുന്നത് പോലെ ഗബ്രിയേലിനു തോന്നി. ഗബ്രിയേൽ പൂമ്പാറ്റകളെ പിന്തുടർന്നു, ജാൻസിയേയും എടുത്തു നീർച്ചോലയിൽ നിന്നുള്ള വെള്ളച്ചാലിലൂടെ നടന്നു. മുന്നോട്ടു പോകും തോറും നീർച്ചോലയുടെ വീതി കുറഞ്ഞു ഒരു ചെറിയ തോട് പോലെയായി. തോടിലൂടെ കാലുകൾ നനച്ച് കൊണ്ട് ഗബ്രിയേൽ മനസ്സിൽ ശുഭാപ്തി വിശ്വാസം വീണ്ടെടുത്തു. പെട്ടെന്ന് ചുറ്റുമുള്ള അന്തരീക്ഷത്തിന് മാറ്റം വന്നു. ഭൂഗർഭത്തിൽ നിന്നും അവർ ഒരു തുറന്ന സ്ഥലത്തു എത്തി, അവിടെ പക്ഷികളും മരങ്ങളും ഉണ്ടായിരുന്നു.
ഗബ്രിയേൽ ചുറ്റും നോക്കി, ആ സ്ഥലം അവനു വളരെ പരിചിതമായി തോന്നി. അവൻ മുന്നോട്ടു നടന്നു, കണ്ണെത്താ ദൂരത്ത് ചതുപ്പാണ്, കാട്ടുചേമ്പു നിറഞ്ഞ വിശാലമായൊരിടം. നഗ്നമായ കാലുകളുമായി ഗബ്രിയേൽ ജാൻസി യുമായി ചതുപ്പിലേയ്ക്ക് നടന്നു.
ഗബ്രിയേൽ തിരിഞ്ഞ് നോക്കി. പിറകിലൊരു ഗുഹാ മുഖം, അതിനെ ഒഴുകുന്ന തോട് മറച്ചിരുന്നു.
“അപ്പോൾ ഇതാണ് ആ രഹസ്യ വഴി. “
ഗബ്രിയേൽ ചതുപ്പിലെത്തി. അതേ ചതുപ്പ്, മൂന്നാലു വർഷങ്ങളായി ഗബ്രിയേലിന്റെ ദിവസങ്ങൾ തുടങ്ങുന്നത് ഇവിടെ നിന്നാണ്. വിശാലമായ ചതുപ്പിൽ ഒളിച്ചിരുന്ന കുളക്കോഴികൾ അവനെ കണ്ടിട്ട് പറന്നകന്നു. അവൻ തന്റെ കൈത്തണ്ടയിൽ വാടി കിടന്ന ജാൻസിയെ നോക്കി, അവളിപ്പോഴും മയക്കത്തിലാണ്. വേദനയുടെ കാഠിന്യം കൊണ്ടായിരിക്കും അവളുടെ മുഖം വലത് വശത്തേയ്ക്ക് കോടിയിരുന്നു.
“ഇനി എങ്ങോട്ടാണ്?”
ജാൻസിയെ കാണാഞ്ഞ് ഭർത്താവ് സൈമൺ അവളെ തെരഞ്ഞു നാട്ടിൽ ഇറങ്ങി കാണും. ഇവളെയും കൊണ്ട് നാട്ടിലേയ്ക്ക് പോയാൽ ജാൻസിയെ തനിക്കു നഷ്ടപ്പെടും. പോലീസ് തന്നെ അറസ്റ്റ് ചെയ്യും. നാട്ടുകാരുടെ മുന്നിൽ അന്യന്റെ ഭാര്യയെ അപഹരിച്ചു കൊണ്ടു പോയ ദുഷ്ടാത്മാവാണ് ഗബ്രിയേൽ. എല്ലാവർക്കും ദുർമന്ത്രവാദിനിയായ ഫ്രാൻസിസ്കയുടെ മകനാണ് താൻ.
