ഒരു കുഞ്ഞ് വളർന്നുവരുമ്പോൾ അല്ലെങ്കിൽ വളർത്തി കൊണ്ടു വരുമ്പോൾ പഠിപ്പിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണെന്ന് അറിയാമോ?
സ്വയം മാനിക്കാനും അതുപോലെതന്നെ മറ്റുള്ളവരെ മാനിക്കാനും പഠിക്കലാണ്/ പഠിപ്പിക്കലാണ്.
അവനവനെ പറ്റി മതിപ്പില്ലാത്തവർക്ക് മറ്റുള്ളവരെ എങ്ങനെ മാനിക്കാനാവും?
ഞാൻ പ്രീഡിഗ്രിക്കു പഠിക്കുകയാണ്. ഫാറൂഖ് കോളേജിലാണ് പഠിക്കുന്നത്. രണ്ടാഴ്ചയിലൊരിക്കൽ വയനാട്ടിലെ എൻ്റെ വീട്ടിൽ വന്ന് തിങ്കളാഴ്ച പുലർച്ചെ മടങ്ങലായിരുന്നു അക്കാലത്തെ പതിവ്. അങ്ങനെ ഒരു യാത്രയിലാണ് ഈ സംഭവം ഉണ്ടാകുന്നത്. ഞാൻ ബസിലെ സീറ്റിലിരുന്ന് ചെറുതായി മയങ്ങുന്നുണ്ട്. കൂട്ടുകാരിയും സീനിയറുമായ മറ്റൊരു പെൺകുട്ടിയുടെ ബാഗും എൻ്റെ കൈയ്യിലുണ്ട്. ഒരു വലിയ ബഹളം കേട്ടാണ് ഉണർന്നത്. എൻ്റെ കൂട്ടുകാരി കൈയ്യിൽ ഡിസക്ഷൻ ബോക്സും പിടിച്ച് ബഹളം ഉണ്ടാക്കുകയാണ്. അവൾ ഒരുത്തൻ്റെ കൈ മുറുകെ പിടിച്ചിട്ടുണ്ട്. ചോരയും ഒലിക്കുന്നുണ്ട്. ഞാനാകെ വിരണ്ടുപോയി. ഡിസക്റ്റ് ചെയ്യാനുപയോഗിക്കുന്ന ഫോർസെപ്സ് അവൻ്റെ കയ്യിൽ കുത്തി ഇറക്കിയതാണ്.
ബസ്സിലെ തിരക്കിനിടയിലൂടെ അവൻറെ കൈ അവളുടെ മുലയിൽ പലതവണ അമർത്തിയതാണ്. ആദ്യം തന്നെ അവൾ എതിർത്തു. അവളുടെ പ്രതിഷേധത്തെ വകവെക്കാതെ അവൻ വീണ്ടും വീണ്ടും അങ്ങനെ ചെയ്തതോടെയാണ് അവൾ ഡിസക്ഷൻ ബോക്സ് പ്രയോഗം നടത്തിയത്. ഹിസ്റ്റീരിയ ബാധിച്ചതുപോലെയായിരുന്നു അവൾ അപ്പോൾ. ബസ് പോലീസ് സ്റ്റേഷനിലേക്ക് വിടാൻ പറഞ്ഞുവെങ്കിലും ഓടുന്ന ബസിൽ നിന്ന് ചാടിയിറങ്ങിയോടി അവൻ രക്ഷപ്പെട്ടു.
ആ ട്രോമ അവളെ ഏറെക്കാലം പിന്തുടർന്നു. ആൾക്കൂട്ടത്തിലേക്ക് പോകാൻ തന്നെ അവൾ ഭയപ്പെട്ടിരുന്നു. ക്ലാസിലെ ആൺകുട്ടികളുടെ സൗഹൃദം പോലും അവൾ സംശയ കണ്ണോടെ കണ്ടു.
എത്ര പെട്ടെന്നാണ് സൗഹൃദത്തോടെ സ്വാതന്ത്ര്യത്തോടെ ഈ ലോകത്തിൽ ഇറങ്ങി പെരുമാറിയിരുന്ന ഒരു പെൺകുട്ടി ഉൾവലിഞ്ഞു പോയത്, ഒരൊറ്റ സംഭവത്തോടെ…
ജോലിയും പഠിത്തവുമായി വീടുവിട്ടു നിൽക്കാൻ തുടങ്ങിയതോടെ ശരീരത്തിനും നേരെയുള്ള അതിക്രമങ്ങൾ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ എനിക്കും നേരിടേണ്ടിവന്നു.
