ഇതൊരു കുഞ്ഞുവാശിക്കഥ. സ്കൂൾ ഗ്രൂപ്പ് ഫോട്ടോ നിറം മങ്ങി, മുഖങ്ങളിലെ കൗമാരത്തുടിപ്പ് മങ്ങി, മഞ്ഞപ്പ് കലർന്നു . നിറമുള്ള ഓട്ടോഗ്രാഫ് താളുകൾ നിറം ചോർന്നു പിഞ്ഞിപൊടിഞ്ഞു. എങ്കിലും ചില ഓർമ്മകൾ നിറം മങ്ങില്ല, നുറുങ്ങിപൊടിയില്ല.
വർഷങ്ങൾക്കു മുൻപ്, തൃശ്ശൂർ നഗരത്തിലെ പ്രശസ്തമായ ഒരു കോൺവെൻറ് സ്കൂൾ. അവിടെ നീളൻ നീലപ്പാവാടയും വെള്ളഷർട്ടും ഇരുവശത്തും നീല റിബ്ബൺ കെട്ടിയ മുടിപിന്നലും കണ്ണുകളിൽ കൗതുകവും വാക്കുകളിൽ കുസൃതിയും നിറച്ച പെൺകുട്ടിയായി ഞാനുമുണ്ടായിരുന്നു.
നോട്ട് ബുക്കിന്റെ അവസാന പേജിൽ കോണോടുകോൺ എഴുതിയ ക്ലാസ്സ് ടൈം ടേബിൾ. അതിൽ ഗെയിംസ് പീരിയഡ് കാണുമ്പോൾ നിങ്ങൾക്ക് എന്താണ് തോന്നാറുള്ളത്, മനസ് തുള്ളിച്ചാടും എന്നല്ലേ?
നിങ്ങൾക്ക് തെറ്റി, ഞങ്ങൾ പേടിച്ചു വിറക്കും, നെടുനിശ്വാസം ഉതിർക്കും. അത്രമേൽ ടെറർ ആയിരുന്നു ഞങ്ങളുടെ ഗെയിംസ് ടീച്ചർ. കിളിരം കുറഞ്ഞ ശരീരവും കേൾക്കാൻ ഒട്ടും മയവുമില്ലാത്ത ശബ്‍ദവുമുള്ള ടീച്ചറുടെ മുന്നിൽ മാൻപേടയുടെ മിഴികളിലെ പേടി കടമെടുത്താണ് ഞങ്ങൾ ഗ്രൗണ്ടിൽ വരിയായി നിൽക്കുക. ഗ്രൗണ്ടിനു ചുറ്റും ഓടിച്ചും ഡ്രിൽ നടത്തിയും പിള്ളേരുടെ എനർജി വട്ടപ്പൂജ്യം ആക്കിക്കളയും, ആ ആശാത്തി. ലെഫ്റ്റ് ടേൺ, റൈറ്റ് ടേൺ ഒക്കെ ചടപടാ തിരിഞ്ഞു വശംകെട്ട് അറ്റെൻഷൻ ആകാൻ ഒരു നിമിഷം വൈകിയാൽ ഒരു അമ്പത് കിലോ തൂക്കം വരുന്ന അടി മുതുകത്തു പതിയും. അത്ര സുഖം, പരമസുഖം എന്നും പറയാം. മൊത്തത്തിൽ ആകെ ഒരു അടിപൊളി എന്ന് വ്യഗ്യം.
ഈ ടീച്ചർ ഏതു സ്പോർട്സ് ഇനത്തിൽ ആണ് മത്സരിച്ചത് എന്നു അടിയുടെ പാട് തുടച്ചു ഞങ്ങൾ ചർച്ച ചെയ്യും.
“ഈ… ഗുണ്ടത്തി…വല്ല ഷോട്ട് പുട്ട് എറിയാൻ പോയിക്കാണും”,
ടീച്ചറുടെ അന്നത്തെ ഒറ്റയടിക്ക് കൂനിവളഞ്ഞുപോയ തനൂജ പറഞ്ഞു. ഞങ്ങൾ, അവളുടെ ചുറ്റും കൂടിയ എല്ലാവരും, കൊള്ളസങ്കേത്തിലെ അനുചരന്മാരെ പോലെ, തലവന്റെ കോമഡിക്കു ആഞ്ഞുചിരിച്ചു. ആ ചിരിയിൽ ഒരു മധുരപ്രതികാരം ധ്വനിച്ചു.
