പ്രിയ അർപ്പിത കുട്ടി!!
പെട്ടെന്ന് ഞാൻ നിന്നെ ഓർത്തുപോയി. നിന്നെ മറന്നു പോയി എന്നൊരു അർത്ഥമില്ല.
കുളിപ്പിച്ച് സുന്ദരനായി കിടത്തിയിരിക്കുന്ന ആകാശിനെ കണ്ടപ്പോൾ ഞാൻ നിന്നെ ഓർത്തുപോയി.
അവ്യക്തമായി നീ എന്നെ നോക്കി ചിരിക്കുന്നതും എന്തൊക്കെയോ അപശബ്ദങ്ങൾ ഉണ്ടാക്കി എന്റെ ശ്രദ്ധ നിന്നിലോട്ടു നീ ക്ഷണിക്കുന്നതും ഞാനോർത്തു പോയി.
മോളെ!! എന്നെ കാണുമ്പോൾ നീ ഒന്നും സംസാരിക്കുന്നില്ല എങ്കിലും നിന്റെ കൺകോണിൽ നിന്നും നീ എന്നെ തിരിച്ചറിയുന്നതായി എനിക്ക് മനസ്സിലാവുന്നു. നിന്നെ ഞാൻ ഇന്ന് ഒത്തിരി ഓർത്തുപോയി. നിന്നെ മാത്രമല്ല, ഞാൻ ഷണ്നുവിനെയും ഓർത്തുപോയി.
നിങ്ങളല്ല മക്കളെ, ഭാഗ്യം ചെയ്തവർ, നിങ്ങളെ പൊന്നുപോലെ നോക്കുന്ന അമ്മമാരാണ് ഭാഗ്യം ചെയ്തവർ.
നിങ്ങൾ നല്ല കുട്ടികൾ. ഒരിക്കലും അമ്മമാരോട് എതിർത്ത് സംസാരിക്കാത്തവർ. അമ്മമാരുടെ മാറിൽ കിടന്നു മാത്രം ഉറങ്ങുന്നവർ, അമ്മമാരിൽ നിന്ന് മാത്രം ഭക്ഷണം സ്വീകരിക്കുന്നവർ, അമ്മയോട് മാത്രം സംസാരിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്നവർ.
നിങ്ങളുടെ അമ്മമാർ എത്ര ഭാഗ്യംലഭിച്ചവരാണ്.
“സത് പുത്ര ലാഭം” എന്നൊക്കെ ആശിർവദിച്ച് കേട്ടിട്ടുണ്ട്. എത്ര അമ്മമാർക്കാണ് സത് പുത്ര ലാഭം ലഭിച്ചിട്ടുള്ളത്?
നിങ്ങൾ നിങ്ങളുടെ അമ്മയെ വിഷമിപ്പിച്ചിട്ടില്ല. അമ്മ തരുന്ന ആഹാരം വേണ്ട എന്ന് നിരാകരിച്ചിട്ടില്ല. നിങ്ങൾ ഒരിക്കൽ പോലും പരിഭവമോ പരാതിയോ അവരോട് പറഞ്ഞിട്ടില്ല. അമ്മയുടെ തോളിൽ ചാഞ്ഞുറങ്ങി അമ്മയ്ക്ക് മുത്തങ്ങൾ നൽകി എത്ര രാത്രിയും പകലും നിങ്ങൾ ചെലവഴിച്ചു. അത്തരം മഹാഭാഗ്യം നിങ്ങൾക്കല്ലാതെ മറ്റാർക്കാണ് ലഭിച്ചിട്ടുള്ളത്??
