“അവനിവിടെ നമ്മുടെ ഒപ്പം തന്നെയുണ്ട്.”
കണ്ണപ്പൻ പിറുപിറുത്തു. ഇരുട്ടിൽ നാലു പേരും ചെവിയോർത്തു. പിറകിലൂടെ ആരോ വേഗത്തിൽ പാഞ്ഞ് പോകുന്നു. കണ്ണപ്പൻ അവരുടെ കൈയിൽ പിടിച്ച് താഴേയ്ക്ക് വലിയ്ക്കുന്നു. മൂന്ന് പേരും തല കുമ്പിട്ടു നിലത്തിരുന്നു പോയി. ഗബ്രിയേൽ മാത്രം കുനിയാൻ ലേശം വൈകി പോയി.
“ഠപ്പേ.”
ഗബ്രിയേലിൻ്റെ തലയിൽ മാരകമായ ആയുധം കൊണ്ട് ഒരടി കിട്ടി.
ഗബ്രിയേൽ ബാലൻസ് തെറ്റി താഴേക്ക് വീഴാൻ പോയി. പിന്നേയും കാൽ പെരുമാറ്റം അടുത്തടുത്ത് വരുന്നു. കണ്ണടച്ച് ശബ്ദം ശ്രവിച്ച കണ്ണപ്പന് തക്കസമയത്ത് ഡാനിയേലയെ ഒരു വശത്തേക്ക് പിടിച്ചു മാറ്റാൻ കഴിഞ്ഞു. വീണ്ടും അവർ കൈ കോർത്തു പിടിച്ചു. ആ സമയം അവരുടെ കൂട്ടത്തിൽ ജാൻസി ഉണ്ടായിരുന്നില്ല.
“ജാൻസി എവിടെ.”
വീണ്ടും കാറ്റിലെ നേരിയ മർമ്മരങ്ങൾ, ആരോ അടുത്തേക്ക് വായുവിൽ ഒഴുകിയെത്തുന്ന പ്രതീതി. പെട്ടെന്ന് കണ്ണപ്പൻ അവരെ നിലത്തു പിടിച്ചു കിടത്തി. അവരുടെ മുകളിലൂടെ വായുവിൽ ആരോ പാഞ്ഞു പോയി. കണ്ണപ്പൻ ഡാനിയേലയെ നെഞ്ചോടു ചേർത്ത് കൊണ്ട്, നിലത്ത് ഇഴഞ്ഞു നീങ്ങി. നീർച്ചോലയുടെ സമീപത്തെ ഡാലിയ ചെടികളായിരുന്നു ലക്‌ഷ്യം. ചെടികളെ നശിപ്പിക്കാൻ അലോഷി ഒരിക്കലും സമ്മതിക്കില്ല എന്ന് ഉറപ്പാണ്. അവനെ പരമാവധി പ്രകോപിപ്പിക്കണം, അതായിരുന്നു അവളുടെ ലക്ഷ്യം.
അവിശ്വസനീയമാം വിധം അവിടെ വെളിച്ചം തെളിഞ്ഞ് വന്നു. നേരിയ വെളിച്ചത്തിൽ, കണ്ണപ്പൻ അലോഷിയെ കണ്ടു. കറുത്ത ഇറുകിയ വേഷത്തിൽ ഒരു പോരാളിയെ പോലെ അവൻ നിൽക്കുന്നു. മുഖം മുഴുവൻ കറുത്ത മഷി കൊണ്ട് വരച്ചിരുന്നു. അലോഷിയുടെ കൈപ്പിടിയിൽ കിടന്നു പിടയുന്ന ഗബ്രിയേലിനെ കണ്ടു കണ്ണപ്പൻ ഞെട്ടി. ഗബ്രിയേലിന്റെ തോളിൽ തറഞ്ഞ കൂർത്ത ആയുധം കണ്ടു ഡാനിയേല വാവിട്ടു കരഞ്ഞു.
അവിടെ കൂടുതൽ വെളിച്ചം വന്നു. ഇപ്പോൾ ചുറ്റുമുള്ളതെല്ലാം വ്യക്തമായി കാണാം. ഗബ്രിയേലിന്റെ കരച്ചിൽ കൂടുതൽ ശക്തമായി. ഗബ്രിയേലിന്റെ തോളിൽ നിന്നും രക്തം ഒഴുകി. അലോഷി കഴുത്തിലെ പിടി ഒന്നയച്ചു. ശബ്ദം കേട്ട് അലോഷിയുടെ ശ്രദ്ധ മുഴുവൻ നീർച്ചോലയുടെ ഭാഗത്തായി. എല്ലാവരും അങ്ങോട്ടേക്ക് നോക്കി.
അവിടെ ജാൻസി, ഒരു ഭ്രാന്തിയെ പോലെ ബ്ലാക്ക് ഡാലിയ ചെടികൾ പിഴുതു എറിയുകയാണ്. വെള്ളത്തിൽ വീഴുന്ന ചെടികളെ വെള്ളം ഒഴുക്കി കൊണ്ട് പോകുന്നു.
