ഒരു നിമിഷത്തേക്ക് ഇളകിതുള്ളിയ ഭൂമി.. അമ്പരചുംബികളായ സൗധങ്ങൾ വിസ്മയം തീർത്ത ആ പ്രദേശത്തെയാകമാനം തകർത്തു!!
രക്ഷപ്പെട്ടവർ തങ്ങളുടെ വേണ്ടപ്പെട്ടവരെ തിരഞ്ഞു.. എങ്ങും തേങ്ങലുകൾ.. പൊടിക്കാറ്റിൽ അലയടിച്ചതും രോദനം..
തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് രക്ഷാപ്രവർത്തകർ വേദനിപ്പിക്കുന്ന ആ കാഴ്ച കണ്ടത്!
മാസങ്ങൾ മാത്രം പ്രായമുള്ള തന്റെ കുഞ്ഞനിയത്തിയുടെ മേൽ ഒരു തരി മണ്ണ് വീഴാതിരിക്കാൻ സുരക്ഷാ കവചമാക്കി തന്റെ ശരീരം വെടിഞ്ഞ ആ കുഞ്ഞു ബാലനെ!.
അവർ വളരെ പതുക്കെ ശ്രദ്ധിച്ച് ഇരുവരെയും പുറത്തേക്കെടുത്തു. ആ ബാലന് ജീവനില്ല!
പൊടിമണ്ണും രക്തവും കട്ടപ്പിടിച്ച അവന്റെ മുഖം ഒരു യോദ്ധാവിനെ പോലെ തിളങ്ങി!
എന്നാൽ അവനേകിയ സുരക്ഷയുടെ ചിറകിൽ ആ കുഞ്ഞനിയത്തിയുടെ ജീവൻ ഭദ്രമായിരുന്നു! മയക്കത്തിൽ നിന്നെന്ന പോലെ പുഞ്ചിരിച്ചവൾ പൂച്ചക്കണ്ണുകൾ തുറന്നു. ഒരുപക്ഷെ റൂഹ് പിരിയുന്ന അവസാന നിമിഷം വരെയും അവൻ തന്റെ സഹോദരിയെ കൊഞ്ചിച്ചു കാണും.
‘പേടിക്കേണ്ട.. നിനക്ക് ഒന്നും വരാതെ ഞാൻ കാത്തുകൊള്ളാം’ എന്ന് വാക്ക് കൊടുത്തിട്ടുണ്ടാകും. അവൾക് കുഞ്ഞിക്കഥകൾ പറഞ്ഞുകൊടുത്തു കാണും.
തന്റെ ജീവൻ നൽകിയും അവളെ ജീവിപ്പിക്കണേ എന്നവൻ ആത്മാർഥമായി പ്രാർത്ഥിച്ചു കാണും…
യഥാർത്ഥ ബന്ധങ്ങൾ നൽകുന്ന സ്നേഹവും കരുതലും വാക്കുകൾക്കും പ്രവർത്തികൾക്കും അതീതമാണ്.. അത് ദൈവീകമാണ്..
ഡോ നസ്രീൻ മൂസ