കുറച്ചു നാളായി കാര്യമായി വല്ലതും തടഞ്ഞിട്ട്. പണി ഇല്ല എന്ന് തന്നെ പറയാം. കൊറോണ കഴിഞ്ഞതിൽ പിന്നെ കാര്യങ്ങൾ ഒക്കെ അവതാളത്തിലായി. ആരുടെ കയ്യിലും കാശില്ല്യ. ഉള്ളവർ ഓക്കെ ഡിജിറ്റൽ ആയല്ലോ. സ്വർണ്ണം ഉള്ളതെല്ലാം ബാങ്ക് ലോക്കറിലും, ഫിനാൻസുകാരുടെ കയ്യിലും. അതുകൊണ്ട് കാര്യങ്ങൾ ഇത്തിരി പരുങ്ങലിൽ തന്നെ ആണ്.
കഴിഞ്ഞ വിഷുക്കണി ആരെ ആണ് കണ്ടത് എന്ന് ഓർക്കാൻ നോക്കി.
ഓഹ്… അതോർത്തിട്ട് എന്ത് കാര്യം അതിനു മുന്നത്തെ വിഷുവും ഇങ്ങനെ തന്നെ ആയിരുന്നു അല്ലോ.
കഴിഞ്ഞ കൊല്ലത്തെ വിഷുക്കണിയെ കുറിച്ചൊർത്തിട്ട് ഇനി എന്ത് കാര്യം. നാളെ വിഷുവാണ്. ഒരു നല്ല കണികാണണം. അടുത്ത കൊല്ലമെങ്കിലും കഴിഞ്ഞ കൊല്ലങ്ങളിലെ പോലെ അല്ലാതാക്കണം.
മീശമാധവനിലെ മാധവൻ പറയുന്നത് പോലെ താനും ഒരു കള്ളനാണ്. ഈ ചിറ്റാരിക്കടവിന്റെ കള്ളൻ. പക്ഷെ താൻ കക്കുന്നതൊക്കെ ഈ ഗ്രാമാതിർത്തി കടന്ന് പോയിട്ടുണ്ട്. പക്ഷെ വലിയ വലിയ കളവുകളോ, കൊലപാതകങ്ങളോ, ആളുകലുടെ തലക്കടിക്കലോ ഒന്നും ഇതുവരെ ചെയ്തിട്ടില്ല. ഒരു സാധാ കള്ളൻ. അത്രയേ ഉള്ളു. എന്നാലും കള്ളൻ തന്നെ ആണ്.
ഒരു ഗ്രാമം ആകുമ്പോൾ അവിടെ ഒരു ഗ്രാമ അമ്മട്ടൻ, ഗ്രാമ ആശാരി, ഗ്രാമ തെങ്ങുകയറ്റക്കാരൻ എന്നൊക്കെ ഉള്ളത് പോലെ തന്നെ ആയിരുന്നു പണ്ട് ഗ്രാമ കള്ളൻ.
താൻ ഇവിടത്തെ നാട്ടുവഴികളിൽ രാത്രികളിൽ ഉള്ളത് കാരണം മറ്റ് കള്ളന്മാർ ഇവിടേക്ക് വരാറില്ല എന്ന് തന്നെ പറയാം. ഈ ഗ്രാമത്തിന്റെ കള്ളനും കാവൽക്കാരനുമായി താൻ ഇവിടെ ഉണ്ടായിരുന്നല്ലോ. കഴിഞ്ഞ മൂന്നാല് കൊല്ലമായി കാരണം ആരുടെ കയ്യിലും ഒന്നും ഇല്ല. പിന്നെ താൻ എവിടെ കയറി കക്കും?
നാളെ ഒരു നല്ല കണി എന്നോർത്തപ്പോളാണ് പങ്കജാക്ഷിയെ ഓർമ്മ വന്നത്. പ്രായം ഇപ്പോൾ പത്തു അമ്പതായിക്കാണും. ഈ ഗ്രാമത്തിലെ ലൈംഗിക ദാരിദ്യത്തിന് ഒരു പരിധി വരെ പങ്കജാക്ഷി പ്രതിവിധി ആയിരുന്നു. ഇപ്പൊ അങ്ങിനെ ആരും പങ്കജാക്ഷിയുടെ സേവനം തേടി പോകാറില്ല. ശരിക്കും പറഞ്ഞാൽ ഈ ഗ്രാമത്തിലെ സ്ത്രീകളുടെ മാനത്തിനു പങ്കജാക്ഷി ഒരു ആധൃശ്യ രക്ഷയായിരുന്നു എന്നു വേണമെങ്കിൽ പറയാം.
തന്നെ ഗ്രാമ കള്ളൻ എന്നു പറയുന്നത് പോലെ പങ്കജാക്ഷിയെ ഗ്രാമ വേശ്യ എന്ന് പറയാം. സംഗതി പൊതുജനത്തിടയിൽ ഞങ്ങൾക്ക് യാതൊരു മതിപ്പും ഇല്ലെങ്കിലും, ഞങ്ങൾ പരോക്ഷമായി അവർക്കു ചെയ്യുന്ന സേവനം അവർ അറിയുന്നില്ല എന്നെ ഉള്ളു.
