അവനെ അന്വേഷിച്ചാണ് അവർ മൂന്ന് പേരും അവൻ്റെ വിലാസവും കണ്ട് പിടിച്ച് ആ വീടിന്റെ മുറ്റത്ത് എത്തിയത്. മുമ്പ് മനോഹരമായിരുന്നു മുറ്റമെന്നതിന് തെളിവായി ഇഷ്ടികൾ കൊണ്ട് അതിര് തീർത്ത കളങ്ങളിൽ അങ്ങിങ്ങായി തലയുർത്തി, ഗതകാലസ്മൃതികളുടെ വശ്യതയിൽ മങ്ങിയ പൂക്കളുമായി കുറ്റിച്ചെത്തികൾ നിരത്തെറ്റി നിൽക്കുന്നു. ആധുനികതയുടെ ഭ്രമങ്ങളിൽ നിന്നും മാറി നിൽക്കുന്ന സന്യാസിയെ പോലെ ഒരു വീട്, നിറങ്ങൾ മങ്ങി വിഷാദരോഗിയെ പോലെ അവരുടെ മുമ്പിൽ.
ഇനിയെന്ത് എന്ന മട്ടിൽ പരസ്പരം കണ്ണെറിഞ്ഞ് നിൽക്കുമ്പോൾ കൂട്ടത്തിൽ നിന്നും ബാഹു എന്ന വിളിപ്പേരുള്ള ബാഹുലേയൻ പറഞ്ഞു. “ടോമി, നീയാ കോളിംങ് ബെൽ അമർത്ത്.”
ബാഹുലേയൻ പണ്ടെ ഇങ്ങനെയാ. ലീഡർഷിപ്പ് അവൻ്റെ വീക്കിനസാ. കോളേജിലും അവൻ്റെതായിരുന്നു ക്ലാസിലെ അവസാന വാക്ക്. ഒരു കാര്യത്തിന് വ്യക്തമായ തീരുമാനം വേണമെങ്കിൽ ബാഹുലേയൻ പറയണമായിരുന്നു. ഈ ബാഹുവിൻ്റെ നിർബന്ധത്തിലാണ് ഞാനും പിന്നെ ബാബുകുട്ടൻ എന്ന ജോസഫും ശശിയെ തപ്പി ഇറങ്ങിയത്.
ശശി എന്ന ശശിന്ദ്രൻ നായർ. ഞങ്ങളുടെ ക്ലാസ്സിലെ ഏറ്റവും മാന്യൻ, പഠനത്തിൽ ഏറ്റവും മിടുക്കൻ. ഞങ്ങൾ നാല് പേരുമായിരുന്നു കൂട്ട്.
കോളേജ് കഴിഞ്ഞിട്ട് ഏതാണ്ട് മുപ്പത് വർഷങ്ങൾ കഴിഞ്ഞു. പഠനം പൂർത്തികരിച്ച് പലരും പല വഴിക്ക്. ചിലർ ജോലിയിലേക്ക്. ശശി എം.എസ്സ്. സി കഴിഞ്ഞ് കോളേജിൽ ലക്ചററായി. ബാഹുലേയൻ ഒരു ബാങ്കിൽ അസ്സി.മനേജറായി. ജോസഫും ഞാനും ഗവൺമെൻ്റ് സർവ്വീസിൽ കയറി. ജോസഫ് ഫയർ ഫോഴ്സിലും ഞാൻ റവന്യു ഡിപ്പാർട്ട്മെൻ്റിലും.പിന്നീട് കുറച്ച് വർഷം പരസ്പരം എഴുത്തിലൂടെ സൗഹൃദം പുതുക്കി കൊണ്ടിരുന്നു. അതും ബാഹുവിൻ്റെ നിർബന്ധമായിരുന്നു. മാസത്തിൽ ഒരെഴുത്ത്. ബാഹുലേയൻ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ ജോലിയുടെ ഭാഗമായി കറങ്ങി.നാട്ടിൽ അവധിക്ക് വന്നാൽ അവൻ എല്ലാവരെയും കാണാൻ വണ്ടി കയറി എത്തുമായിരുന്നു. അവനാണ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമത്തിൻ്റെ ചുക്കാൻ പിടിച്ചതും എല്ലാവരെയും കൂട്ടി ചേർത്തതും. ഇതിനിടയിൽ എല്ലാവരും വിവാഹിതരായി. പിന്നീട് ജോലിയുടെയും കുടുംബത്തിൻ്റെയും തിരക്കുകൾക്കിടയിൽ ബന്ധങ്ങൾക്ക് അകലം വർദ്ധിച്ചു കൊണ്ടേയിരുന്നു.