“എടീ നിർത്താൻ…, അരുത്.”
അലോഷി മുന്നോട്ടു കുതിച്ചു. അവനെ നോക്കി വന്യമായി പുഞ്ചിരിച്ചു കൊണ്ട് ജാൻസി അവളുടെ പ്രവർത്തി തുടർന്നു. അവൾ ഓരോ ചെടിയും പറിച്ചു മാറ്റുകയാണ്. പിഴുത് എറിയും തോറും ചെടികൾ വാടി വീഴുകയാണ്.
“എന്തിനാ നിങ്ങൾ നോക്കി നില്ക്കുന്നത്, എല്ലാ ചെടികളും പിഴുതു മാറ്റൂ, ഈ സാമ്രാജ്യം അവസാനിക്കട്ടെ.”
ജാൻസി മറ്റുള്ളവരെ പ്രോൽസാഹിപ്പിച്ചു.
ഡാനിയേലയും കണ്ണപ്പനും അലോഷിയെ അവഗണിച്ചു കൊണ്ട് രണ്ട് കൈകൾ കൊണ്ടും ചെടികൾ പിഴുത് മാറ്റി. ചെടികളുടെ എണ്ണം കുറയും തോറും, അവിടെ വെളിച്ചം കൂടി വന്നു. നീരുറവയിൽ നിന്നും കൂടുതൽ വെള്ളം ഒഴുകിയെത്തി. അലോഷിയുടെ മുഖം വിവർണ്ണമായി. അയാൾ പരിഭ്രാന്തിയോടെ ജാൻസിയുടെ അടുത്തേയ്ക്കു ഓടി ചെന്നു. കണ്ണപ്പനും ജാൻസിയും കൂടി അലോഷിയെ തടഞ്ഞു നിർത്തി. ഡാനിയേല വലിയ ഡാലിയ പൂക്കൾ പറിച്ചെടുത്തു പിഴിഞ്ഞ് ഗബ്രിയേലിന്റെ അടുത്തേയ്ക്കു ഓടി. അവൾ ഗബ്രിയേലിന്റെ തോളത്ത് തറച്ചിരുന്ന ആയുധം വേർപെടുത്താൻ ശ്രമിച്ചു. ഡാലിയ പൂക്കളുടെ നീര് പിഴിഞ്ഞ് ഗബ്രിയേലിന്റെ മുറിവിൽ ഒഴിച്ചു കൊടുത്തു. വേദന മാറി തുടങ്ങിയപ്പോൾ ഡാനിയേല ആയുധം വലിച്ചൂരി.
ഗബ്രിയേൽ പെട്ടെന്ന് താഴെ വീണു. മുറിവിലൂടെ രക്തം വാർന്നൊഴുകി. ഡാനിയേല നിലവിളിച്ചു. കണ്ണപ്പൻ ഓടിയെത്തി. അലോഷി തിരിഞ്ഞു നോക്കി. എന്നിട്ടും അതൊന്നും ശ്രദ്ധിക്കാതെ ജാൻസി തന്റെ പ്രവർത്തി തുടർന്നു കൊണ്ടിരുന്നു.
“ഈ സ്വർഗ്ഗീയ ചെടി പിഴുത് മാറ്റിയത് കൊണ്ടാണ്, ഇവന് ഈ ഗതി വന്നത്. ഇവന്റെ മരണം അടുത്തു, ചോര വാർന്ന് ഇവൻ ചത്ത് പോകും. അതിനു കാരണക്കാരി നീയാണ്.”
ജാൻസിയെ ചൂണ്ടി കൊണ്ട് അലോഷി പറഞ്ഞു.
“ഇവളാണ് ഇവളാണ് എല്ലാത്തിനും കാരണക്കാരി.”
ഗബ്രിയേലിന്റെ അവസ്ഥ കൂടുതൽ മോശമായി വന്നു.
അലോഷി പറഞ്ഞത് ഡാനിയേല വിശ്വസിച്ചു. അവളുടെ മുഖം ക്രൂരമായി. അവൾ ദേഷ്യത്തോടെ ജാൻസിയെ നോക്കി. ഡാനിയേലയുടെ മുഖം ക്രൂരമായി തിളങ്ങി, അവൾ മറ്റൊരു ഫ്രാൻസിസ്കയായി മാറിയത് പോലെ. കണ്ണപ്പൻ അവസരോചിതമായി ഇടപെട്ടില്ലേൽ അവൾ ആ സമയത്തു ജാൻസിയെ ഉപദ്രവിക്കുമായിരുന്നു.
“കണ്ണേട്ടാ, ജാൻസി ഗബ്രിയേലിനെ കൊല്ലാൻ ശ്രമിയ്ക്കുകയാണ്.”
“അയാൾ വെറുതെ പറയുന്നതാണ് ഡാനിയേല. ഗബ്രിയേലിന് ഒന്നും സംഭവിക്കില്ല. അവനെ രക്ഷിക്കാൻ കുടുംബ ദേവതയ്ക്ക് മാത്രമേ കഴിയൂ. നിന്റെ അമ്മയുടെ പാരമ്പര്യമല്ല അവനുള്ളത്. നീ ഇവിടെ കണ്ണടച്ചിരുന്നു പ്രാർത്ഥിക്കൂ.”
