വളരെ നാളുകൾക്കു ശേഷം ഞാനിന്ന് നിതയെ കുറിച്ച് ഓർത്തുപോയി. മൂന്നാം ക്ലാസ്സിൽ ഞങ്ങളുടെ സ്കൂളിൽ ചേർന്ന നിത പി. ബോയ് കട്ട് മുടിയും അതിൽ പിങ്ക് നിറത്തിൽ വലിയ റോസാപൂവുള്ള ഹയർബാൻഡുമിട്ടിരുന്ന പ്രാന്തത്തി നിത. അവൾ മൂന്നാം ക്ലാസ്സിൽ ആയിരുന്നില്ലാ പഠിക്കേണ്ടത് എന്ന് തോന്നിപ്പോയിരുന്നു. കാരണം, അത്രയ്ക്ക് പൊക്കം ഉണ്ടായിരുന്നു അവൾക്ക്. ക്ലാസിൽ എല്ലാവരും അവളെ പ്രാന്തത്തി എന്നാണ് വിളിച്ചിരുന്നത്. തരം കിട്ടിയാൽ അവൾ ഞങ്ങളുടെ പുസ്തകത്തിൽ കുത്തിവരക്കും. പെൺകുട്ടികൾ ആരും തന്നെ അവളെ കൂട്ടത്തിൽ കൂട്ടിയില്ല. സഹലേഷും സന്ദീപും മിഥുനും ഞാനും ചേർന്ന ഗാങിന് അവളുടെ ഹേയ്ർബാൻഡ് തട്ടിപ്പറച്ചു ഓടലായിരുന്നു ഇന്റെർവെല്ലിലെ സ്ഥിരം പണി. മൈതാനം മുഴുവൻ ഞങ്ങളുടെ പുറകെ അലറിക്കൊണ്ട് അവൾ ഓടും. ടീച്ചർ വരാൻനേരം അവൾക്കു അത് തിരികെ കൊടുക്കും, വീണ്ടും ലഞ്ച് ബ്രേക്കിന് തട്ടിപ്പറിച്ച് ഓടാൻ.
അവൾ മിക്കദിവസവും കൊണ്ടുവന്നിരുന്നത് ഉപ്പുമാവ് ആയിരുന്നു. തിന്നു കഴിഞ്ഞാൽ കൈ കഴുകില്ല, ഉടുപ്പിൽതുടയ്ക്കും. പ്രാർത്ഥനാ സമയം ഉറക്കെ ചിരിക്കുക, പെൺകുട്ടികളുടെ മുടിപിടിച്ചു വലിക്കുക അങ്ങനെയുള്ള പല കലാപരിപാടികൾ ചെയ്തു സ്വയം ചിരിക്കുന്ന അവൾക്കു, പഠിക്കുക എന്നത് നിഘണ്ടുവിൽ ഇല്ലാത്ത ഒന്നായിരുന്നു. അവൾ ഒന്നും എഴുതിയില്ല, ഒന്നും വായിച്ചുമില്ല. എന്നാലും സഞ്ചിപോലുള്ള ബാഗിൽ നിറയെ പുസ്തകങ്ങൾ കൊണ്ടുവരും. എല്ലാത്തിലും കുറെ കുത്തിവരകൾ.
ഒരുദിവസം ഗൾഫിൽനിന്ന് മാമൻ കൊണ്ടുവന്ന അറ്റത്തു തൊപ്പി ഉള്ള ഓറഞ്ച് കളർ പെൻസിലും നല്ല മണമുള്ള റബ്ബറും ആയിട്ടാണ് ഞാൻ ക്ലാസ്സിൽ പോയത്. അത് എല്ലാവരെയും കാണിച്ചു ഫ്രണ്ട്സിനു ഒക്കെ ഒന്ന് എഴുതാൻ കൊടുത്തു കുളൂസായിരിക്കുമ്പോഴാണ് നിത അടുത്തേക്ക് വന്നത്.
“ഒന്ന് താ ”അവൾ ഒരു ആജ്ഞ.
“എന്ത് ?”ഞാൻ ചോദിച്ചു.
“പെനസില് ”.
“ആയ്യട !പോ പ്രാന്തി നിനക്ക് തരൂല ”ഞാൻ പറഞ്ഞു.
