മോളുണ്ടായിക്കഴിഞ്ഞ് കുറച്ചു നാൾ കഴിഞ്ഞപ്പോഴാണ് എൻ്റെ ഭർത്താവിൻ്റെ തലയിൽ ഏതോ കോട്ടത്തേങ്ങ വീഴുന്നതും അതോടെ ആൾക്കൊരു ബോധോദയമുണ്ടാകുന്നതും.
നമുക്കൊരു ബസ് വാങ്ങിയാലോ?
നല്ല ബെസ്റ്റ് ഐഡിയ.
പറയണതു കേട്ടാൽ തോന്നും വീട്ടിലെ ബി നിലവറ തുറന്ന് സ്വർണ നാണയങ്ങൾ എണ്ണിയെടുത്ത് രണ്ട് ബസും വാങ്ങി വരാന്ന്.
സോ സിമ്പിൾ…..
ആളുടെയൊരു കൂട്ടുകാരൻ ബസ് വാങ്ങിയത് കണ്ടപ്പോഴുള്ള പൂതി. അല്ലേലും വരാനുള്ളത് തെങ്ങിൻ്റെ മണ്ടേൽ പോലും തങ്ങാതെ നേരെ ആ കഷണ്ടിത്തലയിൽ തന്നെ വന്നു വീഴൂല്ലോ. ഒന്നോർത്താൽ വെറുതെയിരിക്കുമ്പോൾ എന്തേലും വള്ളിക്കെട്ടിലൊക്കെ പോയി തലയിട്ടില്ലേൽ പിന്നെ എന്തു നേരമ്പോക്ക്.
അങ്ങനെ ഞങ്ങളുടെ വീട്ടിലെ സിറ്റൗട്ടിലും ഹാളിലുമായി ചർച്ചകൾ കൂലംകഷമായി നടന്നു.
വേണോ വേണ്ടയോ?
വേണോ വേണ്ടയോ?
പിന്നേം വേണോ വേണ്ടയോ?
സ്വാഭാവികമായും അമ്മയും ഞാനും ഇതൊക്കെ വേണോ?
ശരിയാകുമോ?
പണി കിട്ടുമോ?
എന്നൊക്കെയുള്ള ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു.
അതിനൊരു കാരണമുണ്ട്.
മുമ്പ് അച്ഛൻ മസ്ക്കറ്റിൽ തുടങ്ങിയ ബിസിനസിൻ്റെ ബാക്കിപത്രമായ കുറച്ച് കുഴിയുള്ള പ്ലേറ്റുകളും നീളൻ ഗ്ലാസ്സുകളും അലമാരയിലിരുന്ന് ഞങ്ങളോട് പറയുന്നുണ്ടായിരുന്നു വെറുതെ വേണ്ടാത്ത പണിയ്ക്ക് പോകല്ലേയെന്ന്.
വല്ലവരുടേം മുറ്റത്ത് കിടക്കുന്ന വണ്ടിയും വല്ല ബാങ്കിലേയും ലോണും ചുമ്മാ എടുത്ത് സ്വന്തം തലയിൽ വയ്ക്കണോയെന്ന് ഞങ്ങൾ ചോദിച്ചതിൽ തെറ്റുപറയാൻ പറ്റില്ലല്ലോ.
അച്ഛനാണെങ്കിൽ ആരേലും സങ്കടം പറഞ്ഞാൽ ബസും പിന്നെ വേണോങ്കിൽ അച്ഛൻ്റെ പേരിലൊരു വായ്പയുമെടുത്ത് ആ ആൾക്ക് കൊടുക്കും.
ബിസിനസ് നമുക്ക് പറ്റിയ പണിയല്ല കാന്താ… എന്ന് അമ്മയും ഞാനും ഞങ്ങളുടെ സ്വന്തം ഭർത്താക്കൻമാരോട് പറഞ്ഞു നോക്കി.
ചർച്ചകൾ പിന്നേയും നടന്നു.