ഉൻമാദിനിയെ പോലെ നിന്ന ഡാനിയേലയെ കണ്ണപ്പൻ നിലത്ത് പിടിച്ചിരുത്തി.
“കണ്ണപ്പാ, ഇതൊക്കെ ആ കറുത്ത തൈലത്തിന്റെ സ്വാധീനമാണ്. പെരേര എന്നോട് കുറച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു. നിങ്ങൾ ഗബ്രിയേലിന്റെ കാര്യങ്ങൾ നോക്ക്. ഞാൻ ഈ ചെടികൾ ഒക്കെ നശിപ്പിക്കട്ടെ, ഇതോടെ തിന്മയുടെ ലോകത്തെ ഇല്ലാതാകണം.”
ജാൻസി ആരെയും ശ്രദ്ധിക്കാതെ ചെടികൾ പിഴുതു ചോലയിലേക്കു വലിച്ചെറിഞ്ഞു. വെള്ള പാച്ചിലിനൊപ്പം ചെടികൾ ഒഴുകി പോയി.
ഗബ്രിയേലിനെ രക്ഷിക്കാൻ കണ്ണപ്പൻ കിണഞ്ഞു ശ്രമിച്ചു. ഇട്ടിരുന്ന ഷർട്ട് ഊരി ഗബ്രിയേലിൻ്റെ മുറിവിൽ മുറുക്കെ കെട്ടി. ഡാനിയേല കണ്ണടച്ച് പ്രാർത്ഥനയിൽ മുഴുകി. അലോഷി അവരെ നോക്കി പരിഹസിച്ചു, ഭ്രാന്തനെ പോലെ അട്ടഹസിച്ചു. അവൻ ആക്രോശിച്ചു കൊണ്ട് ജാൻസിയുടെ അടുത്തേക്ക് നീങ്ങി.
“മഠയി ആയ സ്ത്രീയേ നിനക്ക് എഡ്വേർഡിൻ്റെ സാമ്രാജ്യം നശിപ്പിക്കാൻ സാധിക്കില്ല. അത് നശിപ്പിക്കാൻ ഒരു കന്യകയ്ക്ക് മാത്രമേ കഴിയൂ. നിങ്ങൾക്കാർക്കും അതിനു കഴിയില്ല. ഈ ലോകാവസാനം വരെ നിലനിൽക്കും ഈ സാമ്രാജ്യത്തിൻ്റെ അധിപൻ ഞാൻ ആയിരിക്കും.”
അവൻ ജാൻസിയെ പിടിച്ചു മാറ്റാൻ ശ്രമിച്ചു. അവളുടെ മുടിയിൽ ചുറ്റി പിടിച്ചു കറക്കി. അവൻ്റെ കൈകരുത്തിൽ അവൾ കിടന്നു പിടച്ചു. ശബ്ദം കേട്ടിട്ടും ഡാനിയേല കണ്ണ് തുറന്നില്ല. കണ്ണപ്പൻ ഗബ്രിയേലിനെ താങ്ങിയിരുത്തി. ഗബ്രിയേൽ ഒന്ന് പിടഞ്ഞു. അവൻ പതിയെ ശ്വാസമെടുക്കാൻ തുടങ്ങി.
ജാൻസിയെ രണ്ടു കൈ കൊണ്ടും എടുത്തുയർത്തി അലോഷി ആക്രോശിച്ചു. പലതവണ അവളെ നിലതെറിഞ്ഞും ചവിട്ടിയും അവൻ തന്റെ ദേഷ്യം തീർത്തു. ജാൻസിയിൽ നേരിയ ശ്വാസം മാത്രം അവശേഷിച്ചു.
“മാർട്ടിൻ അച്ചനെ ഒഴിവാക്കി ഈ സാമ്രാജ്യം എനിക്കായി ഒരുക്കി തന്നത് നീയാണ്, നിന്റെ നിയോഗമാണ്. ആ മരണത്തിൻ്റെ കറ കൂടി എൻ്റെ കയ്യിൽ പുരളാതെ ഞാൻ രക്ഷപ്പെട്ടു. പക്ഷെ നിന്റെ മരണം!!!, അത് എന്റെ കൈ കൊണ്ട് ആകണമെന്ന് ആണ് എഡ്വേർഡിന്റെ തീരുമാനം.”
കണ്ണപ്പന് തടുക്കാൻ കഴിയുന്നതിന് മുൻപ് അലോഷി ജാൻസിയെ എടുത്ത് ദൂരേക്ക് എറിഞ്ഞു. പെട്ടെന്ന് ഗബ്രിയേൽ ശബ്ദിക്കാൻ തുടങ്ങി.
