“അല്ലാ. ഇതെന്താപ്പോ കഥ. ഈ മകര മാസത്തിൽ ഇങ്ങനെയൊരു മഴ. “
തങ്ങളുടെ മാത്രം ഇടമായ ആ അത്തിമരത്തിലിരുന്ന് കൊണ്ട് ആൺവേഴമ്പൽ തൻ്റെ പ്രിയപ്പെട്ടവളോട് ചോദിച്ചു. അവൾ അവൻ്റെ ഭംഗിയുള്ള ചിറകുകൾക്കരികിലായി ചേർന്നിരുന്ന് കൊണ്ട് പറഞ്ഞു.
“അത് എന്താണെന്ന് വെച്ചാൽ നമുക്കുണ്ടാകാൻ പോകുന്ന സന്തോഷം പ്രകൃതി അറിഞ്ഞിരിക്കുന്നു. ആ സന്തോഷമാണ് ഈ പെയ്യുന്നത്.”
അവൻ കൗതുകത്തോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി.
“അതേ. അതു തന്നെ… നമുക്കിടയിലേക്ക് ചിലർ വരാൻ പോകുന്നു. ചിലരല്ല. നമ്മുടേത് മാത്രമായ നമ്മുടെ പൊന്നോമനകൾ.”
അവൻ സന്തോഷം കൊണ്ട് ആ വലിയ ചിറകുകൾക്കുള്ളിലേക്ക് അവളെ ചേർത്തിരുത്തി. വലിയ ചുണ്ടുകൾ ആർത്ത് പെയ്യുന്ന മഴയിലേക്ക് തുറന്നു പിടിച്ചു. മഴനീർത്തുള്ളികൾ തൻ്റെ പ്രിയതമയുടെ ചുണ്ടുകൾക്കുള്ളിലേക്ക് ഇറ്റിച്ചു കൊടുത്തു. ആ പ്രണയാർദ്ര മഴയിൽ നനഞ്ഞുതിർന്ന് അവനും അവളും ഉറക്കെ ഉറക്കെ പാടി. ആ പാട്ട് മലകൾ മുഴുവൻ മുഴങ്ങിക്കേട്ടു. ശെന്തുരുണി വനത്തിനുള്ളിലെ മലകൾ !
മരം പെയ്യാറായപ്പോൾ ആ വഴി വന്ന തത്തക്കൂട്ടം അവരെ കളിയാക്കി. “ഇരുട്ടാറായത് രണ്ടാളും അറിഞ്ഞില്ലേ?”
അവരുടെ സ്നേഹം കണ്ട് കൂട്ടുകാരൊക്കെ ഇങ്ങനെ കളിയാക്കുന്നത് സ്ഥിരമാണ്. അവർക്കത് ഇഷ്ടവുമാണ്. എപ്പോഴും തങ്ങളെ ഒരുമിച്ച് മാത്രേ കാണാറുള്ളൂ എന്നും പറഞ്ഞ് കളിയാക്കുന്ന കുശുമ്പിക്കുയിലാണ് അതിൽ ഏറ്റവും മുൻപിൽ.
“വേഗം തന്നെ കൂടിൻ്റെ പണികൾ തീർക്കണം” അവൻ അവളോട് സ്വകാര്യം പറഞ്ഞു.
വളരെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ അവൾ അവളുടെ ഭംഗിയുള്ള തൂവലുകൾ എല്ലാം പൊഴിച്ചു പട്ടുമെത്തയുണ്ടാക്കി. മുട്ടകൾക്ക് അടയിരിക്കാൻ! അവനാവട്ടെ മരപ്പൊടിയും കാഷ്ടങ്ങളും ഒക്കെകൊണ്ട് കൂടിൻ്റെ വാതിൽ സുരക്ഷിതമായി അടച്ചുറപ്പുള്ളതാക്കി കൂടിന് വെളിയിലിറങ്ങി. അവളുടെ നീണ്ട കൊക്ക് മാത്രം ഇറക്കാൻ പാകത്തിൽ കൂടിനു അവളൊരു ദ്വാരമിട്ടു.