എന്നാപ്പിന്നെ ഒരു ജ്യോത്സ്യനെ കണ്ടു ചോദിക്കാം എന്ന് അച്ഛനും മോനും തീരുമാനിച്ചു. നമുക്ക് ശകടഭാഗ്യം ഉണ്ടോന്ന് അറിയണ്ടേ. അച്ഛന് അത്യാവശ്യം ജോത്സ്യമൊക്കെ അറിയാമെങ്കിലും അച്ഛൻ തന്നെ നോക്കിയിട്ട് ഇനിയിപ്പോ മറഞ്ഞിരിക്കുന്ന എന്തേലും കാണാതെ പോവണ്ടാന്ന് കരുതി വേറൊരു ജ്യോത്സ്യൻ്റെയടുത്തു പോയി. സംഗതി നോക്കാൻ തുടങ്ങുമ്പോൾ തന്നെ എന്തോ തടസം വരികയും ഇന്ന് നോക്കാൻ പറ്റില്ലാന്ന് പറഞ്ഞ് ജ്യോത്സ്യൻ തിരിച്ചയയ്ക്കുകയും ചെയ്തു. ചെയ്യാനുദ്ദേശിച്ച കാര്യം വേണ്ടാന്ന് വയ്ക്കുന്നതാവും നല്ലത് എന്നുകൂടി പറഞ്ഞു.
പക്ഷേ എൻ്റെ ഭർത്താവിന് പിന്നേം ഇരിയ്ക്കപ്പൊറുതിയില്ലാതായി. ആളുടെ ഹൃദയം മൊത്തം ബസിനോടുള്ള പ്രണയം നുരഞ്ഞു പതഞ്ഞ് നിറഞ്ഞു കവിഞ്ഞു.
പ്രിയശകടമില്ലെങ്കിലീ ജീവിതം ദുർഘടം എന്ന അവസ്ഥയായി.
അങ്ങനെ അച്ഛനും മോനും മറ്റൊരു ജ്യോത്സ്യൻ്റടുത്തെത്തി.
“ഒരു ബസ് വീട്ടുമുറ്റത്തേയ്ക്ക് കയറാൻ റെഡിയായി ഗേറ്റിനു പുറത്ത് കാത്തുനിൽപ്പുണ്ട്. അകത്തോട്ട് കയറ്റണോ ജ്യോത്സ്യരേ” എന്ന് അച്ഛൻ ചോദിച്ചപ്പോൾ
ജ്യോത്സ്യൻ കവിടി നിരത്തി നോക്കിയിട്ട് പറഞ്ഞു.
“ഒന്നും നോക്കണ്ട. ധൈര്യമായിട്ട് ഗേറ്റ് തുറന്ന് മുറ്റത്തോട്ട് കയറ്റിക്കോ. സംഗതി ജോറാകും. അതുമാത്രമല്ല ഈ ഒരു ബസിലൊന്നും നിങ്ങളുടെയീ ജൈത്രയാത്ര നിൽക്കാൻ പോകുന്നില്ല. ഇനീം പുറകെ പുറകെ ജാഥ പോലെ ശകടങ്ങൾ വാങ്ങും.
വീട്ടുമുറ്റത്ത് നിറയെ ബസുകൾ നിരന്നു കിടക്കും.”
ആഹാ….. എന്താ സന്തോഷം.
ശകടഭാഗ്യമല്ല ഇതിപ്പോ സഹസ്രശകടയോഗം.
അച്ഛനും മോനും കൂടെ സൂര്യനുദിച്ച മുഖവുമായി തിരിച്ചുവന്നു.
അങ്ങനെ ഒരൂസം അശ്വരഥം എന്ന ബസ് ഐശ്വര്യത്തിൻ്റെ ഹോൺ മുഴക്കി ഞങ്ങളുടെ വീട്ടുമുറ്റത്തെത്തി. താമസിയാതെ കണവൻ ദുബായിലേയ്ക്ക് ജോലിയ്ക്കായി പോയി.
ആ സമയത്താണ് ഞാൻ തൃപ്പൂണിത്തുറയിൽ ബി.എഡിന് ചേരുന്നത്. സത്യത്തിൽ മൂത്തകുന്നത്തെ ബി.എഡ് കോളേജിൽ പോകുന്നതാണ് എളുപ്പം. പറവൂരുകാര് മൊത്തം അവിടെയാണ് ബി.എഡ് പഠിയ്ക്കുന്നതും. പക്ഷേ അവിടെ അഡ്മിഷന്റെ സമയത്ത് ഞാൻ ഇച്ചിരി ബിസിയായിരുന്നു. വേറൊന്നുമല്ല ലേബർ റൂമിൽ ഒരു പ്രസവത്തിന്റെ തിരക്കിലായിരുന്നു. അതിനിടയിൽ പോയി കോളേജിൽ ചേരാനൊന്നും പറ്റിയില്ലാന്നേ.
