ഇരുൾ മായും മുന്നേ തന്നെ
താമരയിതളുകൾ കൂമ്പിയടഞ്ഞ്
ചേലറ്റ് വാടി തളർന്നത് കണ്ടൊരു
കരിവണ്ട് മെല്ലെയവളോട് ചോദിച്ചു
“എന്തിനായീ വിഷാദമീ കണ്ണുകളിൽ..?”
“പ്രണയമെനിക്ക് മാത്രമായിരുന്നാ
സൂര്യന് മേൽ…
വെയിലേറ്റ് തളിർക്കാനായി ഞാൻ കാത്ത് നിൽക്കുമ്പോൾ..
എന്നെ കണ്ട് ചിരിക്കുമ്പോലെയവൻ
സൂര്യകാന്തിയെ നോക്കിയും പുഞ്ചിരിക്കാറുണ്ട്..”
മൂളലൊതുക്കി താമരതണ്ടിന്മേൽ തഴുകി കരിവണ്ട് മെല്ലെ പറഞ്ഞു.
“തകരരുതോമനെ, നീ
ഉപാധികൾ ഇല്ലാത്ത പ്രണയമെന്ന് ലോകം വാഴ്ത്തുന്ന സൂര്യനും താമരയും
കേവലം പ്രപഞ്ചസത്യം മാത്രം..
ഒന്നിന് പകരം മറ്റൊന്നെന്ന്
പകരം വയ്ക്കുന്ന ജീവിതമിത്..
ലോകമിത്..
ഇന്നിൽ ജീവിച്ച് നാളയെ ഓർക്കാതെ
ഇന്നലയെ മറന്ന് ഓരോ നിമിഷവും ആസ്വദിക്കൂ നീ..
പൂവിൽ നിന്ന് പൂവിലേക്ക് മാറി പ്രയാണം നടത്തുന്ന എന്നെ പോലെ..”
വണ്ട് സ്നേഹത്തോടെ അവളെ നോക്കി.
“എല്ലാവർക്കും എല്ലാവരെയും പോലെ
ആകാനാവില്ലല്ലോ …”
നേർത്ത നൂലിഴ പോലെ ഒഴുകിയിറങ്ങിയ
കണ്ണുനീർ തുടച്ചവൾ കണ്ണുകളടച്ചു!!