ഇരുൾ കനക്കുന്ന വഴികൾ!
ചിതറി വീഴുന്ന
നോട്ടങ്ങളിൽ
മൗനമെങ്കിലും നൊമ്പരചുറ്റുകൾ!
അഴിച്ചിട്ടും അഴിച്ചിട്ടും
കുരുക്കഴിയാ ബന്ധബന്ധനങ്ങൾ!
അറിവില്ലായ്മയുടെ
ഭ്രമണത്തിൽ
ഭ്രമം തോന്നിയത്
തെറ്റിദ്ധരിച്ച് ഉയിരാഴങ്ങളിൽ
തളച്ചിട്ട മനസിന്റെ അലറിക്കരച്ചിലുകൾ!
എരിഞ്ഞു തീരുന്ന
പുകയിലച്ചുറ്റിനുമപ്പുറത്തെ
കറുപ്പ് വീണ ചുണ്ടിൽ
അമർത്തി നൽകുന്ന ചൂടുള്ള
ചുംബനങ്ങൾക്ക്
വയറെറിഞ്ഞു കത്തിപ്പിടിക്കുന്ന
കുടൽമാലകളുടെ
പ്രാധാന്യം പോലുമില്ലെന്ന്..
വിശപ്പും ദാഹവും
വെയിൽക്കുത്ത് വീഴാത്ത മേൽക്കൂര
ചരിവുകളും
അറിവും ആരോഗ്യവും
മരിച്ചത് പോലെയുള്ള
നിദ്രയ്ക്കും
നൽകാനാവാത്ത
ഒന്നുമൊന്നുമീ
പ്രേമത്തിനും സ്നേഹത്തിനും കാമത്തിനും
മോഹത്തിനും നൽകാനില്ലെന്ന്…
ആശയ്ക്ക് വിശപ്പറിയില്ല..
വിശപ്പിന് പ്രേമവുമില്ല!
തഴമ്പ് വീണ കൈത്തലങ്ങളിലെ
തഴുകലിൽ
പോറൽ വീണ വരകൾ!
ചുന ചവർക്കുന്ന
വാക്കുകളിൽ കരിഞ്ഞു പോകുന്ന
ഹൃദയമന്ത്രങ്ങൾ!
അർക്കൻ എരിച്ച താമരത്തണ്ടിന്റെ
വേരിൽ കിളിർത്ത
മുകുളമൊന്നിൽ
പുതുമഴയുടെ നേർത്ത ചാറ്റൽ!
ഞാനും പിന്നെ ഞാനും
മാത്രമാണീ വേനൽ തുരുത്തിൽ!
അലഞ്ഞുതിരിഞ്ഞു
വട്ടംക്കറങ്ങി എന്നിലേക്ക് തന്നെ തിരിച്ചെത്തിയ
വേദനയുടെ കൈവഴികൾ..
വ്യഥയുടെ കനൽചൂര്!
എഴുതുന്നതത്രയും നുണകൾ
ഹൃദയം ചുട്ട് പഴുക്കുമ്പോഴും
കണ്ണ് കര കവിഞ്ഞൊഴുകുമ്പോഴും
വിരലുകൾ ചലിപ്പിക്കുന്നത് പ്രേമകാവ്യം!
മുഖംമൂടിയണിഞ്ഞ എന്റെ
അച്ചടിക്കടലാസുകളിൽ
തെളിയുന്നത്..
പ്രണയാക്ഷരങ്ങൾ…!!! ☺️
#anjuranjima
2 Comments
❤️
👏😍