കോയമ്പത്തൂരിൽ കലാപം
പലയിടത്തും യുദ്ധപ്രതീതി തന്നെ.
മിനിറ്റുകൾ കഴിയും തോറും കലാപവും കൊടുമ്പിരി കൊണ്ടിരിക്കുന്നു.
ഏതു നിമിഷവും എന്തും സംഭവിക്കാം…
ഓടിയൊളിക്കാന്‍ ഇടം തേടി, പലായനം നടത്തുന്ന വൃദ്ധരും കുട്ടികളും രോഗികളുമടങ്ങുന്ന കുടുംബങ്ങള്‍…
ഇന്നലെ വരെ അയൽ ബന്ധങ്ങൾ കൊടുക്കൽ വാങ്ങലുകൾ കൊണ്ട് സ്നേഹം പങ്കു വെച്ചവർ ഇന്ന്
പരസ്പരം ചേരി തിരിഞ്ഞു കൊള്ളയും കൊള്ളിവെപ്പും.
ആക്രോശങ്ങൾ, അട്ടഹാസങ്ങൾ മറ്റൊരു നിമിഷത്തില്‍ അത് ദയനീയമായ അലമുറകള്‍ക്കും വാവിട്ടുള്ള കരച്ചിലുകൾക്കും വഴിയൊരുക്കുന്നു,
തെരുവുകള്‍ വിജനമായിരിക്കുന്നു,
എങ്ങും പേടി പെടുത്തുന്ന നിശബ്ദത. പല പ്രമുഖരും നേരത്തെ തന്നെ മാളങ്ങളില്‍ ഒളിച്ചു. ചെറുകിട കച്ചവടക്കാരും സ്വത്തും മുതലും ഉപേക്ഷിച്ചു ജീവനും കൊണ്ടു രക്ഷപെട്ടിരിക്കുന്നു…
കുഞ്ഞാക്കയും എല്ലാം ഉപേക്ഷിച്ചു പോകാനുള്ള തയ്യാറെടുപ്പിലാണ്.
ഈ ഭ്രാന്ത് അവസാനിക്കട്ടെ. എന്നിട്ട് വേണമെങ്കിൽ തിരിച്ചു വരാം.
സത്താർ ഗൾഫിൽ പോയത് മുതലുള്ള പറച്ചിലാണ് വാപ്പ ഇനി കുറച്ചു കാലം നാട്ടിൽ ഉമ്മയുടെ കൂടെ ജീവിക്ക് എന്ന്
ആഗ്രഹമില്ലാഞ്ഞിട്ടല്ല..
പക്ഷെ…
ഒന്നും ഒരു കരക്ക് അടുത്തിട്ടില്ല മൈമൂനയുടെ നിക്കാഹ് വരെയെങ്കിലും പിടിച്ചു നിൽക്കണം. സത്താറിനെ കൊണ്ട് ഒറ്റക്ക് കൂട്ടിയാൽ കൂടൂല…
സത്താറിന്റെ നേരെ ഇളയതാണ് മൈമൂന അവളുടെ നിക്കാഹ് ഏതാണ്ട് പറഞ്ഞു വെച്ചിരിക്കുകയാണ് സ്വത്തും മുതലുമൊന്നും അവര് ചോദിച്ചിട്ടില്ലെങ്ങിലും നാട്ടു നടപ്പനുസരിച്ച് എല്ലാം ചെയ്യേണ്ടേ… പക്ഷേങ്കില് അതിനു ഉറുപ്പിക എത്ര വേണമെന്ന് ഒരു നിശ്ചയം ഇല്ല.
ഇവിടെ കലാപമാണ് എന്നറിഞ്ഞത് മുതല്‍ ഭാര്യ സക്കീനയും മകള്‍ മൈമൂനയും വിളിയോട് വിളി.. പോരാത്തതിന് ദുബായില്‍ നിന്ന് സത്താറും.
വീട്ടുകാരുടെ മന സമധാനമാണല്ലോ ഏറ്റവും വലിയ സമ്പത്ത്. അത് കൊണ്ടാണ് പോകാം എന്ന് തീരുമാനിച്ചത് അല്ലാതെ കലാപക്കാരെ പേടിച്ചിട്ടു ഒന്നുമല്ല.
വര്‍ഷങ്ങളായി ഈ തെരുവിലുള്ളവര്‍ക്ക് കുഞ്ഞാക്കാനെ അറിയാം കുഞ്ഞാക്കക്ക് തിരിച്ചും ഇവിടെത്തെ കൊടി കെട്ടിയ പോക്കിരികളെല്ലാം കുഞ്ഞാക്കയുടെ പറ്റു പടിക്കാര്‍ ആണ് ” ന്നെ ആര് എന്ത് ചെയ്യാന്‍ ” ഇതാണ് പാവം ശുദ്ധനായ കുഞ്ഞാക്ക ചോദിക്കുന്നത്.
