നിനക്ക്,
നമ്മുടെ ബാല്യത്തിൽ നമ്മൾ കണ്ടുമുട്ടിയില്ല.
നമ്മുടെ ടീനേജിലും ഇരുപതുകളിലും ഇങ്ങനെ ഒരു സാധ്യത കരുതീട്ടു കൂടെയുണ്ടാവില്ല. അക്കാലങ്ങളിലൊക്കെയും നമ്മള്‍ നമ്മുടെതായ വെവ്വേറെ ലോകങ്ങളില്‍, ഇപ്പോള്‍ പാതിയും മറന്നുപോയ പേരുകളുടെയും മുഖങ്ങളുടെയും കൂടെ നമ്മുടെ ശരികളും തെറ്റുകളും തിരുത്തലും തിരിച്ചറിവുകളുമായി തിരക്കിലായിരുന്നു.
ഓര്‍മ വെച്ചപ്പോള്‍ തൊട്ട് ഓരോന്നോരോന്നായി പഠിച്ചുമറിഞ്ഞും നമ്മള്‍ നമ്മളെ ഉരുത്തെടുത്തിരുന്ന കാലങ്ങളിലൊന്നും നമ്മള്‍ കണ്ടുമുട്ടിയില്ല. ശരീരികവും മാനസികവും സാമൂഹികവുമായി നമ്മള്‍ പക്വത നേടാന്‍ തുടങ്ങിയ കാലത്തും നമ്മള്‍ പരസ്പ്പരം അറിഞ്ഞിരുന്നില്ല. നീയും ഞാനും കാമുകനും കാമുകിയും ഭര്‍ത്താവും ഭാര്യയും അച്ഛനും അമ്മയും കുടുംബസ്ഥനും കുടുംബിനിയും ആയ കാലത്തും, ആ വേഷങ്ങളില്‍ ഇഴുകി ചേരാന്‍ ശ്രമപ്പെട്ടു നടക്കുമ്പോഴും നമ്മള്‍ കണ്ടുമുട്ടിയില്ല.
ഒടുക്കം മുപ്പതുകളുടെ അവസാനം, നമ്മുടെ അസ്തിത്വത്തെ ഏറെക്കുറെ നമ്മള്‍ തിരിച്ചറിഞ്ഞുവെന്ന് കരുതിയിരുന്ന സമയത്ത്, സ്ഥിരമായ തിരക്കുകളിലും പ്രശ്നങ്ങളിലും ഇരിക്കുന്ന സമയത്ത്, ചിന്തകളും ആശയങ്ങളും വിശ്വാസങ്ങളും അറിവുകളും പക്വതയില്‍ എത്തിയെന്ന് നമ്മള്‍ വിശ്വസിച്ചിരുന്ന ഒരു കാലത്ത്, നമുക്കുവേണ്ടി നമ്മള്‍ ആരെയും തേടാതിരുന്ന, ആഗ്രഹിക്കാതിരുന്ന ഒരു സമയത്ത് ഒട്ടും തയ്യാറല്ലാത്ത ഒരു സമയത്ത് നമ്മള്‍ കണ്ടുമുട്ടി. സത്യത്തില്‍ കണ്ടുമുട്ടിയോ എന്നു ചോദിച്ചാല്‍ ഇല്ലെന്നു പറയേണ്ടി വരുമെങ്കിലും. വാക്കുകളും ശബ്ദവും ചിത്രങ്ങളുമായി, തൊടാന്‍ അടുത്തുള്ളവരെക്കാള്‍ അധികം മനസ്സില്‍ തൊട്ടു.
നമ്മുടെ കഥ തുടങ്ങുന്നത് അവിടെ നിന്നാണ്. ജീവിതത്തിന്‍റെ പാതിയില്‍ നിന്ന്. നേരിട്ടു കാണാതെയും അറിയാതെയും പരസ്പ്പരം താങ്ങായും തണലായും ജലമായും ആകാശമായും കണ്ണാടിയായും നമ്മൾ നമ്മളായ കഥ. ഇതിലൊന്നും ഒരു കഥയുമില്ലെന്ന് പറഞ്ഞു കേട്ടിടത്ത് നിന്നും വിശ്വാസത്തിന്‍റെ നനവിലും പരസ്പ്പര ബഹുമാനത്തിന്‍റെ തണലിലും, വളര്‍ന്നു കഴിഞ്ഞുവെന്ന് നമ്മള്‍ കരുതിയിടത്ത് നിന്നും നമ്മള്‍ വളരാന്‍ തുടങ്ങിയ കഥ.
