പേരിലെന്തിരിക്കുന്നു എന്ന് ചിലർ പറയാറുണ്ട്. അച്ഛനമ്മമാർ നമ്മോടു ചോദിക്കാതെ നമുക്ക് പേരിടുന്ന കാലത്തോളം നമുക്ക് നമ്മുടെ പേരിന്റെ പിതൃത്വം ഏറ്റെടുക്കാൻ കഴിയില്ല. എന്റെ ഒരു സുഹൃത്ത് ഒരിക്കൽ പറഞ്ഞു പശുപതിയെ കാണാൻ നമുക്ക് സിറ്റി വരെ പോകാമെന്ന്. ങേ ! ഇതാരാ പശുപതി ? ഇക്കാലത്ത് ഇങ്ങനെയും ഒരു പേരോ? അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു ഇതൊരു സസ്പെൻസ് ആണ് നീ അയാളെ നേരിട്ട് കാണൂ എന്ന്. സത്യത്തിൽ പശുപതിയെ നേരിട്ട് കണ്ടപ്പോൾ ഞാൻ അന്തംവിട്ടു കുന്തം വിഴുങ്ങി.ഒരു ഇരുപത്തി രണ്ടു വയസുള്ള ഒരു ഫ്രീക്കൻ സുന്ദരൻ ആണ് ആ പശുപതി. സുഹൃത്തിന്റെ അനന്തിരവൻ. പേരും ആളും തമ്മിൽ ഒരു ബന്ധവുമില്ല. ഞാൻ വിചാരിച്ചു ഏതോ വയസായ ആളാണെന്നു. ഒരു തമിഴൻ സുഹൃത്തിന്റെ പേര് “ദുശ്മൻ ” എല്ലാ നോർത്ത് ഇന്ത്യക്കാരും കൂടി അയാളെ ദുശ്മനെന്നു വിളിച്ചു അവനെ തലങ്ങും വിലങ്ങും വലിച്ചു കീറി. അയാളുടെ അച്ഛനും അമ്മയും അച്ഛന്റെ പേരിന്റെ “ദു” അമ്മയുടെ പേരിന്റെ “ശ” ഒക്കെ ചേർത്ത് ഇട്ട പേരാണത്രേ ദുശ്മൻ. എപ്പടി ! സൂപറാ ഇരുക്ക ? കുവൈറ്റിലുള്ള സുഹൃത്ത് റഫീക്ക് എന്ന ഒരു സുഹൃത്തിന്റെ വിഷമം കുറച്ചൊന്നുമല്ല. റഫീക്ക് എന്നാൽ തൊഴിലാളി സുഹൃത്ത് എന്നാണു അറബിയിൽ അർഥം. ഒരു എഞ്ചിനീയറായ റഫീക്കിന് അറബികൾ ആ പേര് വിളിക്കുമ്പോൾ ഹാലിളകും. ഒടുവിൽ റഫീക്ക് എന്ന പേര് പോലും മാറ്റാൻ അയാൾ ശ്രമിച്ചു എന്നറിയാൻ കഴിഞ്ഞു. ഇങ്ങനെ പോകുന്നു പെരിലെ വൈരുധ്യങ്ങൾ.
ധൃഷ്ടദ്യുമ്നൻ, ധൃതാരാഷ്ട്രർ എന്നൊക്കെ പേരുള്ളവരെ പാവം അറബികൾ എങ്ങനെ വിളിക്കുമോ ആവോ ? കാതരാക്ഷി ബിസ്ക്കറ്റ്, തങ്കപ്പൻ ഫേസ് വാഷ്, ചെല്ലപ്പൻ മണി എക്സ്ചേഞ്ച് എന്നൊക്കെ പേരിടുന്ന കാലം വിദൂരമല്ല. 😀