കണ്ണപ്പനും ഡാനിയേലയും ജീവനോടെയുണ്ടോ എന്നറിയണം. വിശ്വസിച്ചു സമീപിക്കാൻ കഴിയുന്നത് മാഗിയെയും റീത്തയേയുമാണ്. ഈ പകൽ അവരുടെ അടുത്തെത്താൻ കഴിയില്ല. രാത്രി ആകുന്നത് വരെ ചതുപ്പിൽ ഒളിച്ചിരിക്കണം. ജാൻസിയുടെ ഈ അവസ്ഥയിൽ അവളുമായി യാത്ര ചെയ്യാനും കഴിയില്ല.
ചൂരൽമലയിൽ നിന്നും അടിവാരത്തെ ചതുപ്പിലേക്കുള്ള ഈ രഹസ്യപാത തല്ക്കാലം രഹസ്യമായി വയ്ക്കണം. തനിക്കും ജാൻസിക്കും ഒളിവിൽ കഴിയാൻ ഇങ്ങനൊരു ഒളിസങ്കേതം ആവശ്യമുണ്ട്.
ജാൻസിയെ നിലത്തു കിടത്തി അവളുടെ ഒടിഞ്ഞ കൈ കാലുകൾ നേരെയാക്കി, മരക്കമ്പുകൾ കൊണ്ട് കെട്ടി വച്ചു. ജാൻസി കണ്ണുകൾ തുറന്നു, വേദനയുണ്ടെങ്കിലും അവൾ ഗബ്രിയേലിനെ നോക്കി പുഞ്ചിരിച്ചു.
“ജാൻസി നിനക്കെന്നോട് ദേഷ്യം തോന്നുന്നില്ലേ. “
“എന്തിന്, എനിക്ക് നിന്റെ കൂടെ ജീവിച്ചാൽ മതി. അതിപ്പോൾ സന്തോഷമായാലും സങ്കടമായാലും നമുക്കൊന്നിച്ചു അനുഭവിക്കാം. “
ഞാൻ പോയി എന്തെങ്കിലും കഴിക്കാൻ മേടിച്ചു കൊണ്ട് വരാം. “
“ഇല്ല എനിക്ക് പേടിയാകുന്നു, നിന്നെ ഒറ്റയ്ക്ക് ഞാൻ വിടില്ല. “
ഗബ്രിയേൽ ജാൻസിയേയുമെടുത്ത് നേരെ കാട്ടിലേക്ക് നടന്നു.
“നമ്മൾ വളരെ സൂക്ഷിക്കണം. നാട്ടിൽ നമ്മളെ കാത്ത് സൈമണും കൂട്ടരും ഉണ്ടാകും. കുറച്ചു ദിവസം നമുക്ക് ഈ കാട്ടിൽ കഴിയാം. എല്ലാം ശാന്തമാകുന്നത് വരെ. “
വിശപ്പ് എന്ന വികാരം കീഴ്പ്പെടുത്തുന്നത് വരെ അവരുടെ ഇടയിൽ എല്ലാം ശാന്തമായിരുന്നു.
“ഗബ്രിയേൽ, എനിക്ക് വിശന്നിട്ട് വയ്യ. നമുക്ക് വന്നിടത്തേക്ക് മടങ്ങി പോകാം. അവിടെ വെള്ളമുണ്ട്. അത് കുടിച്ച് ജീവനോടെയിരിക്കാം. “
ഗബ്രിയേൽ മറുപടി ഒന്നും പറഞ്ഞില്ല.