“ഡാനിയേലാ…”
കണ്ണടച്ചിരുന്ന ഡാനിയേല പെട്ടെന്ന് ഞെട്ടി, ധ്യാനത്തിൽ നിന്നും ഉണർന്നത് പോലെ കണ്ണുകൾ തുറന്നു. അവൾ എഴുന്നേറ്റപ്പോൾ അവിടമാകെ സുഗന്ധം പരന്നു. അവളുടെ മുഖം ചുവന്നു. അവൾ രുദ്രയായി, നടന്നപ്പോൾ ചിലമ്പൊലികൾ മുഴങ്ങി. അവളുടെ മുഖം ഭയാനകമായി.
ഡാനിയേല നിന്ന ഇടത്തിൽ വളരെ വേഗതയിൽ മൂന്ന് വലം കറങ്ങി. അവളിൽ നിന്നും ചന്ദനത്തിന്റെയും മുല്ലപൂക്കളുടെയും സുഗന്ധം പരന്നു. ഡാനിയേല മുന്നോട്ടു നടന്നു, അലോഷിയെ പിൻ കഴുത്തിലൂടെ പിടിച്ചു പൊക്കി. ഡാനിയേല അലോഷിയുടെ കഴുത്തിൽ പിടിച്ചും കൊണ്ട് നൃത്തം ചെയ്തു.
ജാൻസി ശ്വാസം വീണ്ടെടുത്ത് കണ്ണുകൾ തുറന്നെങ്കിലും അവൾക്കു എഴുന്നേൽക്കാൻ കഴിയുമായിരുന്നില്ല. അവളുടെ കാലുകളുടെ അസ്ഥികൾ പൊട്ടിയിരുന്നു. ജാൻസി നിലത്തിരുന്നു ഇഴഞ്ഞു. അവൾ വേദന കൊണ്ട് കരഞ്ഞു. കണ്ണപ്പൻ ഗബ്രിയേലിനെ സാവധാനം നിലത്തു കിടത്തി. ജാൻസിയെ എടുത്ത് സുരക്ഷിതമായി മറ്റൊരിടത്ത് കിടത്തി.
ഡാനിയേല രണ്ടു കൈ കൊണ്ടും അലോഷിയെ പിടിച്ചുയർത്തി, അവൾ ഭയാനകമായി അട്ടഹസിച്ചു. അവളുടെ മുഖമാകെ മാറിയിരുന്നു. അവളവനെയും എടുത്ത് നൃത്തം തുടർന്നു. അവളുടെ ഇരട്ടി ഭാരമുള്ള അലോഷിയെ അവൾ പൂ പോലെ ഉയർത്തി. ദൂരെ നിന്ന് കണ്ണപ്പൻ അവളെ അവിശ്വസനീയമായി നോക്കി. അവളുടെ മുഖമാകെ ചുവന്നു.. മൂക്കിൽ മൂക്കുത്തി തിളക്കം. ഡാനിയേല അപ്പോൾ മറ്റൊരാളെ പോലെയായി. പരദേവതയുടെ പരകായ പ്രവേശം നടന്ന പോലെ. അവൾ അലോഷിയെ നിലത്തിട്ടു അവന്റെ മുകളിൽ കയറി നടനം തുടർന്നു.
ഒടുവിൽ ഡാനിയേല അവനെയും എടുത്തു നീർച്ചോലയുടെ ഉത്ഭവസ്ഥാനത്തേക്കു നടന്നു. ഗബ്രിയേലിനെയും ജാൻസിയെയും അവിടെ തനിച്ചാക്കി വിട്ടു കണ്ണപ്പൻ ഡാനിയേലയെ അനുഗമിച്ചു. നീർച്ചോലയുടെ ഉത്ഭവ സ്ഥാനത്ത്, വെള്ളത്തിനടിയിലൂടെ അവൾ അലോഷിയെ വലിച്ചിഴച്ചു. അവളുടെ പിറകെ കണ്ണപ്പനും വെള്ളച്ചാട്ടത്തിനുള്ളിൽ പോയി. മുൻപിലെ കാഴ്ചകൾ അവിശ്വസനീയമായിരുന്നു. അവർ അത് കടന്നു എത്തിയത് എഡ്വേർഡിന്റെ ശവകുടീരത്തിൽ ആയിരുന്നു. അതിൻ്റെ വശത്തുള്ള വാതിൽ തുറന്നവർ പുറത്തേയ്ക്കു നടന്നു ചെന്നത് പള്ളിമുറ്റത്താണ്.
പള്ളി നിന്ന് കത്തുകയാണ്, ചുവന്ന നിറത്തിലുള്ള, ശക്തമായ തീജ്വാലകൾ മുകളിലേയ്ക്കു ഉയരുന്നു. ഡാനിയേല ശവകുടീരത്തിന്റെ മേൽഭാഗത്തെ കോൺക്രീറ്റ് തള്ളി മാറ്റി, അലോഷിയെ അവിടെ കിടത്തി. പള്ളിയിൽ നിന്നും കത്തിയ തടി കഷണങ്ങൾ എടുത്തു അലോഷിയുടെ ശരീരത്തെ പൂർണ്ണമായും അഗ്നിക്കിരയാക്കി. അലോഷിയുടെ ജീവനുള്ള ശരീരം തീ പെട്ടു പിടയുന്നത് അവർ നോക്കി നിന്നു.