ശശിയുടെ വിവാഹം കുറച്ച് സാഹസികത നിറഞ്ഞതായിരുന്നു. ഒരു സിനിമ പോലെ. പെണ്ണിൻ്റെ പേര് ശാരി സൈമൺ – ഒരു കൃസ്ത്യനി പെണ്ണ്. പാവം നാട്ടിൻ പുറത്ത് കാരി. രണ്ട് വീട്ടുകാരും വിസമ്മതമറിയിച്ച് കലാപ കൊടി കാട്ടിയിട്ടും കൂട്ടുകാരുടെ സാനിധ്യത്തിൽ വിവാഹം. അതോടെ രണ്ട് വീട്ടിൽ നിന്നും പുറത്താക്കി. പിന്നീട് ശശിയും ശാരിയും മാത്രമുള്ള ജീവിതം. ഇതിനിടയിൽ ശശി സ്ഥലംമാറ്റം വാങ്ങി കാസർകോട്ടെയ്ക്ക് പോയി. അതോടെ ആ ബന്ധവും മുറിഞ്ഞു. അല്ലെങ്കിൽ അവൻ മന:പൂർവ്വം അകലം പാലിച്ചു. അതിന് ശേഷം അധികമൊന്നും അവനെക്കുറിച്ച് ഞങ്ങൾക്ക് അറിവുണ്ടായിരുന്നില്ല അല്ലെങ്കിൽ തിരക്കുകൾക്കിടയിൽ മറവിയിലേക്ക് തള്ളി വിടപ്പെട്ടു.
കഴിഞ്ഞ പൂർവ്വ വിദ്യാർത്ഥി സംഗമത്തിനിടയിലാണ് ബാഹുലേയൻ, ശശിയെ കണ്ടെത്തുന്ന കാര്യം പറഞ്ഞത്. മറുത്തൊന്നും പറയാൻ തോന്നിയില്ല. അവനെ കാണണമെന്ന് എല്ലാവരുടെയും ഉള്ളിലുമുണ്ടായിരുന്നു. പിന്നീട് മാസങ്ങൾ നീണ്ട അന്വേഷണം, ഫോൺ വിളികൾ. അങ്ങെനെ അവസാനം വന്ന് നിൽക്കുന്നത് ഈ നരച്ച വാതിലിന് മുമ്പിൽ.
എന്താടാ മിഴിച്ച് നിൽകുന്നത്? ബാഹുവാണ്. ആ ബെൽ അടിക്ക്.
പെട്ടെന്ന് ചിന്തയിൽ നിന്നുണർന്ന ഞാൻ വാതിലിൻ്റെ അടുത്തേയ്ക്ക് ചുവട് വച്ച് പായൽ പിടിച്ച ഭിത്തിയിലെ കോളിങ് ബെല്ലിൻ്റെ സ്വിച്ചിൽ വിരലമർത്തി. അകത്ത് നിശബ്‌ദതയെ തകർത്ത് കൊണ്ട് കിളി കരഞ്ഞു. ഒരു വട്ടം കൂടി അമർത്തി. അകത്തു നിന്നും കേട്ട കാൽപെരുമാറ്റം ഞങ്ങളുടെ ആകാംക്ഷ കൂട്ടി. ഇനി ശശിയാണ് തുറക്കുന്നതെങ്കിൽ ഞങ്ങളെ തിരിച്ചറിയുമോ? അതൊ മറ്റ് ആരെങ്കിലുമായിരിക്കുമോ? അതോ ശാരിയായിരിക്കുമോ? അവനെ കാണാൻ എങ്ങനെയിരിക്കും? ചോദ്യങ്ങളുടെ ശരമഴ മനസ്സിൽ പെയ്തു.
അകത്ത് നിന്നും വാതിലിൻ്റെ കുറ്റി തുറക്കുന്ന ശബ്ദം. വാതിൽ പകുതി തുറക്കപ്പെട്ടു. പ്രതീക്ഷിച്ച നര കയറിയ മധ്യവയസ്കൻ്റെ രൂപത്തിന് പകരം ഒരു ചെറുപ്പകാരൻ്റെ മുഖം പ്രത്യക്ഷപ്പെട്ടു.
ആരാണ്? എന്താണ് വന്നത്? സംശയ രൂപത്തിൽ ഞങ്ങളെ മാറി മാറി നോക്കി അയാൾ ചോദിച്ചു.
