ഒരുമിച്ചു വാഴുവാൻ ഒന്നായ്
പണിതുയർത്തിയ ഭൂമിയിൽ
കല്ലും മണ്ണും കൂട്ടിക്കുഴച്ചു
സ്വയമതിരുകൾ പണിത്
അതിനുമുകളിൽ
സൂര്യചന്ദ്ര നക്ഷത്രാദികളെ
അവയുടെ ഭ്രമണപഥത്തില്‍ നിന്നും
കീറിമുറിച്ചൊട്ടിച്ചുണ്ടാക്കിയ
‘മതം’കൊണ്ടു മദമിളക്കി
മനുഷ്യനെ തമ്മിലടിപ്പിച്ചു,
മനുഷ്യന്റെ കണ്ണുകളിൽ
തിമിരം വിതറുന്ന
ആ വിഷബീജങ്ങളെ
കൂട്ടിയിട്ടു വിൽക്കുന്ന
മൊത്തക്കച്ചവടക്കാർ-
ക്കിടയിൽ നിന്നും
കാലമേ, നീ കടം തരിക…
മതമെന്ന മാലിന്യം
കേവലം മനുഷ്യന്റെയുള്ളിലെ
വിശ്വാസങ്ങളുടെ വികാരങ്ങൾ
മാത്രമാണെന്നും
എന്റെയും നിന്റെയും ഞരമ്പുകളിൽ
തിളച്ചുമറിയുന്ന ചുടുചോരയുടെ
നിറവും ഗന്ധവും ഒന്നെന്നുമറിയുന്ന
ഒരുപിടി മാനവ ഹൃദയങ്ങളെ..!
© ശ്രുതി സൗപർണിക