എന്തായാലും കുഞ്ഞാക്കയും തിരിച്ചു പോകുകയാണ്. കലാപക്കാരെ പേടിച്ചു ബസുകള്‍ താല്‍കാലികമായി ഓട്ടം നിര്‍ത്തി വെച്ചിരിക്കുന്നു. അവനവന്റെ സൗകര്യത്തിനു മാത്രം നിരത്തില്‍ ഇറങ്ങുന്ന ചെറു വാഹനങ്ങള്‍ അതിലൊന്നിന്റെ പുറകില്‍ ഇരുന്നാണ് കുഞ്ഞാക്ക ടൌണില്‍ എത്തിയത്. ടൌണും ഏതാണ്ട് വിജനമായിരിക്കുന്നു.
‘പോകാനിടമില്ലാത്തവര്‍ കലാപവും ഭൂമി കുലുക്കവും എല്ലാം തികഞ്ഞ നിസ്സംഗതയോടെ നോക്കി കാണുന്നവര്‍ കുഞ്ഞാക്കയുടെ വീക്ഷണത്തില്‍ ഇതാണ് പട്ടണ നിവാസികള്‍… !
ഇനി സാരമില്ല.. ഇവിടെ നിന്നും കേരളത്തിലേക്ക് ധാരാളം ചരക്കു വാഹനങ്ങള്‍ പോകുന്നുണ്ട്.. ഏതെങ്കിലും ഒന്ന് നിര്‍ത്താതിരിക്കില്ല. കുഞ്ഞാക്ക വാഹനം കാത്തു നില്‍ക്കുകയാണ്. ആ ഇടവേളകളില്‍ എല്ലാം കുഞ്ഞാക്കയുടെ മനസ്സ് മൈമൂനയുടെ നിക്കാഹിനെ കുറിച്ചായിരുന്നു.
പെട്ടെന്നാണ് ദൂരെ തീ പന്തങ്ങള്‍ പ്രത്യക്ഷപെട്ടത് അകമ്പടിയായി ആക്രോശങ്ങളും അലമുറകളും.. കലാപക്കാരുടെ വരവാണ്..
നഗര വാസികള്‍ ചിന്നി ചിതറി. ചുരുക്കം ചില കടകളെ തുറന്നിരുന്നുള്ളൂ അതിന്റെ ഷട്ടറുകള്‍ അതിവേഗം താഴ്ന്നു. ഇരുട്ടിന്റെ മറവിലെ നിശ്വാസകരില്‍ ഒരാളായി കുഞ്ഞാക്കയും താല്‍കാലികമായി തന്റെ ജീവന്‍ കാത്തു.
രണ്ടു മൂന്നു വാഹനങ്ങള്‍ നാലോ അഞ്ചോ പീടിക മുറികള്‍ ഇന്ന് ഇത്രയും മതിയായിരുന്നു കലാപകാരികള്‍ക്ക് ഉയര്‍ന്നു പൊങ്ങുന്ന ആ തീ നാളങ്ങള്‍ മുടി അഴിച്ചിട്ടു തുള്ളുന്ന കോമരത്തെ ഓര്‍മിപ്പിച്ചു. ഒരു പാട് പേരുടെ ഒരുപാട് കാലത്തെ അധ്വാനം… സ്വപ്നങ്ങൾ… ജീവിതങ്ങൾ…
എന്തെല്ലാമാണ് അഗ്നി നാളങ്ങള്‍ വെന്തെരിച്ചത്. എല്ലാം ദൈവത്തിന് വേണ്ടി..
ആരുടെ ദൈവം!
പോലീസും ഫയര്‍ ഫോഴ്സുമെല്ലാം എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. നിയമ പാലകരെ കണ്ടപ്പോള്‍ ഇരുട്ടിന്റെ മറവില്‍ ജീവന്‍ ഒളിപ്പിച്ച തലകള്‍ ഓരോന്നായി പുറത്തു വന്നു. നഗരത്തിന്റെ മുക്കിലും മൂലയിലും പോലീസ് അരിച്ചു പൊറുക്കി… വെറും പ്രഹസനങ്ങള്‍… ചില നേരത്ത് കലാപക്കരെക്കാള്‍ പേടിക്കണം പോലീസുകാരെ…
ആ ബൂട്ടുകളുടെ ശബ്ദം നിലച്ചിരുന്നു നഗരം ശാന്തമെന്നു വരുത്തി പോലീസുകാര്‍ തിരിച്ചു പോകുകയാണ് പേരിനു മാത്രം ഒന്നോ രണ്ടോ പോലീസുകാര്‍ അവിടവിടെയായി നിലയുറപ്പിച്ചു…
നഗരം വീണ്ടും നിശബ്ദതയിലേക്ക്…
കുഞ്ഞാക്കയുടെ കാതുകളില്‍ ഒരു കൊച്ചു കുഞ്ഞിന്റെ കരച്ചില്‍ വന്നലച്ചത് ആ നേരത്തായിരുന്നു. നേരിയ പകപ്പോടെ തിരിഞ്ഞു നോക്കിയ കുഞ്ഞാക്ക കണ്ടത് ഏകദേശം മൂന്നു മൂന്നര വയസ്സ് തോന്നിക്കുന്ന ഒരു കൊച്ചു സുന്ദരന്‍. കലാപത്തില്‍ ഒറ്റപെട്ടു പോയതായിരിക്കണം, ഇങ്ങനെ ഒരു പാട് കുഞ്ഞുങ്ങള്‍ കഥയറിയാതെ ഈ നഗരങ്ങളില്‍ ഒറ്റപെട്ടു പോയിട്ടുണ്ട്, മക്കളെ നഷ്ടപെട്ട അമ്മമാര്‍ എത്രയോ!
