എനിക്കൊരിക്കൽ കൂടി പ്രണയിക്കണം.
മനസ്സ് നിറഞ്ഞു തൂകുന്ന ആ പ്രണയത്തിനൊടുവിൽ
ഒരു യാത്ര പോലും പറയാതെ ഇറങ്ങി പോരണം.
ഒരുമിച്ച് കണ്ട സ്വപ്നങ്ങളുടെ മടിയിൽ
തല ചായ്ച്ച്..
പിന്നിട്ട് പോന്ന നിമിഷങ്ങളുടെ ചൂടിൽ
വെന്ത് നീറണം.
സ്നേഹം കൊണ്ട് പോലുമെന്നെ തലോടരുത്.
കാരണം..
ഓർമകൾ കൊണ്ട് പോറലായ് നെഞ്ചിൽ
പഴുത്ത് തുടങ്ങിയ ഒരു മുറിവുണ്ട്.
അതിൽ വീണ് എരിയുന്ന ഉപ്പുരസം
പോലെയാണെനിക്കോരോ സ്പർശനങ്ങളും.
എന്നെ നോക്കി ചിരിക്കരുത്.
ശരങ്ങൾ പോലെ ഉള്ളിൽ തുനിഞ്ഞിറങ്ങിയ
ഓർമ്മപെയ്ത്തുകളിൽ പൊതിഞ്ഞ്
ശാപവാക്കുകളായി അവ തിരികെ വന്നേക്കാം.
നീണ്ട് കിടക്കുന്ന വഴികളെ നോക്കി
മൂകമായി ഞാൻ നിന്നാലും
എല്ലാം മറന്നെന്ന് കരുതി പിന്നിലൂടെ
എന്നെ കെട്ടിപ്പിടിക്കരുത്.
പൊള്ളുന്ന ദേഹിയിലെ ജ്വാലയിൽ
പുളഞ്ഞ് വിയർത്ത ദേഹം
ചിത പോലെ നിന്നെ എരിയിച്ചേക്കാം.
കണ്ണുനീർ പോലും ആവിയായി പോകുന്ന
എരിവെയിൽ കൊണ്ടെന്റെ കണ്ണുകൾ
ഭസ്മീകരിച്ചേക്കാം..ഉടലും മനവും.
എന്നിട്ടുമെന്നിൽ പ്രണയം ബാക്കിയുണ്ടെങ്കിൽ മാത്രം..
അത് നിനക്കുള്ളതാണ്..
പുകഞ്ഞു തീർന്നിട്ടും കനലായായ്
ബാക്കി കിടക്കുന്ന ഉയിരുള്ള പ്രണയം.