ഇടതൂർന്ന നീളൻ മുടിയുണ്ടായിരുന്നെനിക്ക്
ആ മുടിയിഴകൾ മുന്നോട്ട് നീട്ടിയിട്ട്
വിരലുകളാൽ വെറുതെ കോതുന്ന
ശീലമുണ്ടായിരുന്നെനിക്ക്
അന്നൊക്കെ മുടിവേരുകൾക്കിടയിലൂടെ
മുത്തശ്ശി തൻ പെരുവിരലാൽ തഴുകി
കാച്ചെണ്ണ തേച്ച് പിടിപ്പിച്ച് കോതിയൊതുക്കി
വെള്ളിലത്താലിയും തേച്ച്
ആറ്റുനീരിൽ കഴുകിയെടുത്ത്
സുഗന്ധം നിറച്ചു പുകച്ച് ഉണക്കിയെടുത്ത
നീളൻ മുടിയിഴകൾ
പരിമളത്തോടെ കാറ്റിൽ പാറിപ്പറന്നിരുന്നു
ഇന്നെന്റെ മുടിയിഴകൾക്കു മേലെ
ഞാൻ അറിയാതെ കയറിയിരുന്നു ചിരിക്കും
പ്രാരാബ്ധച്ചുമടിൽ അമർന്നു ഞരുങ്ങിപ്പോയ
മുടിയിഴകൾ കാച്ചെണ്ണ കിട്ടാതെ
വെള്ളിലത്താളിയും കിട്ടാതെ
പൊട്ടിയും കീറിയും മുരടിച്ചും ദ്രവിച്ചും
വേരുകൾ ഇളകി തറയിലും
നിരത്തിയ പാത്രത്തിലും ഉടുചേലയിലും
കിടക്കും പായയിലും വീണുടഞ്ഞില്ലാതെയായി
ഇന്നെൻറെ വിരലുകൾ എന്തിനോ തപ്പിത്തടയുന്നു
തലയിലും മുടിവേരുകളിലുമെങ്കിലും
കയ്യിൽത്തടയാൻ മാത്രമില്ലാതെയായ്
ഞാൻ സ്നേഹിച്ച എന്റെ നീളൻ മുടിയിഴകൾ.