“എന്താ ഗബ്രി മിണ്ടാത്തത്. “
“ഞാൻ ആലോചിക്കുന്നത് അതല്ല. എനിക്ക് ആപത്ത് ഉണ്ടാകുമ്പോൾ എല്ലാം അപ്പൻ്റെ സാമീപ്യം ഉണ്ടാകാറുണ്ട്. പക്ഷേ ഇപ്പോൾ അങ്ങനെ എനിക്ക് തോന്നുന്നില്ല. എനിക്ക് തോന്നുന്നു മാമായിയ്ക്ക് എന്തോ ആപത്ത് സംഭവിച്ചുവെന്ന്, അവർ ഈ ലോകത്ത് നിന്നും പോയപ്പോൾ. എൻ്റെ അപ്പന് മോക്ഷം ലഭിച്ച് കാണും. മാമായിയുടെ ഉപദ്രവം മൂലം ഗതികെട്ട് അലഞ്ഞ് നടന്ന ആത്മാവായിരിക്കും അത്, പാവം അപ്പൻ. “
ജാൻസിയെ ഒരു മരത്തണലിൽ ഇരുത്തിയിട്ട് ഗബ്രിയേൽ ചതുപ്പിലേക്കിറങ്ങി. ചതുപ്പിലെ കാട്ടുപൊന്തകളുടെ ഇടയിൽ നിന്നും കുറെ ചെറിയ മുട്ടകളുമായി ഗബ്രിയേൽ മടങ്ങി വന്നു. അത് സുരക്ഷിതമായി ജാൻസിയുടെ കയ്യിലേൽപ്പിച്ചു കൊണ്ട് ഗബ്രിയേൽ വീണ്ടും ചതുപ്പിലിറങ്ങി.
കാട്ടുപൊന്തകളുടെ ഇടയിലൂടെ മെല്ലെ നീങ്ങുന്ന ഗബ്രിയേലിനെ നോക്കി ജാൻസി കണ്ണുകളടച്ചു. പത്ത് പതിനഞ്ച് നിമിഷങ്ങൾ കഴിഞ്ഞപ്പോൾ കാട്ടു കോഴികൾ ശബ്ദമുണ്ടാക്കി നാലു വശത്തേക്കും പറന്നകന്നു.
എന്ത് സംഭവിച്ചു എന്നറിയാൻ ജാൻസി കണ്ണുകൾ തുറന്നു.
രണ്ട് കയ്യിലും കുളക്കോഴികളുമായി ഗബ്രിയേൽ മടങ്ങി വന്നു.
“നീ ഇത് പിടിക്കൂ. നമുക്ക് വന്നിടത്തേക്ക് മടങ്ങി പോകാം. നിൻ്റെ പരിക്കുകൾ ഭേദമാകുന്നത് വരെ നമുക്കൊരു ഒളിത്താവളം ആവശ്യമാണ്. ഈ ചതുപ്പിൽ കഴിയാൻ പറ്റില്ല. കാട്ടിൽ പോലീസ് നമുക്കായി തെരച്ചിൽ തുടങ്ങി കാണും. “
“അവിടെ കഴിയാൻ എനിക്ക് പേടിയാണ് ഗബ്രിയേൽ. അവിടെ നമുക്ക് എന്തൊക്കെ ദുരനുഭവങ്ങൾ ഉണ്ടായതാണ്. “
“ഇതിൽ കൂടുതൽ ഇനി എന്ത് സംഭവിക്കാനാണ് ജാൻസി. നമ്മുക്ക് എല്ലാം മറി കടന്നേ പറ്റൂ. നമുക്ക് ഒന്നിച്ചൊരു ജീവിതം അതാണെൻ്റെ സ്വപ്നം. “
ഗബ്രിയേലിൻ്റെ കൈകളിൽ കാട്ടുകോഴികളും മുട്ടകളും മാറോട് ചേർത്ത് പിടിച്ച് ജാൻസി കിടന്നു.
തോട്ടിലൂടെ വന്ന വഴിയിലൂടെ മടങ്ങി. ഒടുവിൽ വെള്ളച്ചാട്ടത്തിൻ്റെ ശബ്ദം കേട്ട് തുടങ്ങി. ജാൻസിയെ നിലത്ത് കിടത്തി.