ഉത്തരമില്ലാതെ നിൽക്കുന്ന ഞങ്ങൾക്കിടയിൽ നിന്നും ബാഹു മുമ്പിലോട്ട് കയറി നിന്നിട്ട് ചോദിച്ചു.
“ഇത് ശശിയുടെ വീടല്ലേ? ശശീന്ദ്രൻ നായർ. സെൻ്റ് ആൽബർട്ട് കോളേജിൽ ബി.എസ്സ്സിയ്ക്ക് പഠിച്ച..?
ചെറുപ്പക്കാരാൻ ഞങ്ങളെ ആശ്ചര്യത്തോടെ നോക്കിയിട്ട് പറഞ്ഞു.
“അതേ, അതെൻ്റെ അച്ഛനാണ്.”
ഈ ഉത്തരം ഞങ്ങളെ ആനന്ദിപ്പിച്ചു. ഇതാ ഞങ്ങളുടെ ശശിയുടെ സന്തതി ഞങ്ങളുടെ മുമ്പിൽ. ഈ മൂന്നാല് മാസങ്ങളായുള്ള അന്വേക്ഷണത്തിന് പര്യവസാനം. എൻ്റെ കണ്ണുകൾ ശശിയെ തിരയുന്നത് കണ്ടിട്ടാവണം അകത്തേയ്ക്ക് കയറി ഇരിക്കാൻ പറഞ്ഞു. അവൻ്റെ മുഖത്ത് പരിഭ്രമമോ അധിക സന്തോഷമോ ഉണ്ടായില്ല. കസേരയിൽ ഉപവിഷ്ടരായ ശേഷം ബാഹുവാണ് വീണ്ടും സംസാരം തുടങ്ങിയത്.
“മോനേ, അച്ഛൻ? അച്ഛൻ ഇവിടില്ലേ?”
“അച്ഛനെ കാണാനാണ് ഞങ്ങളെല്ലാവരും ഇന്നിവിടെ വരെ വന്നത്. കുറച്ച് മാസത്തെ അധ്വാനത്തിന് ശേഷമാണ് ഈ അഡ്രസ് കിട്ടിയത്. അച്ഛനെ വിളിക്കാമോ? പിന്നെ അമ്മയെന്തിയെ? അവരുടെ കല്യാണത്തിൻ്റെ സമയത്താണ് അവസാനമായി രണ്ടിനെയും കണ്ടത്. അതിരിക്കട്ടെ മോൻ്റെ പേരെന്താണ്? എന്ത് ചെയ്യുന്നു?”
മുഖത്ത് പ്രത്യക്ഷപ്പെട്ട വിഷമം മറയ്ക്കാൻ പ്രയാസപ്പെടുന്നത് പോലെ എനിക്ക് തോന്നി.
അവൻ ബാഹുലേയനെ നോക്കി ചോദിച്ചു. “അങ്കിളിന്റെ പേര്?”
ബഹുലേയൻ ഉത്തരം പറഞ്ഞു. അപ്പോൾ ബാബു അങ്കിളും ടോമി അങ്കിളും? ബാഹു ഞങ്ങളെ ചൂണ്ടിക്കാട്ടി.
“ഞാൻ ടോമി. ഇത് ബാബു” ഞാൻ പറഞ്ഞു. “ഞങ്ങളുടെ പേരൊക്കെ എങ്ങനെ അറിയാം?”
ബാഹു ആശ്ചര്യത്തോടെ ചോദിച്ചു.
“ഒരുപാട് പറഞ്ഞ് ഈ പേരുകൾ എനിക്ക് കാണാപ്പാഠമാണ്. എൻ്റെ പേര് അശ്വിൻ ഞാനിപ്പോൾ പി. ജി ചെയ്യുന്നു. ഡിസ്റ്റൻഡ് ആയിട്ടാണ്. വീട്ടിൽ നിന്നും മാറി നിൽക്കാൻ ഇപ്പോഴത്തെ അവസ്ഥയിൽ പറ്റത്തില്ലല്ലോ?”
ആ ഉത്തരം കേട്ടതും എല്ലാവരും പരസ്പരം നോക്കി.
ഞാൻ അറിയാതെ ചോദിച്ചു. “അതെന്താ? വീട്ടിൽ നിന്നും മാറാൻ പറ്റാത്തത്രയും പ്രശ്നം?”
അശ്വിൻ ഒരു നിമിഷം മൗനത്തിലായി. എന്നിട്ട് തുടർന്നു.
