ഇന്ന് രാവിലെ ഞാനും മോനും എഴുന്നേൽക്കുന്നത് തന്നെ കെണിയിൽ പെട്ട എലിയുടെ വാർത്ത കേട്ടാണ്. ലീലേച്ചി ചത്തയെലിയെ അടുക്കളവശത്തെ മണ്ണിൽ കൊണ്ട് പോയിട്ടു. കാക്കയോ പൂച്ചയോ വന്നെടുത്തോട്ടെ. ഞങ്ങളും കാത്തിരുന്നു എലിയെ പിടിക്കാൻ വരുന്നവരെ.
കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഒടുവിൽ നമ്മുടെ കഥാനായകൻ വന്നെത്തി. നായികയാണോ ആവോ? വെളുത്ത മുഖവും കറുത്തുരുണ്ട ശരീരവുമുള്ള ഒരു സുന്ദരിപൂച്ച. പക്ഷികളിലും മൃഗങ്ങളിലും സൗന്ദര്യം കൂടുതൽ ആണുങ്ങൾക്കാണെന്ന് നമുക്കറിയാമല്ലോ. പെണ്ണുങ്ങളെ ആകർഷിക്കാൻ ആണുങ്ങൾക്ക് സൗന്ദര്യം വേണമല്ലോ? ആൺമയിൽ പീലി വിടർത്തിയാടുന്നതും പൂവൻ കോഴി പൂവും വാലുമിളക്കി കൊക്കരക്കോ കൂവുന്നതുമെല്ലാം ഇതിന്റെ ഭാഗമാണല്ലോ, ല്ലേ?
അതു പോട്ടെ നമുക്ക് പൂച്ചപ്പെണ്ണിലേക്ക് വരാം. അവനല്ല അവളാണെന്ന് പറയാൻ കാരണം വയറുരുണ്ടിരിക്കുന്നത് കണ്ടിട്ടാണ്. കുഞ്ഞുവാവയുണ്ടോന്നൊരു സംശയം ജിഷുവിനല്ല. എനിക്ക്. എന്റെ മോനാണെങ്കിലും ഇടക്ക് എന്റച്ഛന്റെ റോളെടുക്കുന്ന ജിഷു എന്നെ തിരുത്തി.
“അമ്മേ അതു പൂച്ച സന്യാസിയാണ്. അതല്ലേ എലിയെ തിന്നാതെ മണത്തു അപ്പുറത്ത് പോയി കണ്ണടച്ച് ഇരിക്കുന്നത്.”
എലിയെ തിന്നാത്ത പൂച്ചയോ? പൂച്ച ഞങ്ങളെ മൂന്ന് പേരെയും മാറി മാറി നോക്കുന്നുണ്ട്. ലീലേച്ചി അതിനിടയിൽ ഭീഷണി സ്വരത്തിൽ പൂച്ചയോട് മര്യാദക്ക് തിന്നുന്നെങ്കിൽ തിന്ന് അല്ലെങ്കിൽ പോ. ആ കാക്കയെങ്കിലും വന്നു തിന്നോട്ടെയെന്നൊക്കെ പറയുന്നുണ്ട്. ആരോട്? അതിനൊരു കൂസലുമില്ല. ഞങ്ങളെ നോക്കി കണ്ണടച്ചു തുറന്ന് എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്. ഞങ്ങൾക്ക് മനസിലാവുന്നില്ലെന്ന് മാത്രം.ഇനിയെങ്ങാനും പൂച്ച പട്ടരാവോ? ആവോ?
ജിഷു കൂലങ്കുഷമായി ചിന്തിച്ചൊടുക്കം സമസ്യക്കുത്തരം കണ്ടു.
“അമ്മേ അവൻ രാവിലെ ചോറും കഞ്ഞിയും കുടിച്ചു വയറു ഫുള്ളായി കാണും. അതാ എലിയെ പിടിക്കാത്തത്.”
അതുമാവാം. ഞങ്ങൾ പറയുന്നതൊക്കെ കേട്ട് പൂച്ചയാശാൻ കണ്ണടച്ചും തുറന്നും ഇരുപ്പ്തുടർന്നു.
ഞങ്ങളേക്കാളും പ്രായോഗികബുദ്ധിയുള്ള ലീലേച്ചി പെട്ടന്നാണ് തേങ്ങാമുറിയിൽ പോയി കൈക്കോട്ടുമായി വന്നത്. അതു കണ്ട പൂച്ച കണ്ടം വഴിയോടി.എന്താണ് നടക്കുന്നതെന്നാലോചിക്കാൻ പോലും സമയം തരാതെ ലീലേച്ചി കുഴി വെട്ടി എലിയെ മൂടി. നാടകീയമായി വികസിച്ചു വന്നയാ പ്ലോട്ട് കുഴിച്ചു മൂടിയ ലീലേച്ചിയെ നോക്കി ഞങ്ങളും സ്കൂളിലേക്കുള്ള ഓട്ടപ്പാച്ചിലുകളിലേക്ക് മടങ്ങി.
ഷിജു


3 Comments
എലിയെ തിന്നാത്ത പൂച്ച സന്യാസി….. രസകരം👍😀
@Sobha Narayanasharma അവൻ അങ്ങേനെയാ😃
😆😆പൂച്ച സന്യാസി …ജിഷുന്റെ ..കണ്ടുപിടിത്തം കൊള്ളാം ☺️😍