അന്നൊരു ഞായറാഴ്ച ആയിരുന്നു. സ്കൂൾ ഇല്ലാത്തതു കാരണം നേരത്തെ എണീറ്റു. സ്കൂൾ ഉണ്ടെങ്കിൽ എണീക്കാറേ ഇല്ല. ഉമ്മ സുബ്ഹിക്ക് തന്നെ വിളിക്കാൻ തുടങ്ങും.
ഞാൻ ആരാ മോൻ.. കണ്ണടച്ച് ഒരൊറ്റ കിടപ്പാണ്. ആ കിടപ്പിൽ തന്നെ എന്റെ കുളി കഴിയും. ആ കാര്യത്തിൽ ഉമ്മ ഭയങ്കര സ്ട്രിക്ട് ആണ്. കൃത്യം എട്ടരക്ക് ഒരു ബക്കറ്റ് വെള്ളം തലയിലേക്ക്. ഉമ്മാക്ക് രണ്ടാണ് ഗുണം. പായയും കഴുകാം എന്നെയും കുളിപ്പിക്കാം. ഇനി മീൻ വെള്ളമാണ് ഒഴിക്കുക എന്ന ഭീഷണി വരെ ഉണ്ട്. പക്ഷെ ആ കാര്യത്തിലുള്ള ഒരു സമാധാനം മീൻകാരൻ കുഞ്ഞാമ്മദ് വരുമ്പോൾ പതിനൊന്നര കഴിയും എന്നതാണ്..
കളി ഉള്ളതാണ്, ഇന്നെങ്കിലും ബാറ്റിംഗ് കിട്ടിയാൽ മതിയായിരുന്നു. വരണ്ടുണങ്ങിയ പാടം. ആരോ കൃത്യമായി മുറിച്ചു വെച്ചത് പോലെയുള്ള വിള്ളലുകൾ. കളി തുടങ്ങി.
സ്വന്തം ടീം മെമ്പർ ഔട്ട് ആകാൻ വേണ്ടി പ്രാർത്ഥിക്കുന്ന ഒരേ ഒരു കളി ക്രിക്കറ്റ് ആയിരിക്കും. പ്രാർത്ഥനയുടെ ഫലമെന്നോണം ആദ്യത്തെ രണ്ടാൾ ഔട്ട് ആയപ്പോൾ ബാറ്റിംഗ് കിട്ടി.
എന്നാൽ ആദ്യബോളിൽ തന്നെ വിക്കറ്റ് കീപ്പർ വിനീഷ് പിടിച്ചു പുറത്താക്കുകയും ചെയ്തു. ടച്ച് ആയിട്ടില്ല എന്നൊക്കെ വാദിച്ചു നോക്കി. ബാറ്റിംഗ് ടീമിലെ ഒരുത്തനാണ് അമ്പയർ. ദുഷ്ടൻ ചൂണ്ടു വിരലും പൊക്കി പിടിച്ചു നിൽക്കുന്നു. അമ്പയറുടെ തീരുമാനം അന്തിമമായിരിക്കും.
ഹൈദർക്കടെ കടയിൽ നിന്നും ഒരു ഗ്ലാസ് ബത്തക്ക വെള്ളം കുടിച്ചു ആ ക്ഷീണം തീർത്തു.
റോഡ് വക്കത്തെ ടെലിഫോൺ പോസ്റ്റ് കൊണ്ട് ഉണ്ടാക്കിയ ഞങ്ങളുടെ സ്വന്തം ഇരിപ്പിടത്തിൽ കാലും നീട്ടി വെച്ച് സംസാരമാണ്. സുഹൃത്തുക്കൾക്ക് സംസാരിക്കാൻ വിഷയങ്ങൾക്ക് പഞ്ഞമില്ലല്ലോ. അങ്ങനെ ഒരു ഒഴിവ് ദിവസത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നു.