(ബോഡി ഷാമിങ് എന്ന വാക്ക് ഞങ്ങൾ കേട്ടിട്ടില്ല…അല്ലെങ്കിൽ ഇത്ര ചിരിക്കില്ലായിരുന്നു.)
ഒരു അധ്യാപികയെ ഇങ്ങനെയൊക്കെ ഓർക്കാമോ? ചോദ്യം ന്യായം. പക്ഷെ എന്താ ചെയ്യാ? ടീച്ചറുടെയും എന്റെയും കയ്യിലിരിപ്പ് ശരിയല്ല. രണ്ടാളും അത്ര വെടിപ്പല്ലാട്ടോ. ശാന്തസ്വഭാവവും കരുതലുമുള്ള അധ്യാപികമാർ ആ സ്കൂളിൽ ഉണ്ടായിരുന്നു. പക്ഷെ ‘ടിയാൻ’, അങ്ങനെ ഒരു കക്ഷിയല്ല. ഇപ്പോൾ വായനക്കാർക്കു ഒരു ഐഡിയ കിട്ടിക്കാണും, എങ്ങനെ ഈ ഗെയിംസ് പീരിയഡ് ഞങ്ങൾക്ക് ഇത്ര ചതുർത്ഥിയായെന്ന്.
ആ വർഷം വർക്ക് എക്സ്പീരിയൻസ് പീരിയഡ്, ഈ ‘പ്രിയപ്പെട്ട’ ടീച്ചർ തന്നെയെന്ന് കേട്ടപ്പോൾ, കാന്താരി മുളക് കടിച്ച പോലെ ഒരു നീറ്റൽ അകത്തേക്ക് ശ്വാസം വലിപ്പിച്ചു, പുറത്തേക്കു ചെറിയ ചൂളമടി ശബ്ദമായി ക്ലാസ്സിൽ ചുറ്റിയടിച്ചു.
ക്ലാസ്സിൽ എല്ലാവരും തൃശ്ശൂർ സ്ലാങ് മാത്രം സംസാരിക്കുമ്പോൾ, ടീച്ചറുടെ തെക്കൻ കേരളത്തിലെ സംസാരരീതിയും ഒന്നു വേറിട്ടു നിന്നു.
ക്ലാസ്സിനകത്തും ടീച്ചറെ കണ്ടയുടനെ ഞങ്ങൾ റിഫ്ളക്സ് ഏക്ഷനിൽ അറ്റെൻഷനായി നിന്നു. ഇനി അതിന് വേറെ തല്ല് കിട്ടേണ്ട.
“ഈ വർഷം നിങ്ങൾ ഒരു ‘ഭാഗ്’ തുന്നാൻ പോകുന്നു.” ഓ… ബാഗ്, ഞങ്ങൾ ചിരിയടക്കി, ചുണ്ട് കോർത്തുപിടിച്ചു. ചിരിച്ചുപോയാൽ കഥ കഴിഞ്ഞതു തന്നെ, പിന്നെ ടീച്ചർ മുതുകത്ത് സാധകം ചെയ്യും.
അടുത്ത ക്ലാസ്സിൽ എല്ലാവരും ബാഗ് തുന്നാൻ നൂലുകൾ കൊണ്ടുവരാൻ തുടങ്ങി. പല നിറത്തിലുള്ള പ്ലാസ്റ്റിക് നൂലുകൾ ക്ലാസ് നിറഞ്ഞു. എന്റെ മനോഹരമായ കടുംചുവപ്പ് നൂൽ കെട്ട്, കൂടെ കോർത്തു പിടിപ്പിക്കാൻ തൂവെള്ള മുത്തുകൾ. അച്ഛൻ ടൗണിലെ കടയിൽ നിന്നും വാങ്ങികൊണ്ടുവന്നതാണ്. കൂട്ടത്തിൽ കനമുള്ള നൂൽ നോക്കിയെടുത്തിട്ടുണ്ട്. നേർത്ത നൂൽകൊണ്ട് ബാഗ് തുന്നാൻ, മകൾ വിഷമിക്കേണ്ട, എന്ന് കണക്കുക്കൂട്ടി തന്നെ. ആദ്യനോട്ടത്തിൽ തന്നെ ചുവപ്പു നൂലും വെള്ള മുത്തുകളും എന്നിൽ അനുരാഗം നിറച്ചു. ചുവന്ന ബാഗിൽ വെള്ള മുത്തുകൾ, ഹാ… എന്ത് ഭംഗിയാകും! ഭാവന ചിറകിലേറി പറന്നു.