സി ഡിറ്റിൽ ജോലിയുമായി തിരുവനന്തപുരത്ത് താമസിക്കുമ്പോഴാണ് ഈ സംഭവം ഉണ്ടാവുന്നത്. ഉദാരശിരോമണിറോട്ടിലെ എൻ്റെ ഹോസ്റ്റലിലേക്ക് വൈകിട്ട് ജോലി കഴിഞ്ഞ് വരികയായിരുന്നു ഞാൻ. ഹലോ എന്ന വിളി കേട്ട് തിരിഞ്ഞു നോക്കിയതാണ്. അപ്പോളതാ ഒരുത്തൻ ഊരിപ്പിടിച്ച ഷഡ്ഢിയുമായി നിൽക്കുന്നു.
അറപ്പും വെറുപ്പും ഒരുപോലെ എന്നിൽ പതഞ്ഞു വന്നു.
‘ചേട്ടാ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മോശം പെർഫോമൻസ് ആയിരുന്നു ചേട്ടൻ്റെത്. അയ്യേ… അടുത്ത തവണയെങ്കിലും നന്നാക്കാൻ നോക്കണേ’ എന്ന് പുച്ഛത്തോടെ പറഞ്ഞു രംഗം വിട്ടെങ്കിലും ആ കാഴ്ച ഉണ്ടാക്കിയ അറപ്പ് ഏറെക്കാലം എന്നെ പിന്തുടർന്നിരുന്നു. എത്ര ഡെറ്റോൾ ഇട്ട് കുളിച്ചാലും മാറാത്ത, എത്ര യുഡി കൊളോൺ പുരട്ടിയാലും മാറാത്ത ദുർഗന്ധമായിരുന്നു ആ കാഴ്ച.
പനി കാരണം തലപൊക്കാൻ വയ്യാത്ത മറ്റൊരു ദിവസം. കോഴിക്കോട് ആണ് താമസം. തീർന്ന മരുന്ന് വാങ്ങാൻ ടൗണിലേക്ക് ഇറങ്ങിയതായിരുന്നു. മരുന്നുവാങ്ങി. രണ്ടുകൂട് ബ്രെഡും ഒരു കവർ പാലും വാങ്ങാനായി അടുത്ത കടയിലേക്ക് നടക്കുകയാണ്. സ്വാഭാവികമായി എതിരെ ഒരുപാടുപേർ വരുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് ഒരു പ്രകോപനവും കൂടാതെ അതിലൊരാൾ എൻ്റെ മാറിടത്തിൽ കയറിപ്പിടിച്ചു. ഞെരിച്ചുടച്ച് അയാളതും കൊണ്ടുപോകുമെന്ന് തോന്നിയ വേദനയിൽ എൻ്റെ കൈയിലുണ്ടായിരുന്ന പേഴ്സ് വെച്ച് അയാളുടെ കവിളിൽ ആഞ്ഞാഞ്ഞു കുത്തി. അയാൾ വേച്ചു റോഡിലേക്ക് വീണു. ഞാൻ ഉറക്കെ കരഞ്ഞു. കുറച്ച് അപ്പുറത്ത് മാറി
പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കളിലെ ഡ്രൈവർമാർ ഓടിവന്നു. നടന്നുപോയവരും അടുത്ത കടകളിൽ നിന്നുള്ളവരുമെല്ലാം ഓടിവന്നു. ഞാനവർക്കു നടുവിൽ എല്ലാ ഊർജവും നഷ്ടപ്പെട്ട് തലകറങ്ങി നിന്നു.
ആരൊക്കെയോ ചേർന്നയാളെ വീണ്ടും വീണ്ടും തല്ലി. നിലത്തിട്ട് ചവിട്ടി. എനിക്കയാളെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കണമായിരുന്നു. തൊട്ടടുത്താണ് നടക്കാവ് പോലീസ് സ്റ്റേഷൻ. ഓട്ടോറിക്ഷക്കാലൊരാൾ പോലീസ് സ്റ്റേഷൻ നമ്പർ ഡയൽ ചെയ്യാനാഞ്ഞതും ‘എൻ്റെ അച്ഛനെ തല്ലല്ലേ മാമാ’ എന്നു കരഞ്ഞും കൊണ്ട് നരച്ച ഷർട്ടിട്ട ഒരു കുഞ്ഞു ആൺകുട്ടി റോഡിൽ വീണു കിടക്കുന്ന ആ മനുഷ്യനെ കെട്ടിപ്പിടിച്ച് വന്നു വീണു.
