നല്ല വിശപ്പുണ്ട്… വയറു കത്തിയെരിയുന്നുണ്ട്
എന്നും ഉപ്പിട്ട കഞ്ഞി കുടിച്ചു മടുത്ത പോലെ
വയറിനാശ്വാസത്തിന് അൽപ്പം കഞ്ഞി കുടിക്കാൻ
കിണ്ണത്തിൽ ഒരു തവി കഞ്ഞി വിളമ്പി
കുമ്പിള് കുത്തിക്കുടിക്കാൻ പ്ലാവില എടുക്കാൻ
പോയ നേരത്ത് മുറ്റത്ത് മാമ്പൂ കൊഴിഞ്ഞതിനിടയിലായ്
കുഞ്ഞു കണ്ണിമാങ്ങകൾ
പെറുക്കിയെടുത്തു മടിക്കുത്തിൽ വെച്ചതിൽ
നിന്നൊരെണ്ണം കടിച്ചു നോക്കി
നല്ല പുളിയുണ്ട്
അമ്മിക്കല്ലേൽ വെച്ചു നാലഞ്ചെണ്ണം ചതച്ചെടുത്തു
കണ്ണീരുപ്പിനോളം ഉപ്പില്ലെങ്കിലും
നെഞ്ചിലെ നോവിന്നത്ര എരിവില്ലെങ്കിലും
ഉപ്പുഭരണിയിൽ നിന്നൊരല്പം ഉപ്പും
ചില്ലുപാത്രത്തിലെ മുളകുപൊടിയും വാരി വിതറി
മനസസ്സിന്റെ നോവിന് കായത്തിനേക്കാൾ കയ്പ്പുണ്ട്
എല്ലാം പാകത്തിലാക്കാൻ ഒരൽപം
പച്ചവെളിച്ചെണ്ണയും ചേർത്ത് ചൂണ്ടുവിരൽ കൊണ്ടിളക്കി
നാക്കിൻ തുമ്പിൽ തൊട്ടു നക്കിയിട്ട്
ആ തൊടുകറി കൂട്ടി കിണ്ണത്തിലെ കഞ്ഞി
മുഴുവനും മോന്തി മോന്തി കുടിച്ചൊരു
ഏമ്പക്കവും വിട്ടവൾ മനസ്സിലോർത്തു,
‘മാമ്പൂക്കാലം കഴിയണത് വരെ ഈ
കണ്ണിമാങ്ങാ അച്ചാർ കൂട്ടി വയറു നിറയെ കഞ്ഞി കുടിക്കാം’.