ഒരു ട്രെയിൻ യാത്ര. പക്ഷേ ഇത് നടന്നത് ഇപ്പോഴൊന്നുമല്ല, ഏതാണ്ട് 40 വർഷങ്ങൾക്ക് മുൻപ്.
ഈ കഥ പറഞ്ഞു കേട്ടിട്ടുള്ളത് എന്റെ അച്ഛന്റെയും അമ്മയുടെയും പക്കൽ നിന്നാണ്. എപ്പോഴൊക്കെ ഞങ്ങൾ ഒരു ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ടോ, ആ സമയത്തെല്ലാം ഈ കഥ പറഞ്ഞ് എന്നെ അവർ കളിയാക്കാറുണ്ട്. ഇപ്പോൾ ഞാനും ഒരു ട്രെയിനിൽ യാത്ര നടത്തുമ്പോൾ ഇത് ആലോചിച്ച് ഒരു ചെറുപുഞ്ചിരിയെങ്കിലും എന്റെ മുഖത്ത് വരാറുമുണ്ട്.
സംഭവം ഇങ്ങനെയാണ്. ഞാൻ അന്ന് ചെറിയ കുട്ടിയാണ്. ഏതാണ്ട് അഞ്ച് വയസ്സോ മൂന്ന് വയസ്സോ പ്രായം. ആ സമയത്ത് എന്റെ അച്ഛന്റെ മടിയിലാണ് ഞാൻ എപ്പോഴും ഇരിക്കുക. എല്ലാവരും വിശന്നിട്ടാണ് ഇരിക്കുന്നത്. വിശപ്പിന്റെ ആധിക്യം കൊണ്ടായിരിക്കാം എല്ലാവർക്കും നല്ല ക്ഷീണവുമുണ്ട്. പക്ഷേ ഞങ്ങളുടെ സ്റ്റേഷനായ കുറ്റിപ്പുറം സ്റ്റേഷൻ അടുത്ത് തന്നെ ആയതുകൊണ്ടും ഇനി ഇറങ്ങാനുള്ള സമയം അടുത്തതുകൊണ്ടും ആശ്വാസത്തിലാണ് എല്ലാവരും ഇരിക്കുന്നത്. പെട്ടെന്ന് ഒരു ശബ്ദം കേൾക്കുന്നു.
ചായ ചായേ
ചായ ചായേ കാപ്പി കാപ്പി!!
ചായയും കാപ്പിയുമായി വരുന്നു നമ്മുടെ ബോഗിയിലേക്ക് ഒരാൾ. ഇത് കണ്ട് അച്ഛനും അമ്മയും പരസ്പരം ചോദിക്കുന്നുണ്ട് ചായ വേണോ കാപ്പി വേണോ എന്നൊക്കെ. ഇനിയിപ്പോൾ സ്റ്റേഷൻ അടുക്കാറായി. ഇനി അത് കുടിക്കുന്നതിന്റെ ഇടയിൽ നമുക്ക് ഇറങ്ങേണ്ട സമയം ആയെങ്കിലോ എന്ന് വിചാരിച്ച് അവർ അത് വാങ്ങിയില്ല. പൊതുവേ ഞാൻ ചായയോ കാപ്പിയോ കുടിക്കാത്ത കുട്ടിയാണ്. കല്യാണം വരെ ഞാൻ ചായയോ കാപ്പിയോ കുടിക്കാറുണ്ടായിരുന്നില്ല. പക്ഷേ അന്നേ ദിവസം എന്തുകൊണ്ടോ എന്ന് എനിക്കറിയില്ല എന്റെ ഭാഗത്തുനിന്ന് അവർ വിചാരിക്കാത്ത രീതിയിലുള്ള ഒരു പ്രതികരണമാണ് ഉണ്ടായത്. ചായക്കാരൻ ബോഗിയിലുള്ള ആരൊക്കെയോ ചായയോ കാപ്പിയോ വാങ്ങിയിട്ട് പോയി. പക്ഷേ അയാൾ പോകുന്നത് അച്ഛന്റെ മടിയിലിരുന്ന് സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടായിരുന്നു. പോരാത്തതിന് എനിക്ക് വിരൽ കുടിക്കുന്ന ഒരു സ്വഭാവം കൂടി ഉണ്ടായിരുന്നു. വിരൽ കുടിച്ച് എല്ലാവരും നന്നായി ഒബ്സർവ് ചെയ്യുക എന്നുള്ളത് എന്റെ ഒരു വലിയൊരു ഹോബിയായിരുന്നു.
