പരീക്ഷകൾ പൊതുവേ എന്നെ ഭയപ്പെടുത്താറില്ല. എപ്പോഴും നൂറിൽ 100 ആയതുകൊണ്ടല്ല കേട്ടോ. പഠിച്ചാൽ മാർക്ക് കിട്ടും_ ഇല്ലെങ്കിൽ ഇല്ല; അത്രതന്നെ. അതിനെ നിസ്സംഗത എന്നോ, മടി എന്നോ ഒക്കെ വിളിക്കാമായിരിക്കും. എന്തായാലും പരീക്ഷപ്പേടിക്കെതിരെ ഞാൻ തന്നെ എനിക്കൊരു കവചം തീർത്തിട്ടുണ്ട്. ഇന്നിപ്പോൾ മക്കളെ പരീക്ഷയ്ക്ക് പറഞ്ഞു വിടുമ്പോഴും ഈ ഒരു റിലാക്സ്ഡ് മൂഡ് എനിക്കുണ്ട്. നമുക്ക് അർഹതപ്പെട്ടത് നമുക്ക് കിട്ടും എന്നൊരു തീർച്ച. എന്നു കരുതി പഠനഭാഗങ്ങൾ മുഴുവൻ കവർ ചെയ്യാൻ ഞാൻ നിർബന്ധിക്കാറില്ല എന്നല്ല കേട്ടോ. അതിന് അത്യാവശ്യം കണ്ണുരുട്ടാറുമുണ്ട്.
നമ്മുടെ കഥാതന്തു അതല്ല. എന്റെ പ്രീഡിഗ്രിക്കാലം.. രണ്ടാം വർഷം ഫൈനൽ പരീക്ഷകൾ നടക്കുകയാണ്. അത്യാവശ്യം ഉഴപ്പൊക്കെ ഉണ്ടെങ്കിലും ഒരു ഫസ്റ്റ് ക്ലാസ് ഒക്കെ പ്രതീക്ഷിച്ചു കൊണ്ടാണ് പോക്ക്. പ്രതീക്ഷിക്കുന്നതിന് ചെലവൊന്നുമില്ലല്ലോ. ഏറ്റവും കുറഞ്ഞ പാക്കേജിൽ പ്രതീക്ഷ തരപ്പെടുത്തുന്നത് പക്ഷേ നമുക്ക് ചുറ്റുമുള്ളവരാണ് കേട്ടോ. റാങ്കും മറ്റും അങ്ങ് പ്രതീക്ഷിച്ചു കളയും; എന്താല്ലേ??
അക്കൂട്ടരോടൊക്കെ എങ്ങനെയാ യാഥാർത്ഥ്യത്തിന്റെ കനമില്ലായ്കയിൽ കാലുറയ്ക്കാൻ ബദ്ധപ്പെടുന്ന നമ്മൾ കെമിസ്ട്രിക്ക് രണ്ടുമാർക്ക് (തെറ്റിയതല്ല.. only two marks) എന്ന് സ്വപ്നം കണ്ടു എന്നൊക്കെ പറയുന്നത്. സ്വപ്നം കണ്ടു എന്നുള്ളതൊക്കെ സത്യമാണ് കേട്ടോ.വെളുപ്പാൻ കാലത്ത് വെട്ടി വിയർത്ത് ഞെട്ടിയുണർന്നതും കൂട്ടുകാരിയുടെ ബോട്ടിലിൽ നിന്നും തൊട്ടിയിൽ നിന്ന് എന്ന പോലെ തണ്ണി കട്ടുകുടിച്ചതും ഒക്കെ ഇന്നും കെട്ടുപോകാതെ ഉള്ളിൽ വെട്ടമടിക്കാറുണ്ട് .(ഏതോ ഭാഗ്യത്തിന് മാർക്ക് വന്നപ്പോൾ ആ രണ്ടിനിപ്പുറത്ത് ഏതോ ഒരക്കവും കൂടിയുണ്ടായിരുന്നു . അല്ലേൽ ഞാൻ വിവരമറിഞ്ഞേനെ!!)
അങ്ങനെയിരിക്കെ, രണ്ടാം വർഷത്തെ ഫിസിക്സ് പരീക്ഷയുടെ ദിവസമിങ്ങെത്തി. കുഴപ്പമില്ല,അത്യാവശ്യം മാനേജ് ചെയ്യാം.. കറക്കിക്കുത്തുന്നവരും കണ്ടുപഠിക്കുന്നവരും കേട്ടു പഠിക്കുന്നവരും ഒക്കെ കോമാളിത്തരം കാട്ടി നടക്കുന്ന എന്നെ നോക്കി വാ പൊളിക്കുന്നുണ്ട്. കളിചിരികൾക്കിടയിൽ ഞാനും എന്തോ ഓർത്തിട്ടെന്ന പോലെ പുസ്തകം തുറക്കും.. വെളിപാട് പോലെ കൺമുൻപിൽ വരുന്നത് വായിക്കും.. പുസ്തകം അടയ്ക്കും. ഈ പ്രക്രിയ പലവട്ടം ആവർത്തിക്കും. ഒന്നും വെറുതെ ആയിരിക്കില്ല കേട്ടോ. അപ്പോൾ കിട്ടുന്ന വെളിപാടുകളിൽ ഭൂരിഭാഗവും പരീക്ഷയ്ക്ക് വരാറുണ്ടായിരുന്നു… the power of intuition!
അങ്ങനെ പരീക്ഷയ്ക്കുള്ള ബെല്ലടിച്ചു. എല്ലാവരും വെപ്രാളത്തോടെ പുസ്തകമൊക്കെ അടച്ച് ഹാൾ ടിക്കറ്റും വരകുറി സാമഗ്രികളും ലോഗരിതം ടേബിളുമായി അകത്തു കയറി. എന്റെ പ്രിയ കൂട്ടുകാരിയും ഞാനും ഒരുമിച്ചാണ് പുസ്തകങ്ങൾ ഒക്കെ വയ്ക്കാറ്. അങ്ങനെ കിട്ടിയ ലോഗരിതം ടേബിളും എടുത്ത് ഞാനും പരീക്ഷയ്ക്ക് കയറി. ഔദ്യോഗിക ചട്ടവട്ടങ്ങൾക്കൊടുവിൽ ചോദ്യപേപ്പർ കിട്ടി. അറുപതിലാണ് പരീക്ഷ. ഓപ്ഷൻ ക്വസ്റ്റ്യൻസ് ഒക്കെയായി സംഭവം തരക്കേടില്ല. ഒരു വിധം സ്കോറാം. അജണ്ടയിൽ ഉള്ള ഫസ്റ്റ് ക്ലാസ് ഒക്കെ ഈസി.. ആനന്ദപുളകിതയായി ഞാൻ എഴുതാൻ തുടങ്ങി. ഒരു പത്ത് പതിനാറു മാർക്കിനുള്ളത് എഴുതിക്കഴിഞ്ഞപ്പോഴാണ് നമ്മുടെ എക്സാമിനർ ഞാൻ ഇരിക്കുന്ന ബെഞ്ചരികിലെ ജനൽ പടിയിൽ വന്നിരിക്കുന്നത്.. ഓ! ഓക്കേ.. ഞാൻ ഒന്ന് ചിരിച്ചു. വീണ്ടും എന്റെ ‘പൊന്നെഴുത്ത്’ തുടർന്നു. നോക്കിയിരിക്കാൻ സമയമില്ല.. പുള്ളി എന്തേലും ചെയ്യട്ടെ..
ഒരു രണ്ടു മിനിട്ട് കഴിഞ്ഞ് കാണും: ഒരു തോണ്ടൽ.. നോക്കുമ്പോൾ നമ്മുടെ പരീക്ഷകനാണ്! ഞാൻ നോക്കി.. പുള്ളി ലോഗരിതം തുറന്ന് എന്നെ എന്തോ കാണിക്കുന്നു. ഉത്തരം വല്ലതുമായിരിക്കും.. പുള്ളിക്ക് നമ്മളെ ശരിക്കറിയത്തില്ലല്ലോ. ചീള് കേസ്! (ലോഗരിതം ടേബിൾ കൊണ്ട് അങ്ങനെയൊരു ഗുണമുണ്ട് . ചില ഉത്തരങ്ങൾ ഒക്കെ നമുക്ക് അതിൽ നിന്ന് കിട്ടും ). ഞാൻ അദ്ദേഹത്തിന് മധുരമായ ഒരു ചിരി സമ്മാനിച്ചു. . എന്റെ എഴുത്തിലേക്ക് വീണ്ടും മടങ്ങി. നിമിഷങ്ങൾ പറന്നുനീങ്ങി..