യൂണിവേഴ്സിറ്റി സെൻ്ററുകളിൽ അഡ്മിഷൻ കുറച്ചു വൈകിയായിരുന്നു. അതുകൊണ്ട് മോൾക്ക് അഞ്ചുമാസം ആയപ്പോൾ ഞാൻ തൃപ്പൂണിത്തുറയിൽ ചേർന്നു. നല്ല ദൂരമുണ്ട്.
വൈറ്റില വരെ ഞങ്ങളുടെ സ്വന്തം രഥമായ അശ്വരഥത്തിലായിരുന്നു യാത്ര. ടിക്കറ്റെടുക്കണ്ടല്ലോ. അവിടന്ന് തൃപ്പൂണിത്തുറയിലേക്ക് വേറെ ബസ്.
ആദ്യം കുറച്ചുനാൾ ശകടം വലിയ കുഴപ്പമില്ലാതെ ഓടിയെങ്കിലും പിന്നെയങ്ങോട്ട് വരവേൽപ്പ് സിനിമയിലെ ഗൾഫ് മോട്ടോഴ്സ് ഉടമ മോഹൻലാലിൻ്റെ അവസ്ഥയായി എൻ്റെ കണവന്. എവിടെ തൊട്ടാലും പണി തന്നെ പണി. ഒരെണ്ണം കഴിഞ്ഞ് ശ്വാസം വിടുമ്പഴേയ്ക്കും അടുത്തത്. നാട്ടീന്ന് ഫോൺ വന്നാൽ എടുക്കാൻ പോലും ആൾക്ക് പേടിയായിത്തുടങ്ങി. രാത്രി ഉറക്കത്തിൽ ബസിന്റെ ഹോണടി കേട്ട് ഞെട്ടി ഉണരാൻ തുടങ്ങി. ഐശ്വര്യത്തിൻ്റെ ശംഖുനാദമായിരുന്ന ഹോണടി അപകടത്തിൻ്റെ സൈറണായി മാറി. ആകെ മൊത്തം ജഗപൊഗ.
അച്ഛനാണെങ്കിൽ ഈ വണ്ടി കാരണം സമയത്ത് കുളിയ്ക്കാനോ ഭക്ഷണം കഴിയ്ക്കാനോ ഉറങ്ങാനോ പറ്റാത്ത അവസ്ഥ. അശ്വരഥത്തിൻ്റെ സഹായത്താൽ ജീവിതത്തിൽ ആദ്യമായി അച്ഛൻ പോലീസ് സ്റ്റേഷൻ വരെ കയറി. മൊത്തത്തിൽ എല്ലാവരും കിളിപോയ അവസ്ഥയിൽ എത്തിയപ്പോൾ ഒടുക്കം ബസ് വിൽക്കാമെന്ന തീരുമാനമായി. എൻ്റെ ബി.എഡ് പഠനം കഴിഞ്ഞപ്പോഴേക്കും അശ്വരഥത്തിൻ്റെ അശ്വമേധവും അവസാനിച്ചു. അങ്ങനെ ഭാര്യയ്ക്ക് ടിക്കറ്റെടുക്കാതെ ബി.എഡ് കോളേജിൽ പോകാൻ വേണ്ടി മാത്രം ബസ് വാങ്ങിയ ഭർത്താവ് എന്ന ബഹുമതി എൻ്റെ ഭർത്താവ് സ്വന്തമാക്കി. പണ്ടത്തെ ബിസിനസ് അടയാളങ്ങളായ കുഴിയുള്ള പാത്രവും ഗ്ലാസും പോലെ അശ്വരഥത്തിൻ്റെ ഓർമയ്ക്കായി കീറിയ കുറച്ച് നോട്ടുകൾ എൻ്റെ അലമാരിയിലുമുണ്ട്.
ഇപ്പോഴും എനിക്ക് മനസ്സിലാവാത്തത് അതല്ല. അന്ന് ജ്യോത്സ്യൻ നോക്കിയപ്പോൾ കണ്ട ഞങ്ങളുടെ വീട്ടുമുറ്റത്ത് നിരന്നു കിടന്ന ബസുകൾ എവിടെപ്പോയി?
ഇനി അങ്ങേര് കവിടി നിരത്തി നോക്കിയപ്പോൾ കണ്ടത് വീടിനടുത്തുള്ള പറവൂർ ബസ്റ്റാൻഡ് എങ്ങാനും ആയിരിക്കുമോ?
എന്തരോ എന്തോ…..
ബിന്ദു രാജേഷ്

