പഠിക്കാൻ വളരെ മിടുക്കിയായിരുന്നത് കൊണ്ട് മിക്കവാറും എല്ലാ പരീക്ഷകളിലും തോൽക്കാറുണ്ടായിരുന്ന ഞാൻ പത്താംക്ലാസിലും പതിവ് തെറ്റിച്ചില്ല. പക്ഷെ, അമ്മച്ചി വീട്ടിലും ടീച്ചർമാർ എല്ലാം കൂടി സ്കൂളിലും പതിവുകൾ തെറ്റിക്കാൻ തുടങ്ങി.
പരീക്ഷയിൽ തോറ്റവർക്കുള്ള ശിക്ഷകൾ കഠിനമാക്കി. ചൂരൽ പ്രയോഗവും ഇമ്പോസിഷനും കഴിഞ്ഞ വർഷത്തേക്കാൾ കൂടി, കളിയാക്കലും, വഴക്ക് പറയലും സഹിക്കാൻ വയ്യ.
എന്നാലും സഹിക്കണ്ടേ…
സ്കൂൾ ആയിപ്പോയില്ലേ…
ടീച്ചർമാരെ ഇറക്കി വിടാനും പറ്റൂല, നമുക്കിറങ്ങി പോവാനും പറ്റൂല….
സ്കൂളിൽ പഠിക്കുന്നവർക് അന്ന് ക്ലാസ് കട്ട് ചെയ്യാൻ പറ്റില്ലായിരുന്നു….
വീടിന്റെ അടുത്തൊക്കെ തന്നെയാ സ്കൂൾ ആരെങ്കിലും കാണും.
അങ്ങനെ കണ്ടാൽ പഠിപ്പും നിർത്തി കല്യാണം നടത്തും അപ്പച്ചൻ.
കല്യാണം കഴിക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമാണ്. പഠിക്കാൻ പോകണ്ട, അമ്മയുടെ ഭരണത്തിൽ നിന്നും രക്ഷപെടാം, കല്യാണം കഴിഞ്ഞാൽ പിന്നെ വീട്ടിൽ വരുമ്പോൾ വി.ഐ.പി പരിഗണനയല്ലേ?
വല്യേച്ചിയെ അമ്മ തലയിൽ കൂടെ വെള്ളമൊഴിച്ചാ പണ്ടൊക്കെ എണീപ്പിച്ചിരുന്നത്. എന്നും ചീത്തയും വഴക്കും. ഇപ്പോൾ അതൊക്കെ എനിയ്ക്കാ….
കല്യാണം കഴിഞ്ഞേ പിന്നെ വല്യേച്ചി വീട്ടിലെരാജകുമാരിയാ. പോരാത്തതിന് കഴിഞ്ഞ മാസം ഗർഭിണിയാണെന്നറിഞ്ഞത് മുതൽ വീട്ടിൽ കൊണ്ടു വന്നിട്ടുണ്ട് വിശ്രമത്തിന്. വീട്ടിലെന്നും വിരുന്നുകാരാ. അവളവിടെ മാസികയും വായിച്ചു എന്തെങ്കിലും കൊറിച്ചു കൊണ്ടിരിക്കും. അമ്മ എന്തെങ്കിലും വേണോ വേണോ ന്ന് ചോദിക്കും. അവളുടെ ഒരു ഗമ. ഇതൊക്കെ കാണുമ്പോ എനിക്കങ്ങോട്ട്……
ആദ്യം എന്റെ കല്യാണം നടത്തിയാൽ മതിയാരുന്നു എന്ന് തോന്നും. പക്ഷെ 18 ആയില്ലല്ലോ, മാത്രമല്ല പ്രീഡിഗ്രി എങ്കിലും പാസാകാതെ കെട്ടിക്കാൻ സമ്മതിക്കില്ലെന്ന് അമ്മച്ചി പറഞ്ഞിട്ടുണ്ട്. ഇളയ കുട്ടി ആയതുകൊണ്ട് പണ്ടൊക്കെ നല്ല സുഖമായിരുന്നു. ഇപ്പോളാ വിഷമം അറിയുന്നേ.