അതേ…. വീണ്ടും തോണ്ടൽ!! പാർട്ടി വിടുന്ന ലക്ഷണമില്ല.
‘എന്നാ സാറേ ‘എന്ന അസഹ്യത മറച്ചു പിടിക്കാതെ ഞാനൊരു നോട്ടം എയ്തു.എന്റെ പൊന്നു സൂർത്തുക്കളേ, ഒന്നും പറയണ്ട .. എന്റെ ഫ്യൂസ് ഊരുന്ന തോണ്ടൽ ആയിരുന്നു അത്. അടുത്ത രണ്ടു മണിക്കൂറോളം എന്നെ ഇരുട്ടിലാഴ്ത്തിയ ഒരു തോണ്ടൽ!!
ആദ്യത്തെ തോണ്ടലിൽ എന്നിലെ പടു പൊട്ടിയെ അളന്ന സാർ അടുത്ത തോണ്ടലിൽ കൂടുതൽ ജാഗ്രത പുലർത്തി. ലോഗരിതം ടേബിളിന്റെ പേജുകൾ മറിക്കുമ്പോൾ സാറിന്റെ കൈകൾ ഓടിയത് അതിൽ എഴുതി വച്ചിരുന്ന നോട്ടുകളിലൂടെ ആയിരുന്നു… ഫോർമുലകളിലൂടെ ആയിരുന്നു….
……..
…………..
ആകെ തളർന്ന്, തണുത്തു പോയി ഞാൻ…. രക്തം വാർന്ന് ഇരുണ്ടു പോയി.
എന്റെ മുഖത്തെ രക്തച്ഛവിയെല്ലാം എങ്ങോട്ടെന്നറിയാതെ ഓടിയൊളിച്ചു. തലച്ചോറിൽ ഫിസിക്സിന്റെ സെന്ററിൽ കംപ്ലീറ്റ് പവർകട്ട്. ഞാൻ വിയർത്തു ;അല്ല, വിളർത്തു! ഒരു താൽക്കാലിക അമ്ലേഷ്യ.. ച്യായ്, അംനേഷ്യ എന്നെ വന്നുമൂടി.
ആകെ തളർന്ന്, തണുത്തു പോയി ഞാൻ…. രക്തം വാർന്ന് ഇരുണ്ടു പോയി
തലതിരിച്ച് ഞാനെന്റെ സ്നേഹിതയെ നോക്കി.. പാവം! ഹാളിന്റെ അങ്ങേമൂലയിലിരുന്ന് ഒന്നുമറിയാതെ അവൾ പരീക്ഷ എഴുതുകയാണ്.. പണ്ടെന്നോ നിർദോഷമായി അവൾ കോറിയിട്ട നോട്ടുകൾ ഊതിക്കെടുത്തിയ എന്റെ പ്രജ്ഞയെപ്പറ്റി ഒന്നും അറിയാതെ അവൾ എഴുതിക്കൊണ്ടിരുന്നു …
എന്നിലെ മാറ്റം കണ്ട് എക്സാമിനർ അമ്പരന്നു. അദ്ദേഹവും വിളർത്തുപോയി. ‘സാരമില്ലെടോ’ എന്നു പറഞ്ഞ് പുറത്തു തട്ടി ആശ്വസിപ്പിച്ചു. ഫലം നാസ്തി. കെട്ടുപോയ ബൾബ് എന്ത് ചെയ്താൽ കത്തുന്നില്ല. ഒടുവിൽ പരീക്ഷ തീരാൻ ഏകദേശം 20 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ പോയ കറന്റ് പതിയെ തിരിച്ചുവരാൻ തുടങ്ങി. വിലപ്പെട്ട ആ അവസാന നിമിഷങ്ങൾ കൊണ്ട് ഞാൻ എന്തൊക്കെയോ തല്ലിക്കൂട്ടി.