“എൻ്റെ കുട്ടികളെ ഞാൻ മരണത്തിന് വിട്ട് തരില്ല.”
ആളിക്കത്തുന്ന തീയിൽ നോക്കി ഡാനിയേല അട്ടഹസിച്ചു. കണ്ണപ്പൻ അത്ഭുതത്തോടെ അവളെ നോക്കി നിന്നു. പെട്ടെന്നാണ് അവന് ഗബ്രിയേലിനെയും ജാൻസിയെയും ഓർമ്മ വന്നത്. ഇനി അവരെങ്ങനെ മടങ്ങി വരും. പള്ളിയും കത്തി നശിച്ചു, ശവകുടീരവും കത്തി ചാമ്പലായി.
കണ്ണപ്പൻ നോക്കി നിൽക്കെ ഡാനിയേല ബോധരഹിതയായി നിലത്ത് വീണു. കണ്ണപ്പൻ ഓടി വന്നു അവളെ എടുത്തു പൊക്കി. അവളെ ഒരു മരച്ചുവട്ടിൽ കിടത്തി.
അവൾ വെള്ളത്തിന് വേണ്ടി കരഞ്ഞു.
“വെള്ളം… വെള്ളം.”
കണ്ണപ്പൻ അവിടമാകെ ഓടി നടന്നു. അവിടെ അഗ്നിയുടെ തിളക്കങ്ങൾ മാത്രം. അടുത്തെങ്ങും ഒരിടത്തും വെള്ളമുള്ളതായി തോന്നുന്നില്ല. കുറച്ചു മുൻപ് വലിയൊരു നീർച്ചോലയുടെ അരികിലായിരുന്നു അവർ. ഇപ്പോൾ ഈ പ്രദേശത്തെങ്ങും വെള്ളമുള്ളതായി അവർക്കു തോന്നിയില്ല. കണ്ണപ്പൻ തന്റെ നനഞ്ഞ മുണ്ടു കൊണ്ട് ഡാനിയേലയുടെ ചുണ്ടുകൾ ഒപ്പി.
“ഗബ്രിയേലും ജാൻസിയും എവിടെ.”
വരണ്ട ചുണ്ടുകളിൽ നിന്നും ചെറിയ ശബ്ദം പുറത്തു വന്നു.
“അവർ ഭൂമിക്കടിയിൽ പെട്ട് പോയി. തിരികെ പോകാനുള്ള വഴി അറിയില്ല.”
കണ്ണപ്പൻ കൈ മലർത്തി, തന്റെ നിസഹായത വെളിപ്പെടുത്തി. ഡാനിയേല പൊട്ടിക്കരഞ്ഞു. നിലാവിന്റെ വെളിച്ചത്തിൽ അലോഷിയുടെ ചിത കത്തി തീരുന്നത് ഡാനിയേല നോക്കിയിരുന്നു. അവളാകെ തളർന്നിരുന്നു.
“എനിക്കെന്താണ് സംഭവിച്ചത്. എല്ലാം അവസാനിച്ചോ?”
ദൂരെ നിന്നും മലയിലേക്ക് കയറി വരുന്ന ചൂട്ടു വെളിച്ചം അവർ കണ്ടു. വെളിച്ചം അവരുടെ അടുത്തേയ്ക്കു നടന്നു വന്നു. ഡാനിയേല ഭയന്ന് വിറച്ചു കൊണ്ട് കണ്ണപ്പന്റെ മടിയിൽ കണ്ണടച്ച് കിടന്നു. അവർ രണ്ട് പേർ ഉണ്ടായിരുന്നു. അടുത്തെത്തിയ അവരെ കണ്ണപ്പനും ഡാനിയേലയും കണ്ടു.
മാഗിയും റീത്തയും ഡാനിയേലയുടെ അടുത്തിരുന്നു. മാഗി വട്ടിയിൽ കൊണ്ട് വന്ന ഭക്ഷണ വസ്തുക്കൾ നിരത്തി വച്ചു. റീത്ത കൊടുത്ത വെള്ളം ഡാനിയേല കുടിച്ചു ക്ഷീണം മാറ്റി.
“എവിടെ ഗബ്രിയേൽ ?”
റീത്തയുടെ ചോദ്യം കേട്ട് ഡാനിയേല കരയാൻ തുടങ്ങി.
“വിഷമിക്കാതെ, അവനൊന്നും സംഭവിക്കില്ല. നേരം വെളുക്കുന്നതിന് മുൻപ് ഇവിടെ എത്തി ചേരണമെന്ന് എന്നോട് ഇന്നലെ പെരേര പറഞ്ഞിരുന്നു. ഇത് ഗബ്രിയേലിനെ ഏൽപ്പിക്കണമെന്നും പറഞ്ഞിരുന്നു.”
മാഗി അവരെ ആശ്വസിപ്പിച്ചു.