ഞാൻ താഴെ നില്കുന്നത് കൊണ്ടാ വല്യേച്ചിയെ വേഗം കെട്ടിച്ചത്. പക്ഷെ എന്റെ താഴെ ആരുമില്ല. ഒരു സഹോദരൻ ഉള്ളത് എന്റെ മുകളിൽ തന്നെയാ. 18 വയസ് വരെ വീട്ടിലിരുന്നാൽ ഒന്നുകിൽ അമ്മയുടെ ഗാർഹിക പീഡനവും ബാലവേലയും കാരണം ഞാൻ വല്ല കടുംകൈയ്യും ചെയ്യും.( എന്ന് വെച്ചാൽ മരിക്കാനൊന്നും അല്ല. ഞാൻ ഒളിച്ചോടി പോയി കല്യാണം കഴിക്കും… പറ്റിയൊരാളെയും കണ്ടു വച്ചിട്ടുണ്ട്.) അല്ലെങ്കിൽ എന്റെ ജീവിതം ഇങ്ങനെ കണ്ണീരും കിനാവും ആയി പോകാത്തെയുള്ളു.
അപ്പൊ പറഞ്ഞു വന്നത്, ക്ലാസ്സ് കട്ട് ചെയ്താൽ അമ്മച്ചി, ചിലപ്പോൾ കയ്യോ കാലോ തല്ലിയൊടിക്കാൻ വരെ സാധ്യത ഉണ്ട്. കൊല്ലില്ലായിരിക്കും. വല്യേച്ചിടെ പ്രസവം ഒക്കെയല്ലേ…
അങ്ങനെ പോയി പോയി ക്രിസ്മസ് പരീക്ഷയായി. ഇതു കഴിഞ്ഞാൽ പിന്നെ ഒരു രണ്ടുമാസമേ ഉള്ളൂ എസ്.എസ്.എൽ.സി ക്ക്. ഈ പ്രാവശ്യത്തെ പരീക്ഷയ്ക്ക് പാസായില്ലെങ്കിൽ ഏതാണ്ടൊക്കെ കാണിച്ചു തരാം എന്ന് അമ്മച്ചിയുടെ ഭീഷണി ഉണ്ട് ടീച്ചർമാരുടെ വകയും ഉണ്ട് എന്തൊക്കെയോ ശിക്ഷാപരിപാടികൾ. ഭീഷണി ആയാലും ഏഷണി ആയാലും ഈ റോസാക്കുട്ടി പറ്റത്തില്ല എന്ന് പറഞ്ഞാൽ പറ്റത്തില്ല അത്രയേ ഉള്ളൂ. ഇതെന്റെ വാശി ഒന്നുമല്ല, സത്യമായിട്ടും പറ്റാഞ്ഞിട്ടാ. അല്ലാതെ ഇങ്ങനെ തോറ്റ് അടി വാങ്ങി കൊണ്ടിരിക്കാൻ ആർക്കെങ്കിലും ആഗ്രഹമുണ്ടാകുവോ..
കുത്തിയിരുന്ന് പഠിക്കുന്നതൊക്കെ മിനക്കേടാ… അതിനേക്കാളും രസമുള്ള എന്തൊക്കെ കാര്യങ്ങളുണ്ട്. ഇനിയിപ്പോ വല്യേച്ചിടെ കൊച്ചും കൂടെ വന്നാൽ പിന്നെ ആ പേരും പറഞ്ഞു പഠിക്കേണ്ട.
പക്ഷെ ക്രിസ്മസ് പരീക്ഷ… എന്തു പറയും….
അങ്ങനെ പരീക്ഷയിങ്ങെത്തി. ആദ്യത്തെ പരീക്ഷ മലയാളം ആണ് എന്തെങ്കിലും എഴുതാം എന്നാലും മാർക്ക് കാര്യമായി ഒന്നും കിട്ടില്ല. കയ്യക്ഷരം മോശമാണ്, അക്ഷരത്തെറ്റ് എന്നൊക്കെ പറഞ്ഞ് മാഷ് ചുവന്ന വര കൊണ്ട് നിറയ്ക്കും. എന്നാലും പാസാക്കും. പുസ്തകം തുറന്നു നോക്കാറില്ലെങ്കിലും കവിതകൾ ഒഴികെ ബാക്കി കഥകൾ ഏതാണ്ടൊക്കെ അറിയാം.
പരീക്ഷ തുടങ്ങാൻ ബെല്ലടിച്ചു കഴിഞ്ഞാണ് ഒരുത്തൻ ക്ലാസിലേക്ക് ഓടി കിതച്ചു കയറി വരുന്നത്. അവനും ഞങ്ങളുടെ ക്ലാസിൽ തന്നെയാ പഠിക്കുന്നത്. ക്ലാസിലെ ഏറ്റവും വലിയ തോൽവി. വട്ടപ്പൂജ്യം മാർക്കിന്റെ റെക്കോർഡ് വര്ഷങ്ങളായി അവന്റെ പേരിൽ തന്നെയാണ് ഉള്ളത്.
