അച്ഛൻ ഇത്രനേരമായിട്ടും വരാത്തതെന്താ അമ്മേ?
അയലത്തെ വീടുകളിലെ കുട്ടികൾ ലാത്തിരിയും പൂത്തിരിയും ഓക്കെ കത്തിക്കുന്നത് വീടിന്റെ ഉമ്മറ തിണ്ണയിൽ നോക്കി നിൽക്കുമ്പോൾ ഉണ്ണിക്കുട്ടൻ അകത്തേക്ക് നോക്കി വിളിച്ചു ചോദിച്ചു.
വരും, മോൻ വന്നു ചോറ് കഴിക്കു.
രാജുവും, ശ്യാമും എല്ലാം പടക്കം പൊട്ടിച്ചു തുടങ്ങി, അച്ഛൻ വന്നാൽ അല്ലേ എനിക്ക് പടക്കം വാങ്ങാൻ പറ്റൂ,
നാളെ രാവിലെ പടക്കം പൊട്ടൂല്ലോ, ഒരു വലിയ പടക്കം.
മ്മടെ വീട്ടിലോ?
ആ, മ്മടോടെ തന്നെ ഉണ്ണി.
വിഷുന് ഇന്നും പടക്കം പൊട്ടിക്കണ്ടേ അമ്മേ??
മോൻ വാ അമ്മ ചോറ് വാരിത്തരാം.
എനിക്ക് പടക്കം വേണം.
ഉണ്ണിക്കുട്ടൻ വാ, അമ്മ പറയുന്നത് കേൾക്ക്
ചേച്ചി എന്താ അമ്മേ കിടക്കുന്നത്??
അവൾക്ക് തീരെ വയ്യ മോനെ.
പനിയാണോ അമ്മേ??
ആ, പനിയാണ് മോനെ,
മ്മ്…..
മോൻ ചേച്ചിയെ നോക്കണം.
മ്മ്മ്..
അവൾ സുഖമില്ലാത്ത കുട്ടിയല്ലേ, അവൾക്ക് മോനല്ലേ ഉള്ളൂ.
മ്മ് ഞാൻ വലുതാകുമ്പോൾ ചേച്ചിയെ നല്ല ഡോക്ടറെ കാണിക്കും. ചേച്ചീടെ ഉവ്വാവു ഒക്കെ മാറും.
മ്മ്… അമ്മേടെ മോൻ മിടുക്കനാവണം. അമ്മയെ കാണാഞ്ഞു കരയരുത്. നന്നായി പഠിക്കണം.
അമ്മ എങ്ങടാ പോണേ??
അമ്മക്ക് ഒരു ജോലി കിട്ടി, അങ്ങ് ദൂരേ, കുറേ നാൾ കഴിഞ്ഞേ വരു.
സീനത്തിന്റെ ഉമ്മയെ പോലെ അമ്മയും ദുബായിൽ പോവാണോ?
മ്മ്…
അപ്പൊ എനിക്ക് ആരാ ചോറ് വാരി തരാ.
അമ്മമ്മയുണ്ടാകും, മോനും ചേച്ചിയും ഇനി അമ്മമ്മയുടെ കൂടെ ആണ് താമസിക്കുന്നത്.
ഹായ്, അപ്പൊ എനിക്ക് അവിടെ പറമ്പിൽ തുമ്പിയെ പിടിക്കാലോ, അമ്പലകുളത്തിൽ മീനിനെയും പിടിക്കാം.
കുറുമ്പൊന്നും കാണിക്കരുത് നല്ല കുട്ടിയായിരിക്കണം.
മ്മ്..
ഈ ഉരുള കൂടി ഉണ്ണൂ.
എനിക്ക് മതി അമ്മേ, എന്റെ വയറു നിറഞ്ഞു.
ഇത് കൂടി, അമ്മേടെ പൊന്നല്ലേ.
മ്മ്….
ഇനി വേഗം ഉറങ്ങിക്കോളു.
അച്ചൻ വരുമ്പോൾ എന്നെ വിളിക്കണേ
വിളിക്കാം, ഉണ്ണി ഇപ്പോൾ ഉറങ്ങൂ.
അച്ഛൻ വരുമ്പോൾ കൊണ്ടു വരുന്ന പടക്കം നാളെ പൊട്ടിക്കാല്ലേ.
ആ, പൊട്ടിക്കാം.
അമ്മ കണി ഒരുക്കുന്നില്ലേ??
കണിയെല്ലാം ഒരുക്കി വെച്ചിട്ടുണ്ട്. മോൻ വാ അമ്മ ഉറക്കി തരാം.
ക്ലോക്കിൽ പന്ത്രണ്ടു മണി അടിച്ചപ്പോൾ എണീറ്റു. മോൻ നല്ല ഉറക്കമായിരിക്കുന്നു. അവന്റെ നെറുകിൽ ഒരു ഉമ്മ കൊടുത്ത് അടുത്ത മുറിയിൽ കിടക്കുന്ന ബുദ്ധിയുറക്കാത്ത മകളുടെ അരികിൽ ചെന്നു. നല്ല ഉറക്കമാണ്, അവളുടെ നെറ്റിയിലും ഉമ്മ കൊടുത്തു.
പുറത്ത് ഓട്ടോറിക്ഷ വന്ന് നിൽക്കുന്ന ശബ്ദം കേട്ടു. പറഞ്ഞ സമയത്ത് തന്നെ എത്തിയിരിക്കുന്നു. എടുക്കാൻ പ്രത്യേകിച്ച് ഒന്നും ഇല്ല. പിൻ വാതിൽ തുറന്ന് പതുക്കെ പുറത്ത് കടന്നു.
നാളികേരം പൊളിച്ച് ചകിരി മലപോലെ കിടക്കുന്നതിന്റെ പിന്നിൽ നിന്നും ചോരപുരണ്ട വെട്ടുകത്തി എടുത്ത് ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞ് വേഗം പടിക്കൽ നിൽക്കുന്ന ഓട്ടോറിക്ഷയിലേക്ക് കയറി.
ഒന്നും എടുക്കാനില്ലേ??
ഇല്ല… പോകാം
എങ്ങോട്ടാ ചേച്ചി??
പോലിസ് സ്റ്റേഷനിലേക്ക്.
ഓട്ടോറിക്ഷയുടെ സീറ്റിൽ ചാരി കണ്ണടച്ച് കിടന്നു.
ഇനിയും ജീവിക്കാൻ വിട്ടാൽ അയാൾ പിന്നെയും അവസരം നോക്കും. രണ്ടാനച്ഛൻ ആണെങ്കിലും മകളല്ലേ, അങ്ങിനെ അല്ലെ കാണാവു. പട്ടി, ആദ്യത്തെ വെട്ടിനു തന്നെ തീർത്തു. ഒരു ശബ്ദം പോലും പുറത്തേക്ക് വന്നില്ല. ഞരക്കം തീരുന്നത് വരെ നോക്കി നിന്നു. എന്നിട്ടാണ് വലിച്ചു ചകിരി കൂനക്കടിയിൽ കൊണ്ടു വന്നിട്ടത്.
ചകിരി കൂനക്ക് മുകളിൽ അപ്പോ ഈച്ചകൾ ആർക്കാൻ തുടങ്ങിയിരുന്നു.
#എന്റെരചന