അന്ന് മാത്രമല്ല, ഇന്നും ഞാൻ അങ്ങനെ തന്നെയാണ്.വിരൽ കുടിക്കുന്നില്ല എന്ന് മാത്രം. പുറത്തു പോകുമ്പോൾ പരമാവധി എന്റെ ഫോൺ ഞാൻ പുറത്തേക്ക് എടുക്കാറില്ല. പലരെയും അവർ പോലും അറിയാതെ ഒബ്സർവ് ചെയ്യുന്നത് എന്റെ ഒരു ഹോബി തന്നെയാണ്. എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്ന് എനിക്ക് അറിഞ്ഞുകൂടാ. എന്നിട്ട് അവരുമായി ബന്ധപ്പെട്ട് മുഖഭാവം വെച്ച്എന്റെ മനസ്സിൽ ഇങ്ങനെ ഓരോ കഥകൾ ഞാൻ മെനഞ്ഞു കൊണ്ടിരിക്കും. ആരോടും പറയണമെന്നില്ല. അത് ശരിയാവണമെന്നുമില്ല. എന്റെ അച്ഛൻ പലപ്പോഴും ആയി പറയാറുണ്ട്. നമ്മൾ എല്ലാവരെയും എല്ലാത്തിനെയും ഒബ്സർവ് ചെയ്യണം. ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കുക എന്നുള്ള ഒരു ചിന്ത അച്ഛൻ തന്നതുകൊണ്ടായിരിക്കാം ചിലപ്പോൾ. ഇന്നും ഞാൻ അത് തുടർന്നു കൊണ്ടിരിക്കുന്നു. പക്ഷേ എനിക്ക് ചുറ്റുമുള്ള ആളുകൾ പലരും ഇന്ന് ഫോണിന് അടിമകളായി എല്ലാവരും ഫോണിൽ തന്നെയാണ്. എങ്കിലും എന്തെങ്കിലുമൊക്കെ എനിക്ക് കിട്ടാറുണ്ട് എന്റെ ചിന്തകൾക്കുള്ള ഭക്ഷണമായിട്ട്. അങ്ങനെ അന്നത്തെ ദിവസം അച്ഛന്റെ മടിയിലിരുന്ന് വിരൽ കുടിച്ചു കൊണ്ടിരിക്കുന്ന ഞാൻ വളരെ സൂക്ഷ്മമായി തന്നെയാണ് എല്ലാം നോക്കിക്കൊണ്ടിരിക്കാറ്. ഈ കാപ്പി കൊണ്ടുവന്ന ആൾ അവിടുന്ന് പോവുകയാണ്. പോകുന്നത് നോക്കി തന്നെയാണ് ഞാൻ ഇരിക്കുന്നത്. വിശപ്പുകൊണ്ടോ ദാഹം കൊണ്ടോ എന്തുകൊണ്ടോ അറിയില്ല. അന്നേരം ഞാൻ പൊടുന്നനെ എന്റെ വായിൽ നിന്നുള്ള എന്റെ വിരൽ മാറ്റി ഉറക്കെ കൂവി വിളിച്ചു.
കാപ്പി ഇങ്ങോട്ട് കൊണ്ടരിയേ!!
അങ്ങനെ ഒരു പ്രതികരണം അല്ലെങ്കിൽ അങ്ങനെ ഒരു ഒച്ച എന്റെ വായിൽ നിന്ന് ആരും പ്രതീക്ഷിച്ചില്ല. അങ്ങനെ ഒരു സംസാരചുവയോ സംസാരരീതിയോ ഒന്നും എനിക്കില്ലാത്തതുകൊണ്ട് അച്ഛനും അമ്മയും ആകെ ഞെട്ടിപ്പോയി. പക്ഷേ അന്നത്തെ ദിവസം ഞാൻ അങ്ങനെ പറഞ്ഞു. അത് കേട്ടിരുന്ന എല്ലാവരും ആ ബോഗിയിൽ ഇരുന്നവരും അപ്പുറത്ത് നിൽക്കുന്ന ആളുകളും എല്ലാവരും എന്നെ നോക്കി നല്ലവണ്ണം ചിരിച്ചുത്രേ. കാപ്പിക്കാരൻ തിരിഞ്ഞുനിന്ന് പുഞ്ചിരിയോടെ എന്നെ നോക്കി നിന്നു. അത് കണ്ട് വേഗം എന്റെ അച്ഛൻ കാപ്പി വാങ്ങി എനിക്ക് തന്നു. ഇത് നടന്നിട്ട് എത്രയോ വർഷങ്ങളായി.
അന്ന് എന്റെ അച്ഛനെ എല്ലാവരും നോക്കിയ ആ നോട്ടം, പാവം കുഞ്ഞ് അതിനൊരു കാപ്പി പോലും വാങ്ങിച്ച് കൊടുക്കാത്ത ഒരു അച്ഛൻ എന്നുള്ള രീതിയിലുള്ള നോട്ടങ്ങളും ചിരികളും എല്ലാം ഇന്നും പറഞ്ഞ് അച്ഛനും അമ്മയും ചിരിക്കാറുണ്ട്. അതിനുശേഷം ഒരിക്കൽ പോലും ഞാൻ കാപ്പി ആവശ്യപ്പെട്ടിട്ടുമില്ല. കാപ്പിയോ ചായയോ എനിക്ക് ഇഷ്ടവുമല്ല. ഓരോ തവണയും അവർ കുടിക്കുന്നതിന് മുൻപായി എന്നോട് ചോദിക്കും കാപ്പി വേണോ മോളെ? ഞാൻ ചിരിച്ചുകൊണ്ട് പറയും വേണ്ട. 😝😝