തിന്നു തീരാറായ ഒരു ലോലിപോപ്പ് അവൻ്റെ വിരലുകൾക്കിടയിൽ ഒട്ടിയിരുന്നു. ആ കുഞ്ഞു കരച്ചിൽ എല്ലാവരും സ്തബ്ധരായി. അവൻ്റെ ഏങ്ങലടികൾ മാത്രം
ഞാൻ കേട്ടു. മരിച്ചുപോയ എൻ്റെ കുഞ്ഞിനെ എന്തുകൊണ്ടോ എനിക്ക് ആ നിമിഷം ഓർമ വന്നു.
‘പോലീസിനെ വിളിക്ക് ചേട്ടാ ‘എന്നാണ് എനിക്ക് അപ്പോഴും പറയാൻ തോന്നിയത്.
കാരണം ഒരു പൊതു സ്ഥലത്ത് വെച്ചുണ്ടായ ആ ആക്രമണം എൻ്റെ അഭിമാനത്തെ അത്രയും വലിച്ചു താഴ്ത്തി കളഞ്ഞിരുന്നു.
പോലീസ് സ്റ്റേഷനിലേക്ക് വിളിക്കാൻ തുടങ്ങിയ ഓട്ടോ ഡ്രൈവർ എന്നെ നോക്കി. എനിക്കാ നോട്ടത്തിൻ്റെ അർത്ഥം മനസ്സിലായി.
ആ കുഞ്ഞു കരച്ചിൽ എല്ലാവരെയും ഉലച്ചു കളഞ്ഞിരുന്നു.
‘അച്ഛാ എണീക്ക് അച്ഛാ.. നമ്മക്ക് വീട്ടി പൂവാം അച്ഛാ.. എനിക്ക് ബീച്ചില് പൂവണ്ട, വീട്ടില് പോയാ മതി… എനിക്ക് പേടിയാവുന്നു അച്ഛാ’
പേടിച്ചുവിറച്ച് പകുതി ശബ്ദവും വെളിയിൽ വരാതെ ഒരു കുഞ്ഞു ശബ്ദം പിന്നേം എൻ്റെ കാതിൽ വന്നുവീണു.
‘വേണ്ട ചേട്ടാ പോലീസിനെ വിളിക്കണ്ട. അയാളെ വിട്ടേക്ക് ‘ മനസ്സില്ലാമനസ്സോടെ ഞാൻ പറഞ്ഞു.
ഒരു ഓട്ടോറിക്ഷയിൽ കയറിയിരുന്ന് ബിലാത്തിക്കുളം ഹൗസിംഗ് കോളനിയിലെ ഫ്ലാറ്റിലേക്ക് പോകുമ്പോൾ ഞാൻ കരഞ്ഞു. എനിക്കുണ്ടായ അപമാനവും ആ കുഞ്ഞുകരച്ചിലും എന്നെ തളർത്തി.
അവൻ്റെ കുഞ്ഞുമനസ്സിൽ ക്രിമിനലായ അച്ഛൻ്റെ രൂപം എങ്ങനെയായിരിക്കും
അടയാളപ്പെടുത്തപ്പെട്ടിണ്ടാവുക? വളർന്നുവരുമ്പോൾ അവൻ എതിരെ വരുന്ന ഒരു പെണ്ണിനേയും കയറി പിടിക്കാൻ തോന്നാത്തവനായി വളരട്ടെ എന്ന് ഞാനാ നിമിഷത്തിൽ ആത്മാർത്ഥമായി ആഗ്രഹിച്ചു.