പലനിറത്തിലുള്ള നൂലുകൾ ക്ലാസ്സിൽ നീണ്ടുനിവർന്നുകിടന്നു. നൂലുമുറിക്കലും, എണ്ണലും തകൃതി. ടീച്ചർ വലിയ ശല്യം ഉണ്ടാക്കുന്നുമില്ല, ആകെയൊരു വെടിനിർത്തൽ അന്തരീക്ഷം ഞങ്ങൾ ആസ്വദിച്ചു. എല്ലാവരും ബാഗിന്റെ കുറച്ചു നിരകൾ ക്ലാസ്സിൽ കെട്ടിത്തീർക്കും, വൈകീട്ട് തിരിച്ച് വീട്ടിൽ കൊണ്ടുപോകും. അടുത്ത ക്ലാസ്സിൽ കൊണ്ടുവന്നു തുന്നൽ തുടരും. ഒരു വർഷത്തെ പ്രൊജക്റ്റ് ആണല്ലോ, ധൃതി വേണ്ട.
പക്ഷെ, എനിക്ക് വീട്ടിൽ ചേച്ചി ഈ ബാഗ് കെട്ടൽ പണി ഏറ്റെടുത്തു. ചേച്ചി ദ്രുതഗതിയിൽ മെടച്ചിൽ തുടർന്നു, ഞാൻ അതിനടുത്തു ചുറ്റിപ്പറ്റി നോക്കിനിന്നു, അത്ഭുതപ്പെട്ടു, ആനന്ദിച്ചു.
ഹോർമോൺ ട്രീറ്റ്മെന്റ് നടത്തിയ പക്ഷികൾപോലെ പ്രായത്തിൽ കവിഞ്ഞു വളർന്നു കയറിയ ബാഗ് തുന്നൽ കാണാൻ ക്ലാസ്സിൽ സഹപാഠികൾ മത്സരിച്ചു. ഉയരങ്ങൾ കീഴടക്കി ജൈത്രയാത്ര നടത്തുന്ന തുന്നൽ പെരുമ കണ്ടു അസൂയപ്പെട്ടു.
‘കുശുമ്പികൾ’, ഞാൻ മനസ്സിലിട്ടു ചിരിച്ചു.
അടുത്ത കൂട്ടുകാരികളോട് മാത്രം ഞാനല്ല, ചേച്ചിയാണ് ബാഗ് തുന്നുന്നതെന്നു അടക്കം പറഞ്ഞു. എന്റെ ഉള്ളിൽ ഞെരുങ്ങിയിരുന്ന രഹസ്യം കെട്ടഴിച്ചു പുറത്തുവിട്ടപ്പോൾ ഒരു അയവ് ഞാനനുഭവിച്ചു.
“ഞാൻ ഊഹിച്ചതാ”, കൂട്ടത്തിൽ ഒരാൾ ചാടി പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ എനിക്ക് പ്രാവീണ്യം എത്രയുണ്ടെന്നു ആ കൂട്ടുകാരിക്ക് നന്നായി അറിയാം. എന്നാലും എന്നെ കൊച്ചാക്കുന്ന ആ കമന്റ് എനിക്കത്ര രുചിച്ചില്ല.
അതിവേഗം ബഹുദൂരം കെട്ടിക്കയറിയ സഞ്ചി, ടീച്ചർ തിരിച്ചും മറിച്ചും നോക്കി.ആ കണ്ണുകളിൽ നക്ഷത്രങ്ങൾ മിന്നി!
പരുപരുത്ത സ്വരത്തിൽ പ്രശംസ,
“നന്നായിട്ടുണ്ട്… “, കാതുകളെ വിശ്വസിക്കാൻ പറ്റിയില്ല. ആ മുരടൻ സ്വരത്തിൽ പോലും ഞാൻ മധുരം നുണഞ്ഞു.