ഒരു ഓംനി വാൻ അരികിൽ വന്നു നിർത്തി. പടച്ചോനെ കഴിഞ്ഞ ആഴ്ച കബഡി കളിക്ക് കടിക്കാട് സ്കൂൾ ഗ്രൗണ്ടിൽ അലമ്പ് ഉണ്ടാക്കിയതിന്റെ കൊട്ടെഷൻ തന്നെ. ഓടണോ നിന്ന് തല്ല് കൊള്ളണോ എന്ന് തീരുമാനം എടുക്കുന്നതിനു മുൻപ്
ഹലോ…
ഡ്രൈവറുടെ സൗമ്യമായ സ്വരം. ആശ്വാസത്തിന്റെ കുളിർമയുടെ മനോഹരമായ ശബ്ദം.
സുന്ദരമായ മുഖം..
യേശുദാസോ.. യേശുദേവനോ..!
ആരെങ്കിലും ആകട്ടെ..
കാര്യം പറയൂ മഹാനുഭവ.
കുറച്ചു വീട്ടുസാധനങ്ങൾ ഉണ്ട് വണ്ടിയിൽ, അതൊന്ന് ഇറക്കണം. യൂണിയൻമാർ എവിടെ ഉണ്ടാകും എന്നാണ് ചോദ്യം. വല്യേട്ടൻ സിനിമ കാണാൻ ഈ ആഴ്ച കാറ്ററിംഗ് വർക്ക് കിട്ടാതെ വിഷമിച്ചിരിക്കുന്ന ഞങ്ങളുടെ അടുത്തോ ബാലാ..
മൂസക്ക.. മ്മളെ പഞ്ചായത്ത് പ്രസിഡണ്ടേ…
മൂപ്പർ ഉണ്ടാക്കി വിൽക്കുന്ന വീടുകളിലേക്കുള്ള ആദ്യ താമസക്കാർ ആണ്.
ഓംനിയുടെ തൊട്ടു പിറകിൽ വന്നിരുന്ന ഓട്ടോയിൽ നിന്നും ആദ്യം അവളിറങ്ങി. കാൽ പ്ലാസ്റ്ററിട്ട ഒരു പെൺകുട്ടി. അതിസുന്ദരി ഒന്നും അല്ലെങ്കിലും കുരുത്തകേടിന്റെ കുട്ടിത്തം കണ്ണിൽ ഒളിപ്പിച്ച ഒരു പെൺകുട്ടി… പിന്നാലെ അവളുടെ ഉപ്പയും ഉമ്മയും അനിയെനെന്നു തോന്നിപ്പിക്കുന്ന ഒരു കൊച്ചെറുക്കനും കൂട്ടത്തിലുണ്ട്
കാൽ പ്ലാസ്റ്ററിൽ ആണെങ്കിലും അവളുടെ നോട്ടത്തിൽ അഹങ്കാരത്തിന്റെ ഒരു ലാഞ്ചന.
ഹേയ് ഇല്ലടാ..
അല്ല. ണ്ട് ഇണ്ടെടാ ഇണ്ട്..
നമ്മളെ ആസ്സാക്കിയ പോലത്തെ ആ നോട്ടം കണ്ടില്ലേ
വിളിക്കെടാ ഒന്നരാന്ന് വിളിക്കെടാ
അവളെങ്ങനെ വരുമ്പോഴേക്കും ആളാകണ്ട..
സംഭവം ഇവന്മാരുടെ മുൻപിൽ ഞാൻ ചെറിയ കലിപ്പ് ഒക്കെ കാണിക്കുന്നെണ്ടെങ്കിലും ഒറ്റനോട്ടത്തിൽ തന്നെ എനിക്കവളെ ഇഷ്ടമായി..
മനസ്സിൽ താലോലിച്ചു നടക്കാൻ ഒരു മുഖം വേണമായിരുന്നു എനിക്ക്.
നാണൂന്റെ വിളക്കിന് കല്ലു മാല വാങ്ങിക്കാൻ ഒരു കാരണം വേണമായിരുന്നു എനിക്ക്..