അവൻ അതിരാവിലെ തന്നെ അവൾക്കുള്ള ഭക്ഷണം തേടി പോയി. അത്തിപ്പഴങ്ങൾ കുറേ ശേഖരിച്ചു. ഉച്ചയായപ്പോ അവളുടെ അടുത്തെത്തി. അവളുടെ നീണ്ടു വളഞ്ഞ ചുണ്ടുകളിലേക്ക് അവൻ അത്തിപ്പഴങ്ങൾ വച്ചു കൊടുത്തു. ഉച്ചക്ക് കുറച്ചൊന്നു വിശ്രമിച്ചിട്ട് സന്ധ്യയാവോളം അവൻ വീണ്ടും അവൾക്ക് വേണ്ടി കഷ്ടപ്പെട്ടു. രാത്രി വെളുക്കുവോളം അവൾക്ക് കാവലിരുന്നു. രാവിലെ വീണ്ടും ഭക്ഷണം തേടിപ്പോയി.
ഇടക്ക് കുശുമ്പിക്കുയിലിനെ കണ്ടപ്പോ നിനക്കിപ്പോ ഒന്ന് മിണ്ടാൻ പോലും നേരമില്ലല്ലോ എന്നവൾ പയ്യാരം ചൊല്ലി. തീരെയില്ല എൻ്റെ പ്രിയപ്പെട്ടവൾ അവിടെ എന്നെക്കാത്ത് ഇരിക്കുകയല്ലെയെന്നു അവൻ മറുപടിയും കൊടുത്തു. ദിവസങ്ങൾ കടന്ന് പോയി. മുട്ടകൾ വിരിഞ്ഞു മൂന്ന് പൊന്ന് മക്കൾ അമ്മയുടെ മുഖം കണ്ടു. ഇനിയും പത്ത് പതിനഞ്ച് ദിവസങ്ങൾ കഴിഞ്ഞേ അവൾ മക്കളെയും കൊണ്ട് പുറത്ത് വരൂ. അവനപ്പോഴും അവൻ്റെ ജോലി. ഏയ്. ജോലിയല്ല. അവൻ്റെ കടമ. അവൻ്റെ സ്നേഹം. നിറവേറ്റിക്കൊണ്ടിരുന്നു.
അവളെയും കുഞ്ഞിമക്കളെയും അവൻ്റെ ആരോഗ്യം പോലും ശ്രദ്ധിക്കാതെ പൊന്ന് പോലെ നോക്കി. മക്കളുമായി രണ്ട് പേരും ചേർന്നുല്ലസിക്കുന്നത് കിനാവ് കണ്ടു. രണ്ടാളും ചേർന്ന് മക്കളെ തീറ്റ തേടാനും പറക്കാൻ പഠിപ്പിക്കുന്നതും ഒക്കെ സ്വപ്നം കണ്ട് മല മുഴങ്ങുന്ന ശബ്ദമുണ്ടാക്കി പാറി പറന്നു. പെട്ടെന്ന് അവൻ്റെ മുഴക്കമുള്ള ശബ്ദത്തിനെക്കാളും വലിയ ഒച്ചയിൽ ഒരു വെടിയുണ്ട അവൻ്റെ ശരീരം തുളച്ചു കയറി തൽക്ഷണം അവൻ താഴെ വീണു പിടഞ്ഞു.
അതുകണ്ട് “ആഹാ! നിനക്കിത്രയും നല്ല ഉന്നമുണ്ടായിരുന്നോ” എന്ന് കൂട്ടത്തിലുണ്ടായിരുന്ന ഒരുവനെ എടുത്തുയർത്തികൊണ്ട് മൂന്ന് നാല് തല തെറിച്ച ചെറുക്കൻമാർ ആർപ്പുവിളികളോടെ വന്ന് വേഴാമ്പലിനെ തൂക്കിയെടുത്തു കൊണ്ട് പോയി. ഇത് കണ്ട തത്തക്കൂട്ടം കലപില കരഞ്ഞുകൊണ്ട് അവിടെയെല്ലാം പറന്ന് നടന്നു.