‘ആനന്ദലബ്ധിക്കു ഇനിയെന്ത് വേണം?,
ഞാൻ അഭിമാനപുളകിതയായി!
“അടുത്ത ക്ലാസ്സിൽ ‘ഭാഗ്’ മൂല തിരിക്കാം.” ‘ബ ‘ യെ അത്യന്തം ചുരുട്ടിവലിച്ചു വികലമാക്കി ‘ഭ ‘ പുറത്തുവന്നു.
“ആയ്ക്കോട്ടെ…”, എനിക്ക് നൂറുവട്ടം സമ്മതം. ബാഗ് മൂലതിരിച്ചു, താഴെ വെക്കുമ്പോൾ നിലം തൊട്ടിരിക്കുന്ന അടിഭാഗം തുന്നണം. അതു അടുത്ത ക്ലാസ്സിൽ തുടങ്ങാം. ഞാൻ ‘നിഷ്ക്കു’ ഭാവത്തിൽ തലയാട്ടി. ടീച്ചറുടെ കൈയിൽ നിന്നും കിട്ടിയ പഴയ അടികൾ എന്റെ മെലിഞ്ഞ ശരീരിത്തിലെ പേശികളിൽ ത്രസിച്ചു. ഇപ്രാവശ്യം പതിവിനു വിപരീതമായി അതൊക്കെ ആനന്ദനൃത്തം ചവിട്ടി.
എവിടെയാ ഇതിൽ വാശി?
ചോദ്യം ന്യായം, എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ…, ഇത്തിരി നേരം ക്ഷമിക്കൂന്നെ.
അടുത്ത ക്ലാസ്സ്, ആ സമയം സമാഗതമായി. ടീച്ചർ എന്റെ ഭാഗത്തേക്ക് നോക്കി, അതെ ‘പരുപരുത്ത സ്വരത്തിൽ’, എന്നോട് വരാൻ പറഞ്ഞു.
ആ വിളി കേൾക്കാൻ കൊതിച്ചു, എന്റെ അരുമയായ, മുക്കാൽ ഭാഗം പണി തീർന്ന ചുവന്ന സഞ്ചിയുമായി ലോകം കീഴടക്കിയ മട്ടിൽ ഞാൻ മുന്നോട്ട്.
ടീച്ചർ നൂലുകൾ എണ്ണാൻ തുടങ്ങി. പലപ്രാവശ്യം ടീച്ചറുടെ തടിച്ചു കുറുകിയ വിരലുകൾക്കിടയിലൂടെ നൂലുകൾ കയറിയിറങ്ങി. എണ്ണുംതോറും മുഖഭാവം മാറി മാറി നന്നെ ഇരുണ്ടുവന്നു. ഇപ്പോൾ പൊട്ടിത്തെറിക്കുമെന്ന അവസ്ഥ, ഞാനൊരു അപകടം മണത്തു.
“ഇതിലെ നൂലിന്റെ എണ്ണം കറക്റ്റല്ല, പിന്നെ എങ്ങിനെ മൂല തിരിക്കും?”
പുറത്തേക്കു ഉന്തിവരുന്ന ടീച്ചറുടെ കണ്ണുകൾ എന്നെ ഭയപ്പെടുത്തി. ടീച്ചർ കസേരയിൽ ഒന്നിളകിയിരുന്നു, ഞാൻ രണ്ടടി പുറകോട്ടു മാറി.
സ്വതേ കുറുകിയ ടീച്ചറുടെ കഴുത്ത്, തോൾ കുലുക്കിയപ്പോൾ ഒന്നുകൂടി കനം വെച്ചു. ബാഗും ബാക്കി തൂങ്ങിക്കിടക്കുന്ന നൂലും ചുരുട്ടിക്കൂട്ടി നിർദാക്ഷിണ്യം എന്റെ കയ്യിൽ വെച്ചു ഒരൊറ്റ തള്ള്. തള്ളിന്റെ ഊക്കിൽ ഞാൻ രണ്ടുമൂന്നടി തെറിച്ചു പിന്നോക്കം മാറി.
