ട്രെയിനിൽ കയറിയപ്പോൾ മുതൽ മറ്റൊന്നും ശ്രദ്ധിക്കാതെ ജനാലയിലൂടെ മഞ്ഞിൻ്റെ പുകമറയിൽ ഹരിതാഭയണിഞ്ഞു കിടക്കുന്ന പശ്ചിമഘട്ടത്തിൻ്റെ ഭംഗിയാസ്വദിക്കുകയാണ് അനുപമ. അതിനെ തൊട്ടും തൊടാതെയും ഒഴുകി നടക്കുന്ന മേഘപാളികളിൽ പലതും അനങ്ങാതെ കിടക്കുന്ന പാറക്കല്ലുകളെ പ്രകോപിപ്പിക്കാനെന്നവണ്ണം അതിനടുത്തെത്തുമ്പോൾ വേഗത കൂട്ടുന്ന പോലെ.
ആരാണീ കളിയിൽ വിജയിക്കുക?
ഓറഞ്ച് , നീല, വെള്ള, കറുപ്പ് ഇങ്ങനെ വർണ്ണമയങ്ങൾ മഞ്ഞുപുകയിലൂടെ പാറി നടക്കുന്നു. രസമുള്ള ആ കളിയുടെ വിധികർത്താവായിരിക്കാൻ നല്ലരസം.
കനത്ത ഇരുളിൻ്റെയാവരണങ്ങളതിൽ പതിയും വരെ അവൾ അതാസ്വദിച്ചു.
മിക്കവാറും കാലിയായ കംപാർട്ട്മെന്റും ലാപ്പിൽ മുഖം പൂഴ്ത്തിയിരിക്കുന്ന നിരഞ്ജനും ഒരനുഗ്രഹമായിത്തോന്നി.
കോയമ്പത്തൂർ എത്തിയപ്പോൾ തിരക്കിട്ടു കയറി എതിർ സീറ്റിൽ വന്നിരുന്നയാൾ അവളെ വല്ലാതെ അത്ഭുതപ്പെടുത്തി.
അതേ കണ്ണുകൾ, അതേ മുഖം, അതേ ഭാവം.
ഇതെങ്ങനെ സംഭവിച്ചു എന്ന ചിന്തയിൽ അയാളെത്തന്നെ നോക്കിയിരുന്നു.
സീറ്റിലിരുന്ന് ആരേയും ശ്രദ്ധിക്കാതെ കുപ്പിയിൽ നിന്ന് വെള്ളമെടുത്ത് കുടിച്ച് ബാഗിൽ നിന്ന് ഒരു പുസ്തകമെടുത്ത് അയാൾ വായന തുടങ്ങി. വൺ നൈറ്റ് അറ്റ് കാൾ സെൻ്റർ : ചേതൻ സീരീസിൽ താനിനിയും വായിച്ചിട്ടില്ലാത്ത, വായിക്കാനേറെയാഗ്രഹമുള്ള ആ പുസ്തകം കണ്ടപ്പോഴവൾ റിയയും മാധവുമുറങ്ങുന്ന ഹാഫ് ഗേൾഫ്രണ്ടിനെ പുറത്തെടുത്തു. പലതവണ വായിച്ചിട്ടുണ്ടെങ്കിലും ഉറക്കം വരാതിരിക്കുമ്പോൾ കൂട്ടുപിടിക്കാനിഷ്ടപ്പെടുന്ന പുസ്തകങ്ങളിലൊന്നായതുകൊണ്ട് എപ്പോഴും കയ്യിൽ കരുതുന്നു. ഇപ്പോഴതു വായിക്കാൻ പ്രത്യേക സുഖം.
പുസ്തകം തുറന്നെങ്കിലും ശ്രദ്ധമുഴുവൻ അയാളിലായിരുന്നു.
ഒരു കാലത്ത് തൻ്റെ സ്വപ്നങ്ങളിൽ നിരന്തരം ശല്യം ചെയ്തിരുന്ന അജ്ഞാതൻ…
എപ്പോഴാണാ ശല്യം തുടങ്ങിയതെന്നോർമ്മയില്ല. കിട്ടിയുള്ള മീശയും മുന്നിലേക്ക് നീണ്ടു കിടക്കുന്ന മുടിയും പ്രകാശം നിറഞ്ഞ കണ്ണുകളും എല്ലാം അതുപോലെയുണ്ട്. അന്നു പതിവായി ധരിച്ചിരുന്ന സിംഹത്തലയുള്ള കറുത്ത ടീഷർട്ടും ജീൻസും പോലും മാറ്റമില്ലാതെയുണ്ട്.
സ്ഥിരം സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് ചിന്തകളെ സ്വാധീനിച്ചയാൾ.
അയാളിലൂടെയാണ് ചേതൻ ഭഗതിൻ്റെയും പങ്കജ് ഉദാസിൻ്റെയും ബോളിവുഡ് സിനിമകളുടേയും ക്രിക്കറ്റിൻ്റെയുമൊക്കെ ലോകത്തിലേക്ക് ചേക്കേറിയത്.
ഏറെകാലം അയാളേയും കാത്തിരുന്നു. ഏകദിശാ ബന്ധം എന്നു പോലും വിശേഷിപ്പിക്കാൻ പറ്റുന്ന ആത്മബന്ധം.