“ഞാനോർത്തു നിങ്ങൾ എല്ലാം അറിഞ്ഞിട്ടായിരിക്കും വന്നതെന്ന്.”
ദീർഘ നിശ്വാസത്തിന് ശേഷം അശ്വിൻ തുടർന്നു
“അച്ഛൻ ആ റൂമിലുണ്ട്. പക്ഷെ നിങ്ങളെ കാണ്ടാൽ തിരിച്ചറിയുമോയെന്നൊ വർത്തമാനം പറയുമോയെന്നോ എനിക്കറിയില്ല.”
അശ്വിൻ വിരൽ ചൂണ്ടിയ ദിശയിലേക്ക് ഞങ്ങളുടെ ആറ് കണ്ണുകൾ പാഞ്ഞു. ചാരിയിട്ടിരിക്കുന്ന വാതിൽ കാരണം അകത്തേയ്ക്ക് ദൃഷ്ടിയെത്തിയില്ല.
അശ്വിൻ തുടർന്നു.” അമ്മ മരിച്ചതിൽ പിന്നെ അച്ഛൻ ആകെ തളർന്ന മട്ടിലായിരുന്നു.”
ആ വാക്കുകൾ ഒരു മിന്നൽ പോലെ ഉള്ളിലേക്കിറങ്ങി. എൻ്റെ കണ്ണിൽ ഇരുട്ട് കയറിയതുപോലെ. ഞാൻ നോക്കുമ്പോൾ ബാഹു നിശ്ചലനായി ഇരിക്കുന്നു. ബാബു കുട്ടൻ പുറകോട്ട് ചാരിയിരുന്നു. ശാരി മരിച്ച് പോയെന്ന് വിശ്വസിക്കാൻ കഴിയാതെ ഞങ്ങൾ മൂവരുമിരുന്നു. അപ്പോഴാണ് ഭിത്തിയിൽ വച്ചിരിക്കുന്ന ശാരിയുടെ ഫോട്ടൊ ഞാൻ ശ്രദ്ധിക്കുന്നത്.
അശ്വിൻ തുടർന്നു.
“കാസറകോട്ടിൽ ജോലി ചെയ്യുന്ന സമയത്താണ് ഞാൻ ജനിച്ചത്. എനിക്ക് കുഞ്ഞുനാളിൽ കുറച്ച് അസുഖങ്ങളൊക്കെ ആയിരുന്നു. അതുകൊണ്ട് എറണാകുളത്തേക്ക് അച്ഛൻ ട്രാൻസ്ഫർ വാങ്ങി. പിന്നീട് തൃശൂർ. അവിടെ വച്ചാണ് അമ്മയ്ക്ക് പെട്ടെന്ന് ഒരു ദിവസം തലക്കറക്കമുണ്ടായി വീണത്. ഞാൻ കോളേജിൽ നിന്നും വരുമ്പോൾ അമ്മ വീണ് കിടക്കുകയായിരുന്നു. ഞാൻ അയൽവക്കത്തു നിന്നുമുള്ള ഒരു ചേച്ചിയെയും കൂട്ടി ആശുപത്രിയിൽ കൊണ്ട് ചെന്നു. പിന്നീട് അമ്മ എണിറ്റിട്ടില്ല. ഒരേ കിടപ്പ്. ഡോക്ടർമാർക്ക് എന്താണ് പറ്റിയതെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. ചിക്ത്സിച്ചത് കൊണ്ട് മാറ്റമൊന്നും ഉണ്ടാവില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. അച്ഛന് അമ്മയെ ഒറ്റയ്ക്കാക്കാൻ മനസ്സുണ്ടായിരുന്നില്ല. ജോലിക്ക് ആരെയും നിർത്തുവാൻ താൽപര്യവുമില്ലായിരുന്നു. അതുകൊണ്ട് അച്ഛൻ കോളെജിൽ നിന്നും വി.ആർ എസ് എടുത്തു. പ്രിൻസിപ്പാളാകാൻ വെറും രണ്ട് മാസം കൂടി മാത്രമേ ഉണ്ടായിരുന്നുള്ളു. ഞാൻ അതേപ്പറ്റി ചോദിച്ചിട്ടുണ്ട്. അച്ഛനെ മാത്രം വിശ്വസിച്ച് കൂടെ വന്നതാണ് അതുകൊണ്ട് തനിച്ചാക്കാൻ കഴിയില്ലായെന്നായിരുന്നു ഉത്തരം. ജോലിയേക്കാൾ പ്രധാനം അമ്മായാണെന്ന്.”