മനസ്സിന്റെ നേരിന് പ്രതിഫലം ഇല്ലാതെ പോവില്ലല്ലോ. ഫിസിക്സ് പ്രാക്ടിക്കലിന് ഈശ്വരൻ എനിക്ക് മുഴുവൻ മാർക്കും വീഴാൻ അവസരം ഒരുക്കി. തിയറിയുടെ 26 മാർക്ക് അങ്ങനെ ഒത്തിരി വല്യ സംഭവമാകാതെ ഞാൻ രക്ഷപ്പെട്ടു. ആഗ്രഹങ്ങൾക്ക് അത്യാഗ്രഹത്തിന്റെ പരിവേഷം കൊടുക്കാറില്ലാത്തതിനാൽ ( മാർക്ക് കുറഞ്ഞെങ്കിലും)ഒരു ഫസ്റ്റ് ക്ലാസും തന്ന് ദൈവം എന്നെ മുറിവേൽക്കാതെ കാത്തു.
ആ എക്സാമിനറും എന്റെ സ്നേഹിതയുടെ ലോഗരിതം ടേബിളും, പിന്നെയാ കറണ്ട് കട്ടും, ഒപ്പം പരീക്ഷപ്പേടിയില്ലെങ്കിലും പരീക്ഷ കുളമാകാം എന്ന തിരിച്ചറിവും എന്റെ ഉള്ളിൽ ഇന്നും കത്തി നിൽക്കുന്നു…. ചുണ്ടിൽ ഒരു ചിരി പടർത്തുന്നു !!!
#പരീക്ഷപ്പേടി
#എന്റെരചന


16 Comments
ശരിക്കും പേടിച്ചുപോയി.. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങിയില്ലല്ലോ.. congrats😄👍
അങ്ങനെയൊക്കെ അങ്ങ് പേടിച്ചാലോ? 🤣🤣
അല്ല പിന്നെ.. നമ്മൾ അത്ര പെട്ടന്നൊന്നും കുലുങ്ങില്ല 👍
നമ്മളാരാ ആള് 🤣
വല്ലാത്തൊരു പവർകട്ട്.. . എൻ്റമ്മോ🙆
🤣🤣🤣
നമുക്ക് പിന്നെ പരീക്ഷ പ്പേടിയില്ലായിരുന്നു! ജീവിതമെന്ന പരീക്ഷയിൽ വലിയ കൊക്കയുടെ അരികത്തു കൂടി നടന്ന കാലത്തായിരുന്നു എല്ലാ എഴുത്തുപരീക്ഷകളും! നന്നായിരിക്കുന്നു. ശെൽവീ
സെൽവിക്കും അരക്കിലോമീറ്റർ ചുറ്റളവിൽ കൊക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ 🤣. വായനയ്ക്കും അഭിപ്രായത്തിനും🫂🫂
👍😂
🤣🤣🤣
ആ തോണ്ടൽ… വല്ലാത്തൊരു അനുഭവം… നന്നായി എഴുതി 💕
അതൊരു ഒന്നൊന്നര അനുഭവമായിരുന്നല്ലോ. ❤️🤣❤️
കടന്നുപോയ ഇരുട്ടിന്റെ മണിക്കൂർ ഇത്ര സരസമായി വിവരിച്ച എഴുത്ത്.
Super ആയിട്ടുണ്ട്.
👏👌👍😍❤
Thank you for being such ആ wonderful reader dear. Wish ഇ was like you… എൻകോഉരാജിങ് everyone ❤️❤️
ടീച്ചറിലും ഒളിച്ചിരിക്കുന്ന ഒരു കുട്ടിയുണ്ട് ല്ലേ? വായനയ്ക്കുനന്ദി dear ❤️
അല്ലെങ്കിലും കുട്ടികൾക്ക് പരീക്ഷ അല്ല പേടി പേപ്പർ കിട്ടുമ്പോൾ മറ്റുള്ളവരെ ഫേസ് ചെയ്യാൻ ആണ് പേടി. എന്ന് പരീക്ഷയുടെ അന്ന് ബാത്‌റൂമിൽ 10 പ്രാവശ്യം പോകുന്ന ധൈര്യശാലി 🏃♀️🏃♀️