വർഷങ്ങൾക്കുശേഷം ഓർമ്മകൾ ചിതലരിച്ചു തുടങ്ങിക്കഴിഞ്ഞു മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
കാലപ്പഴക്കം മായിച്ച മുറിവു പോലെ..
ഇന്നത് വെറുമൊരു കൗതുകം മാത്രമാണെങ്കിലും അന്നൊരു കനലായിരുന്നു.
കോറാ കാഗസ് ഥാ യേ മൻ മേരാ…
തൻ്റെ പ്രിയഗാനം അല്ല , അയാൾ തന്നെ പഠിപ്പിച്ച ഗാനം.
അതുതന്നെ അയാളുടെ ഫോണിലെ റിങ്ങ്ടോൺ ആയി കേട്ടപ്പോൾ വീണ്ടുമതിശയം തോന്നി. കൂട്ടുകാരെല്ലാം മലയാളമോ തമിഴോ മൂളി നടന്നിരുന്ന സമയത്ത് അജ്ഞാതൻ്റെ സ്വാധീനം കാരണം ഹിന്ദിപ്പാട്ടുകളും സിനിമകളുമായിരുന്നു അനുപമയുടെ ലോകം.
“അയാൾ ആരാണ്? ”
അറിയാനുള്ള അടക്കാനാവാത്ത ആഗ്രഹം കൂടി വന്നതല്ലാതെ ഒരക്ഷരം ചോദിക്കാനായില്ല.
പൊതുവേ അപരിചിതരോട് സംസാരിക്കുന്ന ശീലം കുറവാണ്. മാത്രമല്ല, ഇത്രനേരമായിട്ടും തല ഉയർത്തി നോക്കുക പോലും ചെയ്യാതിരിക്കുന്ന ആളോട് എന്തു ചോദിക്കാൻ?
കൂടുതൽ ശ്രദ്ധിക്കുന്നത് മനസ്സിലായാൽ അയാൾ എന്തു വിചാരിക്കും എന്നോർത്ത്
കണ്ണുകളെ കയ്യിലെ പുസ്തകത്തിൽ തളച്ചിടാൻ ശ്രമിച്ചു.
പക്ഷേ മനസ്സ് പിടികൊടുക്കാതെ മറ്റെവിടെയോ പറന്നു നടന്നു.
ആരാണയാൾ എന്ന ചിന്ത ഉത്തരം തരാതെ ആകാശത്തെ മേഘങ്ങൾക്കൊപ്പം തലങ്ങും വിലങ്ങും സഞ്ചരിച്ചു. തിരക്ക് കൂടിക്കൂടി വരാൻ തുടങ്ങി. ചിന്തകളുടെ ദിശ മാറ്റുന്ന തരത്തിൽ യാത്രക്കാരുടെ ബഹളം ഉയർന്നു തുടങ്ങി.
നിരഞ്ജൻ ഫോണിൽ ആരോടോ സംസാരിയ്ക്കുന്നത് കേട്ടു.
എന്തോ വലിയ സന്തോഷം ആ സംസാരത്തിൽ അലയടിക്കുന്നുണ്ട്.
ഫോൺ വെച്ചതും തൻ്റെ സുഹൃത്തും കുടുംബവും തൊട്ടടുത്ത കമ്പാർട്ട്മെൻ്റിലുണ്ട്. പോയി കണ്ടിട്ടു വരാമെന്ന് പറഞ്ഞ് നിരഞ്ജൻ എഴുന്നേറ്റു. ഏറെക്കാലമായി കാണാനാഗ്രഹിച്ച ഒരു സുഹൃത്താണെന്ന് മുഖത്തെ പ്രകാശം വിളിച്ചു പറഞ്ഞു. ആ സന്തോഷത്തിൽ മങ്ങലേൽക്കാതിരിക്കാൻ അവളും എഴുന്നേറ്റു കൂടെപ്പോയി.
തിരിച്ചെത്തിയപ്പോൾ അയാളിരുന്നയിടം ശൂന്യമായിരുന്നു
നിരാശയോടെ സീറ്റിലേക്കിരിക്കാൻ നോക്കിയപ്പോൾ അവിടെയതാ വൺ നൈറ്റ് അറ്റ് കാൾ സെൻ്റർ.
ആകാംക്ഷേയോടെ അതു തുറന്നു നോക്കിയപ്പോൾ അതിലൊരു കുറിപ്പ്
നിങ്ങളെ എവിടെയോ കണ്ടപോലെ തോന്നുന്നു.
എന്നെപ്പോലെ ചേതൻ ഭഗതിൻ്റെ ആരാധികയാണല്ലേ ?
താങ്കൾ ഈ പുസ്തകം വായിക്കാനേറെയാഗ്രഹിക്കുന്നപോലെ തോന്നി. പകരമീ പാതി പെൺസുഹൃത്തിനെ ഞാനെടുക്കുന്നു.
സ്തബ്ധയായി അവൾ അതിലേക്ക് നോക്കിയിരിക്കുമ്പോൾ നിരഞ്ജൻ ലാപ്ടോപ്പ് തുറന്ന് അതിനകത്തെ ലോകത്തിലേക്ക് ശ്രദ്ധ തിരിച്ചിരുന്നു.
“അവിചാരിതമായ ഞെട്ടിക്കലുകളുടെ ഘോഷയാത്രയാണ് ജീവിതം . ”
#ഒരു ട്രെയിൻ യാത്ര


1 Comment
👍❤️💯🙏🙏🙏