അവൻ്റെ തൊണ്ടയിടാറാൻ തുടങ്ങി. കണ്ണുകളിൽ വേദനയുടെ ഉറവപ്പൊട്ടി. ഞാൻ അവൻ്റെ അടുത്തേക്ക് നീങ്ങിയിരുന്നു. അവൻ്റെ തോളിലൂടെ കൈയ്യിട്ട് ചേർത്തുപിടിച്ചു.
കണ്ണുനീർ തുടച്ചിട്ട് അവൻ തുടർന്നു. “പിന്നീട് അച്ഛൻ്റെ ലോകം ആ മുറിയിൽ മാത്രമായൊതുങ്ങി. അമ്മയോട് വർത്തമാനം പറഞ്ഞ്, പഴയ കാര്യങ്ങൾ പറഞ്ഞ് അവിടെ അവരുടെ ലോകം സൃഷ്ടിച്ചു.
ഇതിനിടയിൽ അച്ഛൻ ഒരു കാര്യം മാത്രമേ എന്നോട് ആവശ്യപ്പെട്ടിട്ടുള്ളു. എന്തുവന്നാലും പഠിത്തം മുടക്കരുതെന്ന്. ഫൈനൽ ഇയർ പരീക്ഷ കഴിഞ്ഞാണ് അമ്മ മരിക്കുന്നത്. പിന്നീട്ട് ആ മുറിയിൽ നിന്ന് അധികമൊന്നും പുറത്തേക്ക് അച്ഛൻ വരാതെയായി. പിന്നെയാണ് മനസ്സിലായത് പതുക്കെ പതുക്കെ അച്ഛൻ്റെ ഓർമ്മകളും മാഞ്ഞു തുടങ്ങിയിരുന്നുവെന്ന്.
ഇനി നിങ്ങളെ കണ്ടാലും തിരിച്ചറിയുമോയെന്ന് അറിയില്ല.” അശ്വിൻ നിശബ്ദനായി.
ഒരു തരം മരവിപ്പ് ശരീരമാകെ പടർന്നു. ഊർജ്ജം മുഴുവൻ ചോർന്ന് പോയതു പോലെ. പെട്ടെന്ന് അതുവരെ ഒന്നും മിണ്ടാതെയിരുന്ന ബാബു കുട്ടൻ അശ്വിനോടായി ചോദിച്ചു. മോനേ, ഞങ്ങൾ അവനെ ഒന്ന് കണ്ടോട്ടെ?
അശ്വിൻ തലയാട്ടി കൊണ്ട് അനുവാദം നൽകി. മുറി കാണിക്കാൻ അശ്വിനും എഴുന്നേറ്റു. അപ്പോൾ ബാബു കുട്ടൻ അവനെ സ്നേഹപൂർവ്വം അവിടെ ഇരിക്കാൻ പറഞ്ഞ ശേഷം മുന്നോട്ട് മുറിയെ ലക്ഷ്യമാക്കി നടന്നു. ഞാൻ ബാഹുവിനെ നോക്കി അവൻ ഒരു തരത്തിൽ മരവിച്ചിരിപ്പാണ്. ഞാൻ എണീറ്റ് ബാബു കുട്ടൻ്റെ പുറകെ ചെന്നു. അകത്ത് നിന്ന് മൂളി പാട്ട് കേൾക്കാം. ഞാൻ കാതോർത്തു.
“അനുരാഗിണി ഇതായെൻ “
അതെ അവൻ്റെ ഫേവറിറ്റ് പാട്ട്. ഏകാഗ്രമായി എന്തെങ്കിലും കാര്യം ചെയ്യുമ്പോൾ അവൻ ഇങ്ങനെയാണ് അറിയാതെ മൂളിപാട്ട് പാടും.