മാഗി വച്ച് നീട്ടിയ, എട്ടായി മടക്കിയ പഴകിയ പേപ്പർ കഷ്ണം കണ്ണപ്പൻ വാങ്ങി. വാങ്ങി. റീത്തയുടെ മൊബൈലിലെ വെളിച്ചത്തിൽ അവൻ പേപ്പർ തുറന്നു നോക്കി. എന്തൊക്കെ വരച്ചു വച്ചിരിക്കുന്നു. പള്ളിയുടെ പരിസരത്തിൻ്റെ ഭൂപടം ആയിരുന്നു അത്. ഒന്നും മനസിലാകാതെ കണ്ണപ്പൻ മിഴിച്ചിരുന്നു. ഡാനിയേലയും റീത്തയും അത് പഠിക്കാൻ ശ്രമിച്ചു.
പള്ളിയുടെ വലതു ഭാഗത്തു നിൽക്കുന്ന എഡ്വേർഡിന്റെ ശവകുടീരം, അതിന്റെ താഴേക്കുള്ള ഒരു ആരോ മാർക്ക്, ഒരു പ്രവേശന കവാടം, പള്ളിയുടെ അൾത്താരയിൽ നിന്നുമുള്ള മറ്റൊരു ആരോ മാർക്ക്, അടുത്ത മാർഗ്ഗം. ആ രണ്ടു വഴിയും അവർ മനസിലാക്കിയതാണ്, മൂന്നാമത്തെ ആരോ മാർക്ക് കുറച്ച് നീളത്തിൽ വരച്ചിരുന്നു, അത് എവിടെ എന്നവർക്ക് കണ്ടെത്താൻ കഴിയുന്നില്ല. അത് ഉടനെ കണ്ടെത്തിയില്ലെങ്കിൽ ഗബ്രിയേലിനെയും ജാൻസിയെയും എന്നന്നേക്കുമായി നഷ്ടപ്പെടും. നാലു പേരും എത്ര തല പുകഞ്ഞു ആലോചിച്ചിട്ടും അവർക്കൊന്നും കണ്ട് പിടിക്കാൻ കഴിഞ്ഞില്ല, അവർക്കൊന്നും മനസിലായില്ല.
നേരം വെളുത്തു വരുന്നു. പള്ളി പൂർണമായും കത്തിനശിച്ചു ഒരു ചാരക്കൂമ്പാരമായി മാറിയിരുന്നു. അതിന്റെ കത്താതെ നിൽക്കുന്ന പടിഞ്ഞാറേ ഭിത്തി ഒരു കരി പിടിച്ച ഫോസിൽ പോലെ കാണപ്പെട്ടു. കിഴക്കു നിന്നും സൂര്യ പ്രകാശം മല മുകളിൽ വീണു തുടങ്ങി. മാഗി നിലത്തു കാല് നീട്ടി ഇരുന്നു. മടിക്കുത്തിൽ നിന്നും മുറുക്കാൻ പൊതി പുറത്തെടുത്തു.
“നേരം വെളുക്കുമ്പോൾ അത് കണ്ടെത്താം. ഞങ്ങളുടെ കുട്ടിക്കാലത്തു പള്ളിമുറ്റത്ത് ഒരു നീർച്ചാൽ ഉണ്ടായിരുന്നു. ആ നീർച്ചോല തേടി ആളുകൾ മലമുകളിൽ എത്തി തുടങ്ങിയപ്പോൾ അത് അവർ മണ്ണിലൊളിപ്പിച്ചിരുന്നു. പെരേര വരട്ടെ, അയാൾക്കറിയാമായിരിക്കും, മാർട്ടിൻ അച്ചൻ മണ്ണിനടിയിൽ ഒളിപ്പിച്ചു വച്ച നീരൊഴുക്കിനെ കുറിച്ച്.”
പെരേരയ്ക്കു സംഭവിച്ചതൊന്നും മാഗി അറിഞ്ഞിട്ടില്ല. അയാൾ മടങ്ങി വരുമെന്ന് പറഞ്ഞുള്ള കാത്തിരിപ്പാണവർ. ഇനി അറിഞ്ഞാൽ അവർക്കു അത് സഹിക്കാനും പറ്റില്ല. മാഗിയുടെ ഉറ്റ സുഹൃത്തും കാമുകനുമാണയാൾ. തത്കാലം ആ രഹസ്യം വെളിപ്പെടുത്തേണ്ട എന്ന് കണ്ണപ്പൻ കരുതി.
“വെള്ളം ഒളിച്ചു വച്ചാലും മണ്ണിൽ നനവ് പടരാറില്ലേ, എന്തെങ്കിലും ഒരു തെളിവ് ഉണ്ടാകും, നമുക്ക് ഇവിടെ തെരയാം.”
റീത്ത പറഞ്ഞു.
റീത്തയും ഡാനിയേലയും കൂടെ പരിസരമാകെ സൂക്ഷ്മമായി പരിശോധിച്ചു.
