കുട്ടിത്തത്തിൽ നിന്ന് പക്വതയിലെത്തിയിട്ട് വർഷങ്ങളേറെയായി.
ആരെപ്പറ്റിയാ…
ഈ എന്നെപ്പറ്റി തന്നെയാണേ ഞാൻ പറഞ്ഞു വരണത്.
ന്റെ കുട്ടികൾ പോലും മുതിർന്നു വരാൻ തുടങ്ങിയിരിക്കുന്നു.
എന്നിട്ടും ന്റെ കുട്ടിത്തത്തിന് ഒരു മാറ്റവുമില്ലെന്ന് ന്റെ എട്ടന് ഒരേ പരാതി.
എല്ലാവരുടെ ഉള്ളിലും ഒരു കുട്ടിണ്ടെന്നല്ലേ പറയാ… പക്ഷെ ന്റെ ഉള്ളിലെ കുട്ടീന്നു വച്ചാല് ഒരൊന്നൊന്നര കുട്ടിയാണേ…
എന്താ അറീല്ല.. ന്റെ ഉള്ളീന്ന് കുട്ടിത്തം ലവലേശം പോയിട്ടില്ലന്നെ.
എപ്പഴും കുട്ടിയായിരിക്കണത് തന്നെയല്ലേ നല്ലത്.
എനിക്കതാ ഇഷ്ടം.
ഇടയ്ക്കൊക്കെ കുട്ടിയാവ്വാ, കുട്ട്യോൾടെ കൂടെ ഇരുന്ന് കളിക്ക…
അവർക്ക് കഥകൾ പറഞ്ഞു കൊടുക്കുമ്പോ അവരെപ്പോലൊരു കുട്ടിയായിത്തന്നെ
കഥ പറയാ, അതെയ്ക്കല്ലേ ഒരു രസം.
അല്ലാണ്ട് ഏട്ടനെപ്പോലെ മസിലും പിടിച്ചിരുന്നാല് കുട്ടോൾക്ക് നമ്മളെ പേടിയാവല്ലേ ഉളളൂ.
ഇതൊക്കെ പറഞ്ഞാല് ഏട്ടന് വല്ലതും മനസ്സിലാവോ!
പൂര്ണചന്ദ്രനെ കാണണത് പോലെയാ ഒന്ന് ചിരിക്കണത് തന്നെ.
വല്ലപ്പോഴും ഒന്നോ രണ്ടോ ചിരി.
കുറ്റം പറഞ്ഞിട്ട് കാര്യല്ല, പാരമ്പര്യം ആയിട്ട് കിട്ടിയ സ്വത്താണെ ഏട്ടന് ഈ ഗൗരവം!
ഹാ… കുട്ടിയെപ്പോലെയാണെന്നുവച്ച് പക്വത കാട്ടിണ്ടടത്ത് നമ്മള് പക്കാ ഡീസന്റാട്ടോ. ഇല്ലാന്ന് ഏട്ടൻ തന്നെ പറയട്ടെ.
”അവള് കുട്ടികളെ നല്ല രീതിയിൽ പഠിക്കണ് ണ്ട്, നോക്കണ് ണ്ട്
എന്റെയും വീട്ടിലെയും കാര്യങ്ങൾ ഒക്കെ അവള് തന്നെയാ നോക്കണത്
എന്തിന് പോരാത്തതിന് എന്റെ മറവിയ്ക്കുള്ള ഒറ്റമൂലി പോലും അവളാണ്
അവളില്ലെങ്കിൽ ഞാനില്ലടോ”
ഇതൊന്നും ഞാൻ തന്നെ എന്നെ പൊക്കി പറയണത് അല്ലാട്ടോ. ഞാൻ കേൾക്കാണ്ട് എന്നെപ്പറ്റി പറയണ് ണ്ടെന്ന് ഞാൻ അറിയണതാ. കേൾക്കുമ്പോ വല്ലാത്ത ഒരു സുഖം.
ഇത് വായിക്കുമ്പോ നിങ്ങൾക്ക് തോന്നണുണ്ടാവും സത്യത്തില് ഞാൻ ആരാന്ന്.
ഞാൻ ഞാൻ തന്നെയാട്ടോ.
എനിക്ക് ഞാനാവാനല്ലേ പറ്റൂ. ഒരു പഞ്ചസാധു.
പണ്ട് എന്റെ അമ്മേടെ മുന്നിലെ കുട്ടി, മുത്തശീടെ മുന്നിലെ പേരക്കുട്ടി
ഇപ്പോ ഏട്ടന്റെ അടുത്ത് ഇള്ളാക്കുട്ടി, ന്റെ പിള്ളേരെടെ അടുത്ത് പൊടിക്കുട്ടി.
കൂട്ടുകാരുടെ ഇടയിൽ ചൊടിക്കുട്ടി
ഓഫീസിലെ ബോസ്സിന്റെ മുൻപിലെ കുട്ടിമാഡം
എന്തിന് ന്റെ അനിയത്തീടെ അടുത്ത് പോലും ഞാൻ അവളെക്കാൾ ചെറുതാവാറ് ണ്ട്.
എല്ലാവരും എന്നേക്കാൾ വല്യവല്യ ആൾക്കാരാണെന്നെ. ഞാൻ മാത്രം ഇപ്പോഴും കുട്ടി ന്നെ.
അല്ലെങ്കില് പിന്നെ
മോൾക്ക് വായിക്കാനാന്ന വ്യാജേന ബാലരമ വരുത്തിട്ട് വായിക്കണത് ഞാൻ തന്നെ ആവോ.
മോൾക്ക് കാണാൻ ടി വി യിൽ കാർട്ടൂൺ ചാനൽ വയ്ക്കുമ്പോ കാണണത് ഈ ഞാൻ തന്നെ ആവോ
മാത്രല്ല…എന്തെങ്കിലും വിഷമം വന്നാല് അപ്പൊ രണ്ട കഥ എടുത്ത് അങ്ങട് വായിക്കാ, കുറച്ച് നല്ല പാട്ട് കേൾക്കാ, കുറെ കോമഡി സ്കിറ്റ് കാണാ…പിള്ളേരെടെ കൂടെ കളിക്കാ
അതൊക്കെ തന്നെ അല്ലെ വേണ്ടത്, അല്ലാതെ പിന്നെ.
അപ്പൊ ഞാൻ എന്താ പറഞ്ഞു വരണത് ന്നു വച്ചാല്,
“കുട്ടികളെപ്പോലെ നിഷ്കളങ്കരായി ചിന്തിക്കുക
എന്നിട്ട് മുതിർന്നവരെപ്പോലെ പോലെ
പക്വതയോടെ പെരുമാറുക”
ഇതാണെന്റെ ഒരു ഇത്.
അപ്പൊ ഞാൻ എന്റെ നയം വ്യക്തമാക്കി. ഇനി നിങ്ങളുടെ ഊഴമാണേ…!


2 Comments
നന്നായെഴുതി👍
ഞാനും ഏറെക്കുറെ ഇങ്ങനെയാണ്. അപ്പോൾ തനിക്കു കൂട്ടുണ്ട്. 😍
നന്നായി എഴുതീ കുട്ടീ…