കുറെ കൊല്ലം മുൻപാ… എന്ന് വെച്ചാൽ വീടിനു ചുറ്റും മതിൽ കേട്ടുന്നതിന് മുൻപ്, കോളേജ് കാലം…
അയ്യോ…
രാവിലെ അടുത്ത വീട്ടിൽ പടക്കം പൊട്ടണ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്…
ഓഹ് ഇന്ന് വിഷുവാണല്ലേ…
ഡാ… എണീറ്റെങ്കിൽ. കണി കാണാൻ വാ… അമ്മയാണ്.
എണീറ്റ് കണി കണ്ടെന്നു വരുത്തി. ആകെ എന്തോ പോലെ, ഇന്നലെ വിഷു ആഘോഷിക്കാൻ കുടിച്ചത് പക വീട്ടുകയാണ്. കെട്ട് വിട്ടിട്ടില്ല. ലിവർ ലേശം മന്ദഗതിയിലാണെന്ന് തോനുന്നു പ്രവർത്തനം. അതെങ്ങിന്യ, ലിവർ ആണെങ്കിലും അടിമയൊന്നും അല്ലല്ലോ ഫ്രീയായി ഇമ്മാതിരി ഓവർടൈം പണി ചെയ്യാൻ. അപ്പോളാണ് മൂത്ര ശങ്ക തോന്നിയത്…
എണീറ്റ് മുറ്റത്തേക്കിറങ്ങി…
അയൽക്കാർ പടക്കം പൊട്ടിച്ചു കഴിഞ്ഞെന്നാണ് തോന്നണത്…
വേലിയുടെ അടുത്ത് ചെന്ന് കണ്ണടച്ച് നിന്ന് ആ സുരലോക ജലധാര തുറന്നു വിട്ടു. പടക്കം പൊട്ടിയ ശബ്ദം കേട്ടപ്പോൾ ഓടിയോളിച്ച ഉറക്കം തണുത്ത കാറ്റ് കൊണ്ടപ്പോൾ തിരിച്ചു വന്നു.
പെട്ടന്ന് വേലിയുടെ തൊട്ടപ്പുറത്ത് ഒരു ഭയങ്കര വെളിച്ചവും അയ്യോ എന്നൊരലർച്ചയും.
കണ്ണ് തുറന്നപ്പോൾ വേലിയുടെ അപ്പുറത്തു ഒരു മേശ കത്തുന്നു. ആ വീട്ടിലെ ചേച്ചി പേടിച്ച് കരഞ്ഞോണ്ട് ഓടുന്നു.
എന്തിനാ ഞാൻ ഇവിടെ നിക്കണേ? എങ്ങനാ ഞാൻ നിക്കണേ? എന്ന് പിടികിട്ടാതെ നിന്ന നിൽപ്പിൽ നിൽക്കുമ്പോൾ അടുത്ത വീട്ടിലെ ചേട്ടൻ ഓടി വന്ന് ചെകിട്ടത്ത് ഒന്ന് പൊട്ടിച്ചു, വൃത്തികേട് കാണിക്കുന്നോടാ പുല്ലേ എന്നലറിയപ്പോളാണ് കാര്യത്തിന്റെ കിടപ്പു വശം മനസ്സിലായത്.
ഒന്നും പറയാതെ തിരിച്ചു വീട്ടിലേക്ക് കേറി.
എന്തെടാ… എന്താ ഒരു ശബ്ദം കേട്ടെ എന്ന് ചോദിച്ച അമ്മയോട്…
ഒന്നൂല്യ… കുഞ്ഞേട്ടൻ കൈനീട്ടം തന്നതാ എന്ന് പറഞ്ഞ് അകത്തേക്ക് പോകുമ്പോൾ…
ഗൾഫ്കാരൻ അല്ലേ, നല്ല സംഖ്യ തന്നെ തന്നേണ്ടാവുല്ല്യേ എത്രയാ അവൻ തന്നെന്ന് പറയടാ എന്ന് ചോദിച്ച അമ്മയുടെ കയ്യിലേക്ക് അടികിട്ടി ബോധം പോയി വായിൽ വീണു കിടക്കുന്നുണ്ടായിരുന്ന രണ്ടു പല്ലുകൾ വെച്ചു കൊടുത്തു.
ചെന്ന് കിടക്കയിൽ കിടന്നപ്പോൾ മനസ്സിൽ ഉറപ്പിച്ചു.
തുടക്കം ഇങ്ങനെ എങ്കിൽ ഈ വർഷം പൊളിക്കും. ആജ്ജാതി കൈന്നീട്ടല്ലേ കിട്ടിയേക്കണേ…