അവൾ ഒന്നും മിണ്ടാതെ നിന്ന ശേഷം എന്റെ പെൻസിൽ ഒറ്റ തട്ടിപ്പറക്കൽ. പിന്നെ അവിടെ ഒരു അടിത്തന്നെ നടന്നു എന്ന് പറയാം. സന്ദീപ് ആണ് അവളെ മുറ്റത്തേക്ക് ഉന്തിയത്. രാഹുലും മിഥുനും ചേർന്ന്, ബലമായി അവളുടെ കയ്യിൽ നിന്ന് പെൻസിൽ വാങ്ങി എനിക്ക് തന്നു. എന്റെ തൊപ്പിക്കാരൻ പെൻസിലിന്റെ പാതി തൊപ്പി അവളുടെ കയ്യിൽ ആയിരുന്നു. മുറ്റത്ത് വീണുകിടന്ന അവൾ അലറിക്കരഞ്ഞു. ചെറിയ മഴ പെയ്യാൻ തുടങ്ങി. ലാസ്റ്റ് പീരീഡ് ആയത് കൊണ്ട് ടീച്ചർമാർ ആരും വന്നതുമില്ല. അവൾ മഴ നനഞ്ഞു അവിടെ കിടന്നു കരഞ്ഞുകൊണ്ടിരുന്നു.
ഞങ്ങളുടെ ക്ലാസ്, മൈതാനത്തിന് അടുത്ത് മറ്റു ക്ലാസ്സുകളിൽ നിന്നും കുറച്ച് വേറിട്ട് നിന്നിരുന്നു. പലപ്പോഴും റോന്ത് ചുറ്റാറുള്ള ഹെഡ്മാഷ് അവിടേക്ക് വല്ലപ്പോഴുമേ വന്നിരുന്നുള്ളു. അത് ഞങ്ങളുടെ കുരുത്തക്കേടുകൾക്ക് ഒരു മുതൽക്കൂട്ട് ആയിരുന്നു. ജനഗണമന കഴിഞ്ഞ് എല്ലാവരും ഓടാൻ തുടങ്ങി. നിത മാത്രം എഴുന്നേറ്റില്ല. പിറ്റേ ദിവസം ക്ലാസ്സിൽ ചെന്നപ്പോൾ ഹെഡ്മാസ്റ്ററും കൂടെ, ഷർട്ട് ഒക്കെ വൃത്തിയായി ഇൻസൈഡ് ചെയ്ത പൊക്കമുള്ള ഒരാളും ഉണ്ടായിരുന്നു.
മിഥുൻ എന്റെ ചെവിയിൽ മെല്ലെ പറഞ്ഞു, “ഇത് ആ പ്രാന്തത്തി നിതയുടെ അച്ഛനാ”.
“ഹേയ് ഇതോ! ”ഞാൻ ഒന്ന് അമ്പരന്നു.
ഇന്നലെ നിതയെ കൂട്ടാൻ ക്ലാസിൽ വന്നപ്പോൾ അവൾ പുറത്തിരുന്ന് കരയുന്നത് കണ്ടത്രേ. ഹെഡ്മാഷിനെകണ്ടു കാര്യം പറഞ്ഞു. കുറ്റവാളിയെപ്പോലെ തല കുമ്പിട്ട് സന്ദീപ് ഇരിക്കുന്നുണ്ടായിരുന്നു. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്.
“ഇത് നിതയുടെ അച്ഛനാണ്. ഇന്നലെ ഇവിടെ നിതയെ ആരോ വീഴ്ത്തിയിട്ടു എന്നൊക്കെ ഞാനറിഞ്ഞു. ആരാണെന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്. പക്ഷേ ആരെയും വഴക്കു പറയരുത് എന്ന് നിതയുടെ അച്ഛൻ പറഞ്ഞതുകൊണ്ട് ഞാൻ ഒന്നും പറയുന്നില്ല മേലിൽ ഇത് ആവർത്തിക്കരുത് ”
ഹെഡ്മാഷ് ഇത്രയുംപറഞ്ഞു കഴിഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത്.
നിതയുടെ അച്ഛൻറെ ഊഴം ആയിരുന്നു അടുത്തത്.