നേരം നല്ലതു പോലെ വെളുത്തു. അവർ ഭൂപടം ഒരിക്കൽ കൂടി പരിശോധിച്ചു, ഒരു അവസാന ശ്രമം. ഒരിടത്തും മണ്ണിലൊരു നനവ് കണ്ടില്ല. എങ്ങനെ മൂന്നാമത്തെ ആരോയിൽ എത്തിച്ചേരുമെന്നറിയില്ല.
“നമുക്ക് പോലിസിൽ അറിയിച്ചാലോ?”
റീത്ത ചോദിച്ചു.
“അറിയിക്കാം പക്ഷെ നമ്മൾ പറയുന്നത് അവർ വിശ്വസിക്കണമെന്നില്ല. ഇവരെയൊക്കെ നമ്മൾ കൊന്നതാണെന്ന് അവർ പറയും. എഡ്വേർഡും ബ്ലാക്ക് ഡാലിയയും ഒരുകെട്ട് കഥയായി മാറും, ആരും നമ്മളെ വിശ്വസിക്കില്ല.”
“നമ്മുടെ മുന്നിൽ വേറെ വഴിയില്ല. പക്ഷെ പോലീസിൽ അറിയിക്കുന്നതിന് മുൻപ് ഒരിക്കൽ കൂടി നമ്മുടെ രീതിയിൽ ഒരു അന്വേഷണം നടത്തണം.”
മാഗിയും കണ്ണപ്പനും മലയിറങ്ങി പോയി. അവർ മടങ്ങി വന്നപ്പോൾ ഒരു പിക്കാസും മൺവെട്ടിയും കയ്യിൽ കരുതിയിരുന്നു. അപ്പോഴേക്കും ഡാനിയേലയും റീത്തയും കൂടി കത്തി കരിഞ്ഞ പള്ളിയിൽ തെരച്ചിൽ നടത്തിയിരുന്നു. തീ പൂർണമായും കെടാത്തതിനാൽ അവർക്കു ചൂട് സഹിക്കാനായില്ല. അവർ മുറ്റത്തും ചുറ്റുമുള്ള പരിസരത്തും കാട്ടിലും തെരച്ചിൽ നടത്തി.
കണ്ണപ്പൻ പിക്കാസ് കൊണ്ട് പള്ളി മുറ്റത്ത് പലയിടത്തും കുഴിച്ചു നോക്കി. വൈകുന്നേരത്തോടെ അവർ തെരച്ചിൽ മതിയാക്കി. തളർന്നപ്പോൾ കണ്ണപ്പനും മാഗിയും കൊണ്ട് വന്ന ഭക്ഷണം കഴിച്ചു, അവർ വിശ്രമിച്ചു. അപ്പോഴേക്കും സന്ധ്യ മയങ്ങാൻ തുടങ്ങിയിരുന്നു.
“ആ വഴി എളുപ്പത്തിൽ കണ്ടെത്താൻ ആകില്ല. കൂടെ, പെരേര ഉണ്ടായിരുന്നെങ്കിൽ ഇതൊക്കെ എളുപ്പത്തിൽ കണ്ടു പിടിക്കാൻ നമുക്ക് സാധിച്ചേനെ.”
മാഗി നെടുവീർപ്പിട്ടു.
കണ്ണപ്പൻ മലഞ്ചെരുവിൽ തലേന്ന് രാത്രി ഒളിപ്പിച്ചു വച്ച ബൈക്കുമെടുത്തു പോലീസ് സ്റ്റേഷനിൽ പോയി വിവരം അറിയിച്ചു, പോലീസിനെ അവിടേക്ക് കൂട്ടി കൊണ്ട് വന്നു. പോലീസിനോട് ഡാനിയേല കഥകൾ പറഞ്ഞു തുടങ്ങി.
ഫ്രാൻസിസ്ക ബലി കൊടുക്കാനായി അവളെ എഡ്വേർഡിന്റെ കല്ലറയിൽ കൂട്ടി കൊണ്ട് വന്നുവെന്നും, തന്നെ രക്ഷിക്കാനായി പിന്തുടർന്ന് വന്ന കണ്ണപ്പൻ, പെരേര, ജാൻസി, ഗബ്രിയേൽ എന്നിവരിൽ കണ്ണപ്പനെ മാത്രമേ തനിക്കു തിരികെ കിട്ടിയുള്ളുവെന്നും ബാക്കി ഉള്ളവരെ എത്രയും പെട്ടെന്ന് കണ്ടു പിടിച്ചു തരണമെന്ന് അവൾ അഭ്യർത്ഥിച്ചു.
പോലീസ് കണ്ണപ്പനെ ചോദ്യം ചെയ്തു.
“ഈ വെള്ളക്കാരി പെണ്ണിനെ വിവാഹം കഴിക്കാനായി നീയും ഇവളും കൂടെ അവളുടെ അമ്മയായ ഫ്രാൻസിസ്കയേയും, ആങ്ങളയായ ഗബ്രിയേലിനേയും, അവരുടെ ബന്ധുവായ പേരെരയേയും കൊലപ്പെടുത്തിയതല്ലേ. ഈ പള്ളിക്ക് നീ തീയിട്ടതല്ലേ. സത്യം പറഞ്ഞോ.”
