“നെയ്യാറ്റിൻകരയിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്നും പെൺകുട്ടി പിന്മാറിയതിൽ മനംനൊന്ത് യുവാവിന്റെ ആത്മഹത്യ. പെൺകുട്ടിക്കെതിരെ പരാതിയുമായി യുവാവിന്റെ കുടുബവും സുഹൃത്തുക്കളും…”
ഇക്കഴിഞ്ഞ ജനുവരിയിൽ സോഷ്യൽമീഡിയയിൽ വൈറലായിരുന്ന ഒരു വാർത്തയുടെ തലക്കെട്ടാണ് മുകളിൽ ചേർത്തിരിക്കുന്നത്. സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ ചർച്ചയായ ഒരു വിഷയമായിരുന്നു മിഥുൻ മോഹൻ എന്ന ചെറുപ്പക്കാരന്റെ ആത്മഹത്യ. അഞ്ചു വർഷത്തോളം പ്രണയിച്ച്… കൂടെ നടന്ന്… മിഥുനിൽ നിന്നും ലാപ്ടോപ്പും, ഐ – ഫോണും, സ്വർണ്ണമാലയും, വില കൂടിയ ഫെൻസിങ് കിറ്റും, പൈസയും അടക്കം പലതും പറ്റിച്ചെടുത്ത ശേഷം ആ പയ്യനെ അക്ഷര എന്ന പെൺകുട്ടി ചതിച്ചു എന്നും അതിന്റെ മനോവിഷമത്തിലാണ് മിഥുൻ ആത്മഹത്യ ചെയ്തത് എന്നുമാണ് വാർത്തകളിലൂടെ അറിഞ്ഞിരുന്നത്. അന്ന് ആ പെൺകുട്ടിക്കെതിരെ വൻപ്രതിഷേധമായിരുന്നു സോഷ്യൽമീഡിയയിൽ. എനിക്കും തോന്നിയിരുന്നു ആ കുട്ടിയോട് ദേഷ്യം. അത് പ്രണയത്തിൽ നിന്നും പിന്മാറിയതിനല്ല. ഇഷ്ടമില്ലാത്ത അല്ലെങ്കിൽ അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കാത്ത ബന്ധത്തിൽ നിന്നും പിന്മാറുക എന്നത് തെറ്റൊന്നുമല്ല. പക്ഷെ ആ പയ്യനെ സാമ്പത്തികമായി ഒരുപാട് ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞു എന്ന് കേട്ടപ്പോൾ ദേഷ്യം തോന്നിയിരുന്നു. എങ്കിലും അക്ഷരയുടെ ഭാഗം കൂടി കേൾക്കണം എന്ന് തോന്നിയിരുന്നു കാരണം ആ പയ്യന്റേത് എന്ന് പറഞ്ഞു പ്രചരിച്ചിരുന്ന വോയിസ് റെക്കോർഡുകളിലൊക്കെ ഒരു പക്വതക്കുറവ് കൃത്യമായി അറിയാൻ ഉണ്ടായിരുന്നു. ആ പയ്യന്റെ കുടുംബക്കാരും സുഹൃത്തുക്കളുമൊക്കെയായിരുന്നു ഈ പെൺകുട്ടിക്ക് എതിരെയുള്ള ആരോപണങ്ങളുമായി മുന്നോട്ട് വന്നത്.
എന്നാൽ ഇപ്പോൾ അക്ഷര തന്റെ ഭാഗം പറഞ്ഞു വന്നിരിക്കുകയാണ് സോഷ്യൽ മീഡിയയിലൂടെ… അതും വ്യക്തമായ തെളിവുകളോടെ… അഞ്ചു വർഷങ്ങൾക്ക് മുൻപാണ് അവർ തമ്മിലുള്ള പ്രണയബന്ധം ആരംഭിച്ചത് എന്നും എന്നാൽ പ്രണയം തുടങ്ങി നാളുകൾ മുന്നോട്ടു പോകും തോറും മിഥുന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങി എന്നും അക്ഷര പറയുന്നു. ഈ പെൺകുട്ടി എന്തിനും ഏതിനും മിഥുനോട് പെർമിഷൻ ചോദിക്കണം, മറ്റു ആൺകുട്ടികളോട് മിണ്ടാൻ പാടില്ല എന്തിന് അക്ഷരക്ക് ഫെൻസിങ്ങിന് നാഷണൽ ലെവലിൽ മത്സരിക്കാൻ അവസരം കിട്ടിയപ്പോൾ അതിൽ പങ്കെടുക്കാൻ പോലും മിഥുൻ തടസ്സം നിന്നു. മിഥുൻ പറഞ്ഞത് അനുസരിച്ചില്ല എങ്കിൽ അയാൾ ആത്മഹത്യ ഭീഷണി നടത്തും, പട്ടിണി കിടക്കും, ബ്ലേഡ് കൊണ്ട് കയ്യിൽ വരയും… തുടക്കത്തിൽ ഇതൊക്കെ എല്ലാ പ്രണയത്തിലും ഉള്ളതാണ് എന്നും, സ്വാഭാവികമായ പൊസ്സസ്സീവ്നെസ്സ് ആണെന്നും അക്ഷര കരുതി. അല്പം ബുദ്ധിമുട്ടിയാണെങ്കിലും ബന്ധം മുന്നോട്ട് കൊണ്ടുപോയി..
