മാസ്മരികതയുടെ അപ്രതീക്ഷിത ആശ്ലേഷത്തിൽ എഴുന്നുനിൽക്കുന്ന രോമകൂപങ്ങൾക്കൊപ്പം മണ്ണിൽ തറഞ്ഞുപോയ കാലുകളെ പറിച്ചെടുക്കാൻ മറന്ന് നിർനിമേഷയായി നിന്നു പോയ ഒരു കൗമാരക്കാരിയെ ഞാൻ ഓർക്കുന്നു.. ജനുവരിയിലെ കുളിരുന്ന ഒരു സായാഹ്നം. വർഷം 1990. ഇടവകപ്പള്ളിയിലെ പെരുന്നാൾ ആണ്. ഇന്നത്തെപ്പോലെ ആഴ്ചകളും മാസങ്ങളും നീളുന്ന പെരുന്നാൾ ഒന്നുമല്ല; വെള്ളി, ശനി, ഞായർ.. മൂന്ന് ദിവസം; അത്രതന്നെ. വെച്ചുവാണിയും ചെണ്ടമേളവും വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും, ഒപ്പം മൂന്നാം ദിവസം ഒരു ഗാനമേള, അല്ലെങ്കിൽ നാടകവും. നാടകാന്തം ഒരു വെടിക്കെട്ടോടെ പെരുന്നാളിന് തിരശ്ശീല വീഴുകയായി.
ആ വർഷം നാടകമായിരുന്നു, മൂന്നാം ദിവസം. ‘കന്യാകുമാരിയിൽ ഒരു കടങ്കഥ’യോ മറ്റോ ആണ്. അമ്പലത്തിലെ ഉത്സവവും പള്ളിപ്പെരുന്നാളും ഒക്കെ ഓരോ നാടും മുഴുവൻ കൈകോർക്കുന്ന ആഘോഷങ്ങളാണ്. അങ്ങനെ നാടുമുഴുവൻ പള്ളിയിലേക്കൊഴുകുകയാണ്. അപ്പോഴാണ് നമ്മുടെ കഥാനായിക വഴിമധ്യത്തിൽ പരിസരം മറന്ന് കോരിത്തരിച്ച് നിന്നുപോകുന്നത്. കാരണം അറിയുമ്പോൾ ഒരു പക്ഷേ, എന്നെ വായിക്കുന്ന നിങ്ങൾക്കും ഉണ്ടാകും സമാന കഥകൾ പറയാൻ. ഏതായാലും എന്റെ കഥയിലേക്ക് വരാം.
നാടകത്തിനു മുന്നോടിയായി ഒരു വിളംബരമെന്നോണം കോളാമ്പിയിൽകൂടി നാടിന്റെ ഓരോ മൂലയിലും എത്തുന്ന തരത്തിൽ ഉച്ചത്തിൽ സിനിമാപ്പാട്ട് വയ്ക്കും. നാട്ടുകാർ മാത്രമല്ല, പാട്ടു കേൾക്കുന്ന ഓരോ ചെടിയും പൂവും കായും കാടും പടലയും എല്ലാം ആ ഗാന നിര്ജ്ഹരിയിൽ അങ്ങ് അലിഞ്ഞു നിൽക്കും. അങ്ങനെ നിന്നു പോയതാണ് ഞാനും. പാട്ട്… ശ്യാമാംബരം…
1989 റിലീസായ, മമ്മൂട്ടി നായകനാകുന്ന ‘അർത്ഥം’ എന്ന സിനിമയിൽ കൈതപ്രത്തിന്റെ കൊതിപ്പിക്കുന്ന തൂലികയിൽ പിറന്ന, ജോൺസൺ മാഷ് മാനസതന്ത്രികൾ മീട്ടി ജീവൻ കൊടുത്ത പാട്ട്. പാടുന്നതോ,യേശുദാസും. മരണത്തെ ഒരു വെമ്പലോടെ സ്നേഹിക്കുന്ന ഒരാൾ മറ്റൊരാളുടെ കൊലക്കുറ്റം സ്വയം ഏറ്റെടുത്ത് തൂക്കുകയർ പ്രതീക്ഷിച്ച് ജയിലിൽ എത്തുന്നു. എന്നാൽ സ്വർഗം അയാളെ ഉൾക്കൊള്ളാൻ സജ്ജമാകാതിരുന്നതോ എന്തോ, ഒരു ജീവപര്യന്തം കൊണ്ട് അയാൾക്ക് തൃപ്തിപ്പെടേണ്ടിവരുന്നു. അവിടെവച്ച് അയാൾ എഴുതുന്ന നോവലിന് സാഹിത്യ അക്കാദമി അവാർഡ് കിട്ടുന്നു. തുടർന്ന് അയാൾ പരോളിൽ ഇറങ്ങുന്നു. ഇതാണ് കഥാസന്ദർഭം. കാലങ്ങളായി കാണാതിരുന്ന പുറംലോകം അയാളിൽ ഉണർത്തുന്ന അനുഭൂതിയാണ് പാട്ടിന്റെ ഇതിവൃത്തം. കോരിത്തരിപ്പിക്കുന്ന ബിംബങ്ങൾക്കും പദസഞ്ചയങ്ങൾക്കും ജോൺസൺ മാഷ് പകർന്നിരിക്കുന്നത് ഭീംപ്ലാസി രാഗത്തിലുള്ള ഒരു അലൗകിക സംഗീതം. ആരും മതി മറന്നു പോയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ?!
*ശ്യാമാംബരം
നീളേ
മണി മുകിലിൻ ഉള്ളിൽ
തുടിയുണരും നേരം
തിങ്കൾക്കല മാനോടുമ്പോൾ*
*ദൂരേ കണ്ടു കണ്ടാൽ മനമലിയും
ചന്ദ്രകാന്തക്കല്ല്…
ദൂരേ കണ്ടു കണ്ടാൽ മനമലിയും
ചന്ദ്രകാന്തക്കല്ല്…*
ഒരു സായന്തനത്തെ ഇതിലും മനോഹരമായി എങ്ങനെ വർണ്ണിക്കും? മൂവന്തിയിലെ കറുമ്പൻ ആകാശം മനോഹരിയായ ഒരു മേഘത്തിന്റെ ഗർഭത്തിൽ പതിയെ ഉണരുകയാണ്. അതുകണ്ട് കലമാനിനെപ്പോലെ തുള്ളിച്ചാടി ഓടുന്നത് സാക്ഷാൽ അന്തിമാനത്തെ ചന്ദ്രൻ. നോക്കി നോക്കി നിൽക്കുമ്പോളുണ്ട്, ആരെയും മയക്കുന്ന ചന്ദ്രകാന്തക്കല്ലുപോലെ രത്നം പോലെ അത് തിളങ്ങുന്നു. എഴുതുന്നത് കൈതപ്രം ആണ്, ഇതിലും കുറച്ച് അദ്ദേഹത്തിന് എഴുതാൻ പറ്റില്ലല്ലോ..
അടുത്ത വരികൾ..
*സായന്തനത്തിന്റെ കണ്ണിൽ
ശ്രുതി സാഗരം തിളങ്ങി
ചാരേ കൺ തുറന്നതോ
സുവർണ്ണ താരകം…*
*സ്വർഗ്ഗവാതിൽക്കിളി തേടി
തീരാ തേൻ മൊഴികൾ
നാദം…നാദം…മൃദുവായ് കൊഴിയും
നിനവിൽ പോലും*
*മെല്ലെ കേട്ടു കേട്ടാൽ മനമലിയും
ഹൃദയമന്ത്രച്ചിന്ത്…
മെല്ലെ കേട്ടു കേട്ടാൽ മനമലിയും
ഹൃദയമന്ത്രച്ചിന്ത്…*
സുന്ദരമായ എന്തിനും ഒന്ന് ശ്രദ്ധിച്ചു കാതോർത്താൽ ഒരു സംഗീതവും കൂടെയുണ്ടാകും. ആനന്ദ ലഹരിയിലായിരിക്കുന്ന സായന്തനത്തിന്റെ കണ്ണുകളിലേക്ക് നോക്കൂ; അവിടെ തിളങ്ങുന്ന ഒരു സാഗരം കാണാം, ശ്രുതിയുടെ.. സംഗീതത്തിന്റെ മന്ദ്രസാഗരം. തൊട്ടടുത്തുണ്ട്, ഉറക്കത്തിന്റെ ആലസ്യം വിട്ടുണരുന്ന ഒരു പൊൻതാരകം. കേൾവിക്കാരൻ ഒന്ന് കണ്ണടയ്ക്കുകയേ വേണ്ടൂ. ആ സ്വപ്ന തുല്യമായ രംഗം മനസ്സിൽ കാണാം. അവിടെ തീരാതെ തോരാതെ പാടുന്നത് കവിഭാവനയിൽ മാത്രം ജീവിക്കുന്ന സ്വർഗ്ഗ വാതിൽ പക്ഷിയാണ്. ഓരോ ശ്രോതാവിന്റെയും ആസ്വാദന മണ്ഡലത്തിലേക്ക് പൊഴിയുന്ന മൃദുനാദം. അതാവട്ടെ ഓരോ ശ്രവണത്തിലും മനസ്സുകളെ അലിയിപ്പിച്ചു കളയുന്ന ഹൃദയമന്ത്രണത്തിന്റെ ഒരു ചിന്തു പോലെ.