ഗബ്രിയേൽ കനൽ വീണ്ടും ഊതി കത്തിച്ചു, തൊലിയുരിച്ച കോഴിയെ അവൻ കനലിൽ ചുട്ടെടുത്തു. ചുട്ട മുട്ടയും കോഴിയിറച്ചിയും ജാൻസിയെ കഴിപ്പിച്ചു.
“രുചി ഒന്നും നോക്കണ്ട. ഉപ്പും മസാലയൊന്നും കിട്ടാൻ വഴിയൊന്നുമില്ല, കിട്ടുന്നത് എല്ലാം കഴിച്ച് ജീവൻ നിലനിർത്തിയേ പറ്റൂ. ഇവിടെയാകുമ്പോൾ കുടിക്കാൻ ശുദ്ധമായ വെള്ളമുണ്ട്. “
ഭക്ഷണം കഴിച്ചു അവർ തീയുടെ അടുത്ത് ഉറങ്ങാൻ കിടന്നു.
“ഗബ്രിയേൽ ഇതിൻ്റെ മുകളിൽ പള്ളിയല്ലേ. അപ്പോൾ നമ്മൾ പറയുന്നത് മുകളിൽ ഉള്ളവർ കേൾക്കില്ലേ. ഇവിടെ നടക്കുന്നത് അവർ അറിയില്ലേ. “
ജാൻസിയെ തൻ്റെ കരവലയത്തിലൊതുക്കി കിടത്തി ഉറങ്ങാൻ ഗബ്രിയേൽ വളരെയധികം മോഹിച്ചു. പക്ഷെ ഒന്ന് അനങ്ങാൻ പോലും ആകാതെ പൊട്ടലിൻ്റെ വേദന കടിച്ചമർത്തി ജാൻസി നീണ്ടു നിവർന്നു കിടന്നു. തലേ രാത്രിയിലെ പോരാട്ടത്തിൻ്റെ ക്ഷീണം രണ്ട് പേരേയും ഉറങ്ങാൻ പ്രേരിപ്പിച്ചു.
വെള്ളച്ചാട്ടത്തിൻ്റെ കോച്ചുന്ന തണുപ്പും, കത്തിയെരിയുന്ന തടികൂമ്പാരത്തിൻ്റെ ഇളം ചൂടും, വയറ് നിറയെ കഴിച്ച ഭക്ഷണവും, ആലസ്യത്തിൽ ഗബ്രിയേൽ കിടന്നയുടനെ മയങ്ങി പോയി. അത്ര സുഖകരമായിരുന്നില്ല ജാൻസി യുടെ അവസ്ഥ. ഒന്ന് മയങ്ങി ഉണർന്നപ്പോഴേക്കും കനലുകൾ കെട്ട്, ചൂട് കുറഞ്ഞ് തുടങ്ങി. അവളുടെ ഒടിഞ്ഞു തൂങ്ങിയ കാലുകൾ മരവിച്ചു തുടങ്ങി. വേദന സഹിക്കാനാകാതെ അവൾ നിലവിളിച്ചു.
“ഗബ്രിയേലെ.. ഒന്ന് വരൂ. “
വെള്ളത്തിൻ്റെ ശബ്ദത്തിനിടയിൽ ജാൻസിയുടെ ശബ്ദം ലോപിച്ച് പോയി. വളരെ നേരം അവൾ കരഞ്ഞ് വിളിച്ചിട്ടും അവൻ ഉണർന്നില്ല.
അവൾ മരപ്പാളികളാൽ കെട്ടിയുറപ്പിച്ച, മരവിച്ച അവളുടെ കാലുകൾ വായുവിൽ ഉയർത്തി പിടിച്ചു. ശരീരം നിരക്കി അവൾ ഗബ്രിയേലിൻ്റെ അടുത്തെത്തി. അവനെ വിളിച്ചുണർത്തി.
