“ഹണിമൂണെന്നും പറഞ്ഞ് ഇതെങ്ങോട്ടേയ്ക്കാ അലക്സ് എന്നെ കൊണ്ടു പോകുന്നത്. മണിക്കൂറുകൾ കുറേയായല്ലോ വണ്ടി ഓടുന്നു. സന്ധ്യയാകാറായി. തണുപ്പിന്റെ പുകച്ചുരുളകൾ ഉയരുന്നത് മൂലം ചുറ്റുമുള്ളതൊന്നും കാണാനാകുന്നുമില്ല. അലക്സ് എങ്ങനെ ഡ്രൈവ് ചെയ്യുന്നു ഇതിനിടയിലൂടെ.. ” അലക്സിന്റെ തോളിലേക്ക് പ്രണയപൂർവ്വം ചായ്ഞ്ഞു കൊണ്ട് അപർണ്ണ ചോദിച്ചു..
“താനൊന്നു അടങ്ങിയിരിക്ക്. ദാ നമ്മൾ എത്തി… ” അതും പറഞ്ഞ് അലക്സ് വണ്ടിയൊരു പഴയ വലിയ ഇരുമ്പു ഗെയിറ്റിന്റെ മുന്നിൽ കൊണ്ടു നിർത്തി.. വെളുത്തു മെലിഞ്ഞൊരു മനുഷ്യൻ വന്ന് അലക്സിനോട് തമിഴിൽ എന്തൊക്കെയോ ചോദിച്ച ശേഷം പോയി ഗേറ്റ് തുറന്നു..
അലക്സ് വണ്ടി എടുത്തു. മനോഹരമായ ചുവപ്പും മഞ്ഞയും ഇടകലർന്ന പൂമരം പോലെ ഭംഗിയുള്ള ചെടികൾ റോഡിനു ഇരുവശവും നിറഞ്ഞു നിന്നു. അതിൽ നിന്നും വീണ പൂക്കളായിരുന്നു റോഡ് നിറയെ. ശരിക്കും അവരെ വരവേൽക്കാൻ എന്നപോലെ ഒരു പുഷ്പപാത..
അലക്സിനെ കൊണ്ടു വണ്ടി നിർത്തിച്ച ശേഷം പുറത്തേയ്ക്ക് ഇറങ്ങിയപ്പോൾ ഇട്ടിരുന്ന വസ്ത്രങ്ങൾക്കിടയിലൂടെ തണുപ്പ് അരിച്ചവളുടെ ദേഹമാകെ കുളിർന്നു.. പക്ഷെ അപ്പോഴേക്കും ആ വീഥിയുടെ മനോഹാരിതയിൽ ലയിച്ചവൾ ഏതോ സ്വപ്നലോകത്തെത്തിയ പ്രതീതിയിലേക്ക് പോയിരുന്നു.
അലക്സ് വന്നു വണ്ടിയിൽ കയറാൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെ അവൾ ആ പൂക്കൾക്ക് മുകളിൽ കൂടി ഓടി. പിറകെ കാറിൽ അലക്സും. കുട്ടിക്കാലത്തു വായിച്ച ഏതോ കഥയിലെ രാജകുമാരിയാണ് താനെന്നവൾക്കു തോന്നി…
ഓടിയവൾ ചെന്നു നിന്നത് പണ്ട് ബ്രിട്ടീഷുകാർ നിർമ്മിച്ച ഒരു കൂറ്റൻ ബംഗ്ലാവിന് മുന്നിലാണ്. അതിന് മുന്നിലായുള്ള പലവിധ പൂക്കൾ കൊണ്ടുനിറഞ്ഞ പൂന്തോട്ടം അക്ഷരാർത്ഥത്തിൽ അവളുടെ കണ്ണുകളിൽ വിസ്മയം വിടർത്തി. പല നിറത്തിലും രൂപത്തിലും സൗരഭ്യത്തിലുമുള്ള പൂക്കളുടെ കൂട്ടങ്ങൾ തന്നെ അവിടെയുണ്ടായിരുന്നു. ഉദ്യാനത്തിന് നടുവിൽ മനോഹരമായൊരു കുളം. അതിന്റെ കരയിൽ വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ. ആ കുളത്തിൽ രണ്ടാളും കൂടി നീന്തിതുടിച്ചു നീരാടുന്ന കാര്യമോർത്തപ്പോൾ അവൾക്ക് ലജ്ജ തോന്നി.