പ്രായം ഏറെ കടന്നു കഴിഞ്ഞു പോകുമ്പോൾ, കുട്ടികളെല്ലാം വലുതായി അവരുടെ ആവശ്യങ്ങൾക്കായി അവർ പറന്നു പോയപ്പോൾ, ഏകാന്തതയും അനാഥത്വവും ഒക്കെ അനുഭവിക്കുന്ന അമ്മമാർ എത്രയുണ്ട് ഈ ഭൂമിയിൽ എന്നറിയാമോ എന്റെ അർപ്പിത കുട്ടിക്ക്? അമ്മമാർ അവരുടെ ജീവിതകാലം മുഴുവൻ കുട്ടികൾക്ക് വേണ്ടി ഓരോന്ന് ഉണ്ടാക്കി കൊടുക്കാനും കുട്ടികൾക്ക് വേണ്ടി മാത്രം ജീവിച്ച് സ്വന്തം ജീവിതത്തെക്കുറിച്ച് അല്പം പോലും ചിന്തിക്കാത്ത ജീവിച്ചു മരിക്കുമ്പോഴും കുട്ടികളുടെ ആവശ്യങ്ങളോ പരാതികളോ തീരുന്നില്ല. ആ പരാതിയും പരിഭവങ്ങളും സഹിച്ച് വീണ്ടും വീണ്ടും ആ കുട്ടികൾക്കായി ജീവിക്കുന്ന അമ്മമാരാണ് ഭൂമിയിൽ അധികവും.
ഞാനീ പറയുന്നത് ഒന്നും എന്റെ അർപ്പിത കുട്ടിക്ക് മനസ്സിലാകുന്നില്ല. എനിക്കറിയാം. ഞാൻ എന്തോ സങ്കടം പറയുകയാണെന്ന് നിനക്ക് മനസ്സിലായി. നിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അതുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായി.
എന്റെ അർപ്പിത കുട്ടി… എത്രകാലം നീ ഇങ്ങനെ കിടന്നിരുന്നാലും നിന്നെ നോക്കാൻ ഒരു ബുദ്ധിമുട്ടുമില്ല നിന്റെ അമ്മയ്ക്ക്. നീ മാത്രമാണ് അവളുടെ ലോകവും. നിങ്ങളുടെ ലോകം എത്ര നിറമുള്ളതാണെന്ന് ഞാൻ എപ്പോഴും ആലോചിച്ചിട്ടുണ്ട് എത്ര സന്തോഷമാണ് നിങ്ങൾ രണ്ടുപേരും മാത്രം ഉള്ളപ്പോൾ. നിന്നെ സ്നേഹിക്കാൻ കിട്ടുന്ന ഒരു നിമിഷം പോലും നിന്റെ അമ്മ പാഴാക്കിക്കളഞ്ഞിട്ടില്ല. നീയും അതേ. നിങ്ങൾക്ക് രണ്ടുപേർക്കും അങ്ങോട്ടുമിങ്ങോട്ടും പറയാൻ കുറ്റങ്ങൾ ഇല്ല കുറവുകൾ ഇല്ല പരാതികൾ ഇല്ല..
ബുദ്ധിയും നിറവും സൗന്ദര്യവും ഒക്കെയുള്ള കുട്ടികൾക്ക് ജന്മം നൽകിയ അമ്മമാർ അവരെ കാരണം തന്നെ ദുഃഖത്തിൽ താഴ്ന്നു പോകുന്നവരായി ഉണ്ട് ഈ ഭൂമിയിൽ .
നിനക്കും ആകാശിനും ഷന്നുവിനും ഒക്കെ നിങ്ങടെ അമ്മമാർ തന്ന മുത്തങ്ങൾ ഒന്നു പോലും വെറുതെ പോയില്ല.
നിങ്ങൾ അവർക്ക് ഉപാധികൾ ഇല്ലാത്ത സ്നേഹം തിരിച്ചു നൽകി.
ബുദ്ധി വൈകല്യമുള്ളവർ എന്ന് നിങ്ങളെ പറഞ്ഞവർക്കാണ് ബുദ്ധി വൈകല്യമുള്ളത്.
എന്റെ ഈ കത്ത് നീ വായിക്കുന്നില്ല. എത്രയോ കത്തുകൾ പോസ്റ്റ് ഓഫീസുകളിലും വിലാസക്കാരന് കിട്ടാതെയും തുറക്കാതെയും വായിക്കാതെയും കിടക്കുന്നു. അതുപോലൊരു കത്തായി മാറിയാലും സാരമില്ല. നിന്നോട് ഇതൊക്കെ പറയണമെന്ന് എനിക്ക് തോന്നുന്നു. നിനക്കായി ഇത് ഞാൻ കുറിച്ച് ഇടട്ടെ.
✍️ജെകെ

