എന്റെ ജനാലയ്ക്കപ്പുറത്തെ ലോകമെനിക്കപരിചിതമായിരുന്നു
കൗതുകത്തിന്റെ കണ്ണുകളാൽ
അങ്ങോട്ട് നോക്കുമ്പോൾ
ഞാനൊരു കൗമാരക്കാരിയായിരുന്നു
വർണ്ണശബളമായ ഒരു
പൂന്തോട്ടമായിരുന്നു
എന്റെ കാഴ്ചയെ മാടി വിളിച്ചത്
പൂക്കളുടെ ഭംഗിയിലും ഗന്ധത്തിലും ആകൃഷ്ടയായ് അതിൽ ലയിച്ചുനിന്നു
വഴിമാറി വന്ന കാറ്റിൽ എന്റെ ജനാലടഞ്ഞു
ഇരുട്ടിൻ നിശബ്ദത എന്നെ ഭയപ്പെടുത്തി
ഒറ്റപ്പെടലിന്റെ വേദനയിൽ ഉരുകി
അടഞ്ഞ ജനാലയിലാരോ വന്നു മുട്ടി വിളിച്ചു
പാതി തുറന്ന ജനാലക്കപ്പുറം
കാറ്റു വീശാത്ത വേനലിൻ
മതിഭ്രമം എന്റെ ഉടലിൽ നിറഞ്ഞാടി
കരിഞ്ഞുണങ്ങിയ പുൽനാമ്പുകൾക്കിടയിൽ
വിതക്കാതെ മുളച്ച മരം
പൂത്തുലഞ്ഞു നിന്നു
ഹൃത്തിലെ വറ്റാത്ത നീരുറവ
കൊണ്ട് ഞാനത് നനച്ചു
എന്റെ ജനാലയ്ക്കപ്പുറം ഇന്നൊരു കാടാണ്
പൂത്തു നിൽക്കുന്ന കാട്