ഞങ്ങൾ രണ്ടു തോൽവികളെയും കൂടി ടീച്ചർ ലാസ്റ്റ് ബെഞ്ചിലിരുത്തി. അവൻ എന്നെ നോക്കി ഒന്ന് ചിരിച്ചു.
ചോദ്യ പേപ്പർ കിട്ടി. സത്യത്തിൽ ചോദ്യപേപ്പറിന്റെ ആവശ്യമൊന്നുമില്ല. പഠിച്ചു വച്ചിരിക്കുന്നതൊക്കെ ഏതെങ്കിലും നമ്പറിട്ട് അങ്ങെഴുതും ചോദ്യം ഏതാണെന്നൊന്നും നോക്കാറില്ല.
വേഗം എഴുതാൻ തുടങ്ങി. അടുത്തിരിക്കുന്നവൻ എന്നെ ശ്രദ്ധിക്കുന്നുണ്ട്, ഞാൻ നോക്കാൻ പോയില്ല.പെട്ടെന്ന് എഴുതി തീർത്തു. അര മണിക്കൂർ കഴിഞ്ഞിട്ടുള്ളു. പതുക്കെ തിരിഞ്ഞു നോക്കി.അപ്പോൾ അവൻ പേന ചോദിക്കുന്നു, ആംഗ്യഭാഷയിൽ ആണ്. ശബ്ദം കേട്ടാൽ ടീച്ചർ വരും.പേന ഇല്ലാതെയാണോ ഇവൻ പരീക്ഷയ്ക്ക് വരുന്നത്. വെറുതെയല്ല ഇത്രയും നേരം എഴുതാതെ ഇരുന്നത്.
എന്റെ കയ്യിൽ ഒരു പേനയുള്ളു. ഒരെണ്ണം മഷി തീർന്നതാ.. കളഞ്ഞിട്ടില്ല എന്ന് മാത്രം. സാരമില്ല എഴുതി കഴിഞ്ഞല്ലോ. ഞാൻ പേന അവന് കൊടുത്തു. അത് തിരിച്ചു വാങ്ങിയിട്ട് വേണം പോകാൻ. ഞാൻ അവിടെതന്നെ ഇരുന്നു. അവൻ എഴുതാൻ തുടങ്ങി. ഞാൻ ആ മഷിയില്ലാത്ത പേനയും കയ്യിൽ വച്ച് പേപ്പറിൽ നോക്കി ഇരുന്നു. ടീച്ചർ വന്നിട്ട് കഴിഞ്ഞോ എന്ന് ചോദിച്ചു, ഇല്ല എന്ന് ഞാൻ പറഞ്ഞു. അവനെ നോക്കിയപ്പോൾ അവൻ ചിരിച്ചു. ഞാനും.
പെട്ടെന്ന് അവൻ മേശയുടെ താഴെക്കൂടെ അവനെഴുതിയ പേപ്പർ എന്റെ നേരെ നീട്ടി. ഞാൻ പെട്ടെന്നുള്ള ഞെട്ടലിൽ അത് വാങ്ങി. തോറ്റാലും ഇവന്റെയൊന്നും പേപ്പർ നോക്കി കോപ്പിയടിക്കേണ്ട ഗതികേടൊന്നും എനിക്ക് വന്നിട്ടില്ല. എനിക്ക് ഇതൊന്നും വേണ്ട. ഞാൻ അവനെ നോക്കിയപ്പോൾ ഒരു വല്ലാത്ത ചിരി. പേപ്പർ തിരിച്ചു കൊടുത്തു, എനിക്ക് വേണ്ട എന്ന് പറഞ്ഞു.അവൻ വാങ്ങിയില്ല, വായിക്, വായിക് എന്ന് ശബ്ദമില്ലാതെ പറയുന്നു. എനിക്ക് ദേഷ്യം വന്നു. പെട്ടെന്ന് അവൻ മറ്റൊരു പേപ്പർ എടുത്ത് എഴുതാൻ തുടങ്ങി. നോക്കുമ്പോൾ ടീച്ചർ അടുത്തേക് വരുന്നു. ഞാൻ എഴുതിയ ഒരു പേപ്പർ എടുത്തു അതിനു മുകളിൽ വച്ചു. ടീച്ചർ തിരിച്ചു പോയി.