മിണ്ടി തുടങ്ങി, അറിവുകളും ചിന്തകളും വിശ്വാസങ്ങളും കാഴ്ചപ്പാടുകളും പങ്കുവെച്ചു തുടങ്ങി, കൊള്ളാനും തള്ളാനും തര്‍ക്കിക്കാനും തല്ല് കൂടാനും തുടങ്ങി, പതിയെ തല്ലുകൂട്ടങ്ങള്‍ക്കൊടുവിലും പരസ്പ്പരം അംഗീകരിക്കാനും തിരിച്ചറിയാനും തുടങ്ങി. വളരാനും പരസ്പ്പരം വളര്‍ത്താനും തുടങ്ങി. പേര് ചൊല്ലിവിളിക്കാവുന്ന ഒരു ബന്ധമുണ്ടാക്കാനും പരസ്പ്പരം ആരെങ്കിലുമാവാനും നില്‍ക്കാതെ സൌഹൃദത്തിന്റെ സുരക്ഷിതത്വത്തില്‍ പരസ്പ്പരം ചേര്‍ത്ത് പിടിക്കാന്‍ തുടങ്ങി.
അപ്പോഴാണ് മോഹത്തിന്‍റെ ചെപ്പുകള്‍ തുറക്കാന്‍ തുടങ്ങിയത്. എനിക്കിനിയും നിന്നോടൊപ്പം വളരണം. നിന്നോടൊപ്പം വയസാവണം. ഇനിയും അറിയാത്ത നിന്നെയും എന്നെയും അറിയണം അറിയിക്കണം. നേടാനുള്ളത് നേടിയും തിരുത്താനുള്ളത് തിരുത്തിയും, നിന്‍റെയും എന്‍റെയും ആരുമായി ഒതുങ്ങി പോകാതെ, നമ്മുടെ ആകാശങ്ങളില്‍ ചിറകു വിരിച്ച് പറക്കണം. ആകാന്‍ പറ്റുന്നതില്‍ ഏറ്റവും നല്ല നീയും ഞാനുമാകണം.
എനിക്കെന്‍റെ നാല്‍പ്പതുകളിലും അന്‍പതുകളിലും, നീയെവിടെയോ ഞാനെവിടെയോ ആയും നിന്നോടു കൂടെയുണ്ടാവണം. ഓരോരോ വേഷങ്ങളിലെയും കടമകളും ഉത്തരവാദിത്തങ്ങളും നടപ്പിലാക്കുന്നതു ദൂരെ നിന്നു കണ്ടു പരസ്പ്പരം സന്തോഷിക്കണം. വേഷമില്ലാത്ത നമ്മളെ അറുപതുകളും എഴുപതുകളും കൂടെ കൂട്ടുകയാണെങ്കില്‍ അന്നും ഒരുമിച്ച് ഉണ്ടായിരിക്കണം. ഒരു വൃദ്ധകൂട്ടായ്മയിലോ വൃദ്ധ സദനത്തിലോ ഒരുമിച്ചിരിക്കണം.
അന്നൊരു തമാശ പറയും പോലെ ഈ എഴുതി വെച്ചതൊക്കെ നിനക്കു കാണിച്ചു തരണം. എന്നിട്ട് പറയണം, സ്വന്തമാക്കാന്‍ ആഗ്രഹിക്കാനാവാത്തത് കൊണ്ടോ, നഷ്ടപ്പെടുത്താനാവാത്തത് കൊണ്ടോ, ഇത്രത്തോളം മതിയെന്ന് കെട്ടിപ്പൂട്ടി വെച്ച എന്തോ ഒന്നു തുടക്കം തൊട്ടേ ഉള്ളില്‍ ഉണ്ടായിരുന്നു എന്നു. കടമകളുടെയും ഉത്തരവാദിത്തങ്ങളുടെയും, നേരത്തെ പകര്‍ന്നാടി തുടങ്ങിയ വേഷങ്ങളോടുള്ള ആത്മാര്‍ഥതയുടെയും കെട്ടുപാടുകള്‍ ഇല്ലായിരുന്നെങ്കില്‍, തീര്‍ച്ചയായും പ്രണയമെന്ന് തെറ്റിദ്ധരിച്ചേക്കാവുന്ന ഒന്ന്. അന്ന് നീ തിരിച്ചെന്നോട് പറയുമായിരിക്കും, അതില്ലാഞ്ഞത് കൊണ്ട് നമ്മള്‍ ഇവിടം വരെ നടന്നെത്തി എന്ന്. അതല്ലേലും, എല്ലാവര്ക്കും സാധിക്കില്ലെങ്കിലും ചില പ്രണയങ്ങള്‍ ഉള്ളില്‍ പൂട്ടി വെച്ച് ആസ്വദിക്കാന്‍ മാത്രം ഉള്ളതാണ്, പ്രണയത്തിനും അപ്പുറം പലതും തിരിച്ചറിയാനും നേടാനുമുള്ള ഊര്‍ജ്ജം മാത്രമാണു.
ഞാന്‍.


3 Comments
മനോഹരം ❤️
Thank you ❤️
നന്നായിരിക്കുന്നു❤️👌🌹