നേരം ഇരുളായി. തൻ്റെ പ്രിയതമനെ കാണാതെ കൂടിന്നുള്ളിലിരുന്ന് അവൾ വിവശയായി. ഉച്ചക്ക് ഭക്ഷണം എത്തിച്ചിട്ട് പോയതാണ്. അവള് അവനെ ഉറക്കെ ഉറക്കെ വിളിച്ചു. കേൾക്കാൻ അവൻ ഉണ്ടായില്ല. അവന് എന്ത് സംഭവിച്ചു എന്നറിയാതെ രാത്രി മുഴുവൻ അവള് കരഞ്ഞു. അമ്മയുടെ കരച്ചിൽ കണ്ട് മക്കൾ വിറങ്ങലിച്ചു.
നേരം പുലർന്നയുടനെ അവൾ മക്കളെ കൂട്ടിൽ ഒറ്റക്കാക്കി മനമുരുകുന്ന വേദനയോടെ അവളുടെ പ്രാണനെ തേടിയിറങ്ങി. കരഞ്ഞു തളർന്ന അവളെക്കണ്ട് തത്തക്കൂട്ടത്തിന് തങ്ങൾ കണ്ട കാര്യം പറയാതെയിരിക്കാൻ കഴിഞ്ഞില്ല. തത്തക്കൂട്ടം പറഞ്ഞത് കേട്ട് അവളുടെ ഹൃദയം നുറുങ്ങി. അവള് അലറി അലറി കരഞ്ഞു. ശെന്തുരുണി വനമാകെ അവളുടെ കണ്ണീർക്കാറ്റേറ്റ് തീ പിടിച്ചു. ആ കാട്ടുതീയിൽ അവരുടെ മൂന്ന് പിഞ്ചോമനകൾ വെന്തുതിർന്നു. നാലഞ്ച് ദിവസങ്ങൾ വന്യമായ കാടിനുള്ളിൽ രാപകലില്ലാതെ അവൾ തേങ്ങിക്കരഞ്ഞു പറന്നു. അവരുടെ പ്രണയം പൂത്തുതളിർത്ത ആ അത്തിമരക്കൊമ്പത്ത് അവനില്ലാതെ ആദ്യമായി അവൾ ഒറ്റക്ക് വന്നിരുന്നു. അവളുടെ കണ്ണുനീർ മീനച്ചൂടിൽ വേനൽമഴയായി പെയ്തിറങ്ങി. പക്ഷെ വരണ്ടുണങ്ങിയ അവളുടെ ചുണ്ടുകൾക്ക് മഴനീർത്തുള്ളികൾ ഇറ്റിച്ച് കൊടുക്കാൻ അവളുടെ പ്രിയപ്പെട്ടവൻ വന്നില്ല. ഓർമകൾ മാത്രമായ അവരുടെ പ്രണയ നിമിഷങ്ങളെ അവൾ വേദനയോടെ ഓർത്തു കരഞ്ഞു. അവളുടെ കരച്ചിൽ കണ്ട് കുശുമ്പിക്കുയിൽ ഏതോ വിരഹ ഗാനം പാടി തൊണ്ടയിടറി. അവസാനം പറക്കാൻ ചിറകുകൾ വിടർത്താനാവാതെ അവൾ ആ അത്തിമരക്കൊമ്പിൽ നിന്ന് നിലം പതിച്ചു.
ഏകാകിയായി !
ചിത്രത്തിന് കടപ്പാട്: thepapyrus


4 Comments
ഹൃദയസ്പർശിയായ കഥ❤️👍
Nice 😍
നല്ല കഥ❤️👌🌹
നല്ല കഥ 🥰