അസാധ്യം; അല്ലേ? തീർന്നില്ല, ആസ്വാദകഹൃദയങ്ങളെ ആനന്ദത്തിൽ ആറാടിച്ച് കൈതപ്രത്തിന് (ജോൺസൺ മാഷിനും യേശുദാസിനും) മതിയായിട്ടില്ല! പാട്ട് തുടരുകയാണ്..
*ചിത്രാങ്കണത്തിലെ കാവിൽ
പൊൻ നാളമാടി നിന്നു
കാടാറു മാസ പൊരുളിനും
നാടാറു മാസമായ്*
*പുതുമിന്നൽക്കൈവള ചാർത്തി
രാഗോന്മാദിനികൾ
നാദം…നാദം…
സുരഭീ മന്ത്രം തെളിയും പോലെ…*
*അരികേ കേട്ടു കേട്ടാൽ മനമലിയും
ഹൃദയമന്ത്രച്ചിന്ത്…
അരികേ കേട്ടു കേട്ടാൽ മനമലിയും
ഹൃദയമന്ത്രച്ചിന്ത്…*
സായന്തനം പ്രകൃതിയെ എങ്ങനെ മനോഹരിയാക്കുന്നു എന്നാണ് ഗാനം തുടർന്ന് പറയുന്നത്. ചിത്രമനോഹരിയായ കാവിൽ ദീപങ്ങൾ തെളിഞ്ഞാടി നിൽക്കുന്നു. കാടാറുമാസം ആയിരുന്ന, അതായത് ജയിൽ എന്ന കാട്ടിലായിരുന്ന, നായകന് ഇനി നാടാറുമാസമാണ്. സന്തുഷ്ടയായ പ്രകൃതി പണ്ട് സീതാദേവിക്ക് മിന്നൽക്കൈവള ചാർത്തിയത് പോലെ ഇവിടെ ഭൂമിയെ ആകെ മിന്നലിന്റെ പൊൻവളകൾ അണിയിക്കുന്നു . സൗഗന്ധം പരത്തിക്കൊണ്ട് സന്ധ്യാജപ മന്ത്രങ്ങൾ എങ്ങും കേൾക്കാം. ഇപ്പോൾ ഇതാ മനമലിയിക്കുന്ന ആ ഹൃദയ മന്ത്രച്ചിന്ത് എത്രയും അരികിലാണ്. ഒന്നോർത്താൽ നായകനോടൊപ്പം നാമും ആ മന്ത്രച്ചിന്തിൽ അലിയുകയല്ലേ?
പാട്ടുതീരുമ്പോൾ ഈ ഗാനരോമാഞ്ചം ഇനിയും തീരാതിരുന്നെങ്കിൽ എന്ന് എന്നെപ്പോലെ നിങ്ങളും ആശിച്ചു പോയിട്ടുണ്ടാവും; ഒന്നല്ല, പലതവണ. തീർച്ച.
@സിൽവി മൈക്കിൾ