ഞാൻ പതുക്കെ പേപ്പറിലെ അക്ഷരങ്ങളിലേക്ക് നോക്കി.
‘ പ്രിയപ്പെട്ട പനിനീർ പുഷ്പമേ, ‘
നീ എന്റെ മനസ്സിലെ രാജ്ഞി യെപ്പോലെ വളരെയധികം ശോഭിച്ചു നിൽക്കുകയാണ്.
മൈ ഗോഡ്….. ലവ് ലെറ്റർ…
പെട്ടെന്ന് അവനെ നോക്കി, എന്നെതന്നെയാ നോക്കുന്നെ… പെട്ടെന്ന് അവൻ വീണ്ടും എഴുതാൻ തുടങ്ങി. നോക്കുമ്പോൾ ടീച്ചർ ഇങ്ങോട്ട് നോക്കുന്നുണ്ട്. ടീച്ചർ നേരെ അവന്റെയടുത്തു വന്ന് ചോദിച്ചു
” താൻ കുറെ നേരമായല്ലോ ഈ കുട്ടിയെ നോക്കി കൊണ്ടിരിക്കുന്നു “…
“ഇല്ല, ടീച്ചറെ…”
“കള്ളം പറയാതെ മിണ്ടാതിരുന്നു എഴുത്, അല്ലേ എണീറ്റു പോകാൻ നോക്ക് “
അവൻ എഴുതാൻ തുടങ്ങി. ടീച്ചർ കസേര വലിച്ചിട്ടു ഞങ്ങളുടെ അടുത്ത് ഇരുന്നു.
ഞാൻ അപ്പോഴും ആദ്യമായി കിട്ടിയ പ്രണയ ലേഖനത്തിന്റെ ഷോക്കിൽ നിന്ന് മുക്തയായിട്ടില്ല.
‘ പനിനീരെ, പനിനീരെ ‘ എന്ന് കൂട്ടുകാർ വിളിക്കുമ്പോൾ സാധാരണ ദേഷ്യമാണ് വരാറുള്ളത്. പക്ഷെ ആ പേരിനിത്രയും ഭംഗിയുണ്ടെന്ന് ഇപ്പോഴാ തോന്നിയത്.
‘ മനസിലെ രാജ്ഞിയെ പോലെ ‘,
രാജ്ഞിമാരുടെ ചിത്രങ്ങൾ മനസ്സിൽ വന്നു.ഞാൻ കിരീടം വെച്ച എന്നെ യൊന്നു സങ്കല്പിച്ചു നോക്കി… കൊള്ളാം..
ബാക്കി വായിക്കാൻ പറ്റിയില്ലല്ലോ..
‘ശ്ശോ ‘, ഈ ടീച്ചർക്ക് എണീറ്റു പൊക്കൂടെ,
ആദ്യമായിട് ഒരു കത്ത് കിട്ടിയിട്ട്,.. എന്താ ചെയ്യാ…
അല്ല, ഇവനെ ഞാൻ എങ്ങനെ പ്രേമിക്കും? ഞങ്ങൾ ഒരേ പ്രായമല്ലേ…
പോരാത്തതിന് അവന്റെ വീട് നിറയെ പ്രാരാബ്ധവും…. ഇതൊക്കെ കഴിഞ്ഞു
ഇവന്റെ കല്യാണ ആലോചന തുടങ്ങുമ്പോളേക്കും എന്റെ മൂത്ത കൊച്ച് പത്താം ക്ലാസിലാവുമല്ലോ…
എന്നാലും ‘മനസിലെ രാജ്ഞി’ എന്നൊ ക്കെ പറയുമ്പോൾ, ആ കിരീടം തലയിൽ നിന്ന് അഴിക്കാൻ തോന്നുന്നില്ലന്നെ…..
ബാക്കി വായിക്കാൻ എന്താ വഴി, ടീച്ചർ എങ്ങാനും കണ്ടാൽ… നോക്കിയപ്പോൾ ടീച്ചർ ഉറങ്ങുകയാണ്…
ഞാൻ തിരിഞ്ഞിരുന്നു അവനെ നോക്കി, എന്നെ തന്നെ നോക്കുകയാണ്. ഇവനെ കാണാൻ ഇത്രയും ഭംഗി ഉണ്ടായിരുന്നോ, മുൻപൊന്നും തോന്നിയിട്ടില്ലല്ലോ.