അലക്സ് പിന്നിലൂടെ വന്ന് അവളെ തന്റെ ദേഹത്തോട് ചേർത്തു. പ്രണയാർദ്രമായ അന്തരീക്ഷത്തിൽ പരിസരം മറന്നവൾ അവന്റെ ദേഹത്തോട് ചേർന്നു നിന്നു. ഈ സമയം അവസാനിക്കാതിരുന്നെങ്കിൽ എന്നവൾ കൊതിച്ചു. പരസ്പരം പുണർന്നുള്ള ആ നിൽപ്പിനൊടുവിൽ ഒരു താക്കോൽകൂട്ടം അവളുടെ കൈകളിൽ അവൻ വെച്ചുകൊടുത്തു.
അവൾ അവിശ്വസനീയതയോടെ അലക്സിനെ നോക്കി..
“അതെ അപ്പൂ.. ഇത് നമ്മുടെ മാത്രം ലോകമാണ്. നമ്മുടെ സ്വന്തം.. നിന്നോടുള്ള എന്റെ പ്രണയത്തിന്റെയൊരു അടയാളം ” എന്ന അർത്ഥത്തിൽ അവനൊന്നു തലകുലുക്കി..
വാതിൽ തുറന്നു അകത്ത് കയറിയ അവൾ കാണുന്നത് ഹാളിന്റെ ഒരുവശത്ത് മനോഹരമായി എൻലാർജ് ചെയ്തു വെച്ചിരിക്കുന്ന അവരുടെ ചിത്രമാണ്. അതിൽ നോക്കി വിസ്മയിച്ചു നിൽക്കുമ്പോൾ അലക്സ് കണ്ണുപൊത്തി അവളെ മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോയി.. കണ്ണുതുറന്ന അവൾ കാണുന്നത് ചുമരിൽ നിറയെ ഫ്രെയിം ചെയ്ത് വെച്ചിരിക്കുന്ന അവളുടെ കുട്ടിക്കാലം തൊട്ടുള്ള ചിത്രങ്ങളാണ്. അലക്സിനോട് ചേർന്നുനിന്നു സന്തോഷം പ്രകടിപ്പിച്ച ശേഷം അവൾ അവിടമാകെ ഓടിനടന്ന് കൗതുകത്തോടെയാ വീട് കാണുകയായിരുന്നു.
ഒരു റൂമിൽ നിറയെ അവരുടെ പ്രണയകാലത്തിന്റെ ഓർമ്മകളായിരുന്നു. അന്നെടുത്ത ഫോട്ടോസ്, അവൾ കൊടുത്ത സമ്മാനങ്ങൾ അങ്ങനെ ഒരുപാടോർമ്മകൾ..അങ്ങനെ, ആ വീടാകെ അവരുടെ പ്രിയപ്പെട്ട നിമിഷങ്ങളുടെ ഓർമ്മകളായിരുന്നു.. അവൾ പലപ്പോഴായി പറഞ്ഞിട്ടുള്ള അവളുടെ ഇഷ്ടങ്ങളുടെ ആകെ തുകയായിരുന്നു അതിലെ ഓരോ വസ്തുക്കളും.. അവൾക്ക് പ്രിയപ്പെട്ട പുസ്തകങ്ങളും പെയിന്റിങ്ങുകളും അവളുടെ കുഞ്ഞികൃഷ്‌ണനും. തൊട്ടടുത്തായി അലക്സിന്റെ കർത്താവും..
കുഞ്ഞികൃഷ്ണനേയും കർത്താവിനേയും കണ്ടപ്പോൾ മാത്രം അവളുടെ കണ്ണൊന്നു നിറഞ്ഞു. മതങ്ങളുടെ വേലിക്കെട്ടുകൾ തകർത്ത് അപർണ്ണ നമ്പ്യാർ എന്ന അമ്പലവാസി പെൺകുട്ടി, അലക്സ് മാത്യു എന്ന നസ്രാണി പയ്യനെ പ്രണയിച്ചപ്പോൾ അവനവന്റെ മതത്തിലേക്ക് രണ്ടുപേരേയും മാറ്റാനായിരുന്നു രണ്ടുവീട്ടുകാരും മത്സരിച്ചത്. ഒന്നിനും വഴങ്ങാതെ രണ്ടുപേരും സ്വന്തം വിശ്വാസങ്ങളിൽ ഉറച്ചു നിന്നു തങ്ങളുടെ പ്രണയം സ്വന്തമായി. സന്തോഷവും അഭിമാനവും എന്നുമീ സന്തോഷങ്ങൾ ഇങ്ങനെ തന്നെ നിലനിർത്തി തരണേ എന്ന പ്രാർത്ഥനയും തുടങ്ങി എന്തൊക്കെയോ വികാരങ്ങളുടെ അലതല്ലൽ ആ ചിത്രങ്ങൾ അവളുടെ മനസ്സിൽ ഉണ്ടാക്കി..