നഷ്ട പെടലിന്റെ വേദന അനുഭവിച്ചു തീര്‍ക്കാന്‍ മാത്രം കഴിയുന്ന ഒന്നാണ്. ആ കുഞ്ഞിന്റെ നിഷ്കളങ്കവും ദയനീയവുമായ മുഖത്തേക്ക് നോക്കും തോറും കുഞ്ഞാക്കയുടെ മനസ്സില്‍ വാത്സല്യം കിനിഞ്ഞു കൂടുകയായിരുന്നു. ബാഗില്‍ നിന്നും ഒരു ഏത്തപഴം എടുത്തു കുഞ്ഞിനു കൊടുത്തു അവനതു ആര്‍ത്തിയോടെ തിന്നു. വിശപ്പിന്റെ കാഠിന്യം. ചുരുങ്ങിയത് ആറു ഏഴു മണിക്കൂറുകള്‍ എങ്കിലും ആയികാണും അവന്‍ എന്തെങ്ങിലും കഴിച്ചിട്ട്. അവന്‍ നന്ദി നിറയുന്ന കണ്ണുകളോടെ കുഞ്ഞാക്കയെ നോക്കി പിന്നെ നഷ്ടപെട്ടവരെ ഓര്‍ത്തോ ഭാവിയോ ഓര്‍ത്തോ ആ കുഞ്ഞു ചുണ്ടുകള്‍ വിതുമ്പി.
കുഞ്ഞാക്ക ധര്‍മ്മ സങ്കടത്തിലായി… നഗരം വിജനമാണ്.
ഉപേക്ഷിക്കപെട്ടതോ നഷ്ടപെട്ടതോ ആയ ഒരു കുഞ്ഞ്. ഉപേക്ഷിച്ചു പോകാന്‍ മനസ്സ് വരുന്നില്ല. അതും ദൈവത്തിന്റെ പേര് പറഞ്ഞു പരസ്പരം വെട്ടി മരിക്കാന്‍ നടക്കുന്ന ഈ ചെകുത്താന്‍മാരുടെ ഇടയില്‍.
ഒരു വാഹനം നിര്‍ത്തിയിരിക്കുന്നു ഇരട്ടി കൂലിയാണ് ചോദിക്കുന്നത് അവസരം മുതലെടുക്കയാണ്.
വാഹനം കേരളത്തിന്റെ അകത്തളത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു ഇത്രയും നേരമുണ്ടായിരുന്ന ആ പേടി മനസ്സില്‍ നിന്നും ഒഴിഞ്ഞു പോയിരിക്കുന്നു. തന്റെ മടിയില്‍ തല വെച്ച് കിടന്നുറങ്ങുന്ന ആ കുഞ്ഞിന്റെ ചുരുളന്‍ മുടിയില്‍ കുഞ്ഞാക്കയുടെ വിരലുകള്‍ ഓടി കൊണ്ടിരുന്നു. അവനും ശാന്തമായി ഉറങ്ങുകയാണ് താന്‍ സുരക്ഷിതനാണെന്ന തിരിച്ചറിവ് അവന്റെ ഉറക്കത്തിന്റെ ആഴത്തെ വര്‍ദ്ധിപ്പിച്ചിരിക്കുന്നു.