“എന്താ ജാൻസി. “
“ഗബ്രിയേൽ, എനിക്ക് വേദന സഹിക്കാനാവുന്നില്ല. എൻ്റെ കാലുകൾ മരവിച്ചു പോയി. തുടകൾ തുളഞ്ഞ് പോകുന്ന വേദന. “
ഗബ്രിയേൽ ഇരുട്ടിലൂടെ തീകൂമ്പാരത്തിൽ നോക്കി. അത് കെട്ട് തുടങ്ങിയിരുന്നു.
ഗബ്രിയേൽ ഉറക്കത്തിൽ നിന്നും ചാടി എഴുന്നേറ്റു.
“ഞാൻ മടങ്ങി വരുന്നത് വരെ നീ പിടിച്ചു നിൽക്കണം ജാൻസി. “
ഗബ്രിയേൽ, ജാൻസിയെ തനിച്ചാക്കി ഗുഹ വിട്ടു പുറത്തേക്ക് നടന്നു. ചതുപ്പ് കടന്ന് കാട്ടിലെത്തി, കാട്ടിലെ വൻ തടികൾ കൊണ്ട് വന്ന് തീ കൂട്ടാം എന്നായാരുന്നു പ്രതീക്ഷ.
വെളളത്തിൽ ഒടിഞ്ഞു കിടന്ന വലിയ ഉണക്ക തടികൾ, ചതുപ്പിലൂടെ ആയാസത്തോടെ വലിച്ചു മുകളിലേയ്ക്കു കയറ്റുമ്പോൾ ഗബ്രിയേൽ തളർന്നു പോയി. ജാൻസിയെ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ട് വരാനുള്ള തത്രപ്പാടിൽ അവൻ സ്വന്തം വിഷമതകളൊക്കെ മറന്നു, ആവേശത്തോടെ തടിയുമായി മുന്നോട്ടു നടന്നു. അണയാറായ തീക്കനലുകൾക്ക് മുകളിൽ, കുതിർന്ന തടി കഷണങ്ങൾ അടുക്കി വച്ച്, കനലുകൾ അവൻ ഊതി കത്തിച്ചു., ഗുഹയിൽ പുക നിറഞ്ഞു,
വളരെ നേരത്തെ പരിശ്രമത്തിനു ശേഷം തീ കത്തിപിടിച്ചു. മുറിയിൽ ചൂട് നിറയാൻ തുടങ്ങി. ഗബ്രിയേൽ ജാൻസിയെ തീയുടെ അടുത്തേക്ക് എടുത്തു കിടത്തി. ജാൻസിയുടെ മരവിച്ച കാൽപാദങ്ങൾ തടവി നേരെയാക്കി. ആശ്വാസം തോന്നിയപ്പോൾ ജാൻസി മെല്ലെ മയക്കത്തിലേക്ക് വീണു. തെല്ലൊരാശ്വാസത്തോടെ ഗബ്രിയേൽ ഭക്ഷണം തേടി കാട്ടിലേക്ക് മറഞ്ഞു.
തിരികെ വരുമ്പോൾ ഗബ്രിയേലിന്റെ തലയിൽ വലിയൊരു കെട്ട് വിറകും, കയ്യിൽ കാലുകൾ പരസ്പരം കെട്ടിയ നിലയിൽ രണ്ടു കാട്ടുകോഴികളും ഒരു കൂട നിറയെ കാട്ടുപഴങ്ങളും ഉണ്ടായിരുന്നു. തോട് കടന്നപ്പോൾ ചതുപ്പിലൊരു ആളനക്കം കണ്ടു. കുളക്കോഴികൾ കാട്ടുപൊന്തകളിൽ നിന്നും കൂട്ടത്തോടെ പറന്നകലുന്നു. കാട്ടുമടന്തകൾ ഒരു വരപോലെ രണ്ടു വശത്തേക്കും അകന്നു മരുന്ന്. അതിനിടയിലൂടെ ആരോ നടന്നു പോകുകയാണ്.