സമയം രാത്രി പത്തു മണി കഴിഞ്ഞു. അവിടിവിടെ വീടുകളിൽ ഇപ്പോളും പടക്കം പൊട്ടുന്നുണ്ട്. ഇന്ന് പണിക്കിറങ്ങിയിട്ട് വലിയ കാര്യമൊന്നും ഇല്ല്യാ. ആരും ഇന്ന് മനസ്സ് വിട്ട് ഉറങ്ങില്ല്യ. നാളെ അതിരാവിലെ കണികാണാൻ ഉള്ളതല്ലേ. നേരെ പങ്കജാക്ഷിയുടെ വീട്ടിലേക്ക് നടന്നു.
പാടത്തിന്റെ അതിരിലാണ് പങ്കജാക്ഷിയുടെ വീട്. പുറത്ത് വെളിച്ചമൊന്നും ഇല്ല്യാ.
പതുക്കെ വാതിലിൽ മുട്ടി വിളിച്ചു. പുറത്തെ ലൈറ്റ് തെളിഞ്ഞപ്പോൾ തൂണിന്റെ നിഴലിലേക്ക് മാറി നിന്നു.
വാതിൽ തുറന്നപ്പോൾ തന്നെ കണ്ട പങ്കജാക്ഷിയുടെ മുഖം അമാവാസിയിൽ പൂർണ്ണചന്ദ്രൻ ഉദിച്ചാൽ എന്ന പോലെ തിളങ്ങി. കുറെ നാളായി ആരും അങ്ങോട്ട് കയറിചെല്ലാറില്ലല്ലോ. പുറത്ത് വീട് പണിക്കൊക്കെ സഹായിയായി പോയാണ് ആയമ്മ ഇപ്പൊ കഴിയണേ എന്ന് കെട്ടു. ഈ കൊറോണ തുടങ്ങിയപ്പോൾ അതും ഇല്ല്യ.
ആ… നീയാണോ… കേറിവാ…
അല്ല അതിനല്ല…
പിന്നെ… എന്തിനാ ഈ പാതിരാക്ക് എൻ്റെ ഉറക്കം കളയാൻ വന്നത്
നാളെ രാവിലെ.,.. എനിക്ക് കണി കാണണം.
അല്ല അത് എന്നോട് എന്തിനാ പറയണേ…???
മൂന്നാല് കൊല്ലമായി പണിയൊന്നും നടക്കാണില്ല്യാ, ഇക്കാലത്ത് കിണ്ടിയും മോന്തയും കട്ടിട്ട് എന്തു കിട്ടാനാ?? അടുത്ത കൊല്ലം എങ്കിലും ഒന്ന് മര്യാദക്ക് പണി ചെയ്ത് ജീവിക്കാൻ…ഒരു നല്ല തുടക്കത്തിന്… ഒരു നല്ല കണി.,…
അതിന് ഞാൻ എന്ത് വേണം?
ഞാൻ ഈ ഉമ്മറത്ത് ഇവിടെ കിടന്നോളാം. നാളെ രാവിലെ കുളിച്ചു ഒരു സെറ്റ് മുണ്ടൊക്കെ ഉടുത്ത് എനിക്ക് കണി കാണാൻ…
പങ്കജാക്ഷി ഒന്നും മനസ്സിലാകാതെ മുഖത്തേക്ക് നോക്കി നിന്നു.
ഇതാ എൻ്റെ കയ്യിൽ ഇത്രയേ ഉള്ളു… ഇത് വെച്ചോളൂ. ഇനി ഒരു അൻപത് രൂപയെ ഉള്ളു. അത് ഞാൻ നാളെ കണികണ്ട ശേഷം കൈനീട്ടമായി തരാം. പിന്നെ ഈ ഒറ്റ നാണയം അത് എനിക്ക് കൈ നീട്ടം തരണം.
പങ്കജാക്ഷി കാശ് വാങ്ങി മുണ്ടിന്റെ കൊന്തലിൽ വെക്കുമ്പോൾ പറഞ്ഞു
വാ, അകത്ത് കിടക്കാം.
വേണ്ടാ… ഞാൻ ഇവിടെ കിടന്നോളാം.
ഇവിടെ കട്ട് കൊണ്ടു പോകാൻ ഒന്നും ഇല്ല.
അതല്ല ഞാൻ വന്നത്… പറഞ്ഞല്ലോ…
വിശപ്പും, ദാഹവും പോലെ ഇതും മനുഷ്യന് ഉള്ളതാണല്ലോ… ആവശ്യമായ എന്തും ഇല്ലാത്ത അവസ്ഥയെ ദാരിദ്യം എന്നാണല്ലോ പറയേണ്ടത്. എന്റെ ദാരിദ്യ ശമനത്തിനുള്ള മാർഗ്ഗം ഞാൻ കണ്ടെത്തണമല്ലോ.
കട്ടിള പടിയിൽ നിന്ന് മാറി നിന്ന് പങ്കജാക്ഷി പറഞ്ഞു…
വാ, വാതിൽ അടക്കട്ടെ… നമുക്കീ വർഷാരംഭത്തിൽ പരസ്പരം വിഷുക്കണിയും, വിഷു കൈനീട്ടവും, ആകാം.
അകത്തെ ലൈറ്റ് അണക്കാൻ പങ്കജാക്ഷി സ്വിച്ചിലേക്ക് കൈ നീട്ടുമ്പോൾ കണി വെച്ച വെള്ളരിക്ക് പുറകിൽ വെച്ചിരുന്ന നിറം മങ്ങിയ കൃഷ്ണ പ്രതിമയെ നോക്കി നന്ദി സൂചകമായി ചിരിച്ചു