ക്ലാസ്സിൽ സൂചി പോയിട്ട് അതിന്റെ മൊട്ടു വീണാൽ വരെ കേൾക്കാം, അത്ര നിശബ്ദത തളം കെട്ടി. അതിനെ കീറിമുറിച്ചു ടീച്ചറുടെ ആക്രോശം മാത്രം മുറിയിൽ അലയടിച്ചു. തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് ‘കൂട്ടപൊരിച്ചൽ’ തന്നെ, നിരയിൽ കത്തിവീഴുന്ന പടക്കം കാണും. ഒന്നു ഒന്നിനെ വിഴുങ്ങുന്ന പൊട്ടിത്തെറി ശബ്ദം തരംഗമായി നമുക്ക് ചുറ്റും വിറപ്പിക്കും, ആകെ ഒരു വിറയൽ മാത്രം, നമ്മൾ അറിയും. അതേ അവസ്ഥയിലൂടെ ഞാൻ കടന്നുപോയി, മിഴിച്ചു നോക്കുന്ന കൂട്ടുകാരുടെ മുന്നിൽ നാണംകെട്ടു. പക്ഷെ ആരും ചിരിക്കുന്നില്ല. ചിരിക്കാൻ ആർക്കും ധൈര്യമില്ല എന്നതുകൊണ്ടുമാത്രം.
എങ്ങനെയാണ് ഞാൻ എന്റെ ബെഞ്ചിൽ തിരിച്ചെത്തിയത്? ഒരു സ്വപ്നാടനം പോലെ ഞാൻ തിരിച്ചുവന്നിരുന്നു. വെള്ള മുത്തുകൾ കോർത്ത ചുവന്ന സഞ്ചിയിൽ പുസ്തകങ്ങൾ വെച്ചു തോളിൽ തൂക്കി പോകുന്നത് എത്ര പകൽകിനാവ് കണ്ടതാണ്. നിമിഷം നേരം കൊണ്ടു തകർന്നു വീണ എന്റെ ചീട്ടുകൊട്ടാരം.
കാർമേഘം മൂടിയ മാനം പോലെയുള്ള എന്റെ മുഖം കണ്ടപ്പോൾ അമ്മ ചോദിച്ചു.
“ഉം… ഇന്ന് എന്താ പറ്റ്യേ?”
ചേട്ടന്മാരും ചേച്ചിയും വട്ടം കൂടി. തെറ്റിപ്പോയ മൂലതിരിഗണിതം ദുരന്തകഥ, അമർത്തിയ വിങ്ങലിൽ പുറത്തു വന്നു, കാർമേഘങ്ങൾ കണ്ണീരായ് പെയ്തൊഴിഞ്ഞു.
എല്ലാവരും ചേർന്ന് പലവട്ടം എണ്ണിയിട്ടും കുരുക്കഴിക്കാൻ പറ്റാത്ത സമസ്യയായി നൂലുകൾ കെട്ടുപ്പിണഞ്ഞു തൂങ്ങിക്കിടന്നു. കൂർത്ത നഖങ്ങൾ വരഞ്ഞ ചോരപ്പാടുകളായി, ചുവന്ന നൂൽകഷണങ്ങൾ ചോദ്യചിഹ്നത്തിൽ വളഞ്ഞു.
“എനിക്കിതു മുഴുവനാക്കി തുന്നി തരണം”, ഞാൻ വാശിപിടിച്ചു.
“എങ്ങനെ?”, എല്ലാ കണ്ണുകളും എന്റെ നേരെ നീണ്ടു.
“അതു ശരിയാവില്ല, വെറുതെ നിയ്യ് വാശിപിടിക്കേണ്ട”, അവർ കൊറസ് പാടി.
“ഈ മൂടില്ലാത്ത ബാഗ്, പുസ്തകം ചോരും “, ആ രംഗം മനസ്സിൽ കണ്ടു അവർ ചിരിയോടു ചിരി.
“അത്രയ്ക്ക് അങ്ങട് ചിരിക്കേണ്ട ട്ടോ… “, ഞാൻ ചീറി. ഒരാപത്തിൽ കൂടെ നിൽക്കേണ്ടവർ ചിരിച്ചത് എനിക്ക് തീരെ പിടിച്ചില്ല.
“എങ്ങനെയെങ്കിലും എനിക്കിത് സ്കൂളിൽ കൊണ്ടുപോകണം.” വാശിക്ക് ലക്ഷ്യമുണ്ട്, മാർഗം അറിയില്ല എന്ന് മാത്രം.
