കല്ലേറ്റുങ്കര നെരേപറമ്പിൽ കുഞ്ഞുവാറുവിന്റെയും കൊറ്റനെല്ലൂർ ഇടപ്പുള്ളി റോസിയുടെയും നാലാമത്തെ മകളാണ് അച്ചാര് . 1896 ജൂലൈ 26 നായിരുന്നു ജനനം.
മൂന്നു ആൺകുട്ടികൾക്കു ശേഷമായിരുന്നു പിറവി. അതുകൊണ്ടു ഐശ്വര്യവതിയെന്നു കരുതുന്നു. മണ്ണിനെ പൊന്നാക്കുന്ന, കർഷക കുടുംബ പാരമ്പര്യം കാത്തുസൂക്ഷിച്ചായിരുന്നു ജീവിതത്തിലെ താളങ്ങളും മേളങ്ങളും ഓളങ്ങളും. ആശാൻമാരുടെ അടുത്തുള്ള വിദ്യാഭ്യാസം, ബാലചികിത്സ, തയ്യൽ തുടങ്ങിയവ ചെറുപ്പത്തിൽ തന്നെ അഭ്യസിച്ചു.
പറമ്പിൽ ഉണ്ടാകുന്ന കാർഷിക ഉല്പന്നങ്ങൾ ഇരിങ്ങാലക്കുട ചന്തയിൽ ആണ് പിതാവു കൊണ്ടുപോയി വിറ്റിരുന്നത്. അവിടെയുള്ള ഒരു ചെറു കച്ചവടക്കാരനുമായി മകളുടെ വിവാഹം ഉറപ്പിച്ചു.
ഇതറിഞ്ഞ വീട്ടുകാരും നാട്ടുകാരും എതിർത്തു. അദ്ദേഹം പറഞ്ഞു.
“ കെട്ടിക്കുന്നത് ചന്തയുടെ അടുത്തുള്ള ഒരു സ്ഥലത്തേക്കല്ലെ ? അവൾ എന്റെ മകളാണ്. ഒന്നുമില്ലെങ്കിലും അവൾ മരക്കിഴങ്ങു പുഴുങ്ങി ചന്തയിൽ വിറ്റു കുടുംബം പുലർത്തും “
വിവാഹത്തിനു ശേഷം, പിന്നീടു തിരിഞ്ഞു നോക്കേണ്ടി വന്നില്ല; വെച്ചടിവെച്ചടിവച്ച് ഒരു കയറ്റമായിരുന്നു. വിജയിയായ പുരുഷന്റെ പുറകിൽ ഒരു സ്ത്രീ ഉണ്ടാകും എന്നാരോ പറഞ്ഞിട്ടുണ്ടല്ലോ?മടിയും മടുപ്പുമില്ലാതെ കൂടുതൽ സമയം പണിയെടുത്തു.ഇതിനിടയിലും മതകാര്യങ്ങൾക്കും, ചികിത്സ നടത്താനും, ഔഷധസസ്യങ്ങൾ വളർത്താനും,
വീട്ടുകാരോടു കഥ പറയാനും കളി പറയാനും സൊറ പറയാനും സമയം കണ്ടെത്തി.
കുട്ടികൾ കടംകഥ പറഞ്ഞു കളിക്കുന്ന നേരത്ത് ഓടി വന്ന് അമ്മ ഒരു ശ്ലോകം ചൊല്ലി അർത്ഥം പറയാൻ ആവശ്യപ്പെടും.
ചന്ദ്രബിംബം സമം വസ്തു,
വസ്തുനാമം ത്രിയക്ഷരം,
പകാരാദ്യം
ടകാരാന്ത്യം, മധ്യം ചൊല്ലുക ബുദ്ധിമാൻ.
പിന്നീട് വിശകലനം.
ആദ്യത്തെ വരി
ചന്ദ്രനെപ്പോലെ,
മൂന്നക്ഷരം,
പ തുടക്കം
ട അവസാനം
നടുക്ക് ഏത് ?
ഉത്തരം പപ്പടം😀
സ്വന്തം ജീവിത പങ്കാളിയോടൊപ്പം ചേർന്നു നേട്ടങ്ങൾ കൊയ്തു. ചിട്ടയോടെയും ശ്രദ്ധയോടെയും ദൈവഭയത്തിലും കുഞ്ഞുങ്ങളെ വളർത്തി. അമ്മയുടെ മക്കളും കൊച്ചുമക്കളും അവരുടെ മക്കളും നാലു തലമുറകളിലായി ഇന്നും ഇരിങ്ങാലക്കുട ചന്തയിൽ കച്ചവടം ചെയ്യുന്നു.
അന്നെന്റെ മൂത്ത മകൾക്ക് മൂന്നു മാസം പ്രായം. പ്രസവാനന്തരശ്രുശ്രുഷകൾക്കായി സ്വന്തം വീട്ടിൽ തൃശൂർ തങ്ങിയിരുന്ന എന്റെ ഭാര്യയെ ആ ആഴ്ച തന്നെ കൂട്ടികൊണ്ടുവരണമെന്ന് ശഠിച്ച് ഇരിങ്ങാലക്കുടയിലേക്ക് കൂട്ടികൊണ്ടുവന്നു. ദൈവത്തിനോട് അടുത്തു നിൽക്കുന്നവർക്ക് ഭൂമിയിൽ ചെയ്തു തീർക്കേണ്ടതായ ചില കടമകൾ എത്രയും വേഗം ചെയ്തു തീർക്കാൻ തോന്നിപ്പിക്കുമെന്ന് പറയുന്നത് എത്രയോ ശരി! അധികം താമസിയാതെ ഹൃദയസ്തംഭനം മൂലം കുറേ നല്ല ഓർമ്മകളും അഭിമാനകരമായ ഒരു ജീവിത പാരമ്പര്യവും തന്നിട്ട് 1959 ൽ അമ്മ വേർപിരിഞ്ഞു.സൂക്ഷിച്ചു വയ്ക്കാവുന്നതിൽ ഏറ്റവും വലിയ സ്വത്ത് ഓർമ്മകൾ മാത്രമാണ്.കാരണം എത്ര കാലം കഴിഞ്ഞാലും ഓർമ്മകൾക്ക് മധുരവും തെളിച്ചവും കൂടുകയല്ലാതെ ഒട്ടും കുറയുന്നില്ല.മാതാവ് ജന്മ്മമേകിയ പത്തു മക്കളിൽ ഭൂമിയിൽ ഇന്ന് അവശേഷിക്കുന്ന ഈ മകന്റെ കൂപ്പുകൈ 🙏🙏
ജോണി തെക്കേത്തല,
ഇരിഞ്ഞാലക്കുട.
എന്റെ പിതാവ് ശ്രീ ജോണി തെക്കേത്തല അദ്ദേഹത്തിന്റെ അമ്മയെ കുറിച്ച് എഴുതിയ ഒരു ഓർമ്മക്കുറിപ്പ്. 👆
#എന്റെ രചന #മാതൃദിനം #കൂട്ടക്ഷരങ്ങൾ
1 Comment
🙏