“നിങ്ങൾ കണ്ണ് കൊണ്ട് കണ്ട കാഴ്ചകൾ പലതും ഞാൻ മനസ്സ് കൊണ്ട് ഒപ്പിയത്തെടുത്തതിനാലാവാം ഇവിടമിന്നുമെന്നിൽ മിന്നി തെളിയുന്നത്”
ഫെബ്രുവരി 5 തുടക്കം ഇവിടെ വെച്ച് ആകട്ടെ ലെ….
അന്നൊരു നബിദിനം ആയിരുന്നു….
മനസ്സകം വല്ലാതെ ആകാംഷ നിറഞ്ഞതും….
വിമാനം പോകുന്ന ശബ്ദം കേൾക്കുമ്പോൾ മെയ് മറന്നു ഓടി തളർന്ന കുട്ടിക്കാലത്തിൽ നിന്നും ഒന്ന് തെന്നി മാറി അടുത്ത ഘട്ടത്തിലേക്ക് ചുവട് വെച്ചതെ ഉള്ളു.
അതിന്റെ കല പിലകൾ മനസ്സിൽ ആവോളം ഉണ്ട്.
അതിനിടക്ക് കുറച്ചു മാസങ്ങൾ കൊണ്ട് ഉക്കത്തൊരു കുഞ്ഞു കൂടെ വന്നു…..
അവനെയും കയ്യിലേന്തി ഞാൻ നടന്നു.
അങ്ങോട്ട് തേടി പോകുന്നവരുടെ മനസ്സും ഇങ്ങോട്ട് തേടി വരുന്നവരുടെ മനസ്സും ഒരേ പോലെ കുളിരണിയിച്ചാനയിക്കുന്ന ആ മനോഹരമായ കെട്ടിടത്തിലേക്ക്…
നിറ കണ്ണുമായി കൈവീശി കാണിച്ചു പുറത്തു നിൽക്കുന്ന ഉമ്മയെയും ഉപ്പയെയും ഒന്നുകൂടെ നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ വെച്ചൊന്നു നോക്കി ഞാൻ പോയി വരാമെന്ന് മൗനമായി മൊഴിഞ്ഞു കുഞ്ഞിനേയും കൂട്ടി അകത്തേക്ക്..
അതെ ഇന്നലെ വരെ തന്റെ കാഴ്ചകളിൽ നിന്നും തെന്നി മാറി കളഞ്ഞോടിയൊളിച്ച ആ വിമാനത്തിലേക്ക് ഞാനും ആദ്യമായി പടവുകൾ കയറുന്നു.
കാതിലിരമ്പുന്ന അനൗൺസ് മെന്റുകൾ ശ്രദ്ധയോടെ കേട്ട് നിന്ന് ആദ്യമായി കേട്ടതിന്റെ ആവേശത്തിലാകാം.
തന്റെ മുഖത്തേക്ക് കുഞ്ഞു പുഞ്ചിരിയോടെ നോക്കുന്ന പൈതലിനെ ഒന്നുകൂടെ നെഞ്ചിലേക്ക് അടുപ്പിച്ചു.
നമ്മളും ഇതാ ചിറകില്ലാതെ വാനിൽ പറക്കാൻ പോകുന്നെന്ന് മനസിനോട് ഒരു വട്ടം കൂടെ ഓർമ്മിച്ചു ശ്വാസമാന്ന് ഉള്ളിലേക്കെടുത്തു.
സമയം 10മണി കഴിഞ്ഞു 15മിനുട്ട്…
മൂന്ന് മണിക്കൂർ കൊണ്ട് എന്റെ മുന്നിലെ ലോകം മാറാൻ പോകുന്നു.
ഒരു കടലിന്റെ ദൂരം മാത്രം ഞാൻ പിറന്ന എന്റെ നാടിന് ഞാൻ ജീവിക്കാൻ പോകുന്ന എന്റെ നാടുമായി ഉള്ള വ്യത്യാസം.
വിമാനം മെല്ലെ റൺവേയിലേക്ക്….
സ്പീഡ് അല്പം കുറഞ്ഞു ഓടികൊണ്ടിരിക്കുന്നതിൽ നിന്നും വേഗത വേഗതയേക്കാൾ വേഗത്തിൽ കൂടി…..
നൂല് പൊട്ടിയ പട്ടം പോലെ ഞാനും എന്റെ ശരീരം കൊണ്ടൊന്നു പറന്നു….
ഒന്ന് കുത്തനെ വീണ്ടുമൊന്നു നേരെ ചെറിയൊരു കുലുക്കത്തോടെ എല്ലാം നേരെയായി.