എനിക്കും ഒരു പെൺ കുട്ടിയെ സ്നേഹിക്കണം.
കുറെ പെൺകുട്ടികളുടെ പുറകെ നടന്നതാണ്. ഒരു രക്ഷയുമില്ല. ബാക്കി എല്ലാരും സെറ്റ് ആണ്.
റഷീദിനെ ഷംന പ്രേമിക്കുന്നു.
റിയാസിന് മുഹ്സിന.
ഫെബിന് ജസ്മ.
എന്തിനേറെ പല്ലുന്തിയ കെബിക്ക് റസീന.
എന്നിട്ടും കാണാൻ ഒറ്റ നോട്ടത്തിൽ ആരും തെറ്റ് പറയാത്ത എന്നെ മാത്രം പ്രേമിക്കാൻ ഈ പെൺകുട്ടികൾക്ക് തോന്നാത്തത് എന്താണാവോ…
ഒടുവിൽ സാധനങ്ങൾ ഞങ്ങൾ ഇറക്കി കാശു വാങ്ങിച്ചു. ഇനി വല്യേട്ടൻ സിനിമക്ക് പോകണം. അതിനു മുൻപ് ചെറിയൊരു കലാപരിപാടി ഉണ്ട്. അവളുടെ അഹങ്കാരം തീർത്തു കൊടുക്കണ്ടേ. മിനിട്ടുകളിലെ തീരുമാനങ്ങൾക്കെടുവിൽ അവളെ “ഒന്നരെ’ എന്ന് വിളിക്കാൻ ധാരണയിലെത്തി..
പിന്നെ എല്ലാരും ഒപ്പം വിളിക്കണം ട്ടാ..
വിളിച്ചാൽ പിന്നെ നിക്കണ്ട ട്ടാ ഓടിക്കോ വെറുതെ അവളുടെ ഉപ്പാടെ വായിലിരിക്കുന്നത് കേൾക്കണ്ട
എല്ലാം കറക്റ്റ് പ്ലാനിങ് ആണ്
റെഡി വൺ ടു ത്രീ
ഒന്നരെ….
കൂട്ടത്തിൽ നിന്ന് എന്റെ ശബ്ദം മാത്രം പുറത്തു വന്നു.
അവന്മാർ തല കുത്തി നിന്ന് ചിരിക്കുന്നു.
ഇന്നത്തെ തണ്ണിമത്തൻ ജ്യൂസിന്റെ നന്ദി കാണിക്കാത്ത വർഗ്ഗം എനിക്കിട്ട് പണി തന്നിരിക്കുന്നു…
അവൾ കുനിഞ്ഞു ഒരു കല്ലെടുത്തു എറിഞ്ഞു. ഭാഗ്യം അതിനു മുൻപേ ഓട്ടം തുടങ്ങിയത് കൊണ്ട് ആ ഏറു കൊണ്ടില്ല..
വീണ്ടും നിരാശ..
പ്രേമിക്കാൻ പറ്റിയ ഒരു പെൺകുട്ടി ആയിരുന്നു എന്നിട്ട് അവന്മാർ കാട്ടിയ പണി കണ്ടോ..
എനിക്ക് ദേഷ്യം സഹിക്കുന്നില്ല.. നോക്കിക്കോടാ നാളെ നിന്റെയൊക്കെ മുന്നിലിട്ട് ബത്തക്ക ഞാൻ ഒറ്റക്ക് കുടിക്കും..
