ഭക്ഷണത്തിലെ തലമുടിനാരിഴയോടുള്ള അറപ്പിലാണയാൾ കല്യാണപ്പിറ്റേന്ന് മുതൽ ഭാര്യയോട് കയർത്തു തുടങ്ങിയത്. പിന്നെ പിന്നെ തൊടുന്നതെല്ലാം കുറ്റമായി. പൂർണ്ണചന്ദ്രനുദിച്ചുനിന്ന അവളുടെ മുഖത്തു കരിമേഘം പടരുന്നത് അറിയാനുള്ള ഉൾക്കാഴ്ച അയാൾക്കില്ലാതെപോയി. പതിയെ പതിയെ പരാതികളോ പരിഭവങ്ങളോ ഇല്ലാതെ വീട് നിശബ്ദമായിത്തുടങ്ങി. വാക്കുകൾ വീർപ്പുമുട്ടിത്തുടങ്ങി. നിശബ്ദതയിൽ സ്വന്തം ശബ്ദത്തിന്റെ പ്രതിധ്വനിയിൽ അയാൾ അസ്വസ്ഥനായി. കുഴിയിലാണ്ട കണ്ണുകളുമായി മെലിഞ്ഞുണങ്ങിയ രൂപം അയാൾക്കുമുന്നിൽ നോക്കുകുത്തിയായി. രാവിൽ പട്ടുമെത്തയായ കനത്ത കേശഭാരം നേർത്തനാരുകളായതറിഞ്ഞപ്പോൾ മനസ്സു പിടഞ്ഞു. ഒന്നു ചേർത്തു പിടിക്കാൻ മനസ്സുകൊതിച്ചപ്പോഴാണ്, കാലം നൽകിയ അകലത്തിൽ മനസ്സുകൾ കാതങ്ങൾ പിന്നിട്ടതറിയുന്നത്. ഒരുനാൾ യാത്ര പറയാതെ, തലമുടിനാരിഴയുടെ പോലും സ്മൃതിയവശേഷിപ്പിക്കാതെ, അവഗണയുടെ ആൾരൂപം ഭൂമി വിട്ടകന്നപ്പോഴാണ് മുന്നിലെയിരുളിൽ ഒറ്റപ്പെടലിന്റെ നിസ്സഹായതയിലയാൾ പിടഞ്ഞു വീണത്.
★★★നിഷിബ എം നിഷി★★★