കെട്ടിടങ്ങൾ ഞങ്ങളാണ് ഏറ്റവും വലുതെന്നഹങ്കാരത്താൽ നിവർന്നു നിന്നതൊക്കെ വെറും വെറുതെ യാണെന്ന തോന്നൽ അതിലും മുകളിൽ പറന്നു കൊണ്ടിരിക്കുന്ന എന്നിൽ നിറഞ്ഞു.
കുഞ്ഞു മക്കൾ കളികോപ്പുകൾ നിരത്തി വെച്ചത് പോലെ കോഴിക്കോട് സിറ്റി ചിത്രമായി മനസ്സിൽ പതിഞ്ഞു.
പച്ചപ്പ് കുറഞ്ഞു.
താൻ കയറിയ വിമാനം വായുവിൽ എവിടെയോ മാറ്റാരെയോ കയറ്റാൻ വേണ്ടി നിർത്തി വെച്ചതാണോ എന്ന സംശയം കൊണ്ട് വിന്റോയിലൂടെ വീണ്ടും വീണ്ടും നോട്ടമെറിഞ്ഞു.
തന്റെ തോന്നൽ ആകാമെന്ന. തോന്നലിൽ വീണ്ടും നോക്കിയൊന്നു താഴ്പ്പോട്ട്…
ഇത് അനങ്ങാതെ ഇവിടെ എന്തോന്ന് തേങ്ങയാ പറക്കുന്നത്? ഇങ്ങനെ കെട്ടിയിട്ട പട്ടം പോലെ ഇവിടെ ഈ ആകാശചുവട്ടിൽ അനങ്ങാപാറയായി നിൽക്കാനാണോ ഞാൻ ജീവൻ പണയം വെച്ച് ഇതിലേക്ക് ഓടി കയറിയത്..
മുഹബ്ബത്തിന്റെ മുന്തിരി ചേലോളിപ്പിച്ച മാരന്റെ നെഞ്ചോട് നെഞ്ചോരം ചേരാൻ വേണ്ടി അല്ലെ… അനൗൺസ്മെന്റിലൂടെ മുഴങ്ങി കേട്ട ആ മൂന്ന് മണിക്കൂറുകൾ കണ്ണിലെണ്ണയൊഴിച്ചു നെഞ്ചിടിപ്പോടെ കാത്തിരിക്കുന്നത് ചിന്തകൾ ചോദ്യമായടുത്തുള്ളവരുടെ കാതിലേക്കെത്തിയപ്പോൾ ഈ യാത്രയിൽ ഒരു പാട് പരിചയമുള്ള ആ ഇക്ക പറഞ്ഞു, നമ്മൾ പറക്കുന്നുണ്ട് മോളെ നിനക്കതറിയാൻ മേലാഞ്ഞിട്ടാണ്. അത്രയും ദൂരമുള്ള ആ നാട്ടിലേക്ക് അണയാൻ അവർ നമുക്കുറപ്പു തന്നത് മൂന്ന് മണിക്കൂറുകൾ ആണ് ….
ആ മണിക്കൂറുകളെ ദൂരവുമായൊന്നു കൂട്ടിയെടുക്കാൻ ശ്രമിച്ചാൽ നിന്റെ ചിന്തകൾക്കുള്ള ഉത്തരം നിനക്ക് തന്നെ കിട്ടും.
കണക്കിലല്പം പിന്നോട്ട് ആണെങ്കിലും എനിക്കെന്നെ പറ്റിയുള്ള കണക്കു കൂട്ടലുകൾ ഞാൻ ഓടുന്നതിലും മുന്നേ ഓടി തുടങ്ങുമെന്നുള്ള ചിന്തകൾ ദൂരത്തിന്റയും വേഗതയുടെയും കണക്കിനെ ആ കാറ്റിൽ പറത്തി വിട്ടു.
തന്റെ കണ്മുന്നിൽ തെളിയാൻ പോകുന്ന ആ ലോകത്തെ സ്വപ്നം കാണാൻ വേണ്ടി ഞാനെന്റെ കണ്ണുകളാൽപ്പമൊന്നടച്ചു അതെ കണ്ണേ ഞാൻ അടച്ചുള്ളു മനസ്സിപ്പോളും തുറന്നു തന്നെയാണ് കിടക്കുന്നത് നിങ്ങൾ കണ്ണ് കൊണ്ട് കാണുന്നതൊക്കെ ഞാൻ മനസ്സുകൊണ്ട് കാണും എന്നിട്ടത് എന്നെ തേടിയെത്തും അക്ഷരങ്ങൾ കൂട്ടി ചേർത്തലങ്കരിച്ചു നിങ്ങളിലേക്ക് എത്തിക്കും…. കൂടെ വേണമെങ്കിൽ വരാം അല്ല എങ്കിൽ ഇവിടെ ഉള്ള സ്റ്റോപ്പിൽ ഇറങ്ങിപോകാം… ❤️