കൊച്ചു വെളുപ്പാന്‍ കാലത്ത് ഒരു കുഞ്ഞിനേയും തോളിലിട്ടു വരുന്ന ഭര്‍ത്താവിനെ കണ്ടപ്പോള്‍ സക്കീനത്തയുടെ നെഞ്ചില്‍ സ്ത്രീ സഹജമായ ഒരു ആന്തലാണ് ഉണ്ടായത്. ഉണ്ടായ സംഭവ വികാസങ്ങള്‍ ഭാര്യ സക്കീനയോടും മകള്‍ മൈമൂനയോടും കുഞ്ഞാക്ക വിവരിച്ചു. കുഞ്ഞിനെ കണ്ട മാത്രയിലുണ്ടായ അമ്പരപ്പ് സഹതാപത്തിനും വാത്സല്ല്യത്തിനും വഴി മാറിയത് വളരെ വേഗമായിരുന്നു. അല്ലെങ്കിലും കുഞ്ഞാക്കാനെ സക്കീനാതാക്ക് അറിയുന്നത് പോലെ മറ്റാര്‍ക്കും അറിയില്ലല്ലോ.
അവനും വളരെ വേഗം അവരുമായി അടുത്തു.
കളി ചിരികളിൽ ഏർപ്പെട്ടു.
ഒരു കുഞ്ഞു അനിയനെ കിട്ടിയ സന്തോഷം മൈമൂനയിലും ഒരു കൊച്ചുമോനെ കിട്ടിയ സന്തോഷം സക്കീനത്തയിലും. വിവരം കാട്ടു തീ പോലെ പടർന്നു. അനന്തരഫലം കുഞ്ഞാക്ക സ്റ്റേഷനിലേക്ക് വിളിപ്പിക്കപ്പെട്ടു. അയാൾക്ക് ഒന്നും മറച്ചു വെക്കാൻ ഉണ്ടായിരുന്നില്ല എങ്കിലും കുഞ്ഞിനെ വിട്ടു കൊടുക്കാൻ മനസ്സ് അനുവദിക്കുന്നുമില്ല..
പക്ഷെ നിയമം..
കോയമ്പത്തൂർ ചിൽഡ്രൻസ് ഹോം കുഞ്ഞാക്കയും കുടുംബവും അവിടെ നിത്യ സന്ദർശകരാണ്. പിരിയുമ്പോൾ ഏറെ സങ്കടമാണ് ബാബു കരയും അങ്ങനെ യാണ് അവർ അവന് പേരിട്ടിരിക്കിന്നത്. മൈമൂനയും കരയും
മറ്റുള്ളവർക്കും സങ്കടം. ദത്തെടുക്കൽ കടമ്പകളും മറ്റും കഴിയുന്നത് വരെ അതിങ്ങനെ തുടർന്ന് കൊണ്ടിരുന്നു.
വിവാഹമാണ് ആലിപ്പഴങ്ങൾ വർഷിച്ച ആ മനോഹര രാവിൽ ബാബു സീനയുടെ കഴുത്തിൽ താലി ചാർത്തി തന്റെ സ്വന്തമാക്കി ഒരു ജേഷ്ഠൻറെ ഉത്തരവാദിത്തോടെ ഞാൻ കൈപിടിച്ചു സീനയെ ബാബുവിനെ ഏല്പിച്ചു. എല്ലാത്തിനും സാക്ഷിയായി അസ്‌നയും
ഞങ്ങളുടെ മടക്കയാത്രയാണ്. ഒരു സിനിമാ കഥ കേൾക്കുന്നത് പോലെ ഇരുന്ന സഹധർമ്മിണിയെ ഞാൻ തട്ടിയുണർത്തി.. ഹേയ് എന്താണിത് ഉണർന്നിരുന്നു സ്വപ്നം കാണുകയാണോ.. അല്ല ഞാൻ ചിന്തിക്കുകയായിരുന്നു. ഓരോ മനുഷ്യർക്കും ഓരോ കഥകളുണ്ടാകും അല്ലേ! ചിലത് ചിലപ്പോൾ കെട്ടു കഥകളെക്കാൾ വിചിത്രമായത്.
അതേ പലതും എഴുതപെടാത്ത കഥകൾ ആണെന്ന് മാത്രം…
വാഹനം ഒരു ചായക്കടയുടെ മുൻപിൽ നിർത്തി. ഓരോ ചായ കുടിച്ചു ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. ഏറെ നേരത്തെ നിശബ്ദതക്കു ശേഷം അസ്ന എന്നോട് ചോദിച്ചു ഇനിയുമുണ്ടോ കാരമടയിൽ കഥകൾ..
ഇനിയുള്ളത് രുക്കുവിന്റെ കഥയാണ് അവളിൽ ആകാംഷ അതെന്താ..
അപ്പോഴേക്കും വാഹനം മന്ദലാംകുന്നിന്റെ അതിർത്തിയിൽ എത്തിയിരുന്നു.
ആ കഥ മറ്റൊരു യാത്രയിൽ..
(ഒരു മഴ ഇനിയും പെയ്തു തോരാനുണ്ട് എന്ന കഥയുടെ രണ്ടാംഭാഗം)
ഫൈസി മന്ദലാംകുന്ന്
0552882595