പെട്ടെന്ന്, അവൻ കണ്ണുരുട്ടി, പതുക്കെ എന്തോ പറഞ്ഞു,
എന്താ.. ഞാൻ ചോദിച്ചു,
‘പേപ്പറ് താടി ‘
” എന്താ ഇവിടെ “, ടീച്ചർടെ ശബ്ദം.
ഞാൻ ഞെട്ടിതിരിഞ്ഞു.
” താൻ എഴുതിക്കഴിഞ്ഞോ “
” ഇല്ല…..”
“ഇല്ലേ…. എന്നിട്ട്… കുറെ നേരമായല്ലോ… സ്വപ്നം കണ്ടു കൊണ്ടിരിക്കുന്നു..”
……………
“വാ, ബാക്കി നമുക്ക് ടീച്ചേഴ്സിന്റെ റൂമിൽ ഇരുന്നെഴുതാം”.
“വേണ്ട, എന്റെ കഴിഞ്ഞു.”
എനിക്ക് അവിടെ നിന്നും പോയാൽ മതി എന്നായി.
“എന്നാ പേപ്പർ എടുക്ക് ,”
ഞാൻ ഒരെണ്ണം നീക്കി വെച്ചു…
“അതെന്താ, “
“അത്, തെറ്റാ… കളയാനുള്ള പേപ്പറാ…”
“ആ… ഞാൻ കളഞ്ഞോളാം, ഇങ്ങോട്ട് താ”
ടീച്ചർ മുഴുവൻ പേപ്പറും വാങ്ങി. ഞാൻ അവനെ നോക്കി, അവൻ എഴുതുന്നു…. എന്താ ഇത്ര എഴുതാൻ..
” എന്താ അവനോട് യാത്ര പറയണോ ” ടീച്ചർ ചോദിച്ചു.
” വേണ്ട “, ഞാൻ പുറത്തേക്കോടി.
ഞാൻ ആകെ കൺഫ്യൂഷനിലായി. ഇവിടെ ഇപ്പോൾ എന്തൊക്കെയാ സംഭവിച്ചത്. കുറച്ചു കഴിഞ്ഞപ്പോഴേക്കും അവനും പുറത്തേക്ക് വന്നു. വേറെ 2 പേരുമുണ്ട്.
അവൻ എന്റെ പേന, എനിക്കു നേരെ വച്ചു നീട്ടി… ഞാൻ അത് വാങ്ങിച്ചു. അവൻ ദേഷ്യത്തിലാണ്.
“നീ പേന തന്നതല്ലേ എന്നോർത്തിട്ടാണ്, എന്റെ പേപ്പർ നിനക്ക് നോക്കാൻ തന്നത്, എന്നിട്ടത് നിന്റെ പേപ്പറിന്റെ കൂടെ കൊടുത്തല്ലേ?
‘എന്റെ സ്വപ്‌നങ്ങൾ തകർന്നു, അത് ഉത്തരപേപ്പർ തന്നെ ആയിരുന്നു, പക്ഷെ ഈ മരമണ്ടൻ നമ്പർ ഒന്നും ഇട്ടിട്ടില്ലായിരുന്നല്ലോ’.
അവൻ പിന്നെയും പറഞ്ഞു.
ഞാൻ ആകെ 3 ഉത്തരമേ എഴുതി യുള്ളു അതിലൊന്നാ നീ കൈക്കലാക്കി യത്, ഇപ്പൊ ഞാൻ തോൽക്കുകയും ചെയ്യും, കോപ്പി അടിച്ചതിനുള്ളത് വേറെയും കിട്ടും”.
ഞാൻ മിണ്ടിയില്ല.
അവൻ കുറച്ചു മുൻപോട്ട് നടന്നു, എന്നിട്ട് തിരിഞ്ഞു നിന്നു ചോദിച്ചു.
“ആ മാഷിന് കൈയ്യക്ഷരം കണ്ടാൽ മനസ്സിലാവില്ലേ, എന്നിട്ടും നീയെന്തിനാ അങ്ങനെ ചെയ്തത്…..”
ഞാൻ ഒന്നും മിണ്ടിയില്ല.
“നിന്റെ തലയിലെന്താ കളിമണ്ണാണോ?”
“അല്ല കിരീടം “.
” നീയല്ലേ അതെന്റെ തലയിൽ വെച്ചത്, അതിപ്പോ മുൾകിരീടമായല്ലോ “
#എന്റെരചന
#പരീക്ഷ
Koottaksharangal


6 Comments
കലക്കി ട്ടോ❤️👌🌷
🙏
Thank you😍
👌👌
🙏
👌👌👌