ബാബു കുട്ടൻ മുറിയുടെ വാതിൽക്കൽ എത്തി ചാരിയിട്ടിരുന്ന വാതിൽ പതിയെ തുറന്നു. മുറിയിൽ അധികം വെളിച്ചമില്ല എങ്കിലും ജനൽ കർട്ടനിടയിലൂടെ കടന്ന് വരുന്ന മങ്ങിയ വെളിച്ചത്തിൽ ഒരു രൂപം. ബാബു കുട്ടൻ എന്നെ തിരിഞ്ഞ് നോക്കി. അപ്പോഴെക്കും ബാഹുവും എത്തി. മുൻപിൽ ഇരുളടഞ്ഞ വർത്തമാന കാലത്തിന് നേരെ മറവിയുടെ മുടുപടം പുതച്ച മനുഷ്യൻ. മറവി ചിലപ്പോഴക്കെ അനുഗ്രഹമാണ്. മനസ്സിൻ്റ വേദനകളെ മാറ്റി നിർത്തുമ്പോൾ, ചിലപ്പോൾ അത് ശാപവും. ബാബുക്കുട്ടൻ മുന്നോട്ട് കയറാൻ തയ്യാറെടുത്തു. എത്രയോ ജീവനുകളെ മരണക്കയത്തിൻ്റെ ഇരുളിൽ നിന്നും പുറത്തെടുത്ത ചങ്കൂറ്റമുള്ള ആളാണ്. ഞങ്ങളെ ഒന്നും കൂടി നോക്കിയിട്ട് വാതിക്കലിൽ നിന്നും നീട്ടി വിളിച്ചു
“അളിയ ശശികുട്ടാ… എടാ പഞ്ചാര കുട്ടാ… ഞങ്ങള് എത്തി.”
നിനച്ചിരിക്കാത്ത നേരത്തെ വിളി കേട്ടതും അവൻ്റെ പാട്ട് മുറിഞ്ഞു. വളർന്നു നരച്ച താടി രോമങ്ങൾ മറച്ച ചുണ്ടിൽ പുഞ്ചിരി മിന്നി മറഞ്ഞത് അരണ്ട വെളിച്ചത്തിലാണെങ്കിലും ഞങ്ങൾ കണ്ടു. ഒപ്പം അവൻ്റെ കണ്ണുകൾ സജലങ്ങളാകുന്നതും. അവൻ ഞങ്ങളെ പ്രതീക്ഷിച്ചിരുന്നോ? അതോ സ്മൃതിയുടെ കനൽ തരി കെടാതെ സൂക്ഷിക്കപ്പെട്ടിട്ടുണ്ടോ?
അടുത്ത നിമിഷം വീണ്ടെടുത്ത ആവേശത്തിൽ മൂന്ന് പേരും ഒന്നിച്ച് വിളിച്ച് പറഞ്ഞു.
“ഹരേ ശശി കുട്ടാ.. പഞ്ചാരമുത്തേ.. ഞങ്ങളെത്തിയെടാ.”
മരുന്നിൻ്റെയും പഴമയുടെയും രൂക്ഷ ഗന്ധമുള്ള ആ മുറിയിലേക്ക് അവർ ഒന്നിച്ച് കയറി. മുറിഞ്ഞു പോയ സൗഹൃദത്തെ മറവിയുടെ കയത്തിൽ നിന്നും തിരികെ കയറ്റാൻ. എവിടെയോ നഷ്ടപ്പെട്ട സൗഹൃദത്തിൻ്റെ കുസൃതികളെ വിണ്ടെടുക്കാൻ.
#എൻ്റെരചന #മറവി


14 Comments
Supp
നല്ല രചന..
ബ്യൂട്ടിഫുൾ 😍😍
വളരെ നല്ല എഴുത്ത്. വായിച്ചപ്പോൾ നൊന്തു പോയി. എഴുത്തിന്റെ ആദ്യ പകുതിയെ കുറേ അക്ഷരത്തെറ്റുകൾ കണ്ടു. അത് തിരുത്താൻ ശ്രമിക്കണം കേട്ടോ. നല്ല എഴുത്തല്ലേ. 👌👌
വായിച്ചവർക്കും അഭിപ്രായങ്ങൾ പങ്കുവച്ചവർക്കും ഹൃദയം നിറഞ്ഞ നന്ദി. എഴുത്തിൽ കൂടുതൽ വളരാൻ സഹായിക്കുന്ന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തുടർന്നും നൽകുമല്ലോ
ഹൃദയസ്പർശിയായ രചന👍🌹
മനസ്സിൽ തട്ടി എഴുതി👍
മനോഹരം
മറവിയ്ക്ക് മായ്ക്കാൻ കഴിയാത്ത സൗഹൃദം. നല്ലെഴുത്ത് 👍
നന്നായി എഴുതി 👌👌
വളരെ വളരെ നന്നായിട്ടുണ്ട്.
നല്ല കഥ👌🌷
നല്ല രചന.👌
സൗഹൃദം മരുന്നായി പ്രിയ കൂട്ടുകാരനെ തേടിയെത്താൻ വായനക്കാരും ആഗ്രഹിക്കുന്ന തരത്തിൽ മനോഹരമായി എഴുതി.
👏
Super