“മക്കളെ, ഇവൾ അവൾ കാരണം നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായാൽ ടീച്ചറോട് പറഞ്ഞാൽമതിട്ടോ ഇവളെ ഉപദ്രവിക്കരുത്. ഇവൾക്ക് വയ്യാഞ്ഞിട്ടാണ് ”
ഇത്രയും പറഞ്ഞു അവർ പോയി. ബെല്ല് അടിച്ചു. ശാന്ത ടീച്ചർ വന്നു. ക്ലാസ്സിൽഎല്ലാവരും നിശ്ശബ്ദരായിരുന്നു. ഞാൻ ഒളികണ്ണിട്ട് നിതയെ നോക്കി. എന്റെ പെൻസിലിന്റെ പകുതി തൊപ്പിഅവളുടെ ബാഗിൽ ഉണ്ടായിരിക്കുമോ, കിട്ടിയാൽ പശ വെച്ചെങ്കിലും ഒട്ടിക്കാമായിരുന്നു. ഇനിയിപ്പം ബാഗ് തൊടാൻ വയ്യ. അവൾ ബാഗ് കെട്ടിപ്പിടിച്ച് ഇരിപ്പാണ്.
അങ്ങനെ പരീക്ഷക്കാലം വന്നെത്തി. DPEP ഒക്കെ വരും മുൻപാണ്. കുത്തിയിരുന്ന് കാണാപാഠം പഠിച്ച് തന്നെ പരീക്ഷ എഴുതണം. പാഠപുസ്തകത്തിൽ ഉള്ളതുപോലെ തന്നെ വേണം. നിത മാത്രം വേറൊരു ലോകത്താണ്. എല്ലാം പഴയതുപോലെ ആകാൻ അധികകാലം വേണ്ടിവന്നില്ല. പുട്ടും പഴവും കഴിച്ച് കൈ കഴുകാതെ ബാഗും കെട്ടിപ്പിടിച്ച് ഇരിക്കുകയായിരുന്നു നിത. ആ സമയം അവളുടെ ബാഗ് തട്ടിപ്പറിക്കാൻ എനിക്കൊന്നു തോന്നി. എന്റെ പെൻസിലിന്റെ ബാക്കി കിട്ടിയാലോ. അതെടുത്തിട്ട് അപ്പോൾ തന്നെ തിരിച്ചു കൊടുക്കാം എന്നാണ് വിചാരിച്ചത്. പക്ഷേ പുട്ട് പറ്റിപിടിച്ചിരുന്ന കൈ കൊണ്ട് അവളെന്നെ ഒറ്റയടി. ഞാൻ തരിച്ചിരുന്നു പോയി. ദേഷ്യം കൊണ്ട് എന്റെ കണ്ണ്ചുവന്നു. ബാഗ് എടുത്തു നേരെ പുറത്തിറങ്ങി ക്ലാസിലെ ഓടിട്ട മേൽക്കൂരയിലേക്ക് ഞാനൊരു ഏറു വച്ചുകൊടുത്തു. കരഞ്ഞുകൊണ്ട് എന്റെ നേരെ അവൾ ഓടി. മൈതാനം മുഴുവൻ ഞാൻ അവളെ ഓടിച്ചു. ഒടുവിൽ വീണു അവളുടെ കാൽമുട്ട് പൊട്ടി. ചോര ഒലിച്ചു കരഞ്ഞു കൊണ്ടിരുന്ന അവൾ ക്ലാസ്സിലെ എല്ലാവരുടെയും ബാഗ്എടുത്ത് പുറത്തേക്ക് എറിയാൻ തുടങ്ങി. സംഭവം ഒരാൾ സ്റ്റാഫ് റൂമിൽ പോയി പറഞ്ഞു. ടീച്ചർ വന്നു, എല്ലാവർക്കും നല്ല വഴക്ക് കേട്ടു. നിത കരഞ്ഞുകൊണ്ടേയിരുന്നു. എല്ലാവരും പോയി ബാഗ് തിരികെ എടുത്തുകൊണ്ടുവന്നു.