തന്നെയും ജാൻസിയേയും അന്വേഷിച്ചിറങ്ങിയ പോലീസുകാരാകും എന്നാണ് ഗബ്രിയേൽ കരുതിയത്. ഗബ്രിയേൽ തോടിന്റെ മറവിൽ കുനിഞ്ഞിരുന്നു ചതുപ്പിനെ നിരീക്ഷിച്ചു.
കറുത്ത കള്ളി കൈലിയും ചുവന്ന കുപ്പായവും വെളുത്ത തോർത്തും ധരിച്ച സ്ത്രീ രൂപം, അത് മാഗിയല്ലാതെ മറ്റാരുമായിരുന്നില്ല. തലയിലൊരു കൂടയുമായി മുട്ടറ്റം ചതുപ്പിലൂടെ അവർ നടന്നു നീങ്ങുന്നു. തലയിലെ കൂടയിൽ ഭംഗിയോടെ പറിച്ചു അടുക്കി വച്ച ചേമ്പിലകൾ. അപ്പോൾ സൈമണിന്റെ കട വീണ്ടും തുറന്നിരിക്കുന്നു. ഇറച്ചി പൊതിയാനാവശ്യമായ ഇലകൾ തേടി വെളുപ്പിന് വന്നതാണ് മാഗി. അപ്പോൾ പള്ളിയിൽ നടന്നതൊന്നും മാഗി അറിഞ്ഞില്ലേ. സ്വന്തം ഭാര്യയെ നഷ്ടപെട്ടതൊന്നും സൈമണിനെ തളർത്തിയില്ലേ.
മാഗിയെ കണ്ടു ഒന്ന് സംസാരിക്കാൻ നല്ല ആഗ്രഹം തോന്നി. പക്ഷെ എന്തോ ഒരു ഭയം തോന്നി. കൂടെ പോലീസ് ഉണ്ടാകുമോ, ഗബ്രിയേലിനെ കണ്ടെത്താൻ വേണ്ടി മാഗിയെ അവർ കൂട്ടി കൊണ്ട് വന്നതാകുമോ. മാഗി തന്റെ കൂടയുമായി മറയുന്നത് നോക്കി ഗബ്രിയേൽ നിന്നു.
ദിവസങ്ങൾ ആ ഗുഹയിൽ അവർ തള്ളി നീക്കി. ജാൻസിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വന്നു. വേദന കുറഞ്ഞു, മുറിവുകൾ ഉണങ്ങി. പക്ഷെ ഗബ്രിയേലിന്റെ സഹായമില്ലാതെ അവൾക്കു തനിയെ ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ചുട്ടെടുത്ത ഭക്ഷണം അവൾ തീരെ കഴിച്ചിരുന്നില്ല. അവൾ ഭക്ഷണത്തെ വെറുത്തു. മസാലയില്ലാത്ത മുട്ടയും ഇറച്ചിയും മടുത്തു. പഴങ്ങൾ മാത്രമായി അവളുടെ ഭക്ഷണം. സുന്ദരിയായ ജാൻസി മെലിഞ്ഞു കോലു പോലെയായി.