എടാ പൊട്ടാ നിന്നെ ഇനി അവൾ ഈ ജന്മത്തിൽ മറക്കുമോ? അവിടെ അങ്ങനെ നമ്മൾ ചെയ്തില്ലെങ്കിൽ നമ്മൾ വെറും പണിക്കാർ മാത്രമായി മാറും. അതു മാത്രമല്ല ഈ കൂട്ടത്തിൽ നിന്ന് അവൾ നിന്നെ മാത്രം ശ്രദ്ധിക്കണം. അതിനു ഇതല്ലാതെ വേറെ വഴിയില്ല മോനെ.. നിനക്കൊരു കാര്യം അറിയാമോ , “starting a relationship in a negative environment” കൂട്ടത്തിലെ പഠിപ്പി.. ഹെന്റമ്മോ ഇവനിത്രേം ബുദ്ധിയോ… ഇവന്മാരുടെ ആത്‍മർത്ഥതയിൽ സംശയിച്ച ഞാനാണ് തെറ്റുകാരൻ..
പിന്നീടുള്ള ദിവസങ്ങളിൽ ചാഞ്ഞും ചെരിഞ്ഞും അവളെ കാണാനുള്ള ശ്രമത്തിലായിരുന്നു. പലപ്പോഴും ഒരു മിന്നായം പോലെ ദർശന സായൂജ്യം നൽകി അവൾ മറഞ്ഞു.
ഒന്ന് രണ്ടു ആഴ്ച്ചകൾ കടന്നു പോയി എന്റെ സഞ്ചാര പഥങ്ങളും ദൈനംദിന പ്രവർത്തനങ്ങളും എല്ലാം അവൾ താമസിക്കുന്ന ആ വീടിനെ ചുറ്റിപറ്റി ആയിരുന്നു. അതിനിടയിൽ അവളുടെ ഉപ്പാനെ ചില്ലറ ഉപകാരങ്ങൾ ചെയ്തു സഹായിച്ചു ഞാൻ അവരുടെ നല്ല അയൽക്കാരനായി…
അപ്പോഴും അവളുടെ നിഴലുകൾ മാത്രം കണ്ടു തൃപ്തനായി എന്നിലെ ഹത ഭാഗ്യനായ അവശകാമുകൻ…
അങ്ങനെ വൺസൈഡ് പ്രേമവും പേറി കാലങ്ങൾ കഴിക്കാനായിരിക്കും എന്റെ വിധി. എങ്കിലും ഓരോ ഇടത്തു നിന്നും കുഞ്ഞു കുഞ്ഞു സാധനങ്ങൾ ഞാൻ വാങ്ങിക്കും ഒരു കുഞ്ഞു ഉമ്മ കൊടുക്കും ഭദ്രമായി നാളേക്കുള്ള അവൾക്കുള്ള സമ്മാനമായി എടുത്തു വെക്കും. എനിക്ക് പറയണമായിരുന്നു
പെണ്ണേ നിന്നെ കണ്ട അന്ന് മുതൽ നീ എന്റേത് ആയിരുന്നുവെന്ന്..
നിനച്ചിരിക്കാതെ ഒരു മഴ പെയ്തു. പാടത്തു ചെറിയ രീതിയിൽ വഴുക്കലുണ്ട്. അതൊരു വഴിത്തിരിവിന്റെ വഴുക്കൽ ആകുമെന്ന് ഒട്ടും കരുതിയില്ല. ഷെമി നീട്ടിയടിച്ചൊരു ബോൾ ഫീൽഡ് ചെയ്യാൻ ഓടിയതാണ്, വഴുക്കി വീണു. കാലിന്റെ പടം കുത്തിയാണ് വീണത്. സഹിക്കാൻ പറ്റാത്ത വേദന, ചെറിയ പൊട്ടലുണ്ട്. പ്ലാസ്റ്റർ ചെയ്യണം.
വിശ്രമത്തിലാണ്..
കാല് പൊട്ടിയതിലും പ്ലാസ്റ്റർ ഇട്ടതിലും ഒന്നുമല്ല എൻറെ സങ്കടം. പുറത്തിറങ്ങാൻ പറ്റുന്നില്ല. പറന്നു നടക്കുന്ന പക്ഷിക്ക് എത്രനേരം അവൻറെ തൂവൽ നനച്ചിരിക്കാൻ കഴിയും..