“ബാക്കി വന്ന നൂലുകൾ കൂട്ടിക്കെട്ടാം, അതേ… ഇനി പറ്റൂ. ബാഗ് എപ്പോഴും വാപൊളിച്ചിരിക്കും, എന്താ വേണോ?”
“സാരല്യ… എന്നാലും വേണം.” ഞാനല്ല, എന്നിലെ വാശി പറഞ്ഞു.
“ഔ… ഈ കുട്ടീടെ ഒരു കാര്യം, എന്തൊരു വാശിയായിത്”, അമ്മ പരിതപിച്ചു.
ഇറയത്തെ വലിയ കസേരയിൽ മുഖം കുനിച്ചിരിക്കുന്ന എന്നെ അമ്മയും കൂട്ടാളികളും സഹതാപവും പരിഹാസവും സമാസമം കലർത്തി പുഞ്ചിരിയുടെ മേമ്പൊടി ചേർത്തു നോക്കുന്നത്, കൺകോണുകളിലൂടെ ഞാൻ കണ്ടു.
“…ന്നാല് ഇനി ഇപ്പൊ എന്താ ചെയ്യാ?
അതു ഒന്നു കൂട്ടികെട്ടി കൊടുക്ക്.”, അമ്മ ചേച്ചിയെ നോക്കി. ചേച്ചി നൂലുകൾ കൂട്ടിക്കെട്ടി ബാഗ് ചോരാത്ത പരുവമാക്കി. ചേട്ടന്മാർ മെഴുകുതിരി കത്തിച്ചു, മിച്ചം വന്ന നൂലുകൾ ഉരുക്കി ഒട്ടിച്ചു ഭദ്രമാക്കി.
അവരുടെ സ്ഥിരം വിശേഷം പറച്ചിൽ ഉച്ചത്തിൽ ഉയരുമ്പോഴും ചുണ്ടു കൂർപ്പിച്ച്, നീളൻ നീലപ്പാവാടയുടെ തുമ്പ് മെല്ലെ ഉലച്ചുകൊണ്ടു മൂകബധിരയായി ഞാനിരുന്നു. തോട്ടത്തിലെ വെള്ള തെച്ചിപ്പൂക്കൾക്കും മഞ്ഞ കോളാമ്പി പൂക്കൾക്കും എന്നെ സന്തോഷിപ്പിക്കാൻ കഴിഞ്ഞില്ല. ഗന്ധരാജന്റെ വിടർന്ന പൂക്കളുടെ മണം എന്നെ തേടിവന്നില്ല. എല്ലാ വൈകുന്നേരങ്ങളിലും ഞാൻ തോട്ടത്തിലെ മാങ്ങനാറി പൂവിനോടും കോഴിവാലൻ പൂവിനോടും എന്റെ വിരൽത്തുമ്പിന്റെ തലോടലിൽ, പൂക്കളിൽ നിന്നും പറന്നുയരുന്ന പൂമ്പാറ്റകളോടും തുമ്പികളോടും വരെ സല്ലപിക്കാറുള്ളതാണ്.
ബാഗ് പണികഴിഞ്ഞു, എന്റെ തോളിൽ ഇട്ടുതന്നു. ബാഗിന്റെ അവസ്ഥ പരമകഷ്ടം തന്നെ. ആക്രാന്തം കാണിക്കുന്ന കുഞ്ഞിന്റെതു പോലെ ബാഗ് വായ പൊളിച്ചു നിന്നു. എന്റെ ചുറ്റും നിന്ന് ചിരിയടക്കാൻ പാടുപെടുന്നവരെ ഞാൻ കണ്ടില്ലെന്ന് നടിച്ചു.
“ഇതു നീ സ്കൂളിൽ കൊണ്ടുപോകുമോ?”, അവർക്ക് സംശയം മാറുന്നില്ല.
“പിന്നെ… ഞാൻ കൊണ്ടുപോകും”, ഞാൻ നയം വ്യക്തമാക്കി. ഇത്തിരി സൗന്ദര്യക്കുറവ് വന്നെങ്കിലും എന്റെ ചുവന്ന സഞ്ചിയെ തീർത്തും ഉപേക്ഷിക്കാൻ എനിക്കെങ്ങനെ സാധിക്കും? എന്നെ ഭൂലോകത്തോൽവിയാക്കാൻ കാരണമാകേണ്ടിയിരുന്ന ബാഗ് മേശമേൽ ഇരിക്കാൻ കെല്പില്ലാതെ ചരിഞ്ഞു കിടന്നു.