“ജാൻസി നീ ഈ സാഹചര്യവുമായി പൊരുത്തപ്പെട്ടേ പറ്റൂ. നമ്മുടെ ഇപ്പോഴത്തെ അവസ്ഥ അതാണ്. നിനക്ക് രുചിയുള്ള ഭക്ഷണം ഉണ്ടാക്കി തരണമെന്നാണ് എന്റെ ആഗ്രഹം. പക്ഷെ ഈ അവസ്ഥയിൽ എനിക്ക് പുറത്തു പോയി വാങ്ങാൻ കഴിയില്ല എന്നറിയില്ലേ. “
“കുറച്ചും ഉപ്പും എരിയും എങ്കിലും ഉണ്ടായിരുന്നെങ്കിൽ.. “
“ഞാൻ ഇന്ന് രാത്രി ഒന്ന് ശ്രമിക്കാം. നീ ഭക്ഷണം കഴിച്ചു ചർദ്ദിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നാറുണ്ട്. “
അന്ന് രാത്രിയിൽ ഗബ്രിയേൽ ഗുഹയിൽ നിന്നും പുറത്തിറങ്ങി. അത് ജാൻസിയുടെ കൂടി നിർബന്ധമായിരുന്നു. കണ്ണപ്പൻ്റേയും ഡാനിയേലയുടേയും വിവരങ്ങൾ അന്വേഷിച്ചു വരാനായി പറഞ്ഞയച്ചതാണ്.
പരിചയമുള്ള വഴികളിലൂടെ വീണ്ടും നടക്കുമ്പോൾ ഗബ്രിയേലിന് വല്ലാത്ത സന്തോഷം തോന്നി. ഇരുട്ടിൽ സാമീപ്യമാകാറുള്ള അച്ഛൻ്റെ വാസന ഗബ്രിയേലിന് നഷ്ടമായിട്ട് കുറെ ദിവസങ്ങളായി. ഇരുട്ടിൻ്റെ മറ പറ്റി അവൻ തെരുവിലൂടെ നടന്നു. ഇരുട്ടിൽ, പൗലോ മാപ്ലയുടെ ഇറച്ചിക്കടയുടെ വരാന്തയിൽ തെല്ല് നേരം ഇരിക്കാൻ അവന് തോന്നി.
തെരുവ് പിന്നിട്ട് പോലീസ് സാധാരണ റോന്ത് ചുറ്റാറുള്ള വഴി ഒഴിവാക്കി ആരും കയറാത്ത കുത്തനെയുള്ള നടപ്പാത വഴി അവൻ റീത്തയുടെ കോളനിയിലേക്ക് നടന്നു. ദൂരെ നിന്ന് പെരേര താമസിക്കുന്ന പഴയ ഓടിട്ട വീട് കണ്ടു. വീടിന് മുന്നിൽ ഗബ്ബിയേൽ കണ്ണടച്ച് നിന്നു. അവന് സങ്കടം തോന്നി. താൻ പെരേരയെ എത്ര മാത്രം സ്നേഹിച്ചിരുന്നുവെന്ന് ഗബ്ബിയേലിന് മനസ്സിലായി.
പെരേര സമ്മാനിച്ച മാലയ്ക്ക് വേണ്ടി അവൻ സ്വന്തം കഴുത്തിൽ തപ്പി നോക്കി. താൻ അത് ജാൻസിയ്ക്ക് നൽകിയതും അലോഷിയുമായുള്ള സംഘട്ടനത്തിന് ഇടയിൽ അലോഷി അത് പൊട്ടിച്ച് എറിഞ്ഞത് ഗബ്രിയലിന് ഓർമ്മ വന്നു.
അടുത്തടുത്ത് നിരന്ന് കിടക്കുന്ന വീടുകളുടെ പിന്നാമ്പുറം വഴി നടന്ന്, ഗബ്രിയേൽ മാഗിയുടെ വീടിൻ്റെ പിറകിലെത്തി. പൂർണ്ണമായും ഇരുട്ടിൽ കുളിച്ചു നിൽക്കുന്ന വഴിയോരത്തെ വീടായിരുന്നു അത്. കേവലം രണ്ട് മുറികൾ മാത്രമുള്ള ആ വീടിൻ്റെ വശത്തുള്ള കിടപ്പ് മുറിയിൽ അവൻ മെല്ലെ തട്ടി വിളിച്ചു. കുറെ നേരം കഴിഞ്ഞപ്പോൾ മുറിയുടെ ജനൽ മെല്ലെ തുറന്നു, മുറിയിൽ നിന്നും അരണ്ട വെളിച്ചം പുറത്തേക്ക് വഴുതി വീണു. മൊബൈലിൻ്റെ വെട്ടത്തിൽ റീത്ത ഗബ്രിയേലിനെ കണ്ടു.
