നന്ദിയുണ്ട് എഴുതാൻ മറന്ന വരികളെ
വീണ്ടും തൂലികയിൽ നിറയ്ക്കാൻ കഴിഞ്ഞതിന്
നന്ദിയുണ്ട് മറവി ബാധിച്ച വായനയെ
കൂടെക്കൂട്ടാൻ കഴിഞ്ഞതിന്
നന്ദിയുണ്ട് ചായം തേയ്ക്കാൻ മറന്ന ചിത്രങ്ങൾക്ക്
ജീവൻ നൽകാൻ കഴിഞ്ഞതിന്
നന്ദിയുണ്ട് വിളിക്കാൻ മറന്ന സൗഹൃദങ്ങളെ
വിളിച്ചുണർത്താൻ കഴിഞ്ഞതിന്
നന്ദിയുണ്ട് പാടാൻ മറന്ന പാട്ടുകൾക്ക്
ഈണം പകരാൻ കഴിഞ്ഞതിന്
നന്ദിയുണ്ട് പിടഞ്ചെഴുന്നേൽക്കലുകൾക്കിടയിൽ
എവിടെയോ ആസ്വദിക്കാൻ മറന്നു പോയ
ഉഷസിൻ്റെ ഭംഗി ഇപ്പോൾ ഈ ജാലകച്ചില്ലിലൂടെ
നോക്കി ആസ്വദിക്കാൻ കഴിഞ്ഞതിന്
നന്ദിയുണ്ട് നോക്കാൻ മറന്ന തൻ്റെ മുഖം
കണ്ണാടിച്ചില്ലിലൂടെ നോക്കാൻ കഴിഞ്ഞതിന്
നീട്ടിവച്ച കാലിലെ കെട്ട് നോക്കി അവൾ
ദൈവത്തോട് നന്ദി പറഞ്ഞു: “നന്ദിയുണ്ട്…
സമയമില്ലാതെ മാറ്റി വച്ച എൻ്റെ കുഞ്ഞു
മോഹങ്ങൾക്കൊക്കെയും ആവോളം
സമയം തന്നതിന്”‘…!