‘നാളെ നമുക്ക് സ്കൂളിൽ പോകാം ട്ടോ…’ ഞാനെന്റെ ചുവന്നസഞ്ചിയെ അരുമയോടെ തലോടി. എന്റെ വാശിയും തൂവെള്ള മുത്തുകളും വെളുക്കെ ചിരിച്ചുകൊണ്ടിരുന്നു.
അമ്പിളിമാമൻ ചിത്രകഥയിലെ, മരത്തിൽ ഒളിച്ചിരുന്ന്, രാജാവിനെ ചോദ്യങ്ങൾ ചോദിച്ചു ഉത്തരം മുട്ടിക്കാൻ ശ്രമിക്കുന്ന, വേതാളത്തെ തോൽപ്പിച്ച്, ചുവന്ന സഞ്ചി തോളിൽ തൂക്കി നടന്നു. അജയ്യനായ രാജാവായി, എന്റെ വാശി, ഒരു പുഞ്ചിരിയോടെ മുന്നോട്ടു കുതിച്ചു. വാശിയെന്റെ കാതിൽ പറഞ്ഞു, ‘ധൈര്യമായിരിക്ക് ഞാനുണ്ട് കൂടെ.’


12 Comments
അടികൊണ്ട് കൈ പൊള്ളിയ പാർട്ടിയാണ് ഞാൻ. അതൊക്കെ ഒരു കാലം! എല്ലാം ഓർമ്മയിലേക്ക് കൊണ്ടുവന്നതിന് നന്ദി ജോയ്സ് ❤️
ഒത്തിരി ഇഷ്ടം, വായനക്ക്, ഈ സ്നേഹത്തിന് നന്ദി.🙏
നല്ലെഴുത്ത് ❤️
നല്ല ഓർമകൾ, താഴ്ത്തി കെട്ടുന്നവർക്ക് മുന്നിൽ വിജയിക്കാൻ വാശി കൂടെ വേണം. ചില മനുഷ്യരുടെ പെരുമാറ്റം ഓർമ നിലനിൽക്കും കാലത്തോളം കൂടെയുണ്ടാവും. നമ്മൾ പറയാറില്ലേ പൊറുക്കാം പക്ഷെ മറക്കാൻ സാധിക്കില്ലെന്നു. ഗുഡ് റൈറ്റിംഗ് ❤️❤️
Thank you Sabira. 🙏
കൊള്ളാം ജോയ്സ്. പണ്ട് പ്ലാസ്റ്റിക് വയർ വെച്ച് ബാഗും flower vase ഉം ഉണ്ടാക്കിയതൊക്കെ ഓർമ്മ വന്നു.
ഞങ്ങൾക്കിതു പോലൊരു തയ്യൽ ടീച്ചറുണ്ടായിരുന്നു. തടിയൻ നോവലും വായിച്ചിരുന്നിട്ട് സംസാരിക്കുന്നവരെ ആ ബുക്കു വെച്ചെറിയും😃😃
വായനക്കും ഓർമകൾ പങ്കുവെച്ചതിനും ഒത്തിരി നന്ദി 🙏❤
സരസമായ എഴുത്ത്..!!
വായിച്ചിരിക്കാൻ തോന്നി❤️
വിഷ്ണുപ്രിയ, ഒത്തിരി നന്ദി, സ്നേഹം. 🙏❤
നല്ല ഓർമ്മകൾ… എന്നാലും വല്ലാത്തൊരു ടീച്ചർ തന്നെ… എഴുത്ത് നന്നായിട്ടുണ്ട് ❤️
Thank you shybi, വായനക്ക് 🙏😍
ഈ വിധം ഞങ്ങൾക്കുമുണ്ടായിരുന്നു രണ്ട് ടീച്ചർമാര്. . ഞങ്ങൾടെ ചെവികൾക്കും കൈകളുടെ ഉരത്തിനും ചുവപ്പ് നിറം ഒഴിഞ്ഞിരുന്നില്ല
നന്നായി എഴുതി 👍