താമരയ്ക്കും സൂര്യനും പ്രണയം..
പ്രകൃതിയറിയാതെ പ്രപഞ്ചമറിയാതെ…
വല്ലാത്തൊരു പ്രണയം…
അവൻ വരുമ്പോൾ മാത്രം കൂമ്പിയുറങ്ങുന്ന
മൊട്ടുകളത്രയും വിടർന്നു പരക്കും…
ചാരത്തണയുന്ന വണ്ടിനെ താമരപെണ്ണ് ക്രുദ്ധയായി
ഓട്ടിച്ച് വിടും..
കത്തുന്ന കണ്ണുകൾ കൊണ്ടർക്കൻ
വണ്ടിന്റെ ചിറകുകൾ കരിച്ചു വിടും…
ആരാരുമറിയാതെ പ്രഭാത വീചികളിൽ
അന്യോന്യം നോക്കി പുഞ്ചിരിച്ചവർ..
നാണത്തോടടയുന്ന കണ്ണുകൾ നോക്കിയവൻ
ഒത്തിരി സ്നേഹത്തോടാസ്വദിക്കും…
സായന്തനത്തിന്റെ ഒളികൾ പരക്കുമ്പോൾ
ആലിംഗനം നൽകിയവൻ പിരിഞ്ഞു പോകും..
ഒത്തിരി ഒത്തിരി മോഹങ്ങളോടവൾ അവനെ
നോക്കി മയങ്ങിപ്പോകും…
ഒരുനാൾ അവളവനോട് ചോദിച്ചു…
“എന്നെങ്കിലും നമ്മളൊരുമിക്കുമോ?
വേദനയോടവൻ മറുത്തു ചൊല്ലി…
” ഇല്ലയോമാനെ….ഒരുനാളും ചേരാത്ത
ബന്ധമാണ് നീയും ഞാനും..
അതിരുകളില്ലാത്ത ആകാശ താഴ് വരയുടെ
അധിപനാണ് ഞാൻ…
നക്ഷത്രവും ഗ്രഹങ്ങളും തിരി തെളിയിക്കുന്ന പ്രപഞ്ച സത്യത്തിൻ ആദിനാഥൻ…
നീയോ….ദേവീ…
ചേറിലെ വെള്ളത്തിൽ നിറങ്ങൾ വരയ്ക്കുന്ന
വെറുമൊരു ചിത്രകാരി…
മീനും തവളയും ഞണ്ടും മദിക്കുന്ന
ചെറുകുളത്തിലെ തമ്പുരാട്ടി..”
ഇത് കേട്ടു താമര
ചേറ്റു കുളത്തിൻ അഗാധതയിലേക്ക് ഊർന്നിറങ്ങി…പിന്നെ ഒരിക്കലും വിടരാതെ….