പരീക്ഷയ്ക്ക് ബെല്ല് മുഴങ്ങി എല്ലാവരും പരീക്ഷ എഴുതാൻ തുടങ്ങി. അവൾ മാത്രം പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു. ടീച്ചറോട് അവൾ ഒന്നും പറഞ്ഞില്ല. അല്ലെങ്കിലും വളരെ കുറച്ചു മാത്രമേ അവൾ സംസാരിച്ചിരുന്നുള്ളൂ. അതും ചിലപ്പോൾ അവ്യക്തമായിരുന്നു. ടീച്ചർ അവളുടെ മുട്ടുകാൽ കണ്ടു അവളെകൂട്ടിക്കൊണ്ടു പോയി മരുന്ന് വെക്കാൻ പ്യൂണിനെ വിളിച്ചു. അവൾ പോയി. ആ ഒരു വൈകുന്നേരമാണ് അവസാനമായി ഞാൻ അവളെ കണ്ടത്. പിറ്റേന്ന് പരീക്ഷ ഇല്ലായിരുന്നു. ശനിയും ഞായറും കഴിഞ്ഞു ക്ലാസിൽവന്നപ്പോൾ അവൾ വന്നിരുന്നില്ല. പിറ്റേന്നും അതിന്റെ പിറ്റേന്നും അവൾ വന്നില്ല. ഭ്രാന്തത്തി നിത സ്കൂൾമാറിപ്പോയെന്ന് ക്ലാസിലെ പെൺകുട്ടി പറഞ്ഞു. രണ്ടാം ക്ലാസിൽ പഠിച്ചിരുന്ന മിടുമിടുക്കൻ നിതിൻ, അവളുടെഅനിയനും ക്ലാസിൽ വരുന്നില്ല. ഇനി അവൾ ആരെയും ഉപദ്രവിക്കാൻ ഇല്ലല്ലോ എല്ലാവർക്കും സന്തോഷമായി. എനിക്കും. ഓട്ടിൻ പുറത്ത് അപ്പോഴും അവളുടെ സഞ്ചി പോലുള്ള ബാഗ് കിടപ്പുണ്ടായിരുന്നു. വേനലവധി കഴിഞ്ഞു വന്നപ്പോൾ പിന്നെ അത് കണ്ടില്ല.
പ്രിയപ്പെട്ട നിത, നീ എവിടെയാണോ എന്തോ എനിക്കറിയില്ല. വർഷങ്ങൾക്കിപ്പുറം ഞാനിന്നൊരു ഒന്നാം ക്ലാസുകാരിയുടെ അച്ഛനാണ്. തിരിച്ചറിവില്ലാത്ത പ്രായത്തിൽ നിന്നെ ഉപദ്രവിച്ചതിൽ ഞാനിന്നു ഖേദിക്കുന്നു. ഒരച്ഛൻ ആയപ്പോൾ, പണ്ട് നിനക്കുവേണ്ടി സ്കൂളിൽ വന്ന നിന്റെ അച്ഛന്റെ വിഷമവും വേദനയും ഇന്ന് എനിക്ക് മനസ്സിലാവും. ഓട്ടിസം അല്ലെങ്കിൽ സെറിബ്രൽ പാൾസി പോലുള്ള ഏതോ അസുഖം ആയിരുന്നിരിക്കാം നിനക്ക്. അന്ന് അതിനെക്കുറിച്ചുള്ള ചികിത്സയോ സ്പെഷൽ സ്കൂളുകളോ അത്ര കാര്യമായി ഉണ്ടായിരുന്നില്ലല്ലോ. ഞങ്ങൾ പലരും കൊച്ചു കുട്ടി ആയിരുന്ന നിന്നെ ഭ്രാന്തിയെന്നു വിളിച്ചു. നിനക്ക് ഒന്നും മനസ്സിലായിരുന്നില്ല എങ്കിലും നിന്റെ വീട്ടുകാരെ അത് ഒരുപാട് വേദനിപ്പിച്ചിരിക്കാം. കൂടെ പഠിച്ച പലരുടെയും പേരും മുഖവും ഞാൻ മറന്നു. പക്ഷേ ബാഗും കെട്ടിപിടിച്ചിരിക്കുന്ന നിന്നെ ഞാൻ മറന്നിട്ടില്ല. പിങ്ക് പൂക്കളുള്ള ഹെയർബാൻഡ് നിന്നെ ഓർമ്മിപ്പിക്കുന്നു. വർഷങ്ങൾ എത്രയോ കടന്നുപോയി… മിടുക്കിയായി എവിടെയോ നീ ജീവിച്ചിരിക്കുന്നു എന്ന പ്രതീക്ഷയിൽ നിനക്ക് വേണ്ടി ഞാൻ ഈ ഓർമ്മക്കുറിപ്പ് സമർപ്പിക്കുന്നു


2 Comments
എൻ്റെ ക്ലാസിൻ്റെ ജനലരികിൽ വന്ന് കൈയുയർത്തി “ഹായ് സുഖാണോ ടീച്ചറേ “എന്നെപ്പോഴും ചോദിച്ചിരുന്ന അഖിലിനെ ഓർമ്മ വന്നു. അങ്ങനെ എത്രയെത്ര പേർ……..
മനസ്സിനെ നൊമ്പരപ്പെടുത്തി.
നല്ലെഴുത്ത്❤️👌🌹
Thank you suma Jaya Mohan