കണ്ണപ്പൻ പറഞ്ഞത് പോലീസ് വിശ്വസിച്ചില്ല.
“അല്ല സാർ, ഡാനിയേല എൻ്റെ ഭാര്യയാണ്. ഞാനും ഡാനിയേലയും അവളുടെ സഹോദരൻ്റെ സമ്മതത്തോടെയാണ് വിവാഹിതരായത്. സത്യമായും എനിക്ക് ഇവരെ മൂന്ന് പേരേയും രക്ഷിക്കണമെന്ന് മാത്രമേയുള്ളു.”
കണ്ണപ്പൻ പറഞ്ഞ കഥകളൊന്നും അവർ വിശ്വസിക്കാൻ തയാറായില്ല.
“മണ്ണിനടിയിൽ മുറിയോ? അതും ഈ പള്ളിക്കടിയിൽ, നീ എന്ത് വിവരക്കേടാ ഈ പറയുന്നേ. ഈ കാട്ടിലെ പള്ളിക്കടിയിൽ ഇത്ര വൈദഗ്ധ്യത്തോടെ പണിത മുറികളോ, വഴി തിരിച്ചു വിട്ട വെള്ളച്ചാട്ടമോ. ഞങ്ങളെന്താ വെറും ഉണ്ണാക്കന്മാരാണോ നിന്റെ ഈ കഥകളൊക്കെ വിശ്വസിക്കാൻ.”
പോലീസ് അവിടമാകെ സമഗ്രമായ പരിശോധന നടത്തി. പഴയ രാജകുമാരൻ്റെ ശവകുടീരത്തിൽ നിന്നും പത്ത് മുപ്പത് വയസ്സ് പ്രായമുള്ള ഒരു യുവാവിൻ്റെ കത്തിക്കരിഞ്ഞ അവശിഷ്ടം കിട്ടി. വലിയ ചൂടിൽ നല്ല പോലെ കത്തിക്കരിഞ്ഞതിനാൽ ഫോറൻസിക് പരിശോധന വഴി ആളെ തിരിച്ചറിയാൻ പ്രയാസമാണ്. അത് ഗബ്രിയേലിൻ്റെ മൃതദേഹമാണെന്ന് തന്നെ പോലീസ് വിലയിരുത്തി.
കണ്ണപ്പനേയും ഡാനിയേലയേയും പോലീസ് പല തവണ ചോദ്യം ചെയ്തു. രണ്ട് പേരുടേയും മൊഴികളിലെ വൈരുദ്ധ്യം, പ്രഥമദൃഷ്ട്യാ കണ്ണപ്പനാണ് കുറ്റക്കാരനെന്ന് വിലയിരുത്തി, അവനെ കസ്റ്റഡിയിലെടുത്തു.
ഡാനിയേല പൊട്ടിക്കരഞ്ഞു. ഒരു രാത്രി കൊണ്ട് അവൾക്കെല്ലാവരും നഷ്ടപ്പെട്ടു. മാഗിയും റീത്തയും ഡാനിയേലയെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.
രണ്ട് ദിവസം കഴിഞ്ഞ് മല മുകളിൽ വേട്ടയ്ക്ക് പോയ വേട്ടക്കാർ മലയിടുക്കിൽ ഒരു മൃതദേഹം കണ്ടെത്തി. പൂർണ്ണമായും കുറുക്കൻ ഭക്ഷിച്ച് തീർത്ത ഒരു സ്ത്രീയുടെ ശരീരം. വസ്ത്രാവശിഷ്ടങ്ങളിൽ നിന്നും അതൊരു വിദേശിയായ സ്ത്രീ ആണെന്നും പ്രായം അമ്പതിന് മുകളിലാണെന്നും അവർ കണ്ടെത്തി.
ഫോറൻസിക് പരിശോധനയ്ക്ക് ശേഷം ഫ്രാൻസിസ്കയുടെ മൃതദേഹം പോലീസ് ഡാനിയേലയ്ക്ക് വിട്ടു കൊടുത്തു. കണ്ണപ്പൻ്റെ നിർദേശപ്രകാരം മാഗിയുടെ ഇടവക പള്ളിയിൽ ഫ്രാൻസിസ്കയുടെ മരണ ശുശ്രൂഷ നടത്താൻ തീരുമാനിച്ചു. പക്ഷേ ഡാനിയേലയുടെ ആഗ്രഹം അപ്പനെ സംസ്കരിച്ചത് പോലെ കത്തിച്ച് ചാരമാക്കി നദിയിൽ കൊണ്ട് ഒഴുക്കാനായിരുന്നു. അമ്മയുടെ ഓർമ്മകളും കല്ലറയും ദുരാചാരങ്ങളും അവൾ ഭയന്നു. ഇനി ഭയാനകമായ ഒന്നും ആവർത്തിക്കാൻ പാടില്ല.
(തുടരും.. )
✍️നിഷ പിള്ള


1 Comment
Pingback: ബ്ലാക്ക് ഡാലിയ -21 - By Nisha Pillai - കൂട്ടക്ഷരങ്ങൾ