തൃശൂരിലേക്കുള്ള യാത്രയിലാണ്. എൻ്റെ തൊട്ടടുത്തിരിക്കുന്ന പെൺകുട്ടി കുഞ്ഞിന് മുല കൊടുക്കുകയാണ്. എടയ്ക്കെപ്പോഴോ കേറിയ പയ്യന്മാരിലൊരാൾ ഈ കാഴ്ച കണ്ടു രസിക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോൾ അവൻ തൻ്റെ സുഹൃത്തുക്കൾക്കും ഈ കാഴ്ച കാണിച്ചു കൊടുക്കാൻ തുടങ്ങി. എന്താ ഇത്ര കാണാൻ എന്നു ചോദിച്ച് ഞാൻ ബഹളം വച്ചു. പയ്യന്മാർ പരുങ്ങി. ഈ ബഹളമൊക്കെ കണ്ടുനിന്നു എന്നല്ലാതെ ആ ബസിലെ ഒരാളും ആ പെൺകുട്ടിയും പെൺകുട്ടിയുടെ ഭർത്താവുമടക്കം ഒരാളും എന്നോടൊപ്പം നിന്നില്ല. ആ ബസിൽ ഞാനൊറ്റപ്പെട്ടു.
കോഴിക്കോട് കൈരളി ശ്രീ തിയ്യറ്ററിൽ അഞ്ചു സുന്ദരികൾ എന്ന സിനിമ കാണുകയാണ്. കൂട്ടുകാരായ ചെറിയ ഒരാൺകുട്ടിയും ചെറിയ ഒരു പെൺകുട്ടിയും ഫോട്ടോ എടുക്കാൻ സ്റ്റുഡിയോയിൽ പോകുന്നതും പൈസ തികയാത്തതുമൊക്കെ കണ്ടപ്പോൾ തന്നെ മനസിലൊരാന്തൽ തുടങ്ങി. സ്റ്റുഡിയോക്കാരൻ ആ കുഞ്ഞുപെൺകുട്ടിയോട് വാ എന്നു പറയുന്നതു കേട്ടപ്പോൾ തന്നെ ശ്വാസംമുട്ടൽ തുടങ്ങി. സ്റ്റുഡിയോക്കാരൻ്റെ വഷളൻ ചിരിയോടെ ആ സിനിമ അവസാനിക്കുകയാണ്. അതിനുമുകളിലേക്കാണ് ‘ബാക്കി കൂടി കാണിക്കെടാ ‘ എന്നൊരു അശ്ലീല കമൻ്റ് ആ ഇരുട്ടിൽ നിന്നെവിടേയോ വന്നു വീണത്. ഒരു നിമിഷം ശ്വാസം വിലങ്ങിയിരുന്ന തിയ്യറ്റർ ഒന്നടങ്കം അയാളെ കൂവി.
ചന്തിയും മുലയും മാത്രമല്ല പെണ്ണുങ്ങൾ. നെഞ്ചളവും ലിംഗത്തിൻ്റെ വലുപ്പവും മാത്രമല്ല ആണുങ്ങൾ. പല വിധ കലർപ്പുകൾ ഉള്ള സമൂഹങ്ങൾ വേറെയും…. പരസ്പരം മാനിക്കാത്ത ഒരിടത്തു നിന്ന് നമുക്കെങ്ങനെയാണ് സാമൂഹ്യനീതി പ്രതീക്ഷിക്കാനാവുക?


2 Comments
യോജിക്കുന്നു, ഇതിൽ പ്രതിപാദിച്ച വിഷയങ്ങളോട്. സ്ത്രീയോട് എന്തും ചെയ്യാം, തന്റെ സുഖത്തിനു മാത്രം എന്നു കരുതുന്ന ആഭാസന്മാർ ചുറ്റുമുണ്ട്.
അതിൽ ഉൾപ്പെടുന്ന സ്ത്രീക്കു ഉണ്ടാകുന്ന മെന്റൽ trauma യെ കുറിച്ച് ഒരു നിമിഷം ചിന്തിക്കുന്നുവെങ്കിൽ വെറും കാഴ്ചക്കാരായി ആരും നിൽക്കില്ല.
ഇത്തരം എഴുത്തുകൾ eye opener ആവട്ടെ!
👏
സമൂഹത്തിന് സ്വയം മെച്ചപ്പെടുന്നതിലേക്കുള്ള വാതിലുകളാണ് ഇത്തരം തുറന്നെഴുത്തുകൾ തീർച്ച. അഭിനന്ദനങ്ങൾ ഇന്ദൂ 👏