നടുമുറിയിലെ ആട്ടുകട്ടിൽ കണ്ടപ്പോൾ വർഷങ്ങൾക്കു മുൻപ് പ്രണയിച്ചിരുന്ന സമയത്ത് അവൾ അവനോടു പറഞ്ഞിരുന്ന ആഗ്രഹമാണ് ഓർത്തത്.. ആട്ടുകട്ടിലിൽ അവന്റെ മടിയിൽ കിടന്ന് ഒരുപാടൊരുപാട് സ്നേഹിക്കണമെന്ന.. പ്രണയം പങ്കിടണമെന്ന ആഗ്രഹം…
ആട്ടുകട്ടിലിൽ അവന്റെ മടിയിൽ കിടക്കുമ്പോൾ, ഓരോ ചുവരിലും ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഒരായിരം കുസൃതികൾ കാണുമ്പോൾ, പൂന്തോട്ടത്തിനു നടുവിലെ പൊയ്കയിൽ നീന്തികുളിച്ച ശേഷം തണുത്തുവിറച്ചു ഒന്നുചേർന്ന് കരയിൽ ഇരിക്കുമ്പോൾ, പൂന്തോട്ടത്തിൽ നിന്ന് പ്രിയപ്പെട്ട മുല്ലപ്പൂ ഇറുത്തു മാലകോർത്തു തലയിൽ ചൂടുമ്പോൾ, ലാങ്കിലാങ്കി പൂക്കൾ വീഴുന്ന മരത്തിന്റെ ചുവട്ടിൽ ഇരുന്നു ചൂടുചായയുടെ മധുരം കലർന്ന സുഖം നുകരുമ്പോൾ, ബെഡ്‌റൂമിൽ വെച്ചിരിക്കുന്ന വലിയ വാൽകണ്ണാടിയെ സാക്ഷിനിർത്തി പരസ്പരം ഒന്നാകുമ്പോൾ, ഒത്തുചേരലിനൊടുവിൽ തളർന്നവന്റെ രോമാവൃതമായ നെഞ്ചിൽ തലചായ്ച്ചു ആ ഹൃദയതാളം അറിയുമ്പോൾ, അവന്റെ കരവലയത്തിന്റെ സുരക്ഷിതത്വത്തിൽ നിദ്രയെ പുണരുമ്പോൾ എല്ലാം ഏതോ സ്വപ്നലോകത്തെത്തിയ പ്രതീതിയായിരുന്നു അവളിൽ..
അവന്റെ സ്നേഹത്തിന്റെ മാധുര്യം നുകർന്ന് അവനിലലിഞ്ഞുറങ്ങി എഴുന്നേറ്റപ്പോൾ ആദ്യം എല്ലാമൊരു സ്വപ്നമായാണ് തോന്നിയത്.. പക്ഷെ അവന്റെ കരവലയത്തിൽ നിന്നും എണീറ്റ് ഒരു ചെറുപുഞ്ചിരിയോടെ ബാൽക്കണിയിൽ നിന്നവൾ തന്റെ മനസ്സിനെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.. ഇതു സിൻഡ്രലാ കഥകളിലെ പോലെ വെറുമൊരു സ്വപ്നലോകമായിരുന്നില്ലെന്ന്.. പ്രിയപ്പെട്ടവന് തന്നോടുള്ള സ്നേഹത്തിന്റെ പൂർത്തീകരണമാണെന്ന്…
ആലോചനകളിൽ മുഴുകി സ്വപ്‌നത്തിലെന്നോണം നിൽക്കുമ്പോൾ പുറകിൽ നിന്നും തന്നെ ചുറ്റിവരിഞ്ഞ കരങ്ങളും, തന്റെ പിൻകഴുത്തിലേറ്റ പ്രിയപ്പെട്ടവന്റെ പ്രാണവായുവിന്റെ ചുടുനിശ്വാസവും, അവന്റെ പല്ലുകൾ ഇടത്തേ ചെവിയിലേൽപ്പിച്ച ചെറുകുസൃതിയും… അതിലൂടെയെല്ലാം അവൻ വീണ്ടും വീണ്ടും അവളിലേക്ക് പകരുന്ന പ്രണയവും… അവളിലെ പെണ്ണിനെ വീണ്ടും വീണ്ടുമാ സ്വപ്നലോകത്തേക്കു മാത്രം കൂട്ടികൊണ്ട് പോവുകയായിരുന്നു… അവളും, അവളുടെ രാജകുമാരനും മാത്രമുള്ള അവരുടേത് മാത്രമായ, അവൻ യാഥാർഥ്യമാക്കിയ സ്വപ്നങ്ങളുടെ ലോകത്തേയ്ക്ക്…
അശ്വതി ജോയ് അറയ്ക്കൽ
#ഹണിമൂൺ


1 Comment
👌👌