മൗനമാർന്ന നിമിഷങ്ങൾ,
തെളിയുന്ന ഓർമ്മകൾ,
മിഴിക്കോണിലൊരു പുഞ്ചിരി
നനുത്ത കരസ്പർശം
ആർദ്രമായൊരു സ്നേഹത്തിന്റെ
സാക്ഷ്യപ്പെടുത്തൽ
മീനച്ചൂടിൽ കത്തുന്ന സൂര്യൻ
ഉരുകിയൊലിക്കുന്ന ഭൂമി
കാലം തെറ്റി ഉരുണ്ടു കൂടിയൊരു
കാർമേഘം ഭൂമിക്കായി
മാരി ചൊരിയുന്നു
മഴയിൽ കുതിർന്ന പകലുകൾ
ഒഴുകിയിറങ്ങിയ സിന്ദൂരം
അകലുന്ന നിഴലുകൾ
തെക്കു വശത്തു പുകയുന്ന
ചിതയിൽ ഉരുകുന്ന കനലുകൾ
വിടപറച്ചിലിന്റെ വിതുമ്പൽ
തങ്ങി നിൽക്കുന്ന അധരം
പടരുന്ന ഇരുളിമ
തനിച്ചായ ഒരുവളുടെ
ഹൃദയത്തിന്റെ തേങ്ങലുകളിൽ
നഷ്ടപ്പെടലിന്റെ നൊമ്പരം
വിധിയിൽ പതറിപ്പോയൊരുവളുടെ
നിസഹായത.. എന്നിട്ടും,
വീണ്ടും ഓർമ്മകളുടെ
അറ്റത്ത് ജീവിതത്തെ
കൊരുത്തു പിടിച്ചൊരു യാത്ര!
– ധനുഗായത്രി