പുതിയ അയൽക്കാർ എന്നെ കാണാൻ വരുന്നു. അവർക്കായി ചില്ലറ സഹായങ്ങൾ ഒക്കെ ചെയ്തിരുന്ന ഞാൻ കാലു വയ്യാതെ കിടക്കുകയാണ് എന്നറിഞ്ഞപ്പോൾ ഉണ്ടായ സഹാനുഭൂതിയോ? അല്ല, അയൽ ബന്ധങ്ങളുടെ സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും വില അറിഞ്ഞുകൊണ്ട് തന്നെയാണ് അവർ എന്നെ കാണാൻ വന്നിട്ടുള്ളത്.
എനിക്ക് സന്തോഷത്തിന് അതിരില്ലായിരുന്നു. അവരുടെ കൂടെ എൻറെ ഒന്നരയും ഉണ്ടല്ലോ. അവളുടെ പ്ലാസ്റ്റർ വെട്ടിയിരിക്കുന്നു നടത്തതിന് സ്വഭാവികത കൈവന്നിരിക്കുന്നു. ഒരു അവസരം തനിച്ചു കിട്ടിയപ്പോൾ ഞാൻ അവളോട് ചോദിച്ചു
‘നീ എന്താ എന്നെ ഒന്നരെ എന്ന് വിളിക്കാത്തത് പ്രതികാരം വീട്ടാൻ കിട്ടിയ അവസരമല്ലേ?’
അതിന് അവൾ പറഞ്ഞ മറുപടി ‘നിങ്ങൾക്ക് നാറാണത്ത് ഭ്രാന്തന്റെ കഥ അറിയുമോ’ എന്ന ഒരു ചോദ്യമായിരുന്നു.
“എൻറെ ഇടത്തെ കാലിന്റെ പൊട്ടൽ മാറി ഇപ്പോൾ വലത്തോട്ട് ആയിരിക്കുന്നു. അത്രയേ ഉള്ളൂ ഇപ്പോഴും ഞാൻ തന്നെയാണ് ഒന്നര.”
ആ കുസൃതികണ്ണുകളിൽ സങ്കടത്തിന്റെ നനവ്…
“ഹേയ് എന്താണിത്? കണ്ണ് തുറന്നു സ്വപ്നം കാണുകയാണോ..?
നഴ്സറി വിട്ടിട്ടുണ്ടാവും കുട്ടിയെ പോയി വിളിച്ചിട്ട് വാ…!”
ഞാൻ പതിയെ പേപ്പറും പേനയും അവിടെവച്ച് എണീറ്റു
“എന്താ എഴുതുന്നത്?”
“ഞാൻ നമ്മുടെ കഥ എഴുതുകയായിരുന്നു.
ഒരു ഒന്നര പ്രേമത്തിന്റെ കഥ.”
“നിങ്ങളുടെ പൊട്ടക്കഥകളിൽ എങ്ങാനും എന്റെ പേര് വന്നാലുണ്ടല്ലോ! വീണ്ടും ഞാൻ നിങ്ങളുടെ കാല് ഒന്നരയാക്കും”
അവളുടെ ദേഷ്യത്തോടെയുള്ള ആ സംസാരം കേട്ട് ചെറു ചിരിയോടെ ഞാൻ ഞങ്ങളുടെ മകൾ സെബുവിനെ വിളിക്കാനായി നഴ്സറിയിലേക്ക് നടന്നു


7 Comments
ഒഴുക്കുള്ള എഴുത്ത്👍❤️
നന്ദി.. സ്നേഹം @mini
നല്ല രചന.👌
ഒന്നര പ്രേമം പൂവണിഞ്ഞു അല്ലേ?
👏
വായനക്ക് നന്ദി.. സ്നേഹം @ജോയ്സ്
Thank u
😍😍👌👌 ശരിക്കും നല്ല രസമുണ്ടായിരുന്നു വായിക്കാൻ
ഹൃദയം നിറഞ്ഞ നന്ദി.. സ്നേഹം @shybi