“ഗബ്രിയേൽ.. “
“റീത്ത. “
റീത്ത ശബ്ദം ഉണ്ടാക്കാതെ വാതിൽ തുറന്ന് പുറത്തേക്ക് വന്നു.
“ഗബ്രിയേൽ, പോലീസ് ഇവിടെ ചുറ്റി പറ്റി നടക്കുന്നുണ്ട്. വേഗം പൊയ്ക്കോ. “
റീത്ത അവനെ ഇരുട്ടിലേക്ക് മാറ്റി നിർത്തി. അവിടെ നിന്നും നോക്കിയാലുള്ള ദൂരത്തിൽ പോസ്റ്റിൽ പതിച്ചിരുന്ന ‘കാൺമാനില്ല ‘ എന്ന നോട്ടീസ് റീത്ത ഗബ്രിയേലിന് കാട്ടി കൊടുത്തു. ആ വലിയ പോസ്റ്ററിൽ ഗബ്രിയേലിൻ്റേയും ജാൻസിയുടേയും വർണ്ണ ചിത്രങ്ങൾ കണ്ടു.
“നീ എവിടെ ആയിരുന്നു? ജാൻസി എവിടെ. “
“ഡാനിയേല??. “
“കണ്ണപ്പനെ പോലീസ് കൊണ്ട് പോയി. ഡാനിയേലയെ കണ്ണപ്പന്റെ അമ്മ വന്നു വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി. കണ്ണപ്പനെ പുറത്തിറക്കാൻ വക്കീലിനെ കണ്ടു. തെളിവുകൾ ഇല്ലാത്തതിനാലും പരാതി ഇല്ലാത്തതിനാലും കേസ് നിലനിൽക്കില്ല എന്ന് വക്കീൽ പറഞ്ഞു. നിന്നെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് സൈമണും പോലീസും. “
“സൈമൺ. “
“ജാൻസിയെ കാൺമാനില്ല എന്ന പരാതി സൈമൺ പിൻവലിച്ചു. അയാളും കൂട്ടുകാരും രാപകൽ നിന്നേയും ജാൻസിയേയും തപ്പി നടക്കുകയാണ്. “
“ഇറച്ചി കട തുറന്നില്ലേ. രാവിലെ മാഗി ചേമ്പിലകൾ ശേഖരിക്കുന്നത് കണ്ടല്ലോ. “
“അമ്മ നിന്നെ തേടി വന്നതാണ്. ഇലകൾ പറിച്ചത് പോലീസിനെ പറ്റിക്കാൻ വേണ്ടിയാണ്. “
“ജാൻസിക്ക് തീരെ വയ്യ. കുറച്ച് ഭക്ഷണവും വസ്ത്രവും മരുന്നുകളും നീ ചതുപ്പിൽ കൊണ്ടെത്തിക്കണം. “
ഗബ്രിയേൽ തിരിഞ്ഞ് നടന്നു.
“നിൻ്റെ കാട്ടിലെ, മടന്തയിലകൾ നിൽക്കുന്ന ആ ചതുപ്പിൽ… അല്ലേ… ശരി ശരി ഞാൻ കൊണ്ട് തരാം. ആരും പിന്തുടർന്ന് വരാതെ നീ സൂക്ഷിക്കണേ. “
റീത്ത വിളിച്ചു പറഞ്ഞു.
(തുടരും…. )
✍️✍️നിഷ പിള്ള


1 Comment
Pingback: ബ്ലാക്ക് ഡാലിയ -22 - By Nisha Pillai - കൂട്ടക്ഷരങ്ങൾ