ഫെൻസിങ്ങിന് നാഷണൽ ലെവലിൽ മത്സരിക്കാൻ ടീമിനൊപ്പം അയാളുടെ കയ്യും കാലും പിടിച്ചിട്ടാണ് പോകാൻ അനുവാദം കൊടുത്തതത്രെ. മത്സരിക്കാൻ പോയിട്ടും ഇടക്കിടെ ഈ കുട്ടിയുടെ ടീമിലുള്ളവരെ വിളിച്ച് അക്ഷര എന്ത് ചെയ്യുകയാണ്, ആണുങ്ങളോട് സംസാരിക്കുന്നുണ്ടോ എന്നൊക്കെ അന്വേഷിച്ചു കൊണ്ടിരുന്നു. എന്ത് വലിയ അപമാനമാണ് ഇതൊക്കെ. സഹികെട്ടപ്പോൾ ഈ കുട്ടി പിരിയാമെന്ന് പറഞ്ഞു. വീണ്ടും കാലുപിടിത്തം, ആത്മഹത്യാ ഭീഷണി… ഇത് തുടർന്നു കൊണ്ടിരുന്നു. അക്ഷര പല പ്രാവശ്യം ഈ ബന്ധത്തിൽ നിന്നും പിന്മാറാൻ നോക്കിയിട്ടും കാലുപിടിച്ച് ഇനി തെറ്റ് ആവർത്തിക്കില്ല എന്ന് സത്യം ചെയ്തും, ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയും അയാൾ അക്ഷരയെ ബന്ധത്തിൽ പിടിച്ചു നിർത്തി. ഒടുവിൽ സഹികെട്ടാണ് എല്ലാം അവസാനിപ്പിക്കുന്നത്.
അതുപോലെ ഈ പറഞ്ഞു കേൾക്കുന്ന ഐ. ഫോൺ, ലാപ്ടോപ് എല്ലാത്തിന്റെയും പിന്നിലുള്ള യഥാർഥ്യങ്ങളും ഇവർ പറയുന്നുണ്ട്.. വെറുതെ പറയുകയല്ല കൃത്യമായ സ്ക്രീൻഷോട്ടുകളും, ബാങ്ക് സ്റ്റേറ്റ്മെന്റുകളും അടക്കം തെളിവുകൾ എല്ലാം നിരത്തിയാണ് പറയുന്നത്. അക്ഷരയോട് മാത്രമല്ല പൊതുവെ സ്വന്തം വീട്ടുകാരോടും ആ പയ്യന്റെ ആറ്റിട്യൂട് ഇത് തന്നെ ആണത്രേ. ഇഷ്ടപ്പെട്ട ബൈക്ക് ഉൾപ്പെടെ പലതും ഇതുപോലെ ആത്മഹത്യ ഭീഷണി മുഴക്കി ആ പയ്യൻ നേടിയെടുത്തിട്ടുണ്ട്. സത്യത്തിൽ നല്ലൊരു കൗൺസിലിംഗ് ആ പയ്യന് അത്യാവശ്യം ആയിരുന്നു എന്ന് തോന്നുന്നു. അതിനുപകരം താൻ ഭീഷണിപ്പെടുത്തിയാൽ എല്ലാം നടക്കും എന്ന പിന്തുണയാണ് അയാൾക്ക് കിട്ടിയിരുന്നത്.
അക്ഷരയുടെ ഭാഗം കേട്ടപ്പോൾ ഒരുനിമിഷം എങ്കിൽ ഒരുനിമിഷം ആ കുട്ടിയെ തെറ്റിദ്ധരിച്ചു പോയതിന് കുറ്റബോധം തോന്നിപ്പോയി. ഇത്രയും ടോക്സിക് ആയൊരു ബന്ധത്തിൽ സാമാന്യ ബുദ്ധിയുള്ള ഒരു മനുഷ്യന് എങ്ങനെ തുടരാനാകും. കേട്ടിടത്തോളം ആ പയ്യന് ഒട്ടും പക്വതയില്ല, എന്തും വാശിപിടിച്ചു നേടാം എന്ന ചിന്തയുള്ള അത്രയും ചൈൽഡിഷ് ആണ്. അതിൽ നിന്നും പിന്മാറിയതിന് ആ കുട്ടിയെ എങ്ങനെ കുറ്റം പറയാൻ സാധിക്കും. സോഷ്യൽമീഡിയ ഉള്ളതുകൊണ്ട് അക്ഷരയുടെ ഭാഗം കൃത്യമായി അറിയാൻ സാധിച്ചു. കുറച്ചു പേരെങ്കിലും ആ കുട്ടിയെ മനസ്സിലാക്കും. ഇല്ലെങ്കിൽ ചെയ്യാത്ത കുറ്റത്തിന്റെ ഭാരവും തലയിലേറ്റി, മറ്റുള്ളവരുടെ കുത്തുവാക്കുകളും കേട്ട് അവർ ജീവിക്കേണ്ടി വന്നേനെ…
ഏറ്റവും ബ്യൂട്ടിഫുൾ ആയിട്ടുള്ളൊരു വികാരമാണ് പ്രണയം. എന്നാൽ അതൊരു ശിക്ഷയും, സ്വൈര്യക്കേടും ആയി മാറുമ്പോൾ അതിൽ നിന്നും മാന്യമായി പിന്മാറാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. കാര്യമറിയാതെ എല്ലാത്തിനും തേപ്പ് എന്ന ചാപ്പ കുത്താതെ ഇതൊക്കെ അംഗീകരിക്കാൻ സമൂഹവും തയ്യാറാകണം…
Aswathy